14/07/2025
തിരുവങ്ങാട്ട് ശിവക്ഷേത്രത്തിലെ ശിവഗംഗ പ്രതിഷ്‌ഠ...!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗംഗാദേവിയുടെ പ്രതിഷ്‌ഠാവിധാനവും നിത്യപൂജയും കേരളത്തിൽ വളരെ അപൂർവ്വം തന്നെയാണ്. പല ക്ഷേത്രങ്ങളിലും ഗംഗാദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഗംഗാദേവിയെ ശ്രീലകത്ത് പ്രതിഷ്‌ഠിച്ച് പൂജിക്കുന്ന ആചാരവിധി അപൂർവ്വം തന്നെയാണ്. തിരുവങ്ങാട്ട് ക്ഷേത്രത്തിൽ ഗംഗാദേവിക്ക് പ്രത്യേകം ശ്രീകോവിലും നിത്യപൂജയുമുണ്ട് എന്നത് എടുത്തു പറയേണ്ട പ്രത്യേകതതന്നെയാണ്. ഗംഗാദേവിയുടെ ശ്രീലക പ്രതിഷ്ഠ മാത്രമല്ല ഗംഗാദേവിയുടെ നിത്യ സാന്നിദ്ധ്യവും ഈ കരിമ്പാറ ക്കെട്ടിൽ കാണാവുന്നതാണ്. പാറയുടെ വരിപ്പുകളിലും പാറക്കുഴികൾ നിറഞ്ഞും ശിവജഢയിലെ മുടി ഇഴകളെ നനച്ച് ഒഴുകുന്നതുപോലെ അവിടമാകെ ചെറിയ നീർച്ചാലുകളായി ഒഴുകി നടക്കുന്ന ഗംഗാസാന്നിദ്ധ്യം നേരിൽ കാണാൻ കഴിയും.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൈലാസ ദർശനത്തിനു തുല്യമാണ് തിരുവങ്ങാട്ട് ശിവക്ഷേത്ര ദർശനം. സർവ്വപാപങ്ങളേയും ഇല്ലാതെയാക്കുന്ന പരമശിവഭാഗ്യംതേടി അനവധി ഭക്തർ ഈ ദേവസന്നിധിയിൽ എത്തി, ഗംഗാതീർത്ഥത്തിൽ സ്നാനം ചെയ്ത‌് കൈലാധീശനെ വലംവെച്ച് വണങ്ങി ഇഹജന്മദുരിതങ്ങൾക്ക് നിവൃത്തി നേടുന്നു.
മലപ്പുറം ജില്ലയിൽ പള്ളിക്കൽ, ചേലമ്പ്ര, തേഞ്ഞിപ്പാലം എന്നീ പഞ്ചായത്തുകളിൽ നൂറ് ഏക്കറോളം വരുന്ന വിശാലമായ കുന്നിൻ്റെ പടിഞ്ഞാറേ ചെരുവിലായിട്ടാണ് ശ്രീതിരുവങ്ങാട് മഹാദേവക്ഷേത്രം നില കൊള്ളുന്നത്.