29/07/2025
ഭാര്യക്ക് ഭർത്താവിനോടോ ഭർത്താവിന് ഭാര്യയോടോ പുറമെ വല്ല്യ കുഴപ്പമില്ലെങ്കിലും മനസ്സു കൊണ്ടും ശരീരം കൊണ്ടും അകന്നിരിക്കുന്ന ഒരുപാട് പേരുണ്ട്.
നോക്കുമ്പോൾ എല്ലാമുണ്ട്, യാത്രകൾ, ഷോപ്പിംഗ്, ആഹാരം, വസ്ത്രം തുടങ്ങി ഒരു ജീവിതത്തിന് ആവശ്യമായ എല്ലാതും.
രണ്ട് പേരും ലോഹ്യവും ചിരിയുമൊക്കെയുണ്ട്. എങ്കിലും എവിടെയോ എന്തോ ഒരു അകൽച്ച ഇവർ തമ്മിലുണ്ട്. അതൊന്നു ചെറുതായി ചികഞ്ഞ് നോക്കാം.
ആളുകൾ പറയുന്നത് കേൾക്കാറില്ലേ..
അവന്റെ ഭാര്യ എത്ര സുന്ദരിയാണ്, സുമുഖിയാണ് എന്നിട്ടും അവനെന്തിന് വേറൊരു ബന്ധം തേടിപ്പോയി. അല്ലെങ്കിൽ അവളെ എന്തിന് അവഗണിക്കുന്നു.
അല്ലെങ്കിൽ, അവളുടെ ഭർത്താവ് എന്തൊരു സുമുഖനാണ്, ആരോഗ്യമുള്ള പുരുഷൻ, കുടുംബം നന്നായി നോക്കുന്നു, എന്നിട്ടും അവളെന്തിനു പരപുരുഷ ബന്ധം തേടി പോയി, അല്ലെങ്കിൽ അവനെ തിരസ്കരിക്കുന്നു
ഈ രണ്ട് പരാമർശങ്ങളും പൊതുവായി കേൾക്കുന്നതാണ്. ഇനി ഈ വിഷയത്തിന്റെ ആഴത്തിലേക്ക് പോകാം.
ചോദ്യം: എല്ലാമുണ്ടായിട്ടും എന്ത് കൊണ്ട് ഭാര്യയും ഭർത്താവും മനസ്സ് കൊണ്ട് പിന്നെ ശരീരം കൊണ്ടും അകന്നു കഴിയുന്നു? പ്രത്യക്ഷത്തിൽ ഇവരിൽ മാനസിക അടുപ്പക്കുറവ് തെളിവിന് പോലും കാണുവാൻ സാധിക്കില്ല.
ഒരു നിമിഷം നിൽക്കൂ. ഞാൻ പറയാം അതിന്റെ കാരണങ്ങളിൽ ഒന്നോ രണ്ടോ.
വിവാഹം കഴിഞ്ഞ നാൾ മുതൽ മനസുഖവും ശാരീരിക സുഖവും എത്ര നാൾ അനുഭവിച്ചു എന്നോർത്ത് നോക്കൂ. എവിടെ നിന്നാണ് അകൽച്ച തുടങ്ങിയത്?
നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലേ? നിങ്ങളും വീട്ടുകാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലേ?
ഇത് എല്ലാ വീടുകളിലും ഉണ്ടവുന്നതല്ലേ എന്ന് ചോദിച്ച് ഒഴിയാൻ നോക്കണ്ട. പ്രശ്നം ഉണ്ടാവും അത് തീരും വീണ്ടും മുന്നോട്ട് പോകും, ഇടയ്ക്ക് വണ്ടി വർക്ക് ഷോപ്പിൽ കയറ്റുന്നത് പോലെ ജീവിതവും കയറ്റേണ്ടി വരും. ഇതൊക്കെ സ്വാഭാവികം.
ഇങ്ങനെ തന്നെയാണ് നിങ്ങളുടെ ജീവിതത്തിലും ഉണ്ടായത്, അതൊക്കെ കഴിഞ്ഞിട്ട് നാളുകളായി, വർഷങ്ങളായി. എന്നിട്ടും എന്തേ ഒരു അകൽച്ച. എന്തേ ലൈംഗിക ബന്ധം തീരെ കുറവ്?
പറയാം..
വഴക്ക് കൂടിയ സമയത്ത്, നിങ്ങളുപയോഗിച്ച ചില വാക്കുകൾ, പ്രയോഗങ്ങൾ, പ്രവൃത്തികൾ, കാഴ്ചപ്പാടുകൾ, സാധാരണ വഴക്കിൽ നിന്നും ഒരുപാട് മാറി പ്രയോഗിച്ചതും, അത് നിങ്ങളുടെ പങ്കാളിയുടെ ഹൃദയത്തിൽ ആഴത്തിലൊരു മുറിവുണ്ടാക്കിയിട്ടുണ്ട്. വളരെ ആഴത്തിൽ ചോരയൊലിക്കുന്ന വലിയ ഒരു മുറിവ്.
അത്, നിങ്ങൾ നിങ്ങളുടെ ഭാര്യയെ വേശ്യയെന്നു വിളിച്ചതാവാം, അല്ലെങ്കിൽ ഭാര്യയെ ഏതെങ്കിലും ബന്ധുവിനെ അല്ലെങ്കിൽ സ്വന്തം ആങ്ങളയെ, കസിനെ, ചിലർ അതിലും കടന്ന് സ്വന്തം അപ്പനെ ചേർത്ത്... അവരുടെ കൂടെ പോയി കിടക്കടി എന്നോ, അല്ലെങ്കിൽ അവരുടെയൊപ്പം നീ കിടന്നതല്ലേടി,
നീ പല തന്തക്ക് പിറന്ന മറ്റേ മോളല്ലെ തുടങ്ങി കേട്ടാലറക്കുന്ന പ്രയോഗങ്ങൾ നടത്തി ഞെളിഞ്ഞ് നടന്നാൽ ഭാര്യ നിങ്ങളെ ഹൃദയം കൊണ്ട് സ്നേഹിക്കുമെന്ന് കരുതണ്ട. നിങ്ങളുമായി ലൈംഗിക ബന്ധത്തിന് പോലും അവൾക്ക് ഇഷ്ടമുണ്ടാവില്ല.
അത് പോലെ തന്നെ ഭാര്യയും, ഭർത്താവിനോട് ചീഞ്ഞ് നാറുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ടാവാം,
ഭർത്താവിനെ ശപിക്കുക, പ്രാകുക, അവന്റെ തന്തക്ക് വിളിക്കുക, കഴിവ് കെട്ടവനെന്ന് പറഞ്ഞ് വീട്ടുകാരുടെ മുന്നീൽ വെച്ച് അവഹേളിക്കുക തുടങ്ങിയ വാക്കുകൾ.
പിന്നെ, ഭർത്താവിന്റെ അമ്മയെ വേശ്യ എന്ന് വിളിക്കുക, അപ്പനെ പുലയാട്ട് നടത്തുക, ഭാര്യയും അമ്മായിയമ്മയും തമ്മിലുള്ള പ്രശ്നത്തിൽ ഭർത്താവ് ഭാര്യയുടെ തെറ്റ് മുഖത്ത് നോക്കി പറഞ്ഞാൽ, നിങ്ങൾ അമ്മയുടെ കൂടെയല്ലേ എന്നിട്ട് ഭർത്താവിനേയും അമ്മയേയും, പെങ്ങളേയും ചേർത്ത് നിങ്ങൾ തമ്മിൽ അവിഹിത ബന്ധമില്ലേ എന്ന് ചോദിക്കുക.
ഉണ്ടായിട്ടില്ല, ദേഷ്യം തീർക്കാൻ നിങ്ങൾ പ്രയോഗിച്ച നെറികെട്ട, വാക്കുകൾ പറഞ്ഞിട്ടല്ലേ ഭർത്താവ് അകന്നു പോയത്.
നിങ്ങൾക്ക് അതി സൗന്ദര്യം ഉണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം. ഭർത്താവിന് നിങ്ങളുടെ സൗന്ദര്യം വെറും മാംസ പിന്ധം മാത്രമാവും.
അത് പോലെ ഭർത്താവിന് എന്തൊക്കെ നേട്ടങ്ങളുണ്ടായെന്ന് പറഞ്ഞിട്ടെന്തു കാര്യം, ഭാര്യയുടെ മുന്നിൽ നിങ്ങൾ വില കെട്ട് പോയി.
പറയുവാൻ പാടില്ലാത്ത, വേദനിക്കുന്ന, മുറിവ് ഉണ്ടാക്കുന്ന വാക്കുകൾ പറഞ്ഞിട്ട്, ഒരു അനുതാപവുമില്ലാതെ ജീവിക്കുന്നത് കൊണ്ടാണ് ഇൗ അകൽച്ചയുടെ കാരണം.
നിങ്ങള് വരുത്തിയ മുറിവ് നിങ്ങള് തന്നെ കഴുകി, മരുന്ന് വെച്ച് കെട്ടി ഉണക്കണം. കണ്ണുകൾ നനയണം, കരയണം. ഹൃദയ പൂർവ്വം ഒരു മാപ്പ് പറഞ്ഞ് നോക്ക്. മുറിവുണങ്ങാൻ തുടങ്ങും.
മനസ്സ് സുഖമായാൽ, ബാക്കിയെല്ലാം സുഖമായി വരും. നഷ്ടപെട്ട ബന്ധങ്ങൾ കൂടിച്ചേരും, സമാധാനം വരും.
ലൈംഗിക ബന്ധങ്ങൾ രസമാകും വിധം ശരിയാവും,
ഇങ്ങനെയുള്ള ബന്ധങ്ങളിൽ രണ്ടോ മൂന്നോ വർഷങ്ങളിൽ എത്ര തവണ ലൈംഗിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങള് സ്വയം ഒന്നോർത്തു നോക്ക്. വിരലിൽ എണ്ണാവുന്നവ. അതും പേരിനു വേണ്ടി. എന്താ കാരണം. മനസ്സിൽ പതിഞ്ഞ മുറിവ് ഉണങ്ങാതെ ഇങ്ങനെ നിൽക്കുന്നത് കൊണ്ട് ശരീരം തൊടുവാൻ മടിക്കും.
ഈ സാഹചര്യത്തിൽ, ഭർത്താവിന് എന്നോട് ഒരു സ്നേഹവുമില്ല, അതില്ല ഇതില്ല എന്നും, ഭർത്താവ്, ഭാര്യക്ക് എന്നോട് താല്പര്യമില്ല എന്നൊക്കെ പറഞ്ഞിട്ടൊരു കാര്യവുമില്ല. തെറ്റ് ഏറ്റു പറഞ്ഞേ മതിയാകൂ
ഈ സമയത്താണ് ചിലർക്ക് അന്യ ബന്ധങ്ങൾ കൂടുതൽ ഉണ്ടാവുന്നത്. മറ്റു ചിലർ ഇങ്ങനെ മരവിച്ച് ജീവിക്കും. ആർക്ക് വേണ്ടി?
ഈഗോ കളഞ്ഞ് ഹൃദയ ശുദ്ധിയുള്ള വാക്കുകൾ കൊണ്ട് മുറിവുകൾ കഴുകി ഉണക്കാൻ ശ്രമിച്ചാൽ എല്ലാം ശരിയായി വരുന്നത് കാണാം.
ഇതിന്റെ പരസ്പര പൂരകങ്ങളായ മറ്റ് പ്രശ്നങ്ങൾ, വ്യക്തികൾ ഒക്കെ ഉണ്ടാവാം. അത് പറയുവാൻ സമയം പോരാ. ഒരുപാട് വലുതാവും എഴുത്ത്. അതിനാൽ നിർത്തുന്നു.
കടപ്പാട് FB Post