19/04/2024                                                                            
                                    
                                                                            
                                            https://www.facebook.com/share/p/k9gFB4aUaRfFrQMP/?mibextid=qi2Omg                                        
                                    
                                                                        
                                        2036 ആവുമ്പോൾ കേരളത്തിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരൻ ആയിരിക്കും എന്നാണ് 2023 ൽ പ്രസിദ്ധീകരിച്ച UN ജനസംഖ്യാ  പഠനം പ്രവചിക്കുന്നത്  സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നവരുടെ എണ്ണവും ആനുപാതികമായി വർദ്ധിച്ചുവരുമത്രെ!
മാനുഷികമായ തലങ്ങളിൽ നിന്നും സാങ്കേതികമായ തലങ്ങളിലേക്ക് അറിവുകൾ ചേക്കേറുന്ന ഈ കാലഘട്ടത്തിൽ ഭാഷയിലും ചില മിനുക്കുപണികൾ ആവശ്യമായി വരും. സമൂഹത്തിന്റെ പുതിയ അവസ്ഥകളെ  സൂചിപ്പിക്കാൻ  പുതിയ പുതിയ പദങ്ങൾ ഉണ്ടാക്കേണ്ടതായി വരുന്നു.   അതിലൊന്നാണ് ADL - (Activities of Daily Living) - ഇതിനെ നിത്യ ജീവിത ചര്യകൾ എന്ന് മൊഴിമാറ്റം ചെയ്യാം.  Sidney Katz  എന്ന അമേരിക്കൻ ഭിഷഗ്വരൻ 1950 ലാണ് ഈ പദം ആദ്യായി ഉപയോഗിച്ചത്. അണുകുടുംബങ്ങൾ വീണ്ടും വിഭജിച്ച് വ്യക്തി കേന്ദീകൃതമായ സാമൂഹ്യ വ്യവസ്തയിലേക്ക് നീങ്ങിത്തുടങ്ങിയ  പ്പോഴാണ്   നമ്മുടെ നാട്ടിൽ ഇത്തരം സാങ്കേതിക പദങ്ങൾക്ക് പ്രസക്തിയേറിയത്. 
നിത്യ ജീവിത ചര്യകളെ  അടിസ്ഥാന ജീവിത ചര്യകൾ (Basic ADLs)  എന്നും നിർണായക ജീവിത ചര്യകൾ (Instrumental Activities of Daily Living (IADLs)) എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്.  കുളിക്കുക, മല മൂത്ര വിസർജനം ചെയ്യുക, വ്യക്തി ശുചിത്വവും നിലനിറുത്തുക (പല്ലുകൾ, നഖം മുടി ഇവയൊക്കെ പരിപാലിക്കുക), വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക, അത്യാവശ്യം പരസഹായം കൂടാതെ നടക്കുക തുടങ്ങിയ  ശാരീരികളായ ആവശ്യങ്ങൾ സ്വയം നിറവേറ്റാനുള്ള പര്യാപ്തതയാണ്   “അടിസ്ഥാന ജീവിത ചര്യകൾ” എന്നറിയപ്പെടുന്നത്.
ആരോഗ്യവും, യൗവനവുമുള്ള മിക്കവാറും എല്ലാ വ്യക്തികൾക്കും  ഇതൊക്കെ സ്വന്തമായി ചെയ്യാൻ കഴിയും. സുരക്ഷിതവും, സന്തോഷകരവുമായ ജീവിതത്തിന് ഈ കഴിവുകൾ ഒഴിച്ചുകൂടാനാവാത്തതുമാണ്.
സ്വയം യാത്ര ചെയ്യുക, വാഹനം ഓടിക്കുക, കടയിൽ പോയി സാധനങ്ങൾ വാങ്ങുക, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക, ഭക്ഷണസാധനങ്ങൾ വാങ്ങുക - പാചകം ചെയ്യുക. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, മറ്റുള്ള വരുമായി ആശയവിനിമയം നടത്തുക, മരുന്നുകൾ സ്വയം എടുത്തുകഴിക്കുക ഇവയല്ലാം നിർണായക  ജീവിത ചര്യകളാണ്. കൃത്യമായ ചിന്താശേഷിയും കാര്യനിർവഹണ ശേഷിയും ഉണ്ടെങ്കിൽ മാത്രമെ നിർണായക  ജീവിത ചര്യകൾ നിറവേറ്റാൻ സാധിക്കുകയുള്ളൂ.
വാർദ്ധക്യം മൂലം മറ്റുളളവരെ ആശ്രയിച്ചു കഴിയേണ്ടിവരുന്ന ആളുകളുടെ എണ്ണം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നും ഇനിയും അത് കൂടുവാൻ സാധ്യതയുന്നുണ്ടെന്നും   UN ജനസംഖ്യാ പഠനം സമർത്ഥിക്കുന്നു. അതോടൊപ്പം തന്നെ വർധിച്ചുവരുന്ന ആയുർ ദൈർഘ്യവും, ചെറുപ്പക്കാരുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കേരളത്തിലെ വാർദ്ധക്യ ജീവിതം ദുസ്സഹമാകാൻ സാഹചര്യം ഒരുക്കുന്നുണ്ട്. ഈ സവിശേമായ സാമൂഹിക അവസ്ഥയെ മുൻകൂട്ടി കണ്ടുകൊണ്ട് വേണ്ട നടപടികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പക്ഷാഘാതം പോലെ മനസും ശരീരവും തളർത്തിക്കളയുന്ന അവസ്ഥകൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഒടിവ്, ചതവ്, മുതലായ പേശി-അസ്ഥി പ്രശ്നങ്ങൾ, മറവിരോഗം, പാർക്കിൻസൺസ് രോഗം പോലുള്ള നാഡീ രോഗങ്ങൾ ഇവയെല്ലാം ചെറുപ്പ കാലത്തുതന്നെ ആളുകളെ, പരാശ്രിതരാക്കി മാറ്റാറുണ്ട്. 
ഈ വിവരങ്ങൾ കുട്ടിവായിച്ചാൽ അടുത്ത പത്തുവർഷത്തിനകം കേരളത്തിൽ   നിത്യജീവിതത്തിൽ പരാശ്രയം വേണ്ട ആളുകളുടെ എണ്ണം വളരെയധികം വർദ്ധിക്കും എന്ന് മനസിലാക്കാം. 
സേവന മേഘലയിൽ ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിൽ നിന്നും വിദേശത്തേക്കു  പോകുന്ന വിദ്യാർത്ഥികളടക്കമുള്ള പ്രവാസികൾ പലപ്പോഴും അവിടെ ചെയ്യുന്ന ജോലി വൃദ്ധജന പരിപാലനം തന്നെയാണ്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ ഇതിന് കൃത്യമായ സേവന വേതന-വ്യവസ്ഥ ഇല്ല. ഈ മേഘലയിൽ പ്രവൃത്തിക്കുന്ന ചില ഏജൻസികൾക്ക് കാര്യക്ഷമായി പ്രവൃത്തിക്കാൻ സാധിക്കുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. 
സംസ്കാരവും, മൂല്യങ്ങളും, മാനസികാവസ്ഥയുമെല്ലാം ചേർന്ന് - ഹോം നേഴ്സ് പോലുള്ള തൊഴിലുകളിലെ സേവന വേതന വ്യവസ്ഥകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. പരസ്പര വിശ്വാസത്തിനു പകരം ചൂഷണം ചെയ്യപ്പെടുമോ എന്ന ഭീതിയോടെയാണ് സേവനദാദാക്കളും സ്വീകർത്താക്കളും ഇടപെടുന്നത്.  ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളും, കൂടുതൽ സുതാര്യതയും ഉണ്ടാകണം. 
 
 വ്യക്തികളുടെ തലത്തിലും ഒട്ടേറെ ആശങ്കകളും, സംശയങ്ങളും, മാനസിക അതിർത്തി തർക്കങ്ങളും - ആശ്രിത പരിപാലനവുമായി ബന്ധപ്പെട്ട് നിൽക്കുന്നു .  സ്ത്രീകളും പുരുഷന്മാരും ഏതൊക്കെ ജോലികൾ ചെയ്യണമെന്നുള്ള  മുൻധാരണകൾ ഒരോ സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ട്. പാശ്ചാത്യ സംസ്കാരത്തിൽ നിന്നും വളരെ വെത്യസ്ഥമായ ചില ലിംഗവിവേചന രീതികൾ  ഇന്ത്യൻ സമൂഹത്തിൻ കാണാം. ഒറ്റയ്ക്ക്  യാത്ര ചെയ്യുക, കടയിൽ പോയി സാധനങ്ങൾ വാങ്ങുക, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ചെയ്യാൻ പല സ്ത്രീകളും ഇന്നും മടി കാണിക്കുന്നു.  ഭക്ഷണം പാകം ചെയ്യുക, പരിസരം വൃത്തിയാക്കി സൂക്ഷിക്കുക, മരുന്നുകൾ സ്വയം എടുത്തുകഴിക്കുക തുടങ്ങിയ പല കാര്യങ്ങളിലും പുരുഷന്മാർ, ഇന്നും പിന്നോക്കാവസ്ഥയിലാണ്.  
ആൺ പെൺ ഭേദമില്ലാതെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള കഴിവുകൾ ചെറുപ്പകാലത്ത് തന്നെ എല്ലാവരും സ്വായത്തമാക്കേണ്ടതുണ്ട്.. കൂടാതെ നിത്യവും പരിശീലിച്ചുകൊണ്ട്  ആ കഴിവുകൾ നിലനിർത്തേണ്ടതും ആവശ്യമാണ്.  
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ വ്യായാമം പോലെ  നിത്യവും  പരിശീലിക്കാവുന്ന  ചിട്ടവട്ടങ്ങളാണ് നിത്യ ജീവിത ചര്യകൾ. ഇതോടൊപ്പം തന്നെ യോഗ, ധ്യാനം തുടങ്ങിയ പരിശീലനങ്ങളു ഗുണം ചെയ്യും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  
നല്ല വായന, സിനിമകൾ, യാത്രകൾ, നല്ല  ബന്ധങ്ങൾ, കലകൾ ആസ്വദിക്കാനുള്ള കഴിവ് ഇവയെല്ലാം മനുഷ്യരെ കൂടുതൽ അടുപ്പിക്കുകയും, ജീവിതത്തിനു ലക്ഷ്യബോധവും, അർത്ഥവും നൽകുകയും ചെയ്യും. ഇവയെല്ലാം ജീവിതത്തിൽ നിലനിർത്തുവാനുള്ള  അടിസ്ഥാന ഉപാധി കൃത്യമായ ദിനചര്യകളാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക, ഉണരുക, കൃത്യമായ ഇടവേളകളിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കുക കൃത്യമായി വ്യായാമം ചെയ്യുക എന്നതെല്ലാം ആരോഗ്യകരമായ നിത്യ ജീവിത ചര്യകൾ തുടങ്ങുന്നതിൻ്റെയും തുടരുന്നതിൻ്റെയും മുന്നോടിയാണ്.
Pic Courtesy : https://pixabay.com/photos/hands-old-old-age-elderly-2906458/