
20/09/2025
*വൃത്തത്തിലെ ശൂന്യത*
🔅🔅🔅🔅🔅🔅🔅🔅
*സഹകരണം (Cooperation)*
സഹകരണം എന്ന വാക്കിൻ്റെ അർഥം "ഒരുമിച്ച് പ്രവർത്തിക്കൽ" എന്നാണ്. പക്ഷേ ആ അർഥം അറിഞ്ഞു എന്നു വച്ച് നമ്മളിൽ സഹകരണം വരണം എന്നില്ലല്ലോ. അതിന് മനസ്സും അനുവദിക്കണം. അതുകൊണ്ടാണ് പുറത്ത് നിന്ന് പലതും അറിയുന്നതു കൊണ്ട് നമ്മളിൽ കാര്യമായ മാറ്റം വരുന്നില്ല എന്ന് പറയുന്നത്. അറിയേണ്ടത് നിലവിലുള്ള മനസ്സിൻ്റെ പ്രവർത്തനം തന്നെയാണ്. അതിനാണല്ലോ നിരീക്ഷണം. നമുക്ക് വിഷയത്തിലേയ്ക്ക് വരാം. സഹകരണം എന്നത് ശാരീരികവും മാനസികവും ആത്മീയവും കൂടി ചേരുമ്പോൾ സംഭവിക്കുന്ന പ്രവൃത്തിയാണ്. ഒരാൾ
മറ്റൊരാളുമായോ ഒരു കൂട്ടത്തിൻ്റെ ഭാഗമായോ ഒന്നായി നിന്നുകൊണ്ട് പ്രവർത്തിക്കുമ്പോൾ അത് സഹകരണമായി.
അവിടെ നിർബന്ധമില്ല. നിസ്വാർഥതയേ ഉണ്ടാകൂ. നന്മക്കും സത്യത്തിനും വേണ്ടി ഒന്നായി നിന്നു കൊണ്ടുള്ള പ്രവർത്തനം. എന്നാൽ ഇതിന് മറുവശവും ഉണ്ട്. തീവ്രവാദികൾ, കൊള്ളക്കാർ അങ്ങനെ സാമൂഹത്തിന് ദോഷകരമായി ചിന്തിക്കുന്ന ഒരു കൂട്ടം സമചിന്തകർ ചേരുന്നതിലും സഹകരണം ഉണ്ട്. പറഞ്ഞു വരുന്നത് സഹകരണം നല്ലതിനും ചീത്തയ്ക്കും ഒരുപോലെ ഉപയോഗിക്കുവാൻ സാധിക്കും എന്നാണ്. സഹകരണം എവിടെയും കാണാം. സമൂഹത്തിലും വീട്ടിലും ആത്മീയ, രാഷ്ട്രീയ മേഖലയിലും എന്തിന്, അവരവരിലും അതായത് ബുദ്ധി, മനസ്സ്, ശരീരം ഇവയുടെ സഹകരണം കാരണമാണല്ലോ നമുക്ക് ചിന്തിച്ച് സന്തോഷത്തോടെ പ്രവർത്തിക്കുവാൻ കാരണമാകുന്നത്. സംഘടിച്ച് ശക്തരാകുക എന്ന് കേട്ടിട്ടില്ലേ? അതാണ് സഹകരണത്തിൻ്റെ അടിത്തറ. എന്തിന് സംഘടിക്കണം? സംഘടിച്ചിട്ട് അവിടെ സഹകരണമില്ലെങ്കിൽ സംഘട്ടനമായി . സഹകരിക്കുന്നതിനു പിന്നിൽ പല ചേതോവികാരങ്ങളും കാരണമായേക്കാം. അതിൽ ചിലത് ഭയമാകാം. സംഘടനയിൽ സഹകരിച്ചില്ലെങ്കിൽ ഭാവിയിൽ പ്രശ്നമുണ്ടായാൽ സപ്പോർട്ട് കിട്ടുമല്ലോ എന്ന രീതിയിൽ സഹകരിക്കാം. പല ആനുകൂല്യങ്ങളും കിട്ടും എന്ന സ്വാർഥബുദ്ധി യോടെയും സഹകരിക്കാം. പേരും പ്രശസ്തിയും ആഗ്രഹിക്കുന്നവരും പലതിലും സഹകരിക്കാറുണ്ട്. ഇനി നിസ്വാർഥമായി സേവനം ചെയ്യുവാൻ താല്പര്യമുള്ളവർ അത്തരത്തിലുള്ള സംഘടനകളിൽ സഹകരിക്കും. അതുവഴി എനിക്ക് മോക്ഷം കിട്ടും എന്ന ആഗ്രഹം കാരണം അവർ സഹകരിക്കുന്നു.
ഓർക്കുക, ഇതൊന്നും യഥാർഥ സഹകരണമേ അല്ല.
സ്നേഹമോ സ്വാതന്ത്ര്യമോ ഇല്ലാത്തപ്പോഴും നമ്മൾ പലരോടും പലതിനോടും സഹകരിക്കുന്നുണ്ടാവും. അതിൻ്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? സ്വാർഥത മാത്രമാണ്. എവിടെ അഹം ഉണ്ടോ അവിടെ കൃതജ്ഞതയുണ്ടാവില്ല. ഉള്ളത് സ്വാർഥത മാത്രമായിരിക്കും. അപ്പോഴും നാം സഹകരിക്കുന്നു. എങ്കിൽ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാകും തനിക്ക് ഒരു ലക്ഷ്യമുണ്ട്, അത് നേടണമെങ്കിൽ സഹകരിച്ചേ പറ്റൂ എന്ന്. നോക്കൂ.. അവിടെ അവൻ സ്വതന്ത്രനാണോ? അല്ല. സ്നേഹം അവനിലുണ്ടാകുമോ? ഇല്ല. സഹകരണവും സ്നേഹവും അവിടെ അഭിനയമായി മാറുന്നു. കാരണം ഇതെല്ലാം അവൻ ചെയ്യുന്നത് ലക്ഷ്യം ഉള്ളതുകൊണ്ടുള്ള ഗതികേടു കൊണ്ടു മാത്രമാണ്. എപ്പോഴെങ്കിലും ലക്ഷ്യം ഇല്ലാതെ ആയാൽ ശ്രദ്ധിച്ചാൽ അറിയാം സഹകരണവും നിലയ്ക്കുന്നു. അതുകൊണ്ടാണ് സ്നേഹം, സ്വാതന്ത്ര്യം ഇവയിൽ നിന്നാണ് സഹകരണം ഉണ്ടാകേണ്ടത് എന്ന് പറയുന്നത്. നിരന്തരം നിരീക്ഷണം തുടർന്നാൽ ഇവ നമ്മളിൽ സംഭവിക്കും. നിരീക്ഷണം ചെയ്യുവാൻ വൈകും തോറും നാം ഒരിക്കലും സ്വതന്ത്രരാകുന്നില്ല. ശരിയായ സ്നേഹം നമ്മളിൽ ഉണ്ടാകുവാൻ പോകുന്നില്ല. നമുക്ക് സ്വാർഥബുദ്ധി ഇല്ലാത്ത സഹകരണം ചെയ്യുവാൻ സാധ്യമാകുന്നില്ല. നോക്കൂ.. അഹം ഇല്ലാത്തപ്പോൾ അതായത് ശരിയായ നിരീക്ഷണം നടക്കുന്നിടം അഹം ഇല്ലാത്ത ഇടം എന്ന് നാം മനസ്സിലാക്കുക, അവിടെ സ്വാഭാവികത ഉണ്ട്. അവിടെയാണ് സ്നേഹം, സമാധാനം, ഏകത്വം, സ്വാതന്ത്ര്യം എന്നിവയെല്ലാം നിലനിൽക്കുന്നത്. എവിടെയാണോ എൻ്റെ ലക്ഷ്യം, എൻ്റെ സഹകരണം, എൻ്റെ നേട്ടം, എന്റെ പ്രയത്നം എന്നിങ്ങനെയുള്ള ചിന്തകൾ ഉള്ളത് അവിടെ എൻ്റെ എന്നതിൽ ബന്ധിതനാണ്. അവിടെ അവന് സ്വാതന്ത്ര്യം ഉണ്ടാകുമോ?
അഹം ഇല്ലാത്തിടത്ത് ബോധത്തിൻ്റെ സാന്നിദ്ധ്യം അല്ലേ ഉണ്ടാവുക? അപ്പോൾ അവിടെ ഐക്യവും ഉണ്ടായിരിക്കും. ഒരുമയാണല്ലോ ഐക്യസ്വഭാവം. അവിടെ സഹകരണവും സാധ്യമാകും. ഐക്യം ഉള്ളിൽ നിന്നും ഉണ്ടാവണം. അതിനാണ് നിരീക്ഷണം ചെയ്യുന്നത്. ഉള്ളിൽ ഐക്യപ്പെടാതെ പുറമെ സഹകരണം ചെയ്താൽ അതിന് എന്ത് ഫലം? നിരീക്ഷകൻ ഉണരുമ്പോൾ നിരീക്ഷണം തുടങ്ങുന്നു. അവിടെ അഹത്തിന് എന്ത് സ്ഥാനം? അപ്പോൾ മാത്രമേ സഹകരണം ഒഴുകുകയുള്ളൂ. കാരണം അത് ഹൃദയത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ബുദ്ധിപരമായ സഹകരണം കപടത നിറഞ്ഞതാണ്.
യഥാർഥ സഹകരണത്തിന് അവനവൻ്റെ ഉള്ളിൽ സ്വാതന്ത്ര്യം വരണം. നിസ്സീമമായ സ്നേഹം വന്നിരിക്കണം. അഹം ഇല്ലാതിരിക്കണം. ഭയം, സ്വാർഥത, പ്രതിഫല ഇച്ഛ ഇവയൊന്നും ഇല്ലാതിരിക്കണം. ഇവ ഇല്ലാതെ നിർബന്ധിതമായി സഹകരിക്കുന്നത് സ്വാർഥതയ്ക്ക് വേണ്ടിയാണ്. അവൻ സഹകരണത്തെ തനിക്ക് വേണ്ടി സ്വാർഥബുദ്ധിയോടെ ഉപയോഗിക്കുകയാണ്. അവിടെ ഞാൻ സഹകരിക്കുമ്പോഴും ഞാനും മറ്റുളളവരും ഉണ്ട്. മറ്റുള്ളവരിൽ ഞാൻ എപ്പോഴും മുന്തി നിൽക്കും.
വേർതിരിവിൽ നിലനിന്നു കൊണ്ടുളള സഹകരണം എങ്ങനെ യഥാർഥ സഹകരണമാകും? നിരീക്ഷിക്കുക. സ്വയം കാര്യങ്ങൾ ബോധ്യപ്പെടട്ടെ. നമ്മളിൽ നിലനിൽക്കുന്ന തടസ്സങ്ങൾ നാം തിരിച്ചറിയണമല്ലോ. നമ്മൾ മാതാപിതാക്കളെ അനുസരിക്കുന്നതും അധ്യാപകനും വിദ്യാർത്ഥിക്കുമിടയിലെ അനുസരണ, ഗുരുശിഷ്യർ തമ്മിലെ അനുസരണ, ഭാര്യ, ഭർത്താവ് മക്കൾ, ഈശ്വരൻ, ഭക്തൻ എന്നീ മേഖലകളിലെ അനുസരണ, ഭയം, അധികാരം, നിർബന്ധത്താൽ ആണെങ്കിൽ ആ അനുസരണ എന്നിവ ഒന്നും സഹകരണമേ അല്ല. അവിടെ പ്രകടമല്ലെങ്കിലും ഉള്ളിൽ വിരോധം, എതിർപ്പ്, കലഹം, സംഘർഷം എന്നിവയെല്ലാം ഉണർന്നു നിൽക്കും. കാരണം സ്വാതന്ത്ര്യം അതിൽ ഇല്ലല്ലോ. സഹകരണം സ്വാതന്ത്ര്യത്തിൽ നിന്നും കാരുണ്യത്തിൽ നിന്നും സ്വാഭാവികമായും സംഭവിക്കണം. അതിനാൽ അനുസരണ സഹകരണമല്ല. എന്നാൽ മേൽ പറഞ്ഞതിൽ സ്വാതന്ത്ര്യത്തോടെ, സ്നേഹത്തോടെ മനസ്സിലാക്കി പ്രവർത്തിച്ചാൽ അത് സഹകരണം ആണ്. നമ്മളെ നിരീക്ഷിക്കുമ്പോൾ നമ്മളിലെ ഈ നിമിഷത്തിലെ മനസ്സിൻ്റെ പ്രവർത്തനം അറിയുന്നു. പൊന്തി വന്ന് നിന്ന് മറയുന്നവയാണെന്ന് അറിയുമ്പോൾ എല്ലാം ബോധത്തിലാണ് നടക്കുന്നത് എന്നറിയുമല്ലോ. എല്ലാവരിലും ഇത് തന്നെയാണ് നടക്കുന്നത് എന്നറിഞ്ഞാൽ എല്ലാവരും നിൽക്കുന്നത് ബോധത്തിലാണെന്ന് അറിയുവാൻ വലിയ വിവേകബുദ്ധിയുടെയൊന്നും ആവശ്യമില്ല. കേവലം നിരീക്ഷണത്തിൻ്റെ ശൈശവ ദശ മാത്രം മതി. എല്ലാവരും ബോധത്തിലാണ് നിലനിൽക്കുന്നത് എങ്കിൽ എല്ലാവരും ബോധമാണ്. അപ്പോൾ ഞാൻ, നീ, അവർ, ഇവർ എന്ന വേർതിരിവ് ഉണ്ടോ? ആര് ആരെ സഹായിക്കുന്നതും സ്വയം സഹായിക്കുന്നത് പോലെ തോന്നും. ബോധം ബോധത്തെ സഹായിക്കുന്നു. ബോധം സഹകരിക്കുന്നു എന്ന് അറിഞ്ഞു തുടങ്ങും. അതല്ലേ സ്വാതന്ത്ര്യത്തിലൂടെ, സ്നേഹത്തിലൂടെ ഉള്ള സഹകരണം? സഹകരണത്തിൻ്റെ പൂർണത ഇതാണ്. ഇതല്ലേ അദ്വൈതം?
*അവധൂത് ജി*