03/07/2024
2017 ലെ പോസ്റ്റ്
Reposting
ഈ വർഷം കേരളത്തിൽ പടർന്ന് പിടിച്ച ഡെങ്കി പനി പൊതുജനങ്ങളെ ആകെ ആശങ്കയിൽ ആക്കിയിരിക്കുകയാണു. ഒരു പാട് തെറ്റിധാരണകൾ ഈ വിഷയത്തിൽ സമൂഹത്തിൽ ഉണ്ട്. ഈ തെറ്റിധാരണകളെ മാറ്റാനും ആശങ്കകളെ അകറ്റാനാണുമാണു ഈ പ്രശ്നോത്തരി.
1.പനിക്ക് കാരണം ഡെങ്കിയാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെ ?
പെട്ടെന്ന് വരുന്ന പലപ്പോഴും വിറയലോടു കൂടിയ പനി, കഠിനമായ തലവേദന, മേൽ വേദന എന്നിവയാണു ഡെങ്കിയുടെ ലക്ഷണങ്ങൾ. ജലദോഷം ഉണ്ടാവുകയില്ല. ചുമയും തുടക്കത്തിൽ പതിവില്ല. ചിലപ്പോൾ വയറിളക്കം തുടക്കത്തിൽ ഉണ്ടാകാം . ചിലർക്ക് ചർദ്ദിയും.
2.പനിക്ക് കാരണം ഡെങ്കിയാണെന്ന് എങ്ങിനെ തീർച്ചപ്പെടുത്താം ?
രക്ത പരിശോധന വഴിയാണു തീർച്ചപ്പെടുത്തുന്നത്. ആദ്യം ചെയ്യേണ്ടത് സി ബി സി പരിശോധനയാണു. (Complete blood count ) അതിൽ
ശ്വേത രക്താണുക്കളുടെ അളവു തുടക്കത്തിൽ അധികം പേരിലും 4000 ൽ കുറവായിരിക്കും. എന്നാൽ പ്ലേറ്റലറ്റുകളുടെ എണ്ണം ആദ്യം അത്ര കുറയണമെന്നില്ല.
ഇതിനൊപ്പം സംഗതി ഡെങ്കിയാണെന്ന് തീർച്ചപ്പെടുത്താൻ ആന്റിജെൻ/ആന്റിബോഡി ടെസ്റ്റ് ചെയ്യണം. ( കാർഡ് ടെസ്റ്റ് )
3, ഡെങ്കി കാർഡ് ടെസ്റ്റ് എന്താണൂ ?
ഡെങ്കിപനി സ്ഥിതീകരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ടെസ്റ്റാണു ഡെങ്കി കാർഡ് ടെസ്റ്റ്. അതിൽ ഡെങ്കി ആന്റിജെനും അതിനെതിരെ ശരീരം ഉണ്ടാക്കുന്ന ആന്റിബോഡിയും ഉണ്ടോ എന്ന് അറിയാൻ ഏറെകുറെ സാധിക്കും.
4.ഡെങ്കി കാർഡ് ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ഡെങ്കിയല്ല പനിക്ക് കാരണം എന്ന് ഉറപ്പിക്കാമോ ?
പറ്റില്ല. പല കാരണങ്ങൾ കൊണ്ട് ഡെങ്കി പനിയാണെങ്കിലും ഡെങ്കി കാർഡ് ടെസ്റ്റ് നെഗറ്റീവാകാം. മറ്റ് സൂചനകളെല്ലാം ഡെങ്കിക്കനുകൂലമാണെങ്കിൽ കാർഡ് ടെസ്റ്റ് നെഗറ്റീവാണെങ്കിലും ഡെങ്കിയായിരിക്കും എന്ന് മനസ്സിൽ വെച്ച് ചികിൽസിക്കുകയാണു നല്ലത്.
5.ഡെങ്കിക്ക് എലിസ ടെസ്റ്റ് ഉണ്ടോ ? അതിന്റെ ആവശ്യമെന്താണു ?
ഡെങ്കിയാണു എന്ന് ഉറപ്പ് വരുത്താൻ എലിസ ഐ ജി യെം ( Elisa IgM) ചെയ്യാം. എന്നാൽ പലപ്പോഴും അത് പനി തുടങ്ങി 4-6 ദിവസം കഴിഞ്ഞെ പോസിറ്റീവ് കാണിക്കുള്ളു. അതു കൊണ്ട് ചുരുക്കം ചില രോഗികളിൽ മാത്രമെ സംശയം ദൂരീകരിക്കാൻ അതിന്റെ ആവശ്യമുള്ളു.
6.ഒരാളിൽ ഡെങ്കി പനി വന്നാൽ എന്തൊക്കെയാണു ഉണ്ടാവുക ?
സാധാരണയായി 3-5 ദിവസം വരെ പനിക്കും. പനിയുടെ കൂടെ കഠിനമായ തലവേദനയും മേൽ വേദനയും ചിലപ്പോൾ ചർദ്ദിയും ഉണ്ടാകും. പനി മാറിയാലും ഏതാനും ദിവസം കഠിനമായ ക്ഷീണമുണ്ടാകും. ചർദ്ദിയും വയറുവേദനയും ഉണ്ടാകാം. തലചുറ്റലും കണ്ണു ഇരുട്ടടക്കലും സാധാരണമാണു. പനി തുടങ്ങി 8-10 ദിവസമാകുംമ്പോഴേക്കും രോഗാവസ്ഥ മാറി പതുക്കെ സാധാരണ നില കൈവരിക്കും.
7.ഡെങ്കി പനിയിൽ രക്തത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണു ?
Wbc കൗണ്ട് ആദ്യ ദിവസങ്ങളിൽ തന്നെ സാധാരണയിലും കുറവായിരിക്കും. പ്ലേറ്റലറ്റ് ആദ്യം നോർമ്മലാകാം. എന്നാൽ 2-4 ദിവസം മുതൽ അത് കുറയാൻ തുടങ്ങും 7-8 ദിവസമാകുമ്പോഴേക്കും അതു വീണ്ടും കൂടാൻ തുടങ്ങും. പത്താം ദിവസമാകുമ്പോഴേക്കും നോർമ്മലിനടുത്തെത്തും.
പി സി വി (Packed cell volume) 3-4 ദിവസം മുതൽ പ്ലാസ്മ ലീക്ക് കാരണം കൂടാൻ തുടങ്ങും. 6-9 ദിവസമാകുമ്പോഴേക്കും പഴയ നിലയിൽ എത്തും.
8.ഡെങ്കി പനി ഗുരുതരമായി ജീവനു ഭീഷണിയാകുന്നത് എപ്പോൾ ?
പനി തുടങ്ങി 3-4 ദിവസം ആകുമ്പോഴേക്കും രക്തം ഒഴുകുന്ന കാപ്പിലറികളിൽ നിന്നും രക്തത്തിലെ പ്ലാസ്മ (സെല്ലുകൾ അല്ലാത്ത ഭാഗം) ശ്വാസകോശത്തിന്റെ ആവരണത്തിനിടയിലേക്കും വയറ്റില്ലെ പെരിറ്റോണിയൽ കാവിറ്റിയിലേക്കും ലീക്ക് ചെയ്ത് തുടങ്ങാൻ സാധ്യതയുണ്ട്. ഇതു കാരണം രക്തത്തിലേ ജലാംശം കുറയുന്നത് മൂലം പ്രധാന അവയവങളിൽ രക്തം എത്തുന്നത് കുറയാം. ഇതിനു ഡെങ്കി ഷോക്ക് സിൻഡ്രോം എന്ന് പറയുന്നു. ഇതിനോടൊപ്പം രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളുടെ പ്രവർത്തന വൈകല്യം നിമിത്തം രക്തസ്രാവവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ ഡെങ്കി ഹെമെറേജിക്ക് ഷോക്ക് എന്ന് പറയും
9.ഡെങ്കി പനി ഗുരുതരമായി എന്ന് മനസ്സിലാക്കാനുള്ള ലക്ഷണങ്ങൾ എന്തെല്ലാം ?
പനി തുടങ്ങി 3-5 ദിവസമാകുമ്പോൾ കഠിനമായ ക്ഷീണം, ചർദ്ദി, ഓക്കാനം, വയറു വേദന, കണ്ണിരുട്ടടക്കൽ, തീരെ എഴുനേൽക്കാൻ വയ്യാത്ത സ്ഥിതി എന്നിവ ഉണ്ടങ്കിൽ പനി ഗുരുതരമാകുന്നതിന്റെ സൂചനയാണു. ശ്വാസം മുട്ടൽ , രക്തം ചർദ്ധിക്കൽ എന്നിവ രോഗി അപകട നിലയിലാണെന്ന് സൂചിപ്പിക്കുന്നു.
10.ഡെങ്കി പനി ഗുരുതരമാകുന്നു എന്ന് സൂചിപ്പിക്കുന്ന പരിശോധന ഫലങ്ങൾ ഏതെല്ലാം ?
പി സി വി (packed cell volume or hematocrit ) പനിയുടെ തുടക്കത്തിലുള്ള നിലയേക്കാൾ 20 ശതമാനമോ അതോ അതിലധികമോ വർദ്ധിക്കുക, ലിവർ എൻസൈയിമായ SGOT/SGPT (AST/ALT) പത്തിരട്ടിയിലധികം വർദ്ധിക്കുക, പ്ലേറ്റലെറ്റിന്റെ എണ്ണം വളരെ പെട്ടെന്ന് കുറയുക, ബ്ലഡ് പ്രഷർ കുറയുക , പൾസ് പ്രഷർ കുറയുക , ആന്തരിക രക്ത സ്രാവത്തിന്റെ സൂചനകൾ പുറത്ത് കാണുക എന്നിവ ഡെങ്കി പനി ഗുരുതരമായതായി സൂചിപ്പിക്കുന്നു.
10.ഡെങ്കി പനിക്ക് മരുന്നുണ്ടോ ? ശാസ്ത്രത്തിന്റെ ഇന്നത്തെ അറിവു പ്രകാരം ഡെങ്കി വൈറസിനെ നശിപ്പിക്കാൻ ഫലപ്രദവും സുരക്ഷിതവുമായ മരുന്ന് ലഭ്യമല്ല. എന്നാൽ ചികിൽസ കൊണ്ട് ശരീരത്തിലെ ജലാംശം നഷ്ടപെടാതെ, ഷോക്കും പ്ലാസ്മ ലീകും , ബ്ലീഡിങ്ങും വരാതെ ഏതാനും (5-14) ദിവസം രോഗിയെ സംരക്ഷിച്ചാൽ, വൈറസിനെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി തന്നെ വകവരുത്തും. പൂർണ്ണ രോഗശമനം ലഭിക്കുകയും ചെയ്യു.
11.ഡെങ്കി പനിയുള്ള എല്ലാവരും ആശുപത്രിയിൽ അഡ്മിറ്റാകണോ ?
വേണ്ട. അസുഖം ഗുരുതരമാകുന്നു എന്ന് രോഗ ലക്ഷണങ്ങളും പരിശോധനാ ഫലങ്ങളും സൂചിപ്പിക്കുന്നുണ്ടെങ്കിൽ മാത്രം അഡ്മിറ്റ് ചെയ്താൽ മതി. എന്നാൽ ഗർഭിണികളും , കാര്യപ്പെട്ട മറ്റ് അസുഖങ്ങൾ ഉള്ളവരും അഡ്മിറ്റ് ചെയ്ത് ചികിൽസിക്കുകയാണു നല്ലത്.
12.ഡെങ്കി പനി വന്നാൽ വീട്ടിലിരുന്ന് എന്ത് ചികിൽസയാണു എടുക്കേണ്ടത് ?
വീട്ടിൽ പൂർണ്ണ വിശ്രമം എടുക്കുക. പാരസെറ്റമോൾ പനിക്കും മേൽ വേദനക്കും ആവശ്യത്തിനു കഴിക്കുക. പനിക്ക് ദേഹത്ത് വെള്ള മുക്കി തുടക്കുകയുമാകം. കഞ്ഞി വെള്ളം. , ഓ ആർ എസ് ലായിനി , ഉപ്പിട്ട നാരങ്ങവെള്ളം മുതലായവ കുടിച്ചു കൊണ്ടേയിരിക്കുക. വേദന സംഹാരികൾ ഒഴിവാക്കുക.
13.ഡെങ്കി പനിക്ക് പഴങ്ങൾ കഴിക്കുന്നത് ചികിൽസക്ക് ഗുണം ചെയ്യുമോ ?
പഴങ്ങൾ കഴിക്കുന്നത് കൊണ്ട് അസുഖത്തിന്റെ ചികിൽസക്ക് പ്രത്യേകിച്ച് ഗുണമുണ്ട് എന്നതിനു തെളിവൊന്നുമില്ല.
14.പപ്പായാ ഇലയുടെ നീർ , പപ്പായ പഴം , ഇലയിൽ നിന്ന് ഉണ്ടാകുന്ന മരുന്ന് എന്നിവ ഡെങ്കി ചികിൽസക്ക് ഉപയോഗിക്കുന്നതു കൊണ്ട് ഗുണമുണ്ടോ ?
ഇല്ല. മാത്രമല്ല ഇല അരച്ച് കുടിച്ച് പലർക്കും ചർദ്ദിയും വയറുവേദനയും ഉണ്ടാവുകയും രോഗം ഗുരുതരമാകുകയും ചെയ്തതിന്റെ റിപ്പോർട്ടുകളൂണ്ട്.
15.പ്ലെറ്റലെറ്റിന്റെ ഏണ്ണം എത്രയാകുമ്പോഴാണു പേടിക്കേണ്ടത് ?
പ്ലേറ്റലറ്റ് പെട്ടെന്ന് കുറയുന്നത് രോഗം ഗുരുതരമാകുന്നു എന്നതിന്റെ ഒരു സൂചന മാത്രമാണു.മുകളിൽ പറഞ്ഞ മറ്റ് സൂചനകളൊന്നും ഇല്ലെങ്കിൽ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമില്ല.
16.പ്ലേറ്റലറ്റ് എത്ര കുറഞ്ഞാലാണു അത് കേറ്റേണ്ടത് ?
ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗ്ഗരേഖ പ്രകാരം പ്ലേറ്റലറ്റ് കയറ്റാൻ നിർദ്ദേശമില്ല. രക്ത സ്രാവമുണ്ടെങ്കിൽ വെറും പ്ലേറ്റലറ്റല്ല, ഹോൾ ബ്ലഡ് ആണു കയറ്റേണ്ടത്. അതും രക്ത സ്രാവമുണ്ടെങ്കിൽ മാത്രം. പ്ലേറ്റലറ്റിന്റെ എണ്ണവും രക്തസ്രാവവും തമ്മിൽ അത്ര നേരിട്ടുള്ള ബന്ധമില്ല എന്ന് പഠനങ്ങൾ കാണിച്ചതു കൊണ്ടാണു മാർഗ്ഗരേഖ അങ്ങിനെ പറയുന്നത്.
17.ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗിയേ ചികിൽസിക്കുന്നത് എങ്ങിനെയാണു ?
പ്ലാസ്മ ലീക്കിന്റെ സമയത്ത് ശരീരത്തിൽ ആവശ്യത്തിനു ജലമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണു ചികിൽസയുടെ പ്രധാന തത്വം. ഐ വി ഫ്ലുയിഡുകൾ വഴിയാണു അത് ചെയുന്നത്. ഇടക്കിടക്കുള്ള പീ സീ വി പരിശോധന പ്ലാസ്മ ലീക്കിന്റെ അളവും വേഗതയും മനസ്സിലാക്കാൻ സഹായിക്കുന്നു. പി സീ വി പനി തുടങ്ങിയ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം അല്ലെങ്കിൽ അതിലധികം വർദ്ധിച്ചിട്ടുണ്ടെങ്കിൽ ബീ പ്പ് കുറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്. അതിവേഗം ഫ്ലൂയിഡ് കൊടുത്താണു ആ അപകട ഘട്ടം തരണം ചെയ്യുന്നത്.
18.രോഗി അപകട ഘട്ടം തരണം ചെയ്തു എന്ന് മനസ്സിലാക്കുന്നതെങിനെ ?
കൂടിയ പീ സീ വി കുറയാൻ തുടങ്ങുക, കുറഞ്ഞ പ്ലെറ്റലെറ്റിന്റെ എണ്ണം കൂടാൻ തുടങ്ങുക, രോഗിക്ക് ആവശ്യത്തിനുള്ള ഭക്ഷണം അകത്താക്കാൻ സാധിക്കുക , ഇതെല്ലാം അപകട ഘട്ടം കഴിഞ്ഞു എന്നതിന്റെ സൂചനകളാണു. പനി തുടങ്ങി 7-9 ദിവസമാകുമ്പോഴേക്കുമാണു ഇത് സാധാരണ സംഭവിക്കുക.
19.അഡ്മിറ്റ് ചെയ്യാതെ തന്നെ രോഗിക്ക് ഐ വി ഫ്ലൂയിഡ് കൊടുത്താൽ മതിയാകുമോ ?
ചർദ്ദിയും ഓക്കാനവും കാരണം കഞ്ഞി കുടിക്കാൻ സാധിക്കാത്തവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ള 4-7 ദിവസങ്ങളിൽ ദിവസവും ഒരു ലിറ്റർ ഐ വി ഫ്ലൂയിഡ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൊടുക്കാൻ സാധിച്ചാൽ അപകടം തരണം ചെയ്യാൻ ഭൂരിഭാഗം പേരിലും സാധിക്കും
20.ഏതു തരം ഐ വി ഫ്ലൂഡാണു ഡെങ്കി പനിയിൽ ഉത്തമം ?
ഡെക്സ്റ്റ്രോസില്ലാത്ത ഫ്ലൂയിഡുകളായ റിങ്ങർ ലാക്റ്റെയ്റ്റ്, നോർമ്മൽ സലൈൻ എന്നിവയാണു ഉത്തമം
21. ഡെങ്കി പനിയുടെ ചികിൽസക്ക് അത്യാധുനിക സംവിധാനങ്ങളുടെയും സൂപ്പർ സ്പെഷാലിറ്റി ആസ്പ്ത്രികളുടെയും ആവശ്യമുണ്ടോ ?
ഇല്ല. ഒരു വിധം എല്ലാ രോഗികൾക്കും സാധാരണ ആശുപ്പത്രിയിലെ ചികിൽസ കൊണ്ട് തന്നെ രോഗം ഭേദമാകും. ദിവസത്തിൽ 12 മണിക്കൂറെങ്കിലും പ്രവർത്തിക്കുന്ന ലബോറട്ടറി , 24 മണിക്കുറുമുള്ള നഴ്സിംഗ് പരിചരണം, ഡോക്ടറുടെ മേൽനോട്ടം എന്നിവ ഉണ്ടായാൽ മതി. ഒരു ശതമാനത്തിൽ കുറവ് രോഗികൾക്ക് മാത്രമെ ത്രീവ പരിചരണത്തിന്റെ ആവശ്യമുള്ളു.
22.ഡെങ്കി പനി വരാതിരിക്കാൻ ഹോമിയോ മരുന്ന് കഴിച്ചത് കൊണ്ട് കാര്യമുണ്ടോ ?
ഇല്ല. അത് കഴിച്ചതു കൊണ്ട് ഗുണമുണ്ട് എന്നതിനു ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ല.
23.ഡെങ്കി പനി വരാതിരിക്കാൻ എന്ത് ചെയ്യണം ?
ഏഡിസ് വിഭാഗത്തിൽ പെട്ട മലിനമല്ലാത്ത ജലത്തിൽ പെറ്റ് പെരുകുന്ന കൊതുകുകളെ നശിപ്പിക്കുകയാണു ഏറ്റവും ഫലപ്രദമായ മാർഗ്ഗം. വീടും പരിസരവും ഏഡിസ് വളരുന്ന വെള്ളകെട്ടില്ലാതെ വൃത്തിയാക്കി വെക്കുക. കൊതുകു കടി കൊള്ളാതിരിക്കാൻ കൊതുക് വലകളും , കൊതുക് തിരികളും , റിപ്പല്ലന്റ് മാറ്റുകളും ലേപനങ്ങളും ഉപയോഗിക്കുക. ഡെങ്കി പനി വന്ന രോഗികൾക്ക് കൊതുക് വല നിർബന്ധമാക്കുക.
24.ഡെങ്കി പനിക്കെതിരെ വാക്സിൻ ലഭ്യമാണോ ?
വാക്സിന്റെ ക്ലിനിക്കൽ പഠനം നടന്നു കൊണ്ടിരിക്കുകയാണു.
സമീപ ഭാവിയിൽ തന്നെ ഡെങ്കിക്ക് എതിരെയായി വാക്സിൻ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്.
25.ഒരിക്കൽ ഡെങ്കി പനി വന്നയാൾക്ക് വീണ്ടും അത് വരുമോ?
നാലു തരം ഡെങ്കി വൈറസുകൾ ഉണ്ട്. ഓരോ പ്രാവശ്യമെ അവ ഒരോന്നും വരു. അത് കൊണ്ട് നാലു പ്രാവശ്യം വരെ വേണമെങ്കിൽ വരാം. എന്നാൽ ഒരിക്കൽ വന്നാൽ കുറച്ച് കാലത്തേക്ക് എല്ലാ ഡെങ്കി വൈറസുകളുക്കുമെതിരെ പ്രതിരോധം ലഭിക്കും. അതു കൊണ്ട് ഒരേ സീസണിൽ 2 പ്രാവശ്യം വരുകയില്ല.
ഒരിക്കൽ വന്നവരിൽ വീണ്ടും മറ്റൊരു ഡെങ്കി ബാധ ഉണ്ടാകുമ്പോൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
ഡെങ്കി പനിയും അതു മൂലമുള്ള മരണങ്ങളും സമൂഹം ഒത്തൊരുമിച്ച് പ്രയത്നിച്ചാൽ ഒഴിവാക്കാവുന്നതെയുള്ളു. പ്രതിരോധത്തിന്റെ പ്രധാന ആയുധം അസുഖത്തെ കുറീച്ചുള്ള വിജ്ഞാനമാണു. വിജ്ഞാനം പടർത്തി രോഗ വിമുക്തി നേടാനാണു നാം ശ്രമിക്കേണ്ടത്.
Dr Arun N M