
20/07/2025
ഈ വർഷത്തെ (2025 ലെ) കർക്കിടക വാവുബലി ജൂലൈ 24 വ്യാഴാഴ്ചയാണ്. അന്ന് രാവിലെ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ബലിതർപ്പണത്തിന് സമയമുണ്ട്.
കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവുബലി ആചരിക്കുന്നത്. ഈ ദിവസം പിതൃക്കൾക്കായി ബലിയിടുന്നതും തർപ്പണം ചെയ്യുന്നതും പുണ്യമായി കണക്കാക്കുന്നു. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നും വിശ്വാസമുണ്ട്.
കർക്കിടക വാവ് ബലി
ആദ്യം സ്നാനം. കർക്കടകവാവ് ബലിയുടെ ആരംഭം സ്നാനത്തോടുകൂടി ആണ്. സ്നാനം ചെയ്യുമ്പോഴും ഒരു സങ്കല്പ മന്ത്രജപം ഉണ്ട്. ആ ജപ സങ്കല്പത്തോടുകൂടിയാണ് ബലിതർപ്പണം തുടങ്ങുന്നത്. അറിയാവുന്നവർ ഛന്ദസ്സ് തൊട്ട് ജപിക്കുക.
ഓം പ്രജാപതി ഋഷി ഗായത്രി ഛന്ദഃ ശ്രീമത് നാരായണോ ദേവത. മമ ധർമ്മാർത്ഥ കാമ മോക്ഷാർത്ഥേ ജപേ വിനിയോഗം:
ഓം നമോ നാരായണായ.
തദേവാ ലഗ്നം സുദിനം തദേവാ വിദ്യാ ബലം ദേവ ബലം തദേവ ലക്ഷമീ പതേ അഘ്രയുഗം സ്മരാമി.
അപവിത്ര പവിത്രേവാ സർവ്വാവസ്ഥം ഗതോ പിവാ
യസ്മരേത് പുണ്ഡരീകാക്ഷം സബാഹ്യാഭ്യന്തര ശുചി
മാനസം വാചികം പാപം കർമ്മണാ സമുപാർജ്ജിതം
ശ്രീരാമ സ്മരണേ തൈവ വ്യാപോഹൃതി ന:സംശയ
ഓം മമ ഉപാത്ത സമസ്ത പാപക്ഷയാർത്ഥം ശരീരാദി ശുദ്ധ്യർത്ഥം ......തീർത്ഥേ പ്രോത സ്നാന മഹം കരിഷ്യേ നമ:
ഓം ഗംഗേ ച ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.
അതിന് ശേഷം വിഷ്ണുവിനെ പ്രാർത്ഥിക്കുക.
ഓം ശംഖു ചക്രഗദാധരം ദേവം ദ്വിഭുജം പീതവാസസം പ്രാരംഭേ സർവ്വ കർമ്മാണാം
പുണ്ഡരീകം സ്മരേന്ധരീ.
കുളികഴിഞ്ഞ് ഈറനോടുകൂടി തന്നെ ബലിതർപ്പണത്തിനായി വന്ന് ഇരിക്കുക. ഒരു തൂശനിലയിൽ കുറച്ച് കുറുമ്പുല്ല് (രണ്ട് അഗ്രമുളളളതും 4 ചുവട് ഭാഗവും 1 ചാൺ നീളത്തിൽ മുറിച്ചത്) അഗ്രം ഉള്ള മൂന്ന് ദർഭ പുല്ലുകൾ കൂട്ടിക്കെട്ടിയ കൂർച്ചം, രണ്ട് അഗ്രമുള്ള ദർഭപ്പുല്ലുകൾ കൊണ്ട് ഉണ്ടാക്കിയ പവിത്രം,പിണ്ഡ സമർപ്പണത്തിനായി കുറച്ച് ഉണക്കലരിവേവിച്ച ചോറ് (അല്ലെങ്കിൽ അരി കുതിർത്തത് ) ചോറ് വയ്ക്കുമ്പോൾ മറ്റ് സാധനങ്ങളുമായി അത് ചേർന്ന് ഇരിക്കാത്ത വിധത്തിൽ വയ്ക്കുക.ചെറൂള പുഷ്പം (അതില്ലെങ്കിൽ മറ്റ് പുഷ്പം) ചന്ദനം അരച്ചത്, ഒരുപിടി എള്ള്, ഇവ തയ്യാറാക്കി വയ്ക്കണം. രണ്ട് കിണ്ടിയിൽ വെള്ളം എടുത്തു വയ്ക്കണം. തെക്കോട്ടാണ് ബലികർമ്മം ചെയ്യുന്നതിന് പുരുഷന്മാർ ഇരിക്കേണ്ടത് സ്ത്രീകൾക്ക് കിഴക്കോട്ടാണ് പറഞ്ഞിരിക്കുന്നത് .തെക്കുവശത്ത് വലതു വശത്തായി ഒരു തൂശനില ഇട്ട് അതിൽ ഒരു നിലവിളക്ക് കത്തിച്ചു വെക്കണം. കിഴക്കോട്ടും പടിഞ്ഞാറോട്ടും 2 തിരി ആകാം അതുമല്ലെങ്കിൽ അഞ്ചു തിരിയിട്ട് വിളക്ക് വെക്കാം. അതിൻ്റെ വടക്കുവശത്തായി ഗണപതിക്ക് ഒരു ഗണപതി ഒരുക്കും വയ്ക്കണം. (അവൽ, മലർ, കൽക്കണ്ടം, കറുത്ത ഉണക്ക, മുന്തിരി ശർക്കര, പഴം, നെയ്യ്, ഇവ ചേർത്തത്)
വിളക്കിനു മുൻപിൽ തെക്കോട്ട് മുട്ടുമടക്കി ഇരുന്ന് ഒരു പൂവെടുത്ത് ജലത്തിലും ചന്ദനത്തിലും ഒന്ന് മുക്കി തൊഴുതുപിടിച്ച് ജപിക്കുക ഓം ഹരി ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു. ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർദ്ധനം മമ ബുദ്ധി പ്രകാശായ ദീപ ജ്യോതിർ നമോനമ: ഈ മന്ത്രം ചൊല്ലി ആ ഗണപതി വിളക്കിനു മുൻപിൽ ഒരു പൂവ് ആരാധിക്കുക.
രണ്ട് കയ്യിലേയും മോതിരവിരലും തള്ളവിരലും ചേർത്ത് രണ്ടു ചെവിയുടേയും അടിയിൽ പിടിച്ച് ഓം അഭിവാദയേ....(സ്വന്തം പേര് പറഞ്ഞ്) അഹമസ്മിഭോ: എന്ന ജപിച്ച് കൈകൾ പിണച്ച് ഇടതുകൈ അടിയിലും വലതുകൈ മുകളിലും വരത്തക്ക രീതിയിൽ പാദത്തിന് താഴെ നിലത്ത് തൊടുക. അതിനുശേഷം നമ്മുടെ ഇടതുഭാഗത്ത് ഗും ഗുരുഭ്യോ നമ എന്ന് ജപിച്ച് ഒന്നു തൊഴുക ആ ഗണപതി വിളക്കിനെ നോക്കി വലതുഭാഗത്ത് ഓം ഗം ഗണപതയേ നമ എന്ന് ജപിച്ച് ഒന്ന് തൊഴുക.. മനസ്സിൽ ഓം നമോ നാരായണായ എന്ന് ജപിച്ച് ഹൃദയത്തിൽ തൊഴുക. അതിനുശേഷം ഒരു പൂവെടുത്ത് ചന്ദനത്തിൽ മുക്കി അല്പം മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു എന്ന് ജപിച്ച് വലതു കിണ്ടിയുടെ അകത്തേക്ക് ഇടുക. ആ കിണ്ടിയുടെ വാലിൽനിന്ന് അല്പം ജലമെടുത്ത് വലതുകൈകൊണ്ട് ആ കിണ്ടിയുടെ ഉള്ളിലേക്ക് ഒഴിക്കുക വലതു കൈയുടെ ഉൾഭാഗം കൊണ്ട് ആ കിണ്ടിയുടെ മുകൾ ഭാഗത്ത് വട്ടത്തിൽ രണ്ട് തവണ കറക്കുക. അതേപ്രകാരം ഒരിക്കൽക്കൂടി കിണ്ടിയുടെ വാലിൽ നിന്ന് വെള്ളം എടുത്ത് അകത്ത് ഒഴിച്ച് കിണ്ടിയുടെ മുകൾഭാഗത്ത് രണ്ട് പ്രാവശ്യം വലത് കൈ കൊണ്ട് കറക്കുക. കിണ്ടിയുടെ വാലിൽ നിന്ന് അല്പം ജലമെടുത്ത് ബലി കർമ്മത്തിനായി ഇരിക്കുന്ന സ്ഥലത്ത് തളിക്കുക. ബലി കർമ്മത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളെ തളിക്കണം. കുറച്ച് ജലമെടുത്ത് അവനവനെത്തന്നെ തളിച്ച് ശുദ്ധമാക്കണം.അത് കഴിഞ്ഞാൽ ഒരു തൂശനില നേരേ മുൻപിൽ വയ്ക്കണം. കുറുമ്പുല്ലെടുത്ത് രണ്ടായി പകുത്ത് കൈകൾ പിണച്ച് ചെവിയുടെ അടിയിൽ പിടിച്ച് സങ്കല്പ മന്ത്രം ജപിക്കുക.
ഓം ശ്രീമത് ഭഗവതോ മഹാ പുരുഷസ്യ വിഷ്ണോരാജ്ഞയാ പ്രവർത്തമാനസ്യ അദ്യബ്രഹ്മണ: ദ്വിതീയ പരാർത്ഥേ ശ്വേത വരാഹകൽപ്പേ വൈവസ്വതമന്വന്തരേ കലിയുഗേ പ്രഥമപാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ: ദക്ഷിണേ പാർശ്വേ ശകാബ്ദേ ശാലിവാഹനശകേ ചാന്ദ്രസൌരമാനനേ പ്രഭവാദിഷഷ്ഠിസംവത്സരാണാം മദ്ധ്യേ ... നാമ സംവത്സരേ ..... അയനേ..... ഋതൗ ..... മാസെ ... പക്ഷെ..... തിഥൌ ..... നക്ഷത്രെ ...... വാസരയുക്തായാം ശുഭ നക്ഷത്ര ശുഭ യോഗ ശുഭ കരണ ഏവം സകലഗുണവിശേഷേണ വിശിഷ്ടായാം പരശുരാമക്ഷേത്രേ കേരളഭൂമൗ മമ ഗൃഹേ അസ്മാകം സഹകുടുംബാനാം ക്ഷേമ സ്ഥൈര്യ വീര്യ വിജയ ആയുരാരോഗ്യ ഐശ്വര്യാണാം മമ ധർമ്മാർത്ഥ കാമ മോക്ഷ ചതുർവിധ ഫല പുരുഷാർത്ഥ സിദ്ധ്യർത്ഥ്യം ഉഭയവംശ സമസ്ത പിതൃണാം അക്ഷയ തൃപ്ത്യർത്ഥം പുണ്യലോക പ്രാപ്ത്യർത്ഥം അമാവാസി പുണ്യദിനേ പിണ്ഡപ്രദാനതർപ്പണം മമ ആചാര്യമുഖേന അദ്യകരിഷേ നമ: എന്ന് ജപിച്ച് ആ കുറുമ്പുല്ലുകൾ തൂശനിലയുടെ മുകളിൽ വയ്ക്കുക. അതിനുശേഷം കൂർച്ചം എടുത്ത് ജലവും ചന്ദനവും പൂവും കൂടി ചേർത്തുപിടിച്ച് മമ ഉഭയവംശ സമസ്ത പിതൃണാം ഓം ആവാഹയാമി എന്ന് ജപിച്ച് തൂശനിലയുടെ മുകളിൽ വച്ച കുറുമ്പുല്ലിൻ്റെ മുകളിൽ വയ്ക്കുക.
ഒരു ജലം സമർപ്പിക്കുക. ഓം ജലം തർപ്പയാമി
ഒരു ചന്ദനം സമർപ്പിക്കുക ഓം ഗന്ധം തർപ്പയാമി
ഒരു പൂവ് സമർപ്പിക്കുക. ഓം പുഷ്പം തർപ്പയാമി
എള്ള് സമർപ്പിക്കുക ഓം തിലോദകം തർപ്പയാമി.
പിണ്ഡം സമർപ്പിക്കുക. 5 പിണ്ഡങ്ങൾ ആണ് വയ്ക്കേണ്ടത്. ഏതാണ്ട് പകുതി വേവു കൂടിയ ഉണക്കലരിയുടെ ചോറാണ് ഇതിന് ഉപയോഗിക്കുന്നത്. അതിൽ എള്ളും നെയ്യും ചേർത്ത് ചെറിയ ഉരുളകളായി ഉരുട്ടി വയ്ക്കണം. അതാണ് പിണ്ഡം ആയി സമർപ്പിക്കുന്നത്.
1 ഓം ആ ബ്രഹ്മണോ യേ പിതൃവംശജാതാ മാതുസ്തഥാ വംശഭവാ മദീയ: വംശദ്വയേസ്മിൻ മമ ദാസഭൂതാ: ഭൃത്യാ തഥൈവാശ്രിത സേവകാശ്ച മിത്രാണി സഖ്യാ: പശവശ്ച വൃക്ഷാ ഇഷ്ടാശ്ച ദൃഷ്ടാശ്ച കൃതോപകാരാ: ജന്മാന്തരേ യേ മമ സംഗതാശ്ച തേഭ്യ: സ്വധാ പിണ്ഡമഹം ദദാമി.
2. പിതൃവംശേ മൃതായേ ച മാതൃവംശേ തഥൈവ ച ഗുരു ശ്വശുരബന്ധൂനാം യേ ചാന്യേ ബാന്ധവാ മൃതാ: യേ മേ കുലേ ലുപ്ത പിണ്ഡാ: പുത്രദാര വിവർജ്ജിതാ: ക്രിയാലോപഹതാശ്ചൈവ ജാത്യന്ധാ: പംഗവസ്തഥാ
വിരൂപാ ആമഗർഭാശ്ച ജ്ഞാതാ fജ്ഞാത: കുലേ മമ
ധർമ്മ പിണ്ഡം മയാദത്തോ അക്ഷയ്യമുപതിഷ്oതു.
3 അസിപത്രവനേ ഘോരേ കുംഭീപാകേ ച രൌരവേ തേഷാം ഉദ്ധരണാർത്ഥായ ഇമം പിണ്ഡം ദദാമ്യഹം
4 ഉത്സന്ന കുല കോടീനാം യേഷാം ദാതാ കുലേ നഹി ധർമ്മ പിണ്ഡോ മയാദത്തോ അക്ഷയ്യമുപതിഷ്ഠതു.
5 യേ ബാന്ധവാ യേ ബാന്ധവാ അന്യ ജന്മനി ബാന്ധവാ തേഷാം ഉദ്ധാരണാർത്ഥായ ഇമം പിണ്ഡം ദദാമ്യഹം.
ബാക്കി അവശേഷിക്കുന്ന ചോറ് എടുത്ത് പിണ്ഡാനാമുപരി പിണ്ഡശേഷം നമ: എന്ന് പിണ്ഡത്തിന് മുകളിൽ സമർപ്പിക്കുക.
ഓം തിലോദകം നമ: എന്ന് എള്ളും വെളളവും ചേർത്ത് സമർപ്പിക്കുക. ഓരോ ജലം സമർപ്പിക്കുക.( ചിലർ പൂക്കൾ അർപ്പിക്കുന്നു. പൂക്കൾ അർപ്പിക്കുന്നവർ നമ: എന്ന് ചൊല്ലിയാണ് അർപ്പിക്കുന്നത്. ഉദാ: ഓം പാദ്യം നമ:)
ഓം പാദ്യമിദം
ഓം അർഘ്യമിദം
ഓം ആചമനീയമിദം
ഓം വസ്ത്രമിദം
ഓം അംഗവസ്ത്രമിദം
ഓം യജ്ഞോപവീതമിദം
ഓം ഭൂഷണമിദം
ഓം ഗന്ധമിദം
ഓം പുഷ്പമിദം
ഓം ധൂപമിദം
ഓം ദീപമിദം
ഓം നൈവേദ്യമിദം
ഓം വന്ദനമിദം
ഓം സർവ്വാലങ്കാരമിദം
ഓം കർപ്പൂരാദിസഹിത താംബൂലം സർപ്പയാമി.
ഒരിക്കൽ കൂടി തിലോദകം സമർപ്പിക്കുക.
ഓം ബ്രഹ്മ സ്തംഭം പര്യന്തം ദേവ: ഋഷി: പിതൃമാനവ: തൃപ്തന്തു പിതരാ സർവ്വേ മാതൃമാതാ മഹാദയ അമിതകുല കോടീനാം സപ്ത ദ്വീപനിവാസിനാം ആ ബ്രഹ്മ ഭുവനാൻ ലോകാൻ ഇദമസ്തു തിലോദക മുപതിഷ്ഠതു. ശേഷം തൊഴുത് പ്രാർത്ഥിക്കുക.
ഓം അനാദിനിധനോ ദേവാ ശംഖചക്രഗദാധര അക്ഷയ പുണ്ഡരീകാക്ഷോ
പിതൃമോക്ഷപ്രദോ ഭവ:
അതിന് ശേഷം പിതൃക്കളെ യാത്രയാക്കുക. ജലം പൂവ് ചന്ദനം ഇവ ചേർത്ത് രണ്ടു കൈയ്യിലുമായി എടുത്ത് തൊഴുത് പിടിച്ച്
ഓം മമ ഉഭയവംശ സമസ്ത പിതൃണാം ഓം ഉദ്വാസയാമി. എന്ന് ജപിച്ച് കൂർച്ചത്തിന് മുകളിൽ വയ്ക്കുക.
കൂർച്ചം അഴിച്ച് വച്ചിട്ട് ഇലയെല്ലാം ഒന്നിച്ചെടുത്ത് 3 പ്രദക്ഷിണം വയ്ക്കുക .
ഓം യാനി യാനിച പാപാനി ജന്മാന്തര കൃതാനി ച താനി താനി വിനിശ്വന്തി പ്രദക്ഷിണം പദേ പദേ.
ജലത്തിൽ മുങ്ങി പുറകോട്ട് സമർപ്പിച്ച് കുളിക്കുക.