26/10/2021
*സന്ധിവേദനയ്ക്ക് പല കാരണങ്ങൾ*
സന്ധിരോഗങ്ങളുടെ പ്രധാനലക്ഷണങ്ങളിലൊന്ന് വേദനതന്നെയാണ്.വീക്കവും ഒന്ന് തൊടാൻപോലും പറ്റാത്ത അവസ്ഥയും നിറവ്യത്യാസവും അനക്കുവാനോ ചലിപ്പിക്കുവാനോ കഴിയാത്ത അവസ്ഥയും ഇതോടൊപ്പമുണ്ടാകാം. ഏതെങ്കിലുമൊരു സന്ധിയെ മാത്രമാശ്രയിച്ചും ഇരുവശങ്ങളിലുമുള്ള ഒരേ സന്ധികളെ ആശ്രയിച്ചും പല സന്ധികളേയും ഒരുപോലെ ബാധിക്കുന്ന വിധത്തിലും കുറച്ചൊക്കെ ഏറ്റക്കുറച്ചിലുകളോടെയും സന്ധിരോഗങ്ങൾ പ്രത്യക്ഷപ്പെടുന്നു.
ഏതെങ്കിലുമൊരു സന്ധിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തൊട്ടടുത്ത സന്ധിയിലേക്കോ തുല്യഘടനയുള്ള മറ്റു സന്ധികളിലേക്കോ വ്യാപിക്കുന്നതായും കാണാം.അസുഖത്തിന്റെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ സന്ധികളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതരത്തിലുള്ള സന്ധിരോഗങ്ങളും രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന മാറ്റങ്ങൾകാരണം രൂപപ്പെടുന്ന സന്ധിരോഗങ്ങളും ഉണ്ടാകാം.അപകടങ്ങളെ തുടർന്നും ഡിസ് ലൊക്കേഷൻ, സബ് ലക്സേഷൻ, അസ്ഥി പൊട്ടൽ എന്നിവയെ തുടർന്നുണ്ടാകുന്ന ആർത്രൈറ്റിസും സന്ധിരോഗങ്ങൾക്ക് കാരണമാകുന്നു.
സന്ധിരോഗങ്ങൾ കാരണം പിന്നീട് സന്ധിവൈകല്യം, പേശികൾക്കുണ്ടാകുന്ന ശോഷം,സന്ധികളോടനുബന്ധിച്ചുള്ള കണ്ഠരകൾക്കും(ടെന്റൻ) കാർട്ടിലേജുകൾക്കും പൃഷ്ഠാസ്ഥിയിലാണെങ്കിൽ(വെർട്ടിബ്രൽ കോളം) ഇന്റർ വെർട്ടിബ്രൽ ഡിസ്കുകൾക്കും ബലക്കുറവും സ്ഥാനചലനവും അവയ്ക്കുള്ളിൽ സമ്മർദ്ദത്തിൽപെട്ടുപോകുന്ന ഞരമ്പുകൾക്ക് വലിച്ചിലും അതുകാരണം പെരുപ്പും കഴപ്പും ബലക്കുറവും ഉണ്ടാകുവാനുമിടയുണ്ട്.
സന്ധികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും അതുകാരണമുള്ള അനുബന്ധപ്രശ്നങ്ങൾക്കും ഒരേ സ്വഭാവമല്ല ഉള്ളത്.രോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും രോഗമായി പരിണമിക്കുന്ന രീതികളും (എറ്റിയോപത്തോജെനസിസ്) വ്യത്യസ്തമാണ്. സന്ധികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില രോഗങ്ങളെങ്കിലും നേരിട്ട് സന്ധിയുമായി ബന്ധമില്ലാത്തവയും സെക്കന്ററി കോംപ്ലിക്കേഷൻ എന്ന നിലയിൽ പിന്നീട് സന്ധികളെകൂടി ബാധിക്കുന്നവയുമാണ്. ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ചികിത്സകൾ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ എന്ന് മനസ്സിലായല്ലോ?
വർദ്ധിച്ച പ്രമേഹം കുറയാതെ തോൾവേദന കുറയ്ക്കുന്ന കാര്യം പ്രയാസമാണ്.കഴുത്തിന് വീക്കമോ തേയ്മാനമോ ഉള്ളവർക്കും തോൾവേദനയുണ്ടാകാം.എന്നാൽ തോൾവേദനയുടെ ചികിത്സ തേടിയെത്തുന്നവരോട് ഷുഗർ പരിശോധിക്കണമെന്നോ കഴുത്തിന്റെ എക്സ് റേ കൂടി എടുക്കണമെന്നോ ആവശ്യപ്പെടുന്നത് അത്ര 'സുഖിക്കാറില്ല'.പ്രഷർ കൂടുന്നവരിൽ കാൽമുട്ടിന് കഴപ്പും കുഴഞ്ഞുപോകുന്നത്പോലുള്ള ബലക്കുറവും ഉണ്ടെങ്കിലും അതൊന്നും പരിഹരിക്കാൻ ശ്രമിക്കാതെ തേയ്മാനമാണെന്ന് 'തീരുമാനിച്ചുറച്ച്' അതിനുള്ള മരുന്നും കഴിച്ചുനടക്കുന്നവരുമുണ്ട്.
ഇപ്പോൾ വളരെയേറെപേരിൽ അസ്ഥിസാന്ദ്രതതന്നെ കുറഞ്ഞുപോകുന്നവിധത്തിൽ കാൽസ്യവും വൈറ്റമിൻ ഡി3 യും കുറഞ്ഞുകാണുന്നുണ്ട്. ഓസ്റ്റിയോ പീനിയ, ഓസ്റ്റിയോപോറോസിസ് എന്നീ രോഗങ്ങൾ ഇതുകാരമുണ്ടാകുന്നവർനിരവധിയാണ്.അസ്ഥിസാന്ദ്രത വർദ്ധിക്കാതെ ഇത്തരം രോഗങ്ങളിൽ ബുദ്ധിമുട്ടുകൾ കുറയുന്നതെങ്ങനെ? വേദനമാത്രം കുറഞ്ഞാൽ മതിയെങ്കിൽ വേദനാസംഹാരികൾ ഉപയോഗപ്പെടുത്തണം. എന്നാൽ പരമാവധി അവയുടെ ഉപയോഗം നിയന്ത്രിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ അതുതന്നെ വലിയ 'വിന'യായി മാറും.
ആയുർവേദത്തിൽ തൈലംപുരട്ടുന്നതും മരുന്നുകൾ കഴിക്കുന്നതും പഞ്ചകർമ്മചികിത്സകളും അസ്ഥിസന്ധികളുടെ പ്രശ്നങ്ങൾ മാറ്റുന്നതിനും അവയെ ബലപ്പെടുത്തുന്നതിനും സഹായകമാണ്. എന്നാൽ ഇവയൊന്നും ധൃതിപിടിച്ചു ചെയ്യാവുന്ന 'ഒറ്റമൂലികൾ' അല്ല.സന്ധിവേദനയ്ക്ക് കാരണമായ രോഗവും സന്ധികളിലെ വൈഷമ്യങ്ങളും കുറയുന്ന മുറയ്ക്ക് ലക്ഷണങ്ങളും കുറഞ്ഞുവരുന്ന തരത്തിലുള്ള മരുന്നുകളാണ് ആയുർവേദത്തിൽ ചെയ്യുന്നത്.ഇ.എസ്.ആർ വർദ്ധിക്കുന്ന വാതരോഗങ്ങളും യൂറിക് ആസിഡ് വർദ്ധിച്ചുണ്ടാകുന്ന ഗൗട്ടീ ആർത്രൈറ്റിസും സോറിയാസിസ് രോഗം കാരണമുണ്ടാകുന്ന സോറിയാറ്റിക് ആർത്രൈറ്റിസും ആമവാതം എന്ന റുമാറ്റിക് ഫിവറും വാതരക്തം എന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസും കാൽമുട്ടുകളെ കൂടുതലായി ബാധിക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസും കഴുത്തിനും നടുവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പോണ്ടിലൈറ്റിസും സ്പോണ്ടിലോസിസും സന്ധികളെ ബുദ്ധിമുട്ടിക്കുന്നവയാണ്. ഇവയ്ക്കെല്ലാം ഒരുപോലുള്ള ചികിത്സകൾ മതിയാകുകയില്ല.മാത്രമല്ല പുറമേ തൈലംപുരട്ടലും കഷായമോ ഗുളികയോ കഴിക്കലും മാത്രമാണ് ആയുർവേദചികിത്സ എന്ന് വിചാരിച്ച് 'ആയുർവേദവും ചെയ്തു,രക്ഷയില്ല' എന്ന് പറയുന്ന പലരും ശരിയായ ചികിത്സ ചെയ്തവർപോലും ആയിരിക്കണമെന്നില്ല. മാത്രമല്ല സന്ധിരോഗത്തിനു കാരണമായ പ്രധാന രോഗത്തെ നിയന്ത്രണത്തിൽപോലും ആക്കിയവരാകണമെന്നുമില്ല.
വേദന മാത്രമാണ് സന്ധിരോഗംകൊണ്ടുള്ള പ്രശ്നം എന്ന മുൻവിധിയോടെ 'അതൊക്കെ കുറച്ചു സഹിക്കാവുന്നതേയുള്ളൂ' എന്ന് കരുതി ചികിത്സ ശരിയായി ചെയ്യാത്തവർക്കാണ് പിന്നീട് ആ സന്ധി ഉപയോഗിക്കുവാൻപോലും സാധിക്കാത്ത വിധത്തിലും ദൈനംദിന കാര്യങ്ങൾക്കുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട വിധത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.
ഏത് വിധത്തിലുള്ള സന്ധിരോഗമാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമായിരിക്കുന്നത്? മറ്റേതെങ്കിലും രോഗങ്ങൾ കൊണ്ടാണോ ഇത് ഉണ്ടായിരിക്കുന്നത്? ചികിത്സ ശരിയായി ചെയ്യാതിരുന്നാൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം? എന്തൊക്കെ ചികിത്സകളാണ് പ്രയോജനപ്പെടുന്നത്?അതിന് എത്രമാത്രം സാമ്പത്തിക ചിലവുകൾ ഉണ്ട്? ചികിത്സ താൽക്കാലികമായിട്ടാണോ സ്ഥിരമായിട്ടാണോ പ്രയോജനപ്പെടുന്നത്? ചികിത്സകാരണം ദോഷമെന്തെങ്കിലും ഉണ്ടാകുമോ? ശരിയായി ചികിത്സിച്ചാലും എത്രമാത്രം പ്രയോജനം ലഭിക്കും?എന്നിങ്ങനെയുള്ള കാര്യങ്ങൾകൂടി മനസ്സിലാക്കിവേണം സന്ധിരോഗചികിത്സ ആരംഭിക്കേണ്ടത്.
Dr. Sharmadkhan MD (Ay),
SMO, GAD, Nemom,
Thiruvananthapuram.