11/02/2023
ഹോസ്പിറ്റലിൽ ടെസ്റ്റ് ഡോസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് ഇൻജക്ഷൻ കൊടുത്തപ്പോൾ റിയാക്ഷൻ ഉണ്ടായി രോഗി മരിച്ചതിന്റെ പേരിൽ നഴ്സിനെതിരായി കേസെടുക്കാൻ സാധിക്കുമോ??
All Nurses Must Read And Must Share Please...
(ഇന്നത്തെ കാലഘട്ടത്തിൽ ഓരോ ആരോഗ്യപ്രവർത്തകരും വായിച്ചറിയേണ്ട വിവരങ്ങളാണ്. എനിക്ക് ഒരു കുഴപ്പവും ഒരിക്കലും ഉണ്ടാകില്ല എന്ന ചിന്ത ആർക്കും വേണ്ട. ഇതൊക്കെ അറിഞ്ഞിരുന്നാൽ ചോദിക്കാൻ വരുന്നവർ മേലധികാരികൾ ആയാലും പൊലീസ് ആയാലും ഉത്തരം പറയാൻ കഴിയും.. ആയതിനാൽ ആവശ്യക്കാർ വായിക്കുക. മറക്കാതെ, മടിക്കാതെ മറ്റുള്ളവർക്കായി ഒന്ന് ഷെയർ ചെയ്യുക. അല്ലാത്തവർ ഇഷ്ടംപോലെ ചെയ്യുക. )
എന്താണ് ചികിത്സാപിഴവ്? എന്താണ് Medical Negligence?
ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത് ക്രിമിനൽ കുറ്റമാകുന്നത്??
വീട്ടിൽ വച്ച് ഒരു രോഗിക്ക് കുത്തിവയ്പ്പ് നൽകി റിയാക്ഷൻ ഉണ്ടായി രോഗി മരണപ്പെട്ടാൽ അതിൽ നഴ്‌സ് ഉത്തരവാദിയാകുമോ??
കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഒരുത്തരവ് സംബന്ധമായ പത്രവാർത്തയാണ് ഈ കൂടെ കൊടുത്തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന അപകടങ്ങൾക്കോ അല്ലെങ്കിൽ ചികിത്സയുടെ പ്ലാനിങ്ങിൽ ഉണ്ടാകുന്ന പിഴവുകൾക്കോ ആരോഗ്യപ്രവർത്തകർ ഉത്തരവാദിയല്ല എന്നാണ് കോടതി വിധി. വീഴ്ച ബോധപൂർവ്വആയിരിക്കണം. അത് സംശയാതീതമായി തെളിയിക്കാനും കഴിയണം.
ഇന്ത്യയിൽ ജോലി ചെയ്യുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. എല്ലാവരും വായിക്കുക. നിങ്ങളുടെ കൂട്ടുകാരും വായിച്ചു മനസ്സിലാക്കുന്നതിനായി മറക്കാതെ, മടിക്കാതെ ഒന്ന് ഷെയർ ചെയ്യുകയും വേണം..
Medical Negligence അഥവാ ചികിത്സാപിഴവ് ആരോപിക്കപ്പെടുന്ന ഒരു സംഭവത്തിൽ രോഗിയുടെ പ്രായം നോക്കിയോ പത്രവാർത്തകളുടെ അടിസ്ഥാനത്തിലോ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദം മൂലമോ പോലീസിന് നടപടിയെടുക്കാൻ കഴിയില്ല. അങ്ങനെ നടപടിയെടുത്താൽ ആ ഉദ്യോഗസ്ഥൻ കോടതിയിൽ സമാധാനം പറയേണ്ടി വരും.
ചികിത്സാപിഴവ് ആരോപിക്കപ്പെടുന്ന ഒരു സംഭവം ഉണ്ടായാൽ അതിൽ പരാതി ഉണ്ടെങ്കിൽ അത് സംഭവിച്ചത് ഗവണ്മെന്റ് ഹോസ്പിറ്റലിലോ പ്രൈവറ്റ് ഹോസ്പിറ്റലിലോ ആയാലും ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് അവർ തെളിവുകൾ എല്ലാം ശേഖരിച്ച് വിശദമായ അന്വേഷണം നടത്തി ചികിത്സാപിഴവ് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് നൽകണം. അങ്ങനെ ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം അതും റിപ്പോർട്ടിൽ പിഴവ് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പേരിൽ മാത്രമേ നടപടിയെടുക്കാൻ പോലീസിന് കഴിയൂ. അഥവാ മരണപ്പെട്ട വ്യക്തി ഏതെങ്കിലും ഉന്നതബന്ധങ്ങളുള്ള കുടുംബത്തിലെ അംഗമാണെന്നോ അല്ലെങ്കിൽ സ്ഥലം സർക്കിൾ ഇൻസ്‌പെക്ടറുടെ തന്നെ അടുത്ത ബന്ധു ആയാൽപ്പോലുമോ നിയമത്തിൽ യാതൊരു മാറ്റവും ഇല്ല.
അതല്ലാതെ ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസെടുത്താൽ ആ കേസ് ക്വാഷ് ചെയ്യാൻ അപേക്ഷിച്ച് ബാധിക്കപ്പെട്ട ആരോഗ്യപ്രവർത്തകന് അല്ലെങ്കിൽ ആരോഗ്യപ്രവർത്തകർക്ക് ഹൈക്കോടതിയെ സമീപിക്കാം. അങ്ങനെ പോയാൽ നടപടിക്രമങ്ങൾ പാലിക്കാതെ രജിസ്റ്റർ ചെയ്ത കേസ് ആണെങ്കിൽ ഹൈക്കോടതിയിലെ കേസ് കൊടുക്കാൻ ആവശ്യമായി വന്ന ചിലവ് ഉൾപ്പെടെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ നൽകേണ്ടി വരും. മാത്രമല്ല, അന്യായമായി കേസ് എടുത്ത് ബുദ്ധിമുട്ടിച്ചപ്പോൾ ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി ഫയൽ ചെയ്യാം. അതിലും ഉറപ്പായും അനുകൂലമായ തീരുമാനം തന്നെ ഉണ്ടാകും..
നമുക്ക് ഒരു ഉദാഹരണം പരിശോധിക്കാം..
ചെറുപ്പക്കാരനായ ഒരു രോഗിക്ക് ഡോക്ടർ കുത്തിവയ്പ്പ് നിർദ്ദേശിക്കുന്നു. റിയാക്ഷൻ ഉണ്ടാവാൻ സാധ്യതയുള്ള കുത്തിവയ്പ്പ് ആയതിനാൽ ഡ്യൂട്ടി നഴ്‌സ് ആദ്യം കൃത്യമായ രീതിയിൽ ടെസ്റ്റ് ഡോസ് കൊടുക്കുന്നു. അതിന് ശേഷം എല്ലാ നിയമങ്ങളും പാലിച്ച് വളരെ കൃത്യമായി ഫുൾഡോസ് കൊടുക്കുന്നു.
ദൗർഭാഗ്യകരമെന്ന് പറയട്ടെ രോഗിക്ക് Anaphylatic Reaction ഉണ്ടാകുന്നു. ഉടനെ തന്നെ ഡ്യൂട്ടി ഡോക്ടറെ ഇൻഫോം ചെയ്യുന്നു. ഡോക്ടർ പാഞ്ഞെത്തുന്നു. രോഗിയെ സേവ് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടറും നഴ്സും കൂടി ചെയ്യുന്നു. പക്ഷേ ഹതഭാഗ്യനായ രോഗി മരണപ്പെടുന്നു..
ടെസ്റ്റ് ഡോസ് കൊടുത്തത് മുതൽ നടന്ന ഓരോ സംഭവങ്ങളും രോഗിയുടെ കേസ്ഷീറ്റിൽ വളരെ വ്യക്തമായി റെക്കോർഡ് ചെയ്തിട്ടുമുണ്ട്..
തീരെ ചെറുപ്പക്കാരനായ രോഗിയുടെ മരണം ബന്ധുക്കൾക്ക് ഷോക്ക് ആകുന്നു. അവർ ഹോസ്പിറ്റലിൽ ബഹളമുണ്ടാക്കുന്നു.. ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നു. രാഷ്ട്രീയമുതലെടുപ്പിനായി പ്രദേശത്തെ വിവിധ യുവജനസംഘടനകളും രാഷ്ട്രീയപ്പാർട്ടികളും പ്രശ്നം ഏറ്റെടുക്കുന്നു. പത്രങ്ങളിലും ചാനലുകളിലും വലിയ വാർത്തയാകുന്നു.
ജനാരോഷം കുറയ്ക്കാൻ വേണ്ടി അധികൃതർ നഴ്സിനെ സസ്‌പെൻഡ് ചെയ്യുന്നു. പൊലീസ് നഴ്സിന്റെ പേരിൽ ചികിത്സാപിഴവിന് കേസെടുക്കുന്നു. അറസ്റ്റ് ചെയ്യുന്നു.
അതോടെ എല്ലാവർക്കും സമാധാനമാകുന്നു..
എന്നാൽ ഇവിടെ നടന്ന കാര്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോ?
ഒരിക്കലും അല്ല. ഇവിടെ നഴ്സിന്റെ ഭാഗത്തുനിന്നും കൃത്യനിർവ്വഹണത്തിൽ യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ല.
നഴ്സിനെ സസ്‌പെൻഡ് ചെയ്ത അധികൃതരുടെ നടപടിയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയും തികച്ചും നിയമവിരുദ്ധമാണ്. നഴ്‌സ് കോടതിയിൽ പോയാൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ സമാധാനം പറയേണ്ടി വരും..
ഇൻജക്ഷന് മുൻപായി നിർദ്ദിഷ്ട അളവിൽ കൃത്യമായ ടെക്നിക് ഉപയോഗിച്ച് നഴ്‌സ് ടെസ്റ്റ് ഡോസ് കൊടുത്തിരുന്നോ? എന്നിട്ട് ആവശ്യമായ സമയം വെയിറ്റ് ചെയ്തോ? ടെസ്റ്റ് ഡോസിന്റെ റിസൾട്ട് കൃത്യമായി റീഡ് ചെയ്തിട്ടുണ്ടോ? അതിന് ശേഷം ഫുൾഡോസ് കൊടുത്തതും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ? റിയാക്ഷൻ ആകുന്നു എന്ന് മനസ്സിലായ ഉടനെ ഡ്യൂട്ടി ഡോക്ടറെ വിവരം അറിയിച്ചിട്ടുണ്ടോ? ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ച പ്രകാരമുള്ള മരുന്നുകൾ എല്ലാം കൃത്യമായി കൊടുത്തിട്ടുണ്ടോ? എല്ലാ മരുന്നുകളും എമർജൻസി ട്രേയിൽ ലഭ്യമായിരുന്നോ? എല്ലാ കാര്യങ്ങളും കൃത്യമായി കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടോ?
ഇത്രയും കാര്യങ്ങൾ പക്കാ ആണെങ്കിൽ നഴ്സിന്റെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. മരിച്ചത് ചെറുപ്പക്കാരൻ ആണെന്ന പേരിലോ ജനാരോഷം കൂടുതലായി ഉണ്ടാകുന്നു എന്ന പേരിലോ ഇല്ലാത്ത കുറ്റം ഒരാളിൽ ചാർത്താൻ കഴിയില്ല.
അങ്ങനെ അനാവശ്യമായി നടപടി സ്വീകരിച്ചാൽ കോടതിയിൽ പോയാൽ അന്യായമായി നടപടിയെടുത്തവർ സമാധാനം പറയേണ്ടി വരും.
അതേ സമയം മെഡിക്കൽ ബോർഡ് നടത്തുന്ന അന്വേഷണത്തിൽ പിഴവുകൾ കണ്ടെത്തിയാൽ കേസ് എടുക്കാം..
മരുന്ന് മാറിപ്പോവുക,കൃത്യമായ ടെസ്റ്റ് ഡോസ് കൊടുക്കാതിരിക്കുക, ഫുൾ ഡോസ് സാവധാനം കൊടുക്കേണ്ടതിന് പകരം അമിതമായ വേഗത്തിൽ കൊടുത്തു എന്ന് തെളിയുക, രോഗിക്ക് റിയാക്ഷൻ വന്നപ്പോൾ അത് കൃത്യമായി ഡ്യൂട്ടി ഡോക്ടറെ അറിയിക്കാതിരിക്കുക,
Anaphylatic Reaction വന്നപ്പോൾ മാനേജ് ചെയ്യാൻ ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ വാർഡിലെ എമർജൻസി ട്രേയിൽ ഇല്ലാതിരിക്കുക, ചെയ്ത കാര്യങ്ങൾ കൃത്യമായി കേസ് ഷീറ്റിൽ രേഖപ്പെടുത്താതിരിക്കുക എന്നിങ്ങനെയുള്ള പിഴവുകൾ സംഭവിച്ചതായി തെളിഞ്ഞാൽ അത് Medical Negligence ആയി കണക്കാക്കും.
നഴ്സുമാരുടെ പക്കൽ നിന്ന് മാത്രമല്ല, ഡോക്ടർമാർ ഉൾപ്പെടെയുള്ള ഏത് വിഭാഗം ജീവനക്കാർക്കെതിരെ ആയാലും മെഡിക്കൽ ബോർഡ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കാതെ ചികിത്സാപിഴവിന്റെ പേരിൽ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ ഒന്നും പൊലീസിന് അധികാരമില്ല.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. കുത്തിവയ്പ്പ് നൽകുമ്പോൾ അഥവാ ഒരു റിയാക്ഷൻ ഉണ്ടായാൽ അത് മാനേജ് ചെയ്യാൻ ആവശ്യമായ എമർജൻസി മെഡിസിൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ അവിടെ ഉണ്ടാകണം. Adrenaline, Hydrocortisone, Atropine, Dopamine പോലെയുള്ള എമർജൻസി മരുന്നുകൾ സജ്ജീകരിച്ച ഒരു Emergency Tray ഉണ്ടാകണം. ഇതൊന്നും ഇല്ലാത്ത സ്ഥലത്ത് വച്ച് കുത്തിവയ്പ്പ് നടത്തി റിയാക്ഷൻ ഉണ്ടായി രോഗി മരിച്ചാൽ നഴ്‌സ് സമാധാനം പറയേണ്ടി വരും.
അവിടെയാണ് വീടുകളിൽ വച്ച് ഇൻജക്ഷൻ എടുക്കുന്നതിലെ അപകടം മനസ്സിലാക്കേണ്ടത്.
രോഗിക്ക് അല്ലെങ്കിൽ കൂടെയുള്ളയാൾക്ക് മെഡിക്കൽ കാര്യങ്ങളിൽ അറിവുള്ളയാൾ അല്ല. പക്ഷേ നഴ്‌സ് അങ്ങനെയല്ല. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ എത്ര സൂക്ഷിച്ചാലും തന്റേതല്ലാത്ത കാരണത്താൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതുപോലെ തന്നെ കുത്തിവയ്പ്പ് എന്ന പ്രക്രിയയുടെ സ്വഭാവികമായ ഒരു റിസ്ക് ആണ് റിയാക്ഷൻ ഉണ്ടാവുക എന്നത്.
ഏതൊക്കെ മരുന്നുകളിൽ ആണ് ഒരാൾക്ക് റിയാക്ഷൻ ഉണ്ടാകാൻ പോകുന്നത് എന്നത് നമുക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല.
മുൻപ് റിയാക്ഷൻ ഉണ്ടായിട്ടില്ലാത്ത ഒരു മരുന്നിന് പിൽക്കാലത്ത് റിയാക്ഷൻ ഉണ്ടാകാം. ഒരേ കോഴ്സ് തന്നെ നൽകുന്ന സമയത്ത് ആദ്യ കുത്തിവയ്പ്പുകളിൽ റിയാക്ഷൻ ഇല്ലാതിരുന്ന മരുന്ന് ലാസ്റ്റ് ഡോസ് കൊടുക്കുമ്പോൾ റിയാക്ഷൻ ഉണ്ടാകാം.
ഒന്നിച്ച് വാങ്ങിയ 10 ഡോസ് ഒരേ ബ്രാൻഡ് Cefaperazone Sulbactum എന്ന
മരുന്നുകളിൽ പത്താമത്തെ ഡോസ് കൊടുത്തപ്പോൾ Anaphylatic അടിച്ച് രോഗി മരണപ്പെട്ട സംഭവം ഈ കുറിപ്പെഴുതുന്ന വ്യക്തിക്ക് നേരിട്ടറിയാം.. രോഗിയുടെ bedside ലോക്കറിൽ വച്ചിരുന്ന മരുന്ന് അവരുടെ മുന്നിൽ വച്ച് തന്നെയാണ് ഡിസ്സോൾവ് ചെയ്ത് കുത്തിവച്ചത്. ബാക്കി 9 ഡോസുകൾ കൊടുത്തപ്പോഴും ഒരു കുഴപ്പവും ഉണ്ടാകാതിരുന്ന രോഗി പത്താമത്തെ ഡോസ് എടുത്ത് 10 മിനിറ്റ് കൊണ്ട് മരണപ്പെട്ടു. വെറും 24 വയസ്സ് മാത്രം പ്രായമുള്ള LSCS കഴിഞ്ഞ Primi ആയിരുന്നു രോഗി. കനത്ത ജനരോഷം ഉണ്ടായ ആ സംഭവത്തിൽ നഴ്സുമാരുടെ സംഘടന സ്വീകരിച്ച ശക്തമായ നിലപാടുകൾ കാരണമാണ് നഴ്സ് ബലിയാട് ആകാതിരുന്നത്.. പല പ്രാവശ്യം Enquiry നടത്തി ഇൻജക്ഷൻ നൽകിയ വേഗം ഉൾപ്പെടെ എന്തെങ്കിലും mistake കണ്ടുപിടിക്കാൻ കഴിയുമോ എന്ന് ചികഞ്ഞന്വേഷിച്ചതാണ് അധികാരികൾ. പക്ഷേ എവിടെയും യാതൊരു വീഴ്ചയും ഇല്ലായിരുന്നു.
മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം സാധാരണ ഗതിയിൽ ആരിലും റിയാക്ഷൻ ഉണ്ടാക്കാറില്ലാത്ത ടെസ്റ്റ് ഡോസ് ആവശ്യമില്ലാത്ത ഒരു മരുന്ന് ചിലപ്പോൾ ഒരു വ്യക്തിയിൽ റിയാക്ഷൻ ഉണ്ടാക്കിയേക്കും എന്നതാണ്. Ranitidine, Pantoprazole പോലെയുള്ള മരുന്നുകൾ പോലും കടുത്ത Anaphylatic Reaction ഉണ്ടാക്കി രോഗി മരണപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ വീടുകളിൽ വച്ച് ഇൻജക്ഷൻ നൽകാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
കുറച്ചുനാളുകളായി കാണപ്പെടുന്ന ഒരു പരിപാടിയാണ് ചില ഹോസ്പിറ്റലുകളിൽ നിന്ന് ആന്റിബയോട്ടിക് കുത്തിവയ്പ്പ് നടത്താനുള്ള മരുന്നുകൾ വീട്ടിലേക്ക് കൊടുത്തു വിടുക എന്നത്. ഹോസ്പിറ്റലിൽ നിന്ന് Cannula ഒക്കെയിട്ട് ടെസ്റ്റ് കൊടുത്ത് ആദ്യത്തെ ഡോസും കൊടുത്ത് ബാക്കിയുള്ള ഡോസ് മരുന്നുകൾ രോഗിയുടെ കൈവശം വീട്ടിലേക്ക് കൊടുത്ത് വിടും. അയൽവക്കത്തുള്ള ഏതെങ്കിലും നഴ്സിനെക്കൊണ്ട് എടുപ്പിച്ചാൽ മതി എന്നും പറഞ്ഞ്..
അയൽവാസികൾ വന്ന് കുത്തിവയ്പ്പ് എടുത്തുകൊടുക്കാൻ പറയുമ്പോൾ നമ്മൾ ധർമ്മസങ്കടത്തിലാകുന്നു. എടുത്ത് കൊടുത്തില്ലെങ്കിൽ അവരുടെ ദുർമ്മുഖം കാണേണ്ടി വരും. എടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പൊലീസ് സ്റ്റേഷനും കോടതിയും കയറേണ്ടി വരും. ചിലപ്പോൾ ജയിലിൽ വരെ കിടക്കേണ്ടി വന്നേക്കാം.
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അയൽവാസി എന്ന സ്നേഹമൊന്നും അപ്പോൾ കാണില്ല. "അവൾ നഴ്സല്ലേ, വിവരമുള്ളവളല്ലേ, ഇങ്ങനെ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അവൾ അത് ഞങ്ങളോട് പറഞ്ഞു തരേണ്ടതല്ലേ, ഞാൻ മെഡിക്കൽ കോളേജിൽ വരെ വേണമെങ്കിൽ പോകാൻ തയ്യാറായിരുന്നല്ലോ.. എന്നിട്ടും ഒരു വാക്ക് പോലും അവൾ പറഞ്ഞില്ലല്ലോ.. അതുകൊണ്ടിപ്പോ ഞങ്ങൾക്കല്ലേ നഷ്ടം പറ്റിയത്, ഞങ്ങളുടെ ആളു പോയില്ലേ.. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും അവളെക്കൊണ്ട് ഇതിന് സമാധാനം ഞങ്ങൾ പറയിക്കും ". എന്നായിരിക്കും ലൈൻ..
വീട്ടിൽ വച്ച് ഇൻജക്ഷൻ നടത്തി കേസ് ഉണ്ടായാൽ കോടതിയും നിങ്ങളോട് ഇത് തന്നെയേ ചോദിക്കുകയുള്ളൂ.. നിങ്ങൾ ഒരു നഴ്‌സ് അല്ലേ? വീട്ടിൽ വച്ച് റിയാക്ഷൻ ഉണ്ടായാൽ മാനേജ് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങൾക്കറിയാവുന്നതല്ലേ, രോഗി മെഡിക്കൽ കാര്യങ്ങളിൽ അത്ര വിവരം ഉള്ളയാൾ അല്ലല്ലോ, രോഗിയെ നിങ്ങൾ അത് പറഞ്ഞു മനസ്സിലാക്കേണ്ടതായിരുന്നില്ലേ? അല്ലാതെ അവർ നിർബന്ധിച്ചു എന്ന് കരുതി ഇത്ര അപകടം നിറഞ്ഞ ഒരു കാര്യം എന്തിന് ചെയ്തു? ഇതിന്റെ ഗൗരവം അറിയാവുന്ന ഒരു വ്യക്തി ഇങ്ങനെ ചെയ്താൽ ന്യായീകരിക്കാൻ എങ്ങനെ സാധിക്കും??
അതുകൊണ്ട് പ്രിയപ്പെട്ടവരേ, യാതൊരു കാരണവശാലും വീടുകളിൽ വച്ച് കുത്തിവയ്പ്പുകൾ നടത്തരുത്.. കുറച്ചു ദിവസത്തേക്ക് അയൽവാസിയുടെ ദുർമ്മുഖം കാണുന്നത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടമായി, ധനഹാനിയും മാനഹാനിയും സംഭവിച്ച് അവസാനം ജയിലിലും കിടക്കുന്നതിനേക്കാൾ നല്ലത്... അല്ലേ?
നിങ്ങളുടെയും കുടുംബത്തിന്റെയും സ്വസ്ഥതയും സന്തോഷവും നശിപ്പിച്ചേക്കാവുന്ന ഒരു റിസ്ക്കും ആർക്ക് വേണ്ടിയും എടുക്കരുത്..
അതുപോലെ തന്നെ ഇത്തരം ഇൻജക്ഷനുകൾ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ രാവിലെയും വൈകിട്ടും വന്ന് എടുക്കുന്നവരും ഉണ്ട്. രാവിലെ ഡോക്ടർ ഉണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് PHC കളിൽ ഡോക്ടർ ഉണ്ടാകില്ല. രോഗിയെ പിണക്കാൻ വയ്യാത്തതിനാൽ നിങ്ങൾ വന്ന് എടുത്തോ എന്ന് പറഞ്ഞിട്ട് ഡോക്ടർ വീട്ടിലും പോകും. ചെയ്യരുത്.
യാതൊരു കാരണവശാലും ഹെൽത്ത് സെന്ററുകളിൽ ഡോക്ടർ ഇല്ലാത്ത സമയങ്ങളിൽ നിങ്ങൾ ഇൻജക്ഷൻ കൊടുക്കരുത്. കോമ്പൗണ്ടിന്റെ ഉള്ളിലുള്ള ക്വാർട്ടേഴ്സിലെങ്കിലും ഡോക്ടർ ഉണ്ടെങ്കിൽ കൊടുക്കാം. അല്ലെങ്കിൽ കൊടുക്കരുത്. അതുപോലെ ഡോക്ടർമാർ വീട്ടിൽ ഇരുന്ന് പ്രൈവറ്റ് കൺസൽറ്റേഷൻ നടത്തി എഴുതി വിടുന്ന മരുന്നുകളും ആശുപത്രിയിൽ നിന്ന് കൊടുക്കരുത്. ചിലപ്പോൾ ഡോക്ടറുടെ വീട് ആശുപത്രിയിൽ നിന്ന് വളരെ അടുത്തായിരിക്കാം. പക്ഷേ അതൊന്നും നിങ്ങൾ നോക്കേണ്ട കാര്യമില്ല. വീട്ടിൽ ഇരുന്ന് ഫീസ് വാങ്ങി ചികിൽസിക്കുന്ന ഡോക്ടർ എഴുതുന്ന മരുന്ന് ഹെൽത്ത് സെന്ററിൽ നിന്ന് നിയമപരമായി കൊടുക്കാൻ പാടില്ല. മാത്രമല്ല, കുത്തിവയ്പ്പുകൾ കൊടുക്കുമ്പോൾ ഡോക്ടർ വീട്ടിൽ ഉണ്ട് എന്ന് നിങ്ങൾക്ക് എങ്ങിനെ ഉറപ്പിക്കാൻ കഴിയും? ആ രോഗിയെ നോക്കിയ ശേഷം ഡോക്ടർ പുറത്തേക്ക് പോയെങ്കിലോ? ഒരു റിയാക്ഷൻ ഉണ്ടായാൽ വിളിച്ചാൽ ഡോക്ടർക്ക് എത്താൻ കഴിയുമോ? അതുമാത്രമല്ല, ഹോസ്പിറ്റലിലെ ഒപി ചീട്ടിൽ എഴുതാത്ത ഒരു മരുന്ന് കൊടുക്കാൻ നിയമപരമായി എങ്ങനെയാണ് കഴിയുക? ഒരു പ്രശ്നമുണ്ടായാൽ നിയമപരമായ സംരക്ഷണം നിങ്ങൾക്ക് കിട്ടുമോ?
ഇന്ത്യയിൽ ജോലി ചെയ്യുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. വായിച്ചിട്ട് ആവശ്യമെന്ന് തോന്നിയാൽ ഒരു ഷെയർ കൂടി ചെയ്യുക.