16/06/2023
പ്രിയം എന്നും പ്രിയദർശിനി..
പ്ലസ്ടു മാർക്ക് ലിസ്റ്റ് വരും മുൻപ് തന്നെ ആശങ്കയാണ് ഏത് കോളേജിൽ പോകണം എന്നത്. കണക്കിന് കണക്കായത് കൊണ്ട് ഗുണനവും ഹരണവും അധികമാക്കാതെ ഉള്ളൊരു കോഴ്സ് വേണം....
വീട്ടിലെ ഫ്യൂസ് കെട്ടി പവർ സ്റ്റേഷൻ വരെ ഇരുട്ടിലാക്കിയ ചരിത്രം ഉള്ളത് കൊണ്ട് എഞ്ചിനീയർ എന്ന വാക്ക് പോലും ചൊറിച്ചിൽ ഉണ്ടാക്കുന്നു...
അത്യാവശ്യം ഇംഗ്ലീഷും നല്ല പച്ചമലയാളോം അറിയാകുന്നത് കൊണ്ടും,പാറ്റയെ ഓടിച്ചിട്ട് പിടിക്കാനുള്ള കഴിവ് ഉള്ളത് കൊണ്ടും, സ്വന്തം ബ്ലഡ് ഗ്രൂപ്പ് കാണാപ്പാടം പറയുന്നത് കൊണ്ടും തീരുമാനിച്ചു സയൻസ് തന്നെ ആണ് ബെസ്റ്റ്.
ഡിഗ്രിക്ക് പോയി സമയം കളയാനില്ല,എൻട്രൻസിനോട് പണ്ട് തൊട്ടേ അസൂയയും.. ഇതെല്ലാം മനസിലെ ബാഗിനുള്ളിൽ ഒതുക്കിവെച്ച് കൈയിലുള്ള പേപ്പറും വെച്ച് എത്തിപ്പെട്ട കോളേജ്...
... ❤❤പ്രിയദർശിനി ❤❤
മെഡിക്കൽ കോളേജിന്റെ അങ്ങേ അറ്റത്തെ പഴയ കെട്ടിടം. വിയറ്റ്നാം കോളനി പോലെ റാവുത്തറും, ജി കൃഷിണമൂർത്തിയും, ഉണ്ണിമോളും, കെ കെ ജോസഫും, ഇരുമ്പ് ജോണും എല്ലാം സങ്കല്പിക കഥാപാത്രങ്ങളായി എത്തുന്ന പാരാമെഡിക്കൽ കോളേജ്..
അവിടെ നിന്നും പഠിച്ച ചിലപാഠങ്ങൾ, ചില തിരിച്ചറിവുകൾ, ചില വിജ്രംഭിച്ച കണ്ടെത്തലുകൾ, കാഴ്ചകൾ ഇന്നും കൂടെ കൂട്ടായിട്ടുണ്ട്...
വിങ്ങി പൊട്ടുന്ന തിയറിക്ലാസുകൾ,ഉച്ചയൂണ്
കഴിഞ്ഞോടി ഏമ്പക്കം മാറാത്ത പോസ്റ്റിങ്ങ് അപാരതകൾ, ഒച്ചയുണ്ടാക്കാത്ത പരീക്ഷകൾ, പുക ഉയരുന്ന പരീക്ഷണങ്ങൾ, മരുന്ന് മണക്കുന്ന വരാന്തകൾ,മഴ പെയ്ത സായാഹ്നങ്ങൾ...
ഒരുപാത്രത്തിലെ ഭക്ഷണം മൂന്നായി പകുത്ത മെസ്സ് ഹാൾ, തൂങ്ങി കിടന്നാടിയ ഹോസ്റ്റൽ ചുവരുകൾ, എണ്ണി തീർത്ത നക്ഷത്രങ്ങൾ, രാത്രിയിൽ വിരിഞ്ഞ പാലപ്പൂവുകൾ,സോപ്പ് പതയുള്ള അലക്ക് കല്ലുകൾ..അങ്ങനെ പലതും കണ്ടും കേട്ടും പഠിച്ചിറങ്ങുന്ന പ്രിയദർശിനിക്കാർക്ക് ഒരു ഡിഗ്രീ സർട്ടിഫിക്കറ്റിന്റെ കുറവേ ഉള്ളൂ....പക്ഷെ പകരം വെക്കാനാകാത്ത ഉറച്ച മനസ്സുമായി അവർ കേരളത്തിന്റെ ഒരു ദിക്കുതൊട്ട് അങ്ങേ ദിക്കുവരെ ഉടയാത്ത വെള്ളകോട്ടും ഇട്ട് നിൽക്കുമ്പോൾ ഇന്ത്യയുടെ പുറത്ത് അങ്ങ് അറബിയെ പൊക്കി എടുത്തു കീശയിലിട്ട പ്രിയദർശിനി പിള്ളേർ ജീവിതം പൊളി പൊളിക്കയാണ്.....
ചെറിയ രീതിയിൽ വലിയ കാര്യങ്ങൾ പഠിപ്പിച്ചു തരാനും, ചെറിയ സൗകര്യത്തിൽ വലിയ സൗകര്യം ഉണ്ടാക്കുവാനും, നേരെ നോക്കി സംസാരിക്കുവാനും പഠിപ്പിച്ച പ്രിയദർശിനി എന്ന പേര് എന്നും അഭിമാനത്തോടെ പറഞ്ഞെ ശീലമുള്ളു...
🍁പ്രഭു കൃഷ്ണ 🍁
Prabhu Krishna Jinesh Kallada Sylus Tomy Punnoor Prabhu Raj Vs Anandu A Ajikumar