23/04/2019
ദന്ത ഡോക്റ്റർ ഒരു ചെറിയ മീനല്ല..
"ഡോക്റ്ററെ ഇങ്ങള് ഈ പല്ലൊന്ന് എടുത്ത് തരീം"
പ്രൗഢയായ കദീജുമ്മയുടെ കമാന്റിങ് പവർ ഉള്ള ശബ്‌ദം. ഡോർ തുറന്ന് അകത്ത് കടന്നതും ഡെന്റൽ ചെയറിൽ ഇരുപ്പുറപ്പിച്ചു.
നിങ്ങൾക്ക് വേറെ അസുഖങ്ങൾ ഒന്നും ഇല്ലല്ലോ? ഹാർട്ടിനോ ലിവറിനോ അങ്ങനെ എന്തേലും സ്ഥിരം മരുന്ന് കഴിക്കുന്നുണ്ടോ ഉമ്മ?"
ഇല്ല മോളെ, ഈ പല്ലൊന്ന് എടുത്ത് തന്നാൽ മതി.
പല്ലെടുത്ത് നിർദേശങ്ങൾ എല്ലാം പറഞ്ഞ് കൊടുത്ത് മരുന്ന് എഴുതാൻ തുടങ്ങുന്പോ കദീജുമ്മ ഒരു ചീട്ട് എടുത്ത് മുന്നിലേക്ക് നീട്ടി.
"ആ ഗംഗാരൻ ഡോക്ടറെ മരുന്ന് കുടിക്കുന്നുണ്ട് ട്ടോ, ഇതിൽ ഉള്ളത് ആണേൽ ഇനി വേറെ എഴുതണ്ടല്ലോ."
ഡോക്റ്ററുടെ പ്രിസ്‌ക്രിപ്‌ഷൻ കണ്ട് ഞെട്ടി. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഡ്യൂവൽ ആന്റി പ്ലേറ്റ് ലെറ്റ് തെറാപ്പി, ആസ്‌പിരിനും ക്ലോപിഡോഗ്രലും കൂടെ ഹൈപ്പർടെൻഷനും ഡയബറ്റിസും..
ഇതൊന്നും പറയാതെയാണല്ലോ ഉമ്മ ഈ പണി പറ്റിച്ചത്. പടച്ചോനെ ഇങ്ങള് കാത്തോളീ..
********************
ഇതൊരു കദീജുമ്മയുടെ കഥ മാത്രമല്ല. ദന്ത ഡോക്ടറെ കാണാൻ വരുന്പോ ചികിത്സാ വിവരങ്ങൾ മറച്ചു വെക്കുന്ന ആളുകൾ കൂടുതലാണ്. ഒരു പല്ലല്ലേ, എന്താ ഇപ്പൊ അതൊന്ന് എടുത്താൽ എന്ന നിസാര ഭാവം. ദന്ത ഡോക്ടറെ കാണുന്നതിന് മുന്നേ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന് നമുക്ക് ഒന്ന് നോക്കാം..
പാഠം ഒന്ന്: വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുന്നേ ഡോക്ടറെ തീരുമാനിക്കുക. ആട് അങ്ങാടിയിൽ പോയ പോലെ ഡോക്ടറെ കാണാൻ പോയാൽ ചുറ്റിപ്പോകും. സ്ഥിരം ഒരേ ഡോക്ടറെ കാണിച്ച് ഒരു ഫാമിലി ദന്ത ഡോക്ടറെ സൃഷ്ടിക്കുക. നിങ്ങളുടെ കാര്യങ്ങൾ കൂടുതൽ അറിയാനും മറ്റും അത് ഉപകരിക്കും. വിദഗ്‌ദോപദേശം ആവശ്യമുള്ള സമയങ്ങളിൽ സഹായിക്കാനും ഡോക്ടർക്ക് കഴിയും.
പാഠം രണ്ട്: കഴിവതും മുൻകൂട്ടി വിളിച്ച് അപ്പോയ്ന്റ്മെന്റ് എടുക്കുക. സമയ ലാഭത്തിനും കൃത്യമായ ചികിത്സക്കും ഡോക്ടർക്കും രോഗിക്കും ഒരു പോലെ ഉപകാരപ്പെടും. അല്ലെങ്കിൽ റിസപ്‌ഷൻ ഏരിയയിൽ ഇരുന്ന് ഉച്ചക്കുള്ള ചോറിന് ഞാൻ വെള്ളം വെച്ചില്ലല്ലോ എന്ന് കുണ്ഠിതപ്പെടേണ്ടി വരും. പല ദന്ത ചികിത്സകളും മണിക്കൂറുകളോളം സമയമെടുത്ത് ചെയ്യേണ്ടി വരും. പിന്നെ മുറുമുറുത്തിട്ട് കാര്യം ഇല്ലല്ലോ..
പാഠം മൂന്ന്: സമയത്തിനെത്താൻ ശ്രമിക്കുക. രാവിലെ പത്ത് മണിക്ക് അപ്പോയ്ന്റ്മെന്റ് കിട്ടിയിട്ട്, ഉച്ചക്ക് ചോറും തിന്ന് വന്നാൽ മറ്റു രോഗികൾ സമയത്ത് വരികയും ചെയ്‌താൽ ക്ലിനിക്കുകളിൽ തിരക്കാകും. പിന്നെ രാത്രിയിലെ ഭക്ഷണം പാർസൽ വാങ്ങേണ്ട അവസ്ഥ വരും, ഡോക്ടർക്കും രോഗിക്കും. ജാഗ്രതൈ..
പാഠം നാല്: മുറുക്ക്, പുകവലി, മദ്യം തുടങ്ങിയ മധുര മനോഹര മുകുളങ്ങളിൽ ഉല്ലസിക്കുന്നവർ ഡോക്റ്ററെ കാണുന്ന ദിവസം ആർമാദം ഒഴിവാക്കുക. വായ കഴുകി വൃത്തിയോടെ എത്താൻ ശ്രമിക്കുക. ഡോക്ടറുടെ ജോലി നിങ്ങളുടെ വായയിലാണെന്ന കാര്യം മറക്കാതിരിക്കുക.
പാഠം അഞ്ച്: കൺസൾട്ടേഷൻ റൂമിൽ ബുദ്ധിമുട്ടുകളും പരിഭവങ്ങളും വ്യക്തമായി പറയുക. കുഞ്ഞമ്മേടെ മോൾടെ വീടിന്റെ പാല് കാച്ചലിന്റെ കാര്യവും പാത്തുമ്മാന്റെ ആട് പ്രസവിച്ചതുമൊക്കെ പറയാൻ നിന്നാൽ വന്ന കാര്യം മറക്കും. വേദനയോ പുളിപ്പോ തരിപ്പോ അങ്ങനെ ദന്താരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും പ്രശ്‌നങ്ങളും പറയുക. കൂടെ സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങളും അതിന്റെ കുറിപ്പടിയും കൈയിൽ കരുതാൻ മറക്കരുത്. ചില മരുന്നുകൾ ചികിത്സക്ക് മുന്നേ താത്‌കാലികമായി നിറുത്തേണ്ടി വരും. ചികിത്സിക്കുന്ന ഡോക്ടറുടെ ഫിറ്റ്നസും ആവശ്യമായി വരും. അവസാനം ചികിത്സ കഴിഞ്ഞ് പോകാൻ നേരം ഡോക്ടറെ പാല് കാച്ചൽ ചടങ്ങിന് വിളിക്കാനും മറക്കണ്ട.
പാഠം ആറ്: പല്ല് സംരക്ഷിക്കപ്പെടാൻ പറ്റുന്നതാണെങ്കിൽ അത് പ്രകാരം ചെയ്യുക. കൃത്രിമ പല്ലുകൾ ഒരിക്കലും പ്രകൃതിദത്ത പല്ലുകൾക്ക് പകരമാവില്ല. റൂട്ട് കനാൽ ട്രീറ്റ്മെന്റുകളോ മറ്റു ചികിത്സാ രീതികളോ നിർദേശിക്കപ്പെട്ടാൽ അവ സ്വീകരിക്കുക. നിങ്ങൾ സംശയത്തിൽ ആണെങ്കിൽ സെക്കൻഡ് ഒപ്പീനിയൻ ചോദിക്കുന്നതിൽ തെറ്റില്ല. എടുത്ത് കളയുക എന്നത് ആധുനിക ദന്ത ചികിത്സാ രംഗത്ത് അവസാന ആയുധമാണ്. വാവിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല എന്നാണല്ലോ ജഗന്നാഥൻ പറഞ്ഞിട്ടുള്ളത്.
പാഠം ഏഴ്: പല്ല് അടക്കാൻ മറ്റും പോകുന്പോൾ മെറ്റിരിയലുകൾ പ്രത്യേകിച്ച് അവയുടെ നിറങ്ങൾ ചോദിച്ച് മനസ്സിലാക്കുക. പല്ലിന്റെ കളറും സിൽവർ കളറുകളുമായി പല തരം റെസ്റ്റോറേഷനുകൾ ലഭ്യമാണ്. അല്ലെങ്കിൽ പിന്നെ പ്രണയിനിയോട് സിൽവർ കളറുള്ള ചിരി ചിരിച്ച് പ്രണയം പൊട്ടി സീൻ ആയാൽ ഡോക്റ്റർ ഉത്തരവാദിയാകില്ല.
പാഠം എട്ട്: ചാർജുകൾ വിശദമായി ചോദിച്ചു മനസ്സിലാക്കുക. മെറ്റിരിയലുകൾക്ക് അനുസരിച്ച് വില നിലവാരം പൊങ്ങിയും താഴ്ന്നും കൊണ്ടിരിക്കും. ഗുണങ്ങളും ന്യൂനതകളും ഗാരന്റി ഉണ്ടെങ്കിൽ അതും വ്യക്തമായി ചോദിച്ച് മനസ്സിലാക്കുക. ഒന്നിലധികം പല്ലുകൾക്ക് ചികിത്സ എടുക്കുന്നെങ്കിൽ, മൊത്തം ചികിത്സാ ചിലവ് ആദ്യം തന്നെ വ്യക്തമായി ചോദിച്ചറിയുന്നത് നന്നാവും.
പാഠം ഒന്പത്: ഓർത്തോഡോണ്ടിക് ചികിത്സാ രീതികൾ എടുക്കുന്നവർ അഥവാ കന്പിയിട്ട് ലൈൻ വലിക്കുന്നവർ കൃത്യമായ ഇടവേളകളിൽ തന്നെ ഡോക്ടറെ കാണിക്കുക. ഒരിക്കൽ വന്ന് പിന്നെ ആറ് മാസം കഴിഞ്ഞ് വന്നാൽ പല്ല് നേരയാവണമെന്നില്ല, പിന്നെ കന്പിയോട് കെറുവിച്ചിട്ട് കാര്യമുണ്ടാകില്ല.
പാഠം പത്ത്: ചികിത്സക്ക് ശേഷമുള്ള നിർദേശങ്ങൾ വ്യക്തമായി പാലിക്കുക. ആവശ്യമെങ്കിൽ റിവ്യൂ വേണ്ടി വരും, മടി കൂടാതെ ഡോക്ടറെ കാണിക്കുക. കൂടെ ശാസ്‌ത്രീയ ചികിത്സ അശാസ്ത്രീയ ചികിത്സാ രീതികളുമായി കൂട്ടി കുഴക്കാതിരിക്കുക
കടപ്പാട് : ഡോ.നാസ് ഫർസീൻ