21/01/2021
ചേച്ചി നമ്മുടെ വാർഡിലെ ഇൺഫ്യൂഷൻ പമ്പ് കാണുന്നില്ല.... ഞാൻ ഈവെനിംഗ് ഡ്യൂട്ടിയുടെ ഹാൻഡ് ഓവർ എടുക്കുന്നതിനിടയിൽ അന്തിപ്പണിക്കാരി ദിവ്യ വന്നു വിനയത്തോടെ രേഖ ചേച്ചിയെ അറിയിച്ചു.... ഇൻഫ്യൂഷൻ പമ്പോ !!! ഒന്നുരണ്ടു നിമിഷത്തേയ്ക്ക് ചേച്ചി കണ്ണും തള്ളി നിന്നു....
ചേച്ചി : എന്നിട്ട് നീ തപ്പിയോ?
ദിവ്യ : ചേച്ചി തപ്പാൻ ഇനി ഈ ആശുപത്രിയിൽ ഒരിടവും ഇല്ല...
രേഖ ചേച്ചി : ദൈവമേ ഇനി എന്ത് ചെയ്യും, NS മാഡം ഇന്നലെയും കൂടി മീറ്റിങ്ങിൽ പറഞ്ഞതേ ഉള്ളൂ: എനിക്ക് നിങ്ങളുടെ വാർഡിലെ കാര്യമോർത്തിട്ട് മാത്രം ടെൻഷൻ ഇല്ല, ബാക്കിയുള്ളവരുടെയൊക്കെ ഇൻവെന്ററിയിൽ ചെക്ക് ചെയ്തു ഉണ്ടെന്ന് രേഖപ്പെടുത്തുന്നതൊക്കെ അവിടെ തന്നെ ഉണ്ടല്ലോ അല്ലേ ? ഇനി എന്ത് പറയും, ചെറിയ വല്ല സാധനം ആണെങ്കിൽ പിന്നെയും പറഞ്ഞു നിൽക്കാമായിരുന്നു.. കംപ്ലീറ്റ് വിലയും പോകും!
ആരാണ് രാവിലെ ഇൻവെന്ററി ചെക്ക് ചെയ്ത മഹതി ?
ദിവ്യ : അത് ഞാനാണ് ചേച്ചി...
രേഖ : അന്നേരം നോക്കിയപ്പോൾ അവിടെ ഉണ്ടായിരുന്നോ?
ദിവ്യ : ഉണ്ടായിരുന്നു ചേച്ചി...ഞാൻ കണ്ടതാ...!
രേഖ ചേച്ചി : പിന്നെ ഇതെവിടെ പോയി, ആരെങ്കിലും പറയാതെ എടുത്തോണ്ട് പോയതാണോ ?
ഞാൻ : ഇവിടെ പ്രത്യേകിച്ച് ചേച്ചിയുടെ വാർഡിൽ കേറി പറയാതെ എടുത്തോണ്ട് പോകാൻ ആർക്കാണ് ഇത്രയും ധൈര്യം വരിക...
രേഖ : മോനേ, മൂടിന് തീ പിടിച്ച് നിൽക്കുമ്പോൾ പൊക്കരുത്... താഴെ നിർത്തിയാൽ അതൊന്നു തപ്പിയെടുക്കാമായിരുന്നു...., അനവസരത്തിലെ ഡയലോഗ് എന്ന തിരിച്ചറിവിൽ ഞാൻ ഒരു വശത്തേയ്ക്ക് മാറി നിന്നു തപ്പാൻ ഇടമൊരുക്കി കൊടുത്തു ഹാൻഡ് ഓവർ എടുക്കൽ തുടർന്നു... ICU വിൽ ജോലി ചെയ്യുന്ന സുന്ദരിഷാനി ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപായി വാർഡിൽ നിന്നിറങ്ങണം എന്ന ആഗ്രഹത്തോടെയാണ് എന്റെ സീനിയർ എനിക്ക് ബുള്ളറ്റ് ട്രെയിൻ വേഗതയിൽ ഹാൻഡ് ഓവർ തരുന്നത്, ഇനിയെന്തേങ്കിലും സംശയം ഉണ്ടെങ്കിൽ നീ എന്നെ ഫോൺ വിളിച്ചാൽ മതി... ഒരു പേന ചോദിച്ചാൽ, എഴുതാൻ പോലും തരാത്ത സീനിയർ അന്ന് പേന മുഴുവനായി തന്നിട്ട് പടികളിറങ്ങി ഓടി... കർത്താവേ ഇന്നെങ്കിലും ഇയാളെ ഒന്ന് തളയ്ക്കണേ 😍. ആദ്യത്തെ ഒരു റൗണ്ട് തപ്പലിന് ശേഷം ചേച്ചി പറഞ്ഞു : ഉറപ്പായും നീ രാവിലെ കണ്ട് ചെക്ക് ചെയ്തതല്ലേ ?
ദിവ്യ : അതേ ചേച്ചി നൂറ് ശതമാനം ഉറപ്പാണ്...
രേഖചേച്ചി : ഒരു കാര്യം ചെയ്യാം ദിവ്യയുടെ സാലറിയിൽ നിന്നും കട്ട് ചെയ്യാം...
ദിവ്യ : ചേച്ചി അതിനു വലിയ വില വരില്ലേ ?
ചേച്ചി : ഇതൊരു പാഠമായി എന്നും മനസ്സിൽ ഉണ്ടായിരിക്കണം.... എന്തായാലും നീ ഡബിൾ ഡ്യൂട്ടി ചെയ്യുന്നത് കൊണ്ട് എനിക്ക് ടെൻഷൻ ഇല്ല...!!!
ഡ്യൂട്ടിയ്ക്കിടയിൽ സമയം കിട്ടിയപ്പോൾ ഞാൻ ദിവ്യയോട് ചോദിച്ചു : ഇന്നലെ വാർഡിൽ ഇല്ലാത്ത സംഗതി ഇന്ന് രാവിലെ വാർഡിൽ കണ്ട നിന്റെ കണ്ണിന്റെ കാഴ്ച ശക്തി ഒന്ന് വേറെ തന്നെയാ കേട്ടോ...
ദിവ്യ : ചേട്ടാ ഞാൻ കണ്ടതാ...സത്യം !!!
ഞാൻ : സത്യമായിട്ടും നീ കണ്ടതാണോ? സത്യം പറഞ്ഞാൽ എല്ലാവരെയും കൊണ്ട് ഷെയർ ഇടീപ്പിക്കാം... ഷെയറിന്റെ കാര്യം പറഞ്ഞപ്പോൾ ഒടുവിൽ സത്യം ഇങ്ങ് പോന്നു... എല്ലാ ദിവസവും എടുക്കുന്നത് പോലെ ടിക്ക് ഇട്ടു എടുക്കുകയാണ് കക്ഷി ചെയ്തത്.....
ദിവ്യ : അപ്പോൾ ചേട്ടൻ ഷെയർ ഇടുമല്ലോ അല്ലേ ? ചേച്ചിയോട് ഒന്ന് പറയാമോ?
ഞാൻ : ഞാൻ ഷെയർ ഇടാൻ തയ്യാറാണ്, പക്ഷേ ഇത് പോയി പറഞ്ഞു ചേച്ചിയുടെ വായിൽ നിന്നും വരുന്ന ബൾക്ക് ഷെയർ മേടിക്കാൻ തയ്യാറല്ല....😀
നാലുമണിക്കത്തെ ചായ സമയത്ത് ദിവ്യ ചേച്ചിയോട് : ചേച്ചി നമുക്ക് ഇൺഫ്യൂഷൻ പമ്പ് കിട്ടാൻ ഒരു കാര്യം ചെയ്യാം !
രേഖ : എന്താടി?
ദിവ്യ : ചേച്ചി നമുക്ക് അന്തോനീസ് പുണ്യവാളന് നേർച്ച നേരാം....
രേഖ ചേച്ചി : ചായ കുടിച്ചിട്ട് ഒന്നെഴുന്നേറ്റു പോകാമോ, മുഖത്ത് ഒരുപാട് ഭാവങ്ങൾ മിന്നിമാറി 🙏...
ദിവ്യ : ചേച്ചി നേർച്ച നേർന്നാൽ ഉറപ്പായും കിട്ടും, പണ്ട് എന്റെ പാദസ്വരം പോയപ്പോൾ നേർന്നിട്ട് മൂന്നാം ദിവസം കിട്ടിയതാ....
രേഖ : എങ്കിൽ മോള് നേർന്നോ ഇല്ലെങ്കിൽ സാലറി പോകും....!
ഒറ്റയ്ക്ക് സംഘഗാനം പാടാൻ രാവണനല്ലാതെ സാധാരണക്കാർക്ക് ആകില്ലല്ലോ, അതുകൊണ്ട് പമ്പ് പോയ വിവരം താഴേയ്ക്ക് എത്തിയപ്പോൾ, ഞങ്ങൾ കൂട്ടുപ്രതികളുടെ പേരും ഓരോരുത്തരും ഇടേണ്ട ഷെയർ വിവരങ്ങളും വെള്ളക്കടലാസിൽ അടിച്ചു വന്നു... എക്സ്പ്ലനേഷൻ ലെറ്റർ എഴുതി കൊടുത്തു് തെറി മേടിക്കാൻ പോകുന്ന വഴിയിൽ ഞാൻ ദിവ്യയോട് ചോദിച്ചു : അങ്ങേര് എന്തേലും പറഞ്ഞോ?
ദിവ്യ : ആര് ?
ഞാൻ : അന്തോനീസ് പുണ്യാളൻ...?
ദിവ്യ : തെറി കേൾക്കാൻ പോകുമ്പോൾ ആയാലും കളിയാക്കലിന് ഒരു കുറവും ഇല്ല അല്ലേ ?
ലെറ്ററൊക്കെ കൊടുത്തു് NS മാഡത്തിന്റെ കൈയ്യിൽ നിന്നും കിട്ടേണ്ടതൊക്കെ വളരെ എളിമയോടെ നിന്ന് മേടിച്ചു. നമ്മൾ പുതിയ പമ്പ് മേടിച്ചും കൊടുക്കണം തെറിയും കേൾക്കണം ഇതെന്തു കോപ്പിലെ ന്യായം ....തെറിയൊക്കെ കേട്ട് തൃപ്തിയായി നിൽക്കുമ്പോൾ, അഡ്മിഷൻ കൺടറിലെ ബ്രോ NS മാഡം വിളിച്ചത് അനുസരിച്ചു ഒരു പൊതിയുമായി അങ്ങോട്ട് വന്നു.... പൊതി തുറന്നു വച്ചപ്പോൾ ദിവ്യ : ദേ നമ്മുടെ ഇൻഫ്യൂഷൻ പമ്പ് !!! ഞാൻ പറഞ്ഞില്ലേ അന്തോനീസ് പുണ്യവാളന് നേർച്ച നേർന്നാൽ തിരിച്ചു കിട്ടുമെന്ന്... രേഖ : പുള്ളിയ്ക്കിപ്പോൾ മെഡിക്കൽ എക്യുപ്മെന്റിന്റെ പരിപാടി കൂടി ഉണ്ടല്ലേ ! ദിവ്യേ നീ രാവിലെ കണ്ട സാധനം തന്നെയാണല്ലോ അല്ലേ ? ആവേശം പെട്ടന്ന് കെട്ടടങ്ങി ദിവ്യ താഴോട്ടു നോക്കി നിന്നു...
(തോമസ് എന്ന രോഗി ഡിസ്ചാർജ് ആയി പോയപ്പോൾ 7 ദിവസം മുൻപ്, കൂടെ സഹായത്തിനു ഉണ്ടായിരുന്ന ഹിന്ദിക്കാരൻ ഒരു കൗതുകം തോന്നി ബാഗിൽ എടുത്തു വച്ച് കൊണ്ടുപോയതാണ്, അവിടെ ചെന്നപ്പോളാണ് പട്ടിയ്ക്കു മുഴുവൻ തേങ്ങ കിട്ടിയത് പോലെ ഇതുകൊണ്ട് വേറെ ഉപകാരം ഒന്നുമില്ലെന്ന് അണ്ണന് മനസ്സിലായത് )... പിന്നെ നേർച്ച തുകയ്ക്ക് വേണ്ടി തോമസ്സിനോട് സംസാരിച്ച് പമ്പ് തിരിച്ചെത്തിക്കാൻ അന്തോനീസിന്റെ സഹായം വരെ വേണ്ടി വന്നു ....നോക്കിയും കണ്ടും ഇൻവെന്ററി ചെക്ക് ചെയ്തു എടുക്കാത്തത് കൊണ്ട് ജീവിച്ചിരുന്ന കാലത്ത് കണ്ടിട്ടില്ലാത്ത സാധനം കണ്ടുപിടിച്ചെത്തിക്കാൻ പാവം പുണ്യാളന്മാർ എടുക്കുന്ന കഷ്ടപ്പാടുകളെ..
കരോളിന് മുൻപ് പള്ളിയിൽ നിന്നും ഉണ്ണീശോയുടെ രൂപം കമ്മിറ്റിക്കാർ മേടിച്ചു കൊണ്ടുപോകുന്നത് പോലെ ഞങ്ങൾ ഇൻഫ്യൂഷൻ പമ്പുമായി മുകളിലേയ്ക്കു പോകുമ്പോൾ ഞാൻ ചോദിച്ചു: എത്ര രൂപയാ നേർച്ച നേർന്നത്?
ദിവ്യാ : പത്തു രൂപ!
നേർച്ചക്കാര്യത്തിൽ എങ്കിലും നിന്റെ ഈ എരപ്പാളിത്തരം ഒന്ന് മാറ്റമായിരുന്നില്ലേ ?
ദിവ്യാ : പണ്ട് ഒരണയും അരയണയുമൊക്കെയല്ലേ വലിയ വലിയ തുകകൾ, അത് വച്ച് നോക്കുമ്പോൾ പുണ്യാളന് പത്തു രൂപ ലോട്ടറിയാ 😍.
(ഹാൻഡ് ഓവർ എടുക്കുമ്പോൾ ചുമ്മാ ടിക്കിട്ട് ഇൻവെന്ററി എടുക്കുന്നവർക്കായി ഇത് സമർപ്പിക്കുന്നു 😂.