14/12/2025
വെള്ള ടീ ഷർട്ട് ധരിച്ച് ചിത്രത്തിൽ കാണുന്നതാണ് അഹമ്മദ് അൽ അഹമ്മദ്. ഓസ്ട്രേലിയ എന്ന രാജ്യം ഒന്നാകെ ഈ രാത്രി അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. പ്രാർത്ഥിക്കാൻ കാരണമുണ്ട്.
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂതർ അവരുടെ പരമ്പരാഗത ആഘോഷമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുകൂടുന്നു.
വെളിച്ചത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്‌ച ദിവസം ആയിരങ്ങളാണ് ബീച്ചിൽ ഒരുമിച്ചെത്തിയത്.
വിശ്വാസികൾ പരസ്പരം സന്തോഷം പങ്കുവെച്ചും നൃത്തം ചെയ്തും ഇന്നത്തെ രാത്രിയെ ഉത്സവമാക്കാൻ ഒരുങ്ങുകയാണ്.
ആ സമയം ആഘോഷത്തിനിടയിലേക്ക് ആയുധധാരികളായ രണ്ട് അക്രമികൾ കടന്നുവന്നു. അവർ രണ്ട് പൊസിഷനിലായി നിന്നു. നീളമുള്ള തോക്ക് ജനക്കൂട്ടത്തിന് നേരെ പിടിച്ചു. വെടിയുതിർത്തു.
ആഹ്ലദത്തിൽ കഴിയുന്ന മനുഷ്യരെ നേരെ വെടിയുണ്ടകൾ പാഞ്ഞടുത്തു. ഒരോരരുത്തരായി വെടിയേറ്റ് നിലത്തുവീണു. ബാക്കിയുള്ളവർ ഭയന്നോടി. ഓടുന്നു മനുഷ്യരെ നേരെ വീണ്ടും വെടിയുണ്ടകൾ ഒന്നിനുപിറകെ ഒന്നായി പതിച്ചു.
വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് അഹമ്മദ് അൽ അഹമ്മദ് ബീച്ചിലേക്ക് ശ്രദ്ധിക്കുന്നത്. ഒരു മരത്തിന് പിന്നിൽ ഒളിച്ചിരുന്ന അക്രമി ജനങ്ങളുടെ നേരെ വെടിയുതിർക്കുകയാണ്.
അഹമ്മദ് പതിയെ അക്രമിയുടെ അടുത്തേക്ക് നടന്നു. അക്രമിയുടെ ശ്രദ്ധയിൽ പെടാതെ ഒരു കാറിന് പിന്നിൽ ഒളിച്ചു. സമയം ഒട്ടും കളയാതെ പതിയെ പെട്ടെന്ന് അക്രമിയുടെ നേരെ പാഞ്ഞടുത്തു. പിന്നിലേക്ക് ചാടിവീണു. തോക്കിൽ പിടിച്ചു.
അക്രമി ആ നിമിഷം സ്തംഭിപ്പിച്ചിരിക്കണം. തന്റെ പിന്നിലുള്ള അഹമ്മദിനെ വകവരുത്താനായി അക്രമി അയാളിൽ നിന്നും രക്ഷപ്പെടാനായി കുതറി.
അഹമ്മദ് അക്രമിയുടെ പിടിവിട്ടില്ല. അല്പ നേരത്തെ സംഘട്ടത്തിനൊടുവിൽ അക്രമിയുടെ കയ്യിൽ നിന്നും അയാൾ തോക്ക് പിടിച്ചെടുത്തു. ശേഷം അക്രമിയെ ഇടിച്ചു നിലത്തിട്ടു. പിടിച്ചുവാങ്ങിയ തോക്ക് അയാൾ അക്രമിയുടെ നേരെ ചൂണ്ടി. വെടിയുതിർത്തു. വെടിയുണ്ടകൾ അക്രമിയുടെ ശരീരത്തിൽ തുളഞ്ഞു കയറി. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രത്യാക്രമണത്തിന് മുന്നിൽ പതറിയ അക്രമി വെടിയേറ്റ് വീണു. കൊല്ലപ്പെട്ടു.
ആളുകൾ എത്തുമ്പോഴേക്കും ചോരയിൽ കുളിച്ച അഹമ്മദ് തറയിൽ ഇരിക്കുന്നതാണ് കണ്ടത്. അക്രമിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ അഹമ്മദിന് വെടിയേറ്റിരുന്നു.
ശരീരത്തിൽ വെടിയുണ്ടകൾ കയറിയത് വകവെക്കാതെയാണ് അഹമ്മദ് അക്രമിയുമായി പോരാടിയത്. ഒരു നാടിന്റെ ഹീറോ ആയത്.
നാലപ്പത്തി മൂന്ന് വയസ്സുള്ള അഹമ്മദ് അൽ അഹമ്മദ് അവിടെ അടുത്ത കടയിൽ ഫ്രൂട്ട്സ് കച്ചവടക്കാരനാണ്. രണ്ട് കുട്ടികളുടെ പിതാവ്.
അയാൾക്ക് ഇതിന് മുമ്പ് ഒരിക്കലും തോക്ക് പിടിച്ച പരിചയമൊന്നുമില്ല. എങ്ങനെ അത് കൈകാര്യം ചെയ്യണമെന്നോ ഉപയോഗിക്കണമെന്നോ അറിയില്ല.
സാധരണക്കാരായ മനുഷ്യരെ നേരെ ഒരാൾ വെടിയുതിർക്കുമ്പോൾ അയാൾ മറ്റൊന്നും ആലോചിച്ചില്ല. അക്രമത്തിൽ കൊല്ലപ്പെടുമെന്നോ കുടുംബം അനാധമാകുമെന്നോ ചിന്തിച്ചില്ല.
ബീച്ചിൽ നടന്ന വെടിവെപ്പിൽ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അതിലൊന്ന് അക്രമിയാണ്. മുപ്പതോളം പേർക്ക് പരിക്കേറ്റു.
എല്ലാ ചിന്തകളും മറന്ന് അയാൾ ആ നിമിഷം ധീരത കാട്ടിയില്ലായിരുന്നെങ്കിൽ ഇനിയും മനുഷ്യർ അവിടെ കൊല്ലപ്പെടുമായിരുന്നു.
ഒരു സിനിമ കഥയിലെ നായകനെ പോലെ അനേകം ജീവനുകൾ രക്ഷിച്ച് സിഡ്നി ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിൽ ആയിരങ്ങളുടെ പ്രാർത്ഥന ഏറ്റുവാങ്ങി അയാൾ കിടക്കുകയാണ്.
അഹമ്മദ് അൽ അഹമ്മദ് ❤️
എഴുത്ത്: ജംഷീദ് പള്ളിപ്രം