21/05/2025
Dr Biran roy writes..
റിഡംപ്ഷൻ ഹോസ്പിറ്റലിന്റെ ഗാർഡൻ ബെഞ്ചിലിരുന്ന് ഡോ. രവി തകരകന്റെ മനസിലൂടെ പോകുന്ന ചിന്തകളുണ്ട്. "This is the place where Dr. Ravi Tharakan was... born" ആ വാക്കുകളോട് നീതി പുലർത്തുന്ന മ്യൂസിക്കും കൂടി വരുമ്പോൾ കണ്ണ് നിറയുന്ന ഒരു അനുഭൂതിയാണ്.
പ്രശോബേട്ടന്റെ പുസ്തകം വായിച്ചു തീരുമ്പോൾ തോന്നിയതും അതേ വികാരമാണ്. നിലക്കലും, പമ്പയും, ചരൽമേടും, അവിടുത്തെ കാടിനരികും, മലപണ്ടാരങ്ങളെയും എല്ലാം അറിയാമെങ്കിലും പ്രശോബേട്ടൻ എഴുതിയിട്ട ഫ്രേമിൽ ആ സ്ഥലത്തിനും, കാടിനും, ആളുകൾക്കും എല്ലാം ആഴമേറുകയാണ്. പൊടിപിടിച് ഷെൽഫിനുള്ളിൽ ആരും കാണാതെ, ആരുമറിയാതെ മുങ്ങി കിടന്നൊരു പ്രാഥമികാരോഗ്യ കേന്ദ്രം, അവിടെ പൂജ്യത്തിൽ നിന്നും തുടങ്ങിയ ആരോഗ്യ സേവനം, ആ ചുറ്റുപാടിൽ നിന്ന് കാട്ടിലേക്കും, അവിടുന്ന് വനം വകുപ്പിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അവാർഡിലേക്കും, KGMOA best doctor അവാർഡിലേക്കും നടന്ന കഥ ഭയങ്കര ഹൃദയസ്പർശിയാണ്.
ഒരേ വൈബിൽ അങ്ങനെ വായിച്ചു പോകുമ്പോഴാണ് പെട്ടന്ന് ഒരു ത്രില്ലർ കൺടെന്റ് കയറി വരുന്നതും ബുക്ക് താഴെവെക്കാൻ തോന്നാത്ത വിധം നമ്മളെ പിടിച്ചിരുത്തുന്നതും.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഞങ്ങളുടെ രണ്ട് വർഷം സീനിയറാണ് പ്രശോബേട്ടൻ. ആലപ്പുഴയിൽ എത്തുന്ന ഭൂരിഭാഗം കുട്ടികളും മധ്യവർഗ്ഗ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവരുടെയെല്ലാം ജീവിതകഥകൾക്ക് ഒരേ സ്വഭാവം കാണാൻ സാധിക്കുമെന്നത് ഞങ്ങളുടെയെല്ലാം അനുഭവമാണ്. അത് കൊണ്ട് തന്നെ അവർ സൗഹൃദങ്ങൾക്ക് നൽകുന്ന വില മറ്റെന്തിനെകാളും മുകളിൽ കാണാൻ സാധിക്കും, ഈ പുസ്തകത്തിലും വിഭിന്നമല്ല.
ഉള്ളിൽ തട്ടിയുള്ള ഈ പുസ്തകം വായിക്കുന്ന ഓരോരുത്തരുടെയും ഉള്ളിൽ തട്ടുമെന്ന് ഉറപ്പ്.
ഇനി നിലക്കൽ പോകുമ്പോൾ ചിലപ്പോ എന്റെ മനസ്സിൽ വരുന്നതും, ഔസേപ്പച്ചന്റെ മ്യൂസിക്കോട് കൂടി രവി തരകന്റെ ചിന്തകൾ തന്നെയാവും, "This is the place where Dr. Prasob Enose was born"