04/03/2025
ലഹരിവസ്തുക്കളുടെ ഉപയോഗം; അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് ജീവിതം തിരികെപിടിക്കാം......
യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ്
ദിവസവും നമുക്കുമുന്നില്‍ നിറയുന്നത്. മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്നനിലയില്‍ പതിവായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് യഥാര്‍ഥത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഇവ ഉപയോഗിച്ചതിനുശേഷം, അതിന്റെ പ്രഭാവം കഴിഞ്ഞാല്‍ വീണ്ടും അതേ സമ്മര്‍ദം നേരിടേണ്ടിവരും.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗലക്ഷണങ്ങള്‍ അറിയാം.
ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളര്‍ച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളില്‍ മാറ്റം, ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാന്‍ വിമുഖത, കൂട്ടുകെട്ടുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം, പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ,
ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം, അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.
എന്താണ് പ്രതിവിധി ?
വ്യക്തിയുമായി ശാന്തമായി സംസാരിക്കുക. അഭിപ്രായങ്ങളും ചോദ്യങ്ങളും ശ്രദ്ധിക്കുക. കാഴ്ചപ്പാടുകള്‍ അറിയുക. പ്രഭാഷണങ്ങളും ഭയപ്പെടുത്തുന്ന തന്ത്രങ്ങളും ഒഴിവാക്കുക. തുടക്കത്തില്‍ രസത്തിനുവേണ്ടിയുള്ള മയക്കുമരുന്ന് ഉപയോഗം അമിതമായ ഉപയോഗമോ ആസക്തിയോ ആയി മാറുകയും അപകടങ്ങള്‍,നിയമപരമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യും എന്ന് പറഞ്ഞുമനസ്സിലാക്കുക. ആരോഗ്യത്തെയും രൂപത്തെയുംകായികശേഷിയെയും മയക്കുമരുന്ന് ഉപയോഗം എങ്ങനെ ദോഷകരമായി ബാധിക്കും .
കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു. ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരും, കൂട്ടുകാരുമായി ഒത്തുകൂടുമ്പോൾ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹിറോയിസമാണെന്ന കാഴ്ചപ്പാട് പുലർത്തുന്നവരും യുവതലമുറയിലുണ്ട്.
യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മാധ്യമങ്ങൾ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖല തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ അറിയുക്കുവാൻ വേണ്ടി കേരള പോലീസ് നമ്മുടെ കൂടെ ഉണ്ട് .ഈ നമ്പറിൽ ബന്ധപ്പെടുക
യോദ്ധാവ്
99 95 96 66 66
മയക്കുമരുന്ന് പ്രശ്നം പരിഹരിക്കാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സജീവമായ ഇടപെടൽ ആവശ്യമാണ്. ഇതിനായി സർക്കാരിനെയും സമൂഹത്തെയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ഡോ: അനഘ അശ്വിൻ
ശ്രീ ശ്രീ ആയുർവേദ വെൽനസ് സെന്റർ തൃശൂർ
📱9400967551
തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ 5 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. (മുൻകൂട്ടി ബുക്ക് ചെയ്യുക mob : 94009 67551)