
24/07/2025
വേഗതയേറിയ ഈ ലോകത്ത് പലപ്പോഴും നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ഒന്നാണ് മനസമാധാനം. തിരക്കുകൾക്കിടയിലുടെ ജീവിതം മുന്നോട്ട് പോകുമ്പോൾ, സ്വയം ശ്രദ്ധിക്കാനും ആന്തരിക സമാധാനം കണ്ടെത്തുവാനും പലപ്പോഴും നമ്മൾ മറന്നുപോകുന്നു. എന്നാൽ, കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മനസമാധാനം വർദ്ധിപ്പിക്കുവാനും അത് എന്നും നിലനിർത്തു വാനും സാധിക്കും. ഇത് ഒരു ദിവസം കൊണ്ട് നടക്കുന്ന ഒരു മാന്ത്രിക വിദ്യയല്ല, മറിച്ച് പതിവായ പരിശീലനത്തിലൂടെ നേടാവുന്ന വളരെ ലളിതമായ ഒന്നാണ്.
നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ ഇവിടെ പങ്കുവയ്ക്കാം. നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകളിൽ ഭൂരിഭാഗവും ഭൂതകാലത്തെക്കുറിച്ചുള്ള ദുഃഖങ്ങളോ ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ ഒക്കെ ആയിരിക്കും. ഈ ചിന്തകളെ തിരിച്ചറിയുകയും, അവയെ മനഃപൂർവ്വം ഒഴിവാക്കി വർത്തമാന നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ മനസമാധാനത്തെ നിലനിർത്തുവാൻ ഒരു വലിയ പരിധിവരെ സാധിക്കും. 'ഇപ്പോൾ' എന്നതിലായിരിക്കണം നമ്മുടെ സന്തോഷം. നമുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരായിരിക്കുക. രാവിലെ ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ, ചെറിയ കാര്യങ്ങൾക്ക് പോലും നന്ദി പറയുന്ന ഒരു ശീലം വളർത്തുന്നതിലൂടെ നമ്മുടെ മനോഭാവത്തെ പോസിറ്റീവാക്കുകയും കൂടുതൽ നല്ല കാര്യങ്ങളെ ജീവിതത്തിലേക്ക് ആകർഷിക്കുകയും ചെയ്യാം. നന്ദിയുള്ള ഹൃദയം സമാധാനമുള്ള ഹൃദയമാണ്.
എപ്പോഴും സന്തോഷവും പോസിറ്റീവ് ഊർജ്ജവും നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഇഷ്ടമുള്ള സംഗീതം കേൾക്കുക, പുസ്തകങ്ങൾ വായിക്കുക, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, പ്രകൃതിയോടൊപ്പം നടക്കാൻ പോകുക ഇവയെല്ലാം മനസ്സിന് ഉന്മേഷം നൽകും. ദിവസവും കുറഞ്ഞത് 10-15 മിനിറ്റെങ്കിലും ധ്യാനിക്കാനോ പ്രാർത്ഥിക്കാനോ സമയം കണ്ടെത്തുന്നത് മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കും. ആഴത്തിലുള്ള ശ്വാസമെടുക്കൽ പരിശീലിക്കുന്നതിലൂടെയും മനസ്സിനെ പെട്ടെന്ന് ശാന്തമാകാൻ സാധിക്കും.
മനസ്സിന്റെ സമാധാനത്തിന് ശരീരത്തിൻ്റെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ദിവസവും വ്യായാമം ചെയ്യുക, കൃത്യമായി ഉറങ്ങുക, എന്നതെല്ലാം മാനസിക വൈകാരിക സംപൂർണതയെ സഹായിക്കും. സ്നേഹവും പിന്തുണയും നൽകുന്ന സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചെലവഴിക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും സ്നേഹം പങ്കുവെക്കുന്നതും നമുക്ക് ആന്തരിക സന്തോഷം കണ്ടെത്തുവാൻ സഹായിക്കും. കഴിഞ്ഞകാല തെറ്റുകൾക്കും മറ്റുള്ളവരുടെ കുറവുകൾക്കും ക്ഷമ നൽകുക. ആരോടെങ്കിലും മനസ്സിൽ ദേഷ്യവും വൈരാഗ്യവും വെച്ചുപുലർത്തുന്നതും നമ്മുടെ സമാധാനം കെടുത്തും. വിട്ടുവീഴ്ച ചെയ്യാനും വിട്ടുകളയാനും ശീലിക്കുന്നതും മനസ്സിൻ്റെ വലിയ ഭാരത്തെ കുറയ്ക്കും.
മനസമാധാനം എന്നത് ആരുടെയോ കയ്യിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഒന്നല്ല, അത് നമ്മുടെ ഉള്ളിൽ നിന്ന് കണ്ടെത്തേണ്ടതായ ഒന്നാണ്. ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വലിയൊരു വ്യത്യാസം കൊണ്ടുവരും.