26/11/2022
കുട്ടികളിൽ കാണപ്പെടുന്ന മലബന്ധം
കുട്ടികളുടെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും. ഒരു ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ എനിക്കരികിൽ ചികിത്സ തേടി വരുന്ന 90 ശതമാനം കുട്ടികളുടെ രക്ഷാകർത്താക്കളും പരാതിപ്പെടുന്നത് കുട്ടി ഭക്ഷണം തീരെ കഴിക്കുന്നില്ല, തടി വക്കുന്നില്ല എന്നതാണ്. ഇവരിൽ കുറച്ചധികം പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. കുട്ടികളെ കുറിച്ചുള്ള അമിത ആകുലത മാത്രമായി അതിനെ കണക്കാക്കാം. എന്നാൽ കുറച്ചു കുട്ടികൾക്ക് ഈ പറഞ്ഞ കാര്യങ്ങളോടൊപ്പം തൂക്കക്കുറവ്, അടിക്കടി ഉണ്ടാകുന്ന അസുഖങ്ങൾ, രക്തക്കുറവ് തുടങ്ങിയവ കാണാറുണ്ട്. ഇത്തരക്കാരിൽ കാരണം ചികയുമ്പോൾ മലബന്ധം മൂലമാണെന്ന് മനസ്സിലാകാറുണ്ട്.
മിക്ക കുട്ടികളിലും കാണുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം.കുട്ടികളെ സംബന്ധിച്ച് അവരെ ബാധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും പല രീതിയിൽ അവരുടെ സ്വഭാവത്തെയും പഠനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട് എന്ന് വ്യത്യസ്ത പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നാടും നഗരവും വ്യതാസമില്ലാതെ ഭക്ഷ്യസംസകാരത്തിൽ വന്നു ചേർന്ന വലിയ മാറ്റത്തെ തുടർന്ന് നമ്മുടെ കുട്ടികൾ നേരിടേണ്ടിവരുന്ന ഒരു വലിയ പ്രശ്നമായി മലബന്ധം എന്നതു മാറിയിരിക്കുകയാണ്. ആയുർവേദ ശാസ്ത്ര പ്രകാരം മലബന്ധത്തെ വിബന്ധം എന്നും ബദ്ധപുരീഷം എന്നും പറയപ്പെടുന്നു. മലവിസർജനം നടത്താൻ പറ്റാത്ത അവസ്ഥയാണ് മലബന്ധം എന്ന് പറയുന്നത്. ഇത് ആഴ്ചയിൽ രണ്ടോ അതിൽ കൂടതലോ ദിവസംവരെ മലവിസർജനം നടത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ്. ആരോഗ്യവാനായ ഒരു കുട്ടി ഒരുദിവസം ഒരു തവണയെങ്കിലും മലവിസർജനം ചെയ്യേണ്ടതാണ്. ശരിയായ രീതിയിൽ ദഹനം നടക്കാത്തതു കൊണ്ടോ ചില രോഗങ്ങളുടെ ലക്ഷണമായോ മലബന്ധം കാണാറുണ്ട്.
മലബന്ധം ഉണ്ടാകാനുള്ള കാരണങ്ങൾ
പലകാരണങ്ങൾ കൊണ്ടാണ് മലബന്ധം ഉണ്ടാവുന്നത്. കുട്ടികളിൽ ഉണ്ടാവുന്ന
മലബന്ധം പ്രധാനമായും നവജാത ശിശുക്കളെയും പ്രീസ്കൂൾ കുട്ടികളിലുമാണ്
കാണുന്നത്.
നവജാത ശിശുക്കളിൽ മലബന്ധം ഉണ്ടാകാനുളള കാരണങ്ങൾ
മുലപ്പാൽ ലഭ്യമാകുന്ന അളവ് കുറയുന്നതു കൊണ്ട്
•അമ്മയുടെ ആഹാരക്രമത്തിൽ ഉണ്ടാകുന്ന വ്യത്യാസം, അമ്മ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം ഇവ മലബന്ധത്തിനു കാരണമാവാം.
മുലപ്പാൽ കൂടാതെ മറ്റു ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കുവാൻ തുടങ്ങുമ്പോൾ.
•ഹൈപോതൈറോയ്ഡിസം
• ആനോറെക്ടൽ അനോമലിസ് (ഗുദ സംബന്ധ രോഗങ്ങൾ)
പ്രീസ്കൂൾ കുട്ടികളിൽ കാണുന്ന മലബന്ധം
കുട്ടികളിൽ കാണുന്ന കൃമിരോഗം .
• ഭക്ഷണ രീതിയിൽ വരുന്ന വ്യത്യാസങ്ങൾ.
* ചില മരുന്നുകളുടെ പാർശ്വഫലം.
• ടോയ്ലറ്റിൽ പോകാതെ മലം അടക്കിപിടിക്കുന്നത്
• ടോയ്ലറ്റ് ഉപയോഗിക്കാനുള്ള പരിശീലന കുറവ് (Proper Toilet training)
• വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുന്നത്.
നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുന്നത്.
ഹൈപോതൈറോയ്ഡിസം
ലക്ഷണങ്ങൾ
• മലവിസർജ്ജനം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുക.
• ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മലവിസർജനം
• കട്ടിയേറിയതും വേദനയേറിയതുമായ മലവിസർജനം
മലവിസർജനം നടത്തുമ്പോൾ മുക്കി പോവുകയും രക്തത്തിന്റെഅംശംമലത്തിൽ കാണുക .
മേൽ പറഞ്ഞ പ്രശ്നങ്ങൾ കാരണം ടോയലറ്റ്ൽ പോകാൻ ഉണ്ടാവുന്ന ഭയംഅടിവയർ വേദന, തലവേദന എന്നിവ പ്രധാന ലക്ഷണങ്ങൾ ആകുന്നു.
മലബന്ധം എങ്ങനെ ഭേദമാക്കാം
വെള്ളം കുടിക്കുന്ന അളവ് വർധിപ്പിക്കുക
• ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക.
• പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
കൃത്യമായ ഭക്ഷണ രീതി വ്യായാമം, എന്നിവ മലബന്ധം തടയാൻ സഹായിക്കും.
• വ്യായാമത്തിനായി കുട്ടികളെ വിവിധ കളികളിൽ വ്യാപൃതരാക്കുക. ഇലക്കറികൾ കൂടുതൽ ഭക്ഷണത്തിന്റെ ഭാഗമാക്കുക
ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ടു വച്ച് അതിന്റെ വെള്ളം കുടിക്കുന്നതു
മലബന്ധം തടയുന്നതിനു സഹായകമാവും.
ചെറിയ രീതിയുള്ള മസ്സാജ് , ചെറിയ തോതിൽ ചൂട് വയ്ക്കുന്നതു (നാലു മാസം വരെ പ്രായമുള്ള കുട്ടികൾക്ക് കൈകൾ ഉരച്ചു ചൂടു വയ്ക്കുന്നതു ) ഒരു പരിധി വരെ മലബന്ധം തടയാൻ സഹായിക്കുന്നു .
കൂടുതൽ ബുദ്ധിമുട്ടേറിയ അവസ്ഥയിൽ വസ്തി നൽകുന്നതു മലബന്ധം ഒഴിവാക്കാൻ സഹായകമാകും
ഇത്തരം അവസ്ഥകളിൽ സ്വയംചികിത്സ ചെയ്യാതെ ശിശുരോഗ വിദഗ്ദ്ധരുടെ
സഹായത്തോടെ മാത്രം മരുന്നുകൾ കഴിക്കാൻ ശ്രമിക്കുക
നഗരവൽകൃത സംസ്കാരത്തിന്റെ ഭാഗമായി നമ്മുടെ ജീവിതരീതി വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ പുതിയ സാംസ്ക്കാരിക പശ്ചാത്തലം ഏറ്റവും അധികം ബാധിക്കുന്നത് നമ്മുടെ കുട്ടികളെയാണ്. അവരുടെ കളികളും പഠനവും വിനോദവുമെല്ലാം വീടെന്ന നാലുചമരുകൾക്കുളളിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ്. ഈ പുതിയ ജീവിത പശ്ചാത്തലത്തിൽ ചെറുതെന്ന് തോന്നിക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ കുട്ടികളിൽ കണ്ടുവരുന്നത് .കൃത്യമായ പരിശോധന
നടത്തിയില്ലെങ്കിൽ മാരകമായ പല രോഗങ്ങളുടെ ആദ്യലക്ഷണമായും പലപ്പോഴും ഇതുമാറാറുണ്ട്. കുട്ടികളുടെ സ്വഭാവ വൈകല്യത്തിനും മലബന്ധം ഒരു പ്രധാന കാരണമാകാറുണ്ട്. നല്ല ജീവിതരീതിയിലൂടെയും, നല്ല ഭക്ഷണക്രമം, വ്യക്തിശുചിത്വം എന്നിവയിലൂടെ ഒരു പുതുതലമുറയെ വാർത്തെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.