
25/07/2025
#കോളനി
കോളനി
ഡോ. വേണു തോന്നയ്ക്കൽ
കോളനി എന്ന ശബ്ദം അടിമത്വത്തിൻ്റേതാണ്. മണ്ണിൻറെ മണമുള്ള ഒരു വർഗ്ഗത്തിന് മേൽ ഒരു ചെറിയ പക്ഷം മനുഷ്യ രൂപങ്ങൾ അടിച്ചേൽപ്പിച്ചതാണ്. ഭാവ പരിണാമങ്ങളോടെ നമ്മുടെ നഗര ഹൃദയങ്ങളിലും നഗരങ്ങളുടെ പടിവാതിൽക്കലും അഴുക്ക് കൂമ്പാരങ്ങൾക്കൊപ്പം കഴിയുന്ന ഒരു വിഭാഗം ആയി മാറിയിരിക്കുന്നു കോളനി.
കോളനി എന്ന ശബ്ദം ചൂഷകന്റേതാണ്. മാലോരെ ചൂഷണം ചെയ്ത് സ്വന്തം പള്ള വീർപ്പിക്കാനും അധികാരമുറപ്പിക്കാനും വേണ്ടി നാമകരണം ചെയ്തതാണ്. അധികാരത്തിന്റെ ഉച്ഛിഷ്ടങ്ങളെ പേറുന്ന ഇടമാണ് കോളനി.
അഴുക്ക് ചാലുകൾക്കിടയിൽ ജീവിക്കുന്ന ഒരു വർഗ്ഗത്തെ അടയാളപ്പെടുത്തുന്ന ഒരു ചിഹ്നമായി ആധുനിക കാലത്ത് കോളനി എന്ന ശബ്ദം രൂപപ്പെട്ടിരിക്കുന്നു. ആ ശബ്ദത്തിൽ ധ്വനിക്കുന്നത് നൂറ്റാണ്ടുകളായി മനുഷ്യർ അനുഭവിക്കുന്ന അടിമത്വവും രക്തത്തിൻറെ മണവുമാണ്.
കോളനിയ്ക്ക് അതിൽ നിന്നും രൂപപ്പെട്ട മറ്റൊരു വിളിപ്പേര് കൂടിയുണ്ട്. ചേരി പ്രദേശം. ചവിട്ടി മെതിയ്ക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരെ അടയാളപ്പെടുത്താൻ ഈ ശബ്ദം ആധുനിക കാലത്തെ പരിഷ്കൃതർ ഉപയോഗിക്കുന്നു.
കോളനികൾ അഥവാ ചേരി പ്രദേശം സ്വമേധയാ രൂപപ്പെട്ടതല്ല. ഉൽപാദിപ്പിച്ചതാണ്. ഉപരി വർഗ്ഗങ്ങളുടെ നിലനിൽപ്പിന് പലപ്പോഴും കോളനികളുടെ തണൽ വേണ്ടിയിരിക്കുന്നു. നിറം പൂശിയ നഗര ജീവിതത്തിന്റെ മറുപുറമാണ് കോളനിയിലെ ജീവിതങ്ങൾ.
നഗരങ്ങളിൽ ജീവിതം തേടിയെത്തുന്നവർ പലപ്പോഴും ചെന്നടിയുന്നത് ചേരികളിലാണ്. നഗര ജീവിതം മോഹിച്ചു വന്നവർ പലരും ചേരികളിൽ അടിഞ്ഞ ചരിത്രം നമുക്ക് പറയാനുണ്ട്. മയക്കു മരുന്നുകളും വില കുറഞ്ഞ ലൈംഗിക സൗഖ്യങ്ങളും തേടി നമുക്കിടയിൽ നിന്നും മിക്കവരും എത്തുന്നത് അവിടങ്ങളിലാണ്.
പലരും പരസ്യമായി പറയാൻ മടിക്കുന്ന ഒരുപാട് കഥകൾ കോളനികളിൽ നിത്യേന അരങ്ങേറുന്നു. മിക്ക കോളനികളും കുറ്റവാളികൾക്ക് കൃഷിയിടങ്ങളാണ്. ചേരികൾ എന്തുകൊണ്ട് അപ്രകാരമായി. പലപ്പോഴും അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന കറുത്ത കരങ്ങൾക്ക് ബലം പകരുന്നത് ചേരിയിടങ്ങളാണ്.
നാം ഇന്ന് കോളനികൾക്കോ ചേരികൾക്കോ രൂപം നൽകുമ്പോൾ ഒരു കാലത്ത് നമ്മുടെ നാട് വിദേശികളുടെ കോളനി ആയിരുന്നു എന്നതും മറക്കേണ്ട. പല വിദേശ രാഷ്ട്രങ്ങളും നമ്മെ മാറി മാറി അനുഭവിച്ചു. നമ്മുടെ മനസ്സിൽ നാമറിയാതെ രൂഢമൂലമായ ഒരു വികാരമാണ് അടിമത്വ ബോധം. അപ്രകാരം രൂപപ്പെട്ട അടിമത്ത ബോധത്തിന്റെ തണലിൽ ഇരുന്നു കൊണ്ടാണ് നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. നമ്മുടെ മിക്ക പ്രവർത്തികളിലും അടിമത്വത്തിന്റെ ചലം പുരട്ടിയ ഗന്ധമുണ്ട്. നമ്മുടെ മനസ്സ് അപ്രകാരം രൂപപ്പെട്ടിരിക്കുന്നു.
നമുക്ക് സ്വതന്ത്രമായി ചിന്തിക്കാൻ പോലും ഭയമാണ്. അത്തരത്തിലാണ് നമ്മുടെ മനോഘടന രൂപപ്പെട്ടിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസവും സാംസ്കാരിക ബോധവും ചുറ്റുപാടും നമ്മെ അവ്വിധമാക്കിയിരിക്കുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള പല കോളനികളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. അവിടെയൊക്കെ മൃഗങ്ങൾക്കൊപ്പം കഷ്ടത്തിൽ ജീവിക്കുന്നവരെ കണ്ടിട്ടുണ്ട്. അവരൊക്കെയും സ്വന്തം ചുറ്റുപാടുമായിണങ്ങി അതിൽ സുഖം കണ്ടെത്തുന്നവരാണ്. അടിമത്തം മണത്ത് അടിമത്വം വരച്ചിടുന്ന രേഖാ പടത്തിനുള്ളിൽ ജീവിതം അനുഭവിച്ച അവർക്ക് ഇന്നത് ശീലമായിരിക്കുന്നു. അവർക്ക് അതിൽ നിന്നും പുറത്തു വരാൻ പാഠ പുസ്തകങ്ങളിലെ വിദ്യാഭ്യാസമോ സർക്കാർ ഉദ്യോഗമോ പോരാതെ വരും. അതിലേയ്ക്ക് വേണ്ടത് രാഷ്ട്രീയ വിദ്യാഭ്യാസമാണ്. രാഷ്ട്രീയ അവബോധമാണ്.
അത്തരം രാഷ്ട്രീയ അവബോധം നൽകുന്ന വിദ്യാഭ്യാസമാണോ നമുക്കുള്ളത് എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ദിശാബോധമില്ലാതെ പാഠ പുസ്തകങ്ങൾക്കുള്ളിലും പള്ളിക്കൂടങ്ങളുടെ ചുവരുകൾക്കുള്ളിലും ഒതുങ്ങി ചിന്തയ്ക്ക് മാന്ദ്യം സംഭവിച്ചവരായി നാം മാറിയിരിക്കുന്നു.
കോളനി എന്ന ശബ്ദം പോലും നമ്മെ വേദനിപ്പിക്കുന്നു. ആ ശബ്ദം കേട്ട് വേദനിച്ചവരിൽ ഒരു പ്രധാനി നമ്മുടെ മുൻ മന്ത്രി ശ്രീ.രാധാകൃഷ്ണനാണ്. കോളനി എന്ന ശബ്ദം കൊണ്ട് ഒരു വിഭാഗം ജനതയെ അഭിസംബോധന ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചത് സ്വാഗതാർഹമാണ്.
അപ്പോഴും കോളനിയെന്നും ചേരിയെന്നുമുളള ശബ്ദം പുറപ്പെടുവിക്കുന്ന നാവിനെ മാത്രമേ നമുക്ക് ബന്ധിയ്ക്കാനാവുകയുള്ളൂ. ആ ശബ്ദത്തിനായി ചിന്തിക്കുകയും അതുൽപാദിപ്പിക്കാനാജ്ഞ നൽകുകയും ചെയ്യുന്ന മസ്തിഷ്കത്തെയും മനസ്സിനെയും നമുക്കൊന്നും ചെയ്യാനാവില്ല.
കോളനികളുടെ ഛേദിച്ച ഭൂപടം കാണണം. ശുദ്ധ വായുമില്ല, ശുദ്ധ ജലമില്ല, കഴിക്കാൻ നല്ല ഭക്ഷണമില്ല, പരിസര ശുചിത്വം തീരെയില്ല. എങ്ങും മാരക രോഗങ്ങൾ പരത്തുന്ന രോഗാണുക്കൾ.
ധരിക്കാൻ വസ്ത്രമില്ല. കേറിക്കിടക്കാൻ കെട്ടുറപ്പുള്ള ഒരു വീടില്ല. മല മൂത്ര വിസർജ്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ല. മല മൂത്ര വിസർജ്യങ്ങൾ ഉൾപ്പെടെ മാലിന്യങ്ങളുടെ നടുവിൽ മലർന്നു കിടന്നാൽ മാനത്തെ നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ പാകത്തിലുള്ള അടച്ചുറപ്പില്ലാത്ത മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ ഒരു ജന്മം.
ഇതിനുള്ളിൽ രൂപപ്പെടുന്ന ജീവിതങ്ങൾ. ഈ പ്രത്യേക ചുറ്റുപാടിലാണ് അവരുടെ മനസ്സും ശരീരവും ആകൃതിപ്പെടുന്നത്. ഇവിടെയാണ് നഷ്ടപ്പെട്ട മനസ്സുമായി കുറ്റവാളികൾ പിറക്കുന്നത്. അവർ സ്വയം പിറക്കുകയല്ല. അവരെ വിത്തിട്ട് ഉൽപാദിപ്പിക്കുകയാണ്. ആധുനിക കാലത്ത് അത്തരം ജന സമൂഹത്തെ ഉൽപാദിപ്പിക്കേണ്ടതുണ്ട്. ഒരു ചെറിയ കുത്തക വിഭാഗത്തിന്, തങ്ങൾക്കായി കുറ്റവാളികൾ ആവാനും മയക്കു മരുന്ന് വിൽക്കാനും കൂലിത്തല്ലുകാരാവാനും മരണം ഏറ്റു വാങ്ങാനും കൂലിക്കാർ വേണം.
ഇവരൊക്കെ അടിമകളാണ്. പലർക്കും വേണ്ടി ജീവിക്കുകയും ആയുധമെടുക്കുകയും ചെയ്യുന്ന അടിമകൾ. ഇവർ ഒരർത്ഥത്തിൽ യന്ത്ര ജീവികളാണ്. ജീവിക്കാൻ മറന്നു പോയവർ. അപ്രകാരം പറയാനുമാവില്ല. ഇവർ ജീവിതം മറന്നവർ അല്ല. ജീവിതം അറിയാതെ പോയവരാണ്. ജീവിതം എന്തെന്നറിഞ്ഞാൽ മാത്രമല്ലേ ജീവിക്കാൻ കഴിയുകയുള്ളൂ. ഇവർ അഴുക്കിന്റെ മാറാപ്പണിഞ്ഞ് ജീവിതം കാണാതെ ആരുടെയൊക്കെയോ നാവും ആയുധവും ആവുന്നവരാണ്.
ഇവരെ നമുക്കൊപ്പം കൈ പിടിച്ച് നടത്താനാകണം. ആയുധം വച്ചു കൊടുക്കുന്ന കൈകളിൽ പകരം കുറച്ചു മനസ്സും ബോധവും നൽകാൻ നമുക്കാവണം.
നമ്മുടെ നാട്ടിലെ ചേരി പ്രദേശങ്ങളിലെ ജീവിതത്തെയാണ് നാം പലപ്പോഴും കോളനി എന്ന് വിളിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും കോളനിയാക്കി ചൂഷണം ചെയ്യപ്പെട്ടിരുന്നു. ഒരർത്ഥത്തിൽ ഇന്ന് ലോകത്തുള്ള പല രാജ്യങ്ങളും ചില കുത്തക രാഷ്ട്രങ്ങളുടെ കോളനിയായി തുടരുകയാണ്.
ആയുധ കച്ചവടത്തിനും കള്ളക്കടത്തിനും, അനധികൃത വ്യാപാരത്തിനും ജാതിമത വർഗ്ഗത്തിന്റെ പേരിൽ പലരെയും അടിമകളാക്കി. താൻ അടിമയാണ് എന്ന് തിരിച്ചറിയാനുള്ള ബോധം കൂടി നമുക്ക് ലഭ്യമാവാതെ പോയി എന്നതാണ് ഏറെ ഖേദകരം.
യുദ്ധക്കൊതിയൻമാർക്കായി യുദ്ധം ചെയ്യാൻ രക്തവും വിയർപ്പും എന്തിനേറെ ശരീരവും മനസ്സും കൂടി നൽകാൻ അടിമകളെ സജ്ജരാക്കിയ ഒരു കാലമുണ്ടായിരുന്നു.
ചേരി പ്രദേശമെന്ന് പറയുമ്പോൾ അത് അസൗകര്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും രോഗ പീഡയുടെയുമാണ്. അവിടെ ജീവിച്ച് അഴുക്കു കുണ്ടിൽ ആകൃതിപ്പെട്ട അവർക്ക് വ്യക്തിഗതമായ മനസ്സില്ല. മൊത്തമായ ഒരു മനസ്സാണുള്ളത്. ചേരി പ്രദേശം അഥവാ കോളനി ആകമാനം ഒരു ജൈവോർജം പൊതിഞ്ഞു കിടക്കുന്നു. അതിനുള്ളിലെ ഓരോ വ്യക്തിക്കും പ്രത്യേക വ്യക്തിത്വങ്ങൾ ഇല്ല.
വേണ്ടത്ര ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കിയാൽ കൂടി അവർക്ക് ഈ പ്രത്യേക പ്രദേശം വിട്ടു പോകാനാവില്ല. ഈ പ്രദേശം അവരെ ശാരീരികമായും മാനസികമായും സാംസ്കാരികമായും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ചേരിയുടെ രൂപത്തിലും ഗന്ധത്തിലും ആണ് അവർ ആകൃതിപ്പെട്ടിരിക്കുന്നത്. ചേരികൾ അവിടെ ജീവിക്കുന്നവരുടെ വിയർപ്പും ശരീരവും മനസ്സും ഏറ്റു വാങ്ങി പ്രാകൃത കാലത്തിന്റെ ബിംബമായി നഗരങ്ങളെ പല്ലിളിച്ചു കാട്ടുന്നു. ചേരികൾ ഒരർത്ഥത്തിൽ ആധുനിക നഗര ജീവിതങ്ങളുടെ കാണപ്പെടാത്ത മുഖമാണ്. അവരുടെ മനസ്സിൻറെ വികൃതമാക്കപ്പെട്ട ഭാവമാണ്.
മറ്റൊരു സംസ്കാരത്തിലേക്ക് അവരെ പറിച്ചു നടുക ക്ലേശകരമാണ്. അങ്ങനെ വേണമെങ്കിൽ അവർക്ക് പ്രത്യേകം വിദ്യാഭ്യാസവും സാംസ്കാരിക അവബോധവും നൽകേണ്ടതുണ്ട്.
പറയാനിരുന്നാൽ കുറവുകളെയുള്ളൂ. ഈ ആധുനിക കാലത്ത് ഇല്ലായ്മകളിൽ മാത്രം ജീവിക്കുന്ന ഒരു വലിയൊരു സമൂഹം. അടിസ്ഥാന സൗകര്യം തീരെയില്ല. ആരോഗ്യ ബോധം മനസ്സുകളിൽ സൂക്ഷിക്കാൻ കൂടിയാവാത്ത വിധം ശുചിത്വ കുറവ്.
അഭയം തേടി ചേരികളിലേക്ക് ജനം ഒഴുകി എത്തുകയാണ്. ചേരി നിവാസികളുടെ സംഖ്യ ഉത്തരോത്തരം പെരുകുന്നു. ഒപ്പം ശുചിത്വ കുറവും അനാരോഗ്യ പ്രശ്നങ്ങളും വർദ്ധിക്കുന്നു. അങ്ങനെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുന്നു. നഗരത്തിന്റെ വലിപ്പം അനുസരിച്ച് അത്തരം സങ്കീർണ്ണതകളും വർദ്ധിച്ചു കൊണ്ടേയിരിക്കും.
കോളനി എന്ന ശബ്ദത്തിന് പുത്തൻ വ്യാഖ്യാനങ്ങൾ നൽകി കൊണ്ടേയിരിക്കുന്നു. നഗര ശരീരത്തിൻറെ ശാരീരികവും മാനസികവുമായ അഴുക്കുകൾ അടിയുന്നിടമാണ് ചേരി പ്രദേശമെന്ന് ഈ ആധുനിക കാലത്ത് നമുക്ക് പറയേണ്ടി വരുന്നു.
ചേരികളിൽ ജനം ശാരീരികമായ ബുദ്ധിമുട്ടുകൾ മാത്രമല്ല മാനസികമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. മാനസിക പിരിമുറക്കം, മനോ:സംഘർഷം, ഉത്കണ്ഠ, വിഷാദം, ചിത്ത വിഭ്രാന്തി, തുടങ്ങി അനവധി മാനസിക പ്രശ്നങ്ങളുമായാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ചേരിയുടെ വലിപ്പവും തെരക്കും ജനപ്പെരുപ്പവും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
ആഗോള വ്യാപകമായി നഗരങ്ങളുടെ നില നിൽപ്പിൽ ശാരീരികവും മാനസികവുമായി ചേരികൾക്ക് വലിയ പങ്കുണ്ട്. എന്നാൽ അത് സമ്മതിച്ചു നൽകാൻ നഗരയിടങ്ങളിൽ പാർക്കുന്നവരും ഭരണ കൂടവും തയ്യാറല്ല.
ചേരി പ്രദേശങ്ങളിലെ ജനത അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഫലമായാണ് അവരെ മുഖ്യധാരയിൽ ഉള്ളവർക്ക് സ്വാധീനിക്കാനും ചൂഷണം ചെയ്യാനും കഴിയുന്നത്. പലപ്പോഴും അവർ അക്രമാസക്തരാവുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തൽപരരാവുകയും ചിന്തയ്ക്കിടം നൽകാതെ ആയുധങ്ങൾക്കാഹാരമാവുകയും ചെയ്യുന്നത് അവർ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘർഷങ്ങളുടെ അനന്തരഫലമായാണ്. ഇത് നമ്മുടെ നാടിൻറെ മാത്രം ശാപമല്ല. ആഗോള വ്യാപകമായി ഇത്തരം ദുരന്തങ്ങൾ വായിച്ചറിയാവുന്നതാണ്.
ഇതൊരു വൈകല്യമാണ്. ഒരാളെ എല്ലാ തരത്തിലും സ്വാധീനിക്കുന്ന അവനിലെ ജൈവ പരവും മാനസികവും ബുദ്ധിപരവുമായ ഒരു തകരാറ്. തന്മൂലം മുഖ്യ ധാരയിൽ ഉള്ള വ്യക്തികളിൽ നിന്നും വ്യത്യസ്തമായ പെരുമാറ്റ ശീലങ്ങളോടെ അവർ പൊതു സമൂഹത്തെ പ്രാപിക്കാൻ ശീലിക്കുന്നു.
ചേരികൾ വീടില്ലാത്തവരുടെയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവരുടെയും സ്വപ്നം വിളയുന്ന ഒരാകൃതിയാണ്. വിദ്യാഭ്യാസം ഇല്ലായ്മ, തൊഴിലില്ലായ്മ, നിരക്ഷരത, കുറ്റ കൃത്യങ്ങൾ ചെയ്യാനുള്ള വാസന, സാമൂഹ്യ ബോധമില്ലായ്മ, സദാചാര ബോധത്തിൻ്റെ കുറവ്, രോഗാതുരത, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനസികാരോഗ്യം, എന്നിങ്ങനെ ഒരു വ്യക്തിക്ക് അതായി ജീവിക്കാനും വേണ്ട സകലമാന ഘടകങ്ങളും നഷ്ടപ്പെട്ടവരുടെ ഒരു ആവാസ കേന്ദ്രമായി ചേരികൾ രൂപപ്പെട്ട് കൊണ്ടിരിക്കുകയാണ്.
അവർക്ക് ഭൗതികമായ കൂടുതൽ സൗകര്യങ്ങൾ നൽകി മുഖ്യധാരയ്ക്കൊപ്പം കൊണ്ടു വന്നാൽ ജീവിതത്തിൻറെ പുത്തൻ തലങ്ങൾ കണ്ടെത്തി സ്വാസ്ഥ്യം തേടും എന്ന് കരുതുന്നുവെങ്കിൽ തെറ്റി. അതൊരു സംസ്കാരമാണ്. അവരുടെ മനോ:നിലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പുതു ലോകത്തെ ജീവിത മത്സരങ്ങളിൽ അവർ നില നിൽക്കണമെങ്കിൽ അതിലേക്ക് വേണ്ട പ്രത്യേക മാനസിക പരിശീലനം നൽകേണ്ടി വരും.
ഒരു ചേരി പ്രദേശത്ത് കുത്തിപ്പൊക്കിയ നാല് ചുവരിനുള്ളിൽ ഒരു കുടുംബത്തിലുള്ള രണ്ടോ അതിലേറെയോ തലമുറയിൽപ്പെട്ട എട്ടോ പത്തോ അംഗങ്ങളാവും ഉണ്ടുറങ്ങാൻ കിടക്കുക. ഭക്ഷണം പാകം ചെയ്യുന്നതും വസ്ത്രം മാറുന്നതും അതിനുള്ളിലായിരിക്കും.
അത്തരമിടങ്ങളിൽ ആകൃതിപ്പെട്ട് സ്വകാര്യത നഷ്ടപ്പെട്ട ജൈവ രൂപങ്ങളാണവർ. സ്വകാര്യത നഷ്ടപ്പെട്ട് ജീവിക്കുന്നവർക്കിടയിൽ ഉണ്ടാവുന്ന മാനസിക തകരാറുകൾ അവരെ പ്രത്യേകം മനുഷ്യരായി ചേരിയുടെ സന്തതികളായി വളരാനിടയാക്കുന്നു. അതിനാൽ ഭക്ഷണത്തിനും നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ മാതൃകകൾക്കും ഭൗതിക സാഹചര്യങ്ങൾക്കും ഇവരെ മുഖ്യധാരയിലേക്ക് നടത്താനാവില്ല.
ഈ ഒരു സമൂഹം ഭരണകൂടങ്ങളാലും അവഗണിക്കപ്പെട്ടവരായി തുടരുന്നു. ഇവരാരും സർക്കാരുകളിൽ പെടുന്നവരല്ല. പലർക്കും വോട്ടവകാശം കൂടി ഉണ്ടാവില്ല. ജനിച്ചു വളർന്ന സ്വന്തം രാഷ്ട്രത്തിൽ പൗരത്വം കൂടി ഇല്ലാതെ കഴിയുന്ന ഒരു കൂട്ടർ. അനധികൃത കൂടിയേറ്റക്കാർ എന്ന് നമുക്കിവരെ വിളിക്കാം. കൈവശം ഭരണകൂടങ്ങൾ നൽകുന്ന മതിയായ യാതൊരു ഔദ്യോഗിക രേഖകളുമില്ലാത്ത ചേരിയിലെ ഈ ജൈവ രൂപങ്ങളെ അനധികൃത കുടിയേറ്റക്കാർ എന്ന് വിളിച്ചാൽ അവർ തീർച്ചയായും പ്രതികരിക്കില്ല. ഒരു പക്ഷേ അതിനും കൂടി അവർക്ക് അറിവില്ലായിരിയ്ക്കാം.
രാഷ്ട്രത്തിന്റേതായ നിയമ വ്യവസ്ഥകൾ എന്തെന്നറിയാതെ അത് ലംഘിച്ച് തലമുറകളായി ചേരിയുടെ ഗന്ധം പുതച്ച് കഴിയുന്ന മനുഷ്യർ. അവരുടെ അപ്പനപ്പൂപ്പൻമാർ ജനിച്ചു വളർന്ന ഈ മണ്ണിൽ അവർ ഇപ്പോഴും അന്യരാണ്.
മറ്റൊരാൾക്ക് വേണ്ടി ആയുധമെടുക്കാനും ജീവനൊടുക്കാനും മയക്കു മരുന്ന് തുടങ്ങിയ അനധികൃത വ്യാപാരങ്ങളിലേർപ്പെട്ട് കുറ്റവാളികളാവാനുമുള്ള വാസന ചേരി അവരിൽ അടിച്ചേൽപ്പിച്ചതാണ്.
വികസ്വര രാഷ്ട്രങ്ങളിലാണ് വികസിത രാഷ്ട്രങ്ങളെക്കാൾ ചേരികളും ചേരി നിവാസികളും. അത് ഉത്തരോത്തരം നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ചേരി നിവാസികളെ അതായി തുടരാൻ പരോക്ഷമായെങ്കിലും പ്രേരിപ്പിക്കുകയല്ലാതെ അവരെ കൈ പിടിച്ച് പുത്തൻ സാമൂഹ്യ സാമ്പത്തിക ആരോഗ്യ ക്രമങ്ങളിലേക്ക് നടത്താൻ നാം എത്ര കണ്ട് ശ്രമിക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ആധുനിക കാലം, പരിഷ്കൃത ലോകം, എന്നൊക്കെ പറയുന്നിടത്ത് സ്വന്തം സഹോദരങ്ങളായ ഒരു കൂട്ടം മനുഷ്യർ നിരന്തരം മാനസികമായും ശാരീരികമായും പീഡകളനുഭവിക്കുന്നത് കണ്ടു നിൽക്കുന്നത് ആശാസ്യകരമല്ല.
ലോകത്തുള്ള മഹാ ചേരികളിൽ ഒന്നാണ് മുംബെയ് മഹാനഗരിയുടെ ഹൃദയ ഭാഗത്തുള്ള ധാരാവി. ലോകത്തുള്ള തിരക്കേറിയ മഹാ നഗരങ്ങളിൽ ഒന്നാണ് മുംബെയ് നഗരം. മുംബൈയ് നഗരത്തിലെ ജനവാസ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ധാരാവി കാണുക തന്നെ വേണം.
വർഷങ്ങൾക്കു മുമ്പ് ഞാൻ ഭാര്യ മീരയ്ക്കൊപ്പം അവിടം സന്ദർശിക്കാനിടയായി. മീരയുടെ വിദ്യാഭ്യാസ ആവശ്യത്തിലേക്ക് ഒരു മെഡിക്കൽ പ്രോജക്റ്റുമായി ബന്ധപ്പെട്ടാണ് അവിടെയെത്തിയത്. പുറത്തു നിന്നും ഒരാൾക്ക് സ്വതന്ത്രമായി അകത്ത് കടക്കാനും ചേരി സന്ദർശിക്കാനും വളരെ പ്രയാസമാണ്. പോലീസിനെ പോലും അവിടെ കടക്കാൻ അനുവദിക്കില്ല. അങ്ങനെ ബുദ്ധിമുട്ടുമ്പോഴാണ് അതിനുള്ളിലേയ്ക്കുള്ള വാതിൽ ഞങ്ങൾക്ക് തുറന്നു കിട്ടിയത്. ചേരിയുടെ ഒരു പഴയ നേതാവ് കൂടിയായ ഒരു മലയാളിയാണ് (വേലു) ഞങ്ങളെ അതിന് സഹായിച്ചത്. അവിടെ ധാരാളം മലയാളികളെയും തമിഴരെയും കാണാനായി. തുകൽ വ്യവസായം, പാത്ര നിർമ്മിതി, ടെക്റ്റെൽസ്, തുടങ്ങി വിവിധ തരം ചെറുകിട തൊഴിൽ സംരംഭങ്ങൾ ധാരാവിയ്ക്കുള്ളിൽ നടക്കുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാനായി.
ധാരാവിക്ക് 2.39 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. അതായത് 590 ഏക്കർ വിസ്തൃതി. ആകെ ജനസംഖ്യ 10 ലക്ഷം (10,00,000) വരും.
2019ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെയുള്ള ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജനസംഖ്യ 65 ദശലക്ഷം ആണ്. ചേരി നിവാസികളുടെ മനോഘടന അവർക്ക് മാത്രമുള്ളതാണ്. അവരെ അവിടെ നിന്നും മോചിപ്പിക്കണമെങ്കിൽ അവർക്ക് ഒരു പുത്തൻ മനോഘടന രൂപപ്പെടുത്തേണ്ടി വരും.
ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ചേരി പ്രദേശത്ത് താമസിക്കുന്നത് ആഫ്രിക്കൻ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലാണ്. ഇന്ത്യക്ക് അക്കാര്യത്തിൽ അൻപത്തി ഏഴാമത് സ്ഥാനമുഉള്ളത്.
ലോകത്ത് ആകമാനം ഏകദേശം 1.1 ബില്ല്യൺ അതായത് നൂറ്റിപ്പത്ത് കോടി (110,00,00,000) ജനം ചേരി പ്രദേശങ്ങളിൽ കഴിയുന്നവരായുണ്ട്. അടുത്ത 30 വർഷങ്ങളിൽ അത് രണ്ട് ബില്യൺ (200 കോടി) ആയി വർദ്ധിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.