12/09/2023
❤❤ഹൃദയം കൊണ്ട് കേട്ടത്.....❤❤... ഞാൻ മീന... മീനേച്ചി എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കുക .....മാരക രോഗങ്ങൾ ബാധിച്ചവർക്ക് സാന്ത്വനം ഏകാൻ വേണ്ടി നിലനിൽക്കുന്ന, സമൂഹം നിലനിർത്തുന്ന മഹത്തായ ഈ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ഞാനും ഒരു ഭാഗവാക്കാണ്.അതാണ് Institute of Palliative Medicine (IPM കോഴിക്കോട് )എന്ന വട വൃക്ഷം.......തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കേവലം വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകുമോ?. എനിക്കറിയില്ല.......രോഗിയുടെ അടുത്ത ബന്ധുക്കളെ കൂടെയിരുത്തി നടത്തുന്ന ഫാമിലി മീറ്റിങ്ങുകളിൽ തെളിയുന്ന പശ്ചാത്തലങ്ങൾ എന്നിൽ ഉണ്ടാക്കുന്ന മിശ്രവികാരങ്ങൾ വിവരണാതീതം ആണ്...അതിൽ ഒന്ന് ഞാൻ വിവരിക്കാം... കുട്ടികൾക്ക് മാരക രോഗങ്ങൾ ബാധിച്ചു മരണാസന്നരായി വരുന്ന സമയത്ത് നമ്മുടെ ഉള്ളിൽ ഇരിക്കുന്ന പ്രൊഫഷണൽ ചിലപ്പോഴൊക്കെ പച്ച മനുഷ്യരായി മാറും. അങ്ങനെ മാറാതെ എങ്ങിനെ ഒരു നല്ല പാലിയേറ്റീവ് ചികിത്സകരോ പ്രവർത്തകരോ ആകും. പറ്റില്ലല്ലോ അല്ലേ.....!.
എങ്കിലും നമ്മുടെ ഉള്ളിൽ തീക്ഷ്ണമായ ചില അനുഭവങ്ങൾ ഉണ്ടാക്കി തീർക്കുന്ന നിർവികാരത പലപ്പോഴും മുഴച്ചു നിൽക്കും. മുന്നോട്ട് പോക്കിൽ മുറുകെ പിടിക്കാൻ ഉള്ള പാശവും ഒരുപക്ഷേ അത് തന്നെ ആകാം...ഇനി അവന്റെ കഥ പറയാം...അൽത്താഫ്.5 വയസ്സ് (പേര് സാങ്കല്പികം)... വടക്കേ മലബാറിന്റെ ഭാഷാ ന്യൂനപക്ഷ പ്രദേശത്തു നിന്നും വന്നതാണ് . അവനെ ബാധിച്ച കാൻസർ ഒട്ടുമിക്ക അവയവങ്ങളെയും ഗ്രസിച്ചിരിക്കുന്നു . ഞങ്ങൾ മെറ്റ്സ് എന്ന് പറയും.. മെറ്റ്സ്.. മെറ്റ്സ്.. മെറ്റ്സ്... കേട്ടു തഴമ്പിച്ചിരിക്കുന്നു ആ വാക്ക്.. മെറ്റ്സ് ക്രൂരൻ ആണ്. വ്യാപനമാണ് അവൻ. ശാസ്ത്രക്രിയകളും ചികിത്സകളും ഒക്കെ അതിന്റെ പാരമ്യത്തിൽ ആണ്. ഇനി ഒന്നും ചെയ്യാനില്ല. അവനിലെ മനുഷ്യൻ നിസ്സംഗതയിലേക്ക് വീണിരിക്കുന്നു.
വലിയ ചിന്തകരൊക്കെ പലപ്പോഴും പറയാറുണ്ട്. "ചൈൽഡ് ഈസ് ദ ഫാദർ ഓഫ് മാൻ"... എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. മുതിർന്നവരേക്കാൾ തിരിച്ചറിവുള്ളവർ ആണ് അവർ.
കാരണം വഴിയേ പറയാം.ഒരാഴ്ചയായി അവൻ കാര്യമായി ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല. നല്ല ക്ഷീണം ആണ്.കഞ്ഞി വെള്ളം ഒക്കെ അല്പം കുടിച്ചാൽ ആയി. ചുമയുണ്ട്. ഛർദ്ദിക്കാൻ വരുന്നു. രണ്ടു മൂന്നു ദിവസത്തെ ചികിത്സയിലൂടെ അവന്റെ വേദന ഒക്കെ കുറഞ്ഞു. അല്പം ആയി ഭക്ഷണം ഒക്കെ കഴിച്ച് തുടങ്ങി.
അവന്റെ ഉമ്മയാണ് ഫാമിലി മീറ്റിങ്ങിനു വന്നത്. തുടർച്ചയായ അലച്ചിലുകളുടെയും ചികിത്സകളുടെയും ഫലമായുള്ള എല്ലാ ദൈന്യതകളും അവരുടെ കണ്ണുകളിൽ പ്രകടമാണ്. മിടുക്കൻ ആയി വളർന്നു വരുന്നതിനു ഇടയിൽ അവൻ രോഗക്കിടക്കയിലേക്ക് തളർന്നു വീണതിന്റെ കഥകൾ എന്റെ മുൻപിൽ ഓരോന്നായി അവർ വിവരിച്ചു. ഭർത്താവും ഒരു മകളുമുണ്ട്. സ്വന്തമായുള്ള വീട് പണയപ്പെടുത്തി ആണ് ചികിത്സ ഒക്കെ ചെയ്തത്. അവസാനം ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്നാണ് IPM ലേക്ക് റെഫർ ചെയ്തത്.
ഇവിടെ ഉള്ള ആളുകളുടെ വ്യത്യസ്തമായ സമീപനവും,സ്നേഹവും, സാന്ത്വനവും, സൗജന്യ ചികിത്സയും ഒക്കെ മഹാന്മാരായ ഉല്പതിഷ്ണുക്കളുടെ ദീർഘ ദൃഷ്ടിയുടെ ഫലമാണ്.അതിന്റെ ഉപഭോക്താകളിൽ ഒരാൾ ആയി വന്നിരിക്കുന്ന ഈ മാതാവിനെ കേൾക്കുക എന്നത് ആണ് എന്റെ കടമ. വെറുതേ കേട്ടാൽ പോരാ.... ഹൃദയം കൊണ്ട് കേൾക്കണം. അനുതാപം ഉണ്ടാകണം. പരസ്പര വിശ്വാസം ഉണ്ടാകണം. സ്നേഹം, പരിഗണന എല്ലാം എന്റെ പെരുമാറ്റത്തിൽ പ്രതിഫലിക്കണം. ഇതെല്ലാം ഉള്ളവർക്കല്ലാതെ ആർക്കാണ് നല്ലൊരു പാലിയേറ്റീവ് ചികിത്സകരോ പ്രവർത്തകരോ ആവാൻ കഴിയുക.. അല്ലേ......?.
വീണ്ടും അതേ ചോദ്യം......!!അതേ നാം നമ്മോട് തന്നെ സമസ്യകൾ ചോദിക്കുമ്പോൾ പല ഉത്തരങ്ങളും കണ്ടെത്താൻ കഴിയും.
അവന്റെ വേദന കുറക്കുക, മറ്റുള്ള ലക്ഷണങ്ങൾ കുറക്കുക, അവരുടെ ബന്ധുക്കൾക്ക് സാന്ത്വനം ഏകുക. ഇതല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും.....? ഇതല്ലേ നാം ചെയ്യേണ്ടത്......? മാന്യമായ ജീവിതവും വേദനാരഹിതമായ മരണവും ഓരോ വ്യക്തിക്കും അവകാശപ്പെട്ടതല്ലേ......?
അവരുടെ വേദന, ആശങ്കകൾ , ജീവിത പ്രശ്നങ്ങൾ, ചോദ്യങ്ങൾ ഏല്ലാം എന്റെ ഹൃദയത്തിലേക്ക് പതുക്കെ ഒഴുകാൻ തുടങ്ങി. വികാര തള്ളിച്ചകൾ പലപ്പോഴും എന്റെ മനസ്സിനെയും ആസ്വസ്ഥമാക്കി. പക്ഷേ ഞാൻ ആ വികാരത്തിന് അടിമപ്പെട്ടതായി പുറത്ത് കാണിക്കില്ല. എന്റെ വേദന കൂടെ ഏറ്റെടുക്കാൻ ഉള്ള ത്രാണി അവർക്കില്ല. സർവ്വ ശക്തിയോടെയും കൂടെ പിടിച്ചു നിൽക്കാൻ ഉള്ള ശേഷിക്ക് വേണ്ടിയുള്ള നിർവ്വികാരത എന്റെ ഉള്ളിൽ സ്റ്റോക്ക് ഉണ്ട്. ബന്ധുക്കളുടെ സഹതാപം, വീട്ടിൽ ഉള്ളവർക്ക് തന്നെ ആ രോഗത്തെ അതിന്റെ എല്ലാ വശങ്ങളോടും കൂടി സ്വീകരിക്കാൻ ഉള്ള മനസ്സില്ലായ്മ, അവന്റെ നഷ്ടം തന്നിൽ ഉണ്ടാക്കാൻ പോകുന്ന ശൂന്യത,അവനു നഷ്ടപ്പെട്ട നല്ല കാലം.......എന്തൊക്കെ ചിന്തകളാകും ആ മനസ്സിൽ മദിക്കുന്നുണ്ടാവുക.....?
ഊതിപ്പെരുപ്പിച്ച ബലൂൺ കാറ്റ് ഒഴിയുന്ന പോലെ അവരുടെ ഉള്ളിലെ മർദ്ദം കുറഞ്ഞു വന്നു. കരഞ്ഞോട്ടെ.. അവർ നന്നായി കരഞ്ഞോട്ടെ... ഞാൻ മൗനം പൂണ്ടു. അവരുടെ അടുത്തേക്കിരുന്നു അവരുടെ ദുഃഖഭാരത്തിന്റെ ഒരു ഭാഗം ഞാൻ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി.....
അവന്റെ അവസ്ഥ വഷളായി എന്ന് അവൻ തന്നെ തിരിച്ചറിയും മുൻപ് നല്ല വാശിയൊക്കെ കാണിച്ചിരുന്നു. ഞാൻ അവിടെ പോകുന്ന സമയത്ത് മൂക്കിൽ ട്യൂബ് ഇടാൻ വന്ന ആൾ ആണെന്ന് കരുതി അവൻ ഭയപ്പെടും. അവനു എല്ലാം അറിയാം. കാരണം അവൻ മനുഷ്യ കുലത്തിന്റെ പിതാക്കന്മാരുടെ പ്രതിനിധി ആണ്. ഫാദർ ഓഫ് മാൻ....
തനിക്ക് ഇനിയൊരു തിരിച്ചു വരവില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവൻ ഉമ്മയോട് ഈ വാക്കുകൾ പറഞ്ഞു പോലും.എന്നെ ഒരുപാട് ചിന്തിപ്പിച്ച അതിലേറെ വിഷണ്ണയും ആക്കിയ ആ വാക്കുകൾ ഇങ്ങനെ ആണ്. "ഉമ്മ കരയണ്ട.. ഞാൻ പോയാൽ വീണ്ടും ഉമ്മയുടെ വയറ്റിൽ തന്നെ വന്നു പിറക്കും "
അവന്റെ പിറന്നാളിന്റെ പിറ്റേന്ന്, അതായത്, ഇന്ന് രാവിലെ അവൻ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചിരിച്ചു നിൽക്കുന്ന ആ മുഖവും അവൻ പറഞ്ഞ വാക്കുകളും ഹൃദയത്തിന്റെ ഒരു കോണിൽ നനുത്ത ഒരു വിങ്ങലായി എന്നും നിലനിൽക്കും......... കാരണം... ഞാൻ എല്ലാം കേട്ടത് ഹൃദയം കൊണ്ടാണല്ലോ........... അവന്റെ ആഗ്രഹം പോലെ ഉമ്മയുടെ വയറ്റിൽ തന്നെ അവൻ വീണ്ടും പിറക്കുമെന്ന പ്രതീക്ഷയോടെ ഞാൻ അടുത്ത ഫാമിലി മീറ്റിങ്ങിലേക്ക് കടന്നു...... എഴുത്ത് :Dr Shameer CR