24/11/2023
തലയിൽ തേക്കുന്ന എണ്ണയെ കുറിച്ച് പറയുമ്പോൾ,
മുടിയുടെ ആരോഗ്യത്തെ പറ്റിയും കൂടി,
പരാമർശിക്കാതെ വയ്യ..
കാരണം..
മുടി വളരുക എന്ന ഒറ്റ ലക്ഷ്യത്തെ മുൻനിർത്തിയാണല്ലോ എണ്ണകളുടെ സകല ദുരുപയോഗവും ഉണ്ടാകുന്നത്..!
ശരീരം മുഴുവൻ വേദനയും നീർക്കെട്ടും ആയി കഷ്ടപ്പെടുന്ന ഒരു അമ്മ കഴിഞ്ഞ ആഴ്ച പറഞ്ഞത്,
"വേദന കൂടിയാലും കുഴപ്പമില്ല..
തലയിലെ മുടി ഇനിയും കൊഴിഞ് കാണാൻ വയ്യ..
അതോണ്ട് എണ്ണ തേക്കൽ
നിർത്താൻ മാത്രം പറയരുത്"
എന്നാണ്..!
മുടി കൊഴിച്ചിൽ എന്ന സങ്കീർണമായ പ്രശ്നത്തെ
ശരിയായി മനസ്സിലാക്കാതിരിക്കുകയും,
ഏതു മുടികൊഴിച്ചിലിനും
മുടി വളരാനുള്ള ഒരു എണ്ണ മതി എന്ന പൊതുബോധത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതിന് ഫലമായിട്ടാണ്,
നമ്മുടെ നാട്ടിലെ hair oil വിപണി സജീവമാകുന്നത്..!
മുടിക്കുള്ള "നല്ല ഒരു എണ്ണയ്ക്ക്" വേണ്ടിയുള്ള യൂട്യൂബ് അന്വേഷണങ്ങൾ ഉണ്ടാകുന്നത്..!
പരിചയമുള്ള പാവം ആയുർവേദ ഡോക്ടർമാരെ,
ബസ്റ്റോപ്പിൽ വരെ തടഞ്ഞുനിർത്തി,
മുടി വളരാനുള്ള എണ്ണ ചോദിച്ചു വാങ്ങേണ്ടി വരുന്നത്..!
കറ്റാർവാഴയും കഞ്ഞുണ്ണിയും മൈലാഞ്ചിയും ചെമ്പരത്തിയും ഉൾപ്പെടെ ധാരാളം ആയുർവേദ ഔഷധങ്ങൾ മുടി വളരാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല..
പക്ഷേ മുടികൊഴിച്ചിലിന്റെ കാര്യകാരണങ്ങൾ അറിയാതെ,
എല്ലാവർക്കും ഈ എണ്ണ തേച്ചാൽ
മുടി വളരും എന്ന സമീകരണത്തിലേക്ക് എത്തുമ്പോഴാണ് കാര്യങ്ങൾ ഗുരുതരമാകുന്നത്..
എന്തുകൊണ്ടാണ് ശരിക്കും മുടി കൊഴിയുന്നത് എന്ന ഒരു തിരിച്ചറിവുണ്ടായാൽ,
എണ്ണക്ക് പുറകെയുള്ള ഓട്ടം ഒരു പരിധിയെങ്കിലും ഒഴിവാക്കാം എന്ന് തോന്നുന്നു..
നമ്മുടെ നാട്ടിൽ,
സ്ത്രീകളുടെ മുടികൊഴിച്ചിലിന്റെ പ്രധാന കാരണം ഹോർമോൺ വ്യതിയാനങ്ങളാണ്..
എടുത്ത് പറഞ്ഞാൽ തൈറോയ്ഡ് ഹോർമോൺ കൂടുന്നതും കുറയുന്നതുമായ, വ്യതിയാനങ്ങൾ..
ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്..
എന്നിവ മിക്കവാറും ആളുകൾക്ക് മുടികൊഴിച്ചിൽ ഉണ്ടാക്കാറുണ്ട്..
ഹോർമോൺ നില ബാലൻസ് ചെയ്യുന്നതോടെ ഇത്തരം മുടി കൊഴിച്ചിലുകളും ഇല്ലാതാക്കാനാവും..
മറ്റൊരു പ്രധാനപ്പെട്ട കാരണം പോഷകാഹാര പ്രശ്നമാണ്..
മുടി വളർച്ചയ്ക്ക് അത്യാവശ്യമായ പ്രോട്ടീനുകൾ,കാൽസ്യം ഇരുമ്പ്, സിങ്ക്, ബയോട്ടിൻ,
വൈറ്റമിനുകളുടെ കുറവ് എന്നിവയൊക്കെ മുടികൊഴിച്ചിൽ കൂട്ടും..
വൈറ്റമിൻ ഡി കുറയുമ്പോഴും മുടികൊഴിച്ചിൽ കാണാം..
സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും ഭക്ഷണത്തിൽ പോഷക ആഹാരങ്ങൾ ഉൾപ്പെടുത്താതിരിക്കുയും ചെയ്യുന്നത് തന്നെയാണ് ഇതിൻറെ കാരണം..
പിത്ത പ്രധാന പ്രകൃതിയുള്ള ചൂടുള്ള ശാരീരിക പ്രകൃതിക്കാർക്ക്,
എരിവും പുളിയും ധാരാളമായി കഴിക്കുന്നത് കൊണ്ട് മുടികൊഴിച്ചിൽ അധികമാവുന്നത് കണ്ടിട്ടുണ്ട്..
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപത്ഥ്യങ്ങൾ ഒഴിവാക്കി,
പോഷകാഹാരങ്ങൾ കഴിക്കുകയും,
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന
ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള
ആയുർവേദ ഔഷധങ്ങളും കൂടി
കഴിക്കുന്നതോടെ,
മുടി വളർച്ച മെച്ചപ്പെട്ടു വരും..
നീർക്കെട്ടോ മറ്റോ ഇല്ലാത്തപക്ഷം
മുടി വളരാനുള്ള എണ്ണകളും ഒരേ സമയം ഉപയോഗിക്കാം..
മുടിയുടെ ആരോഗ്യത്തിന് പൊതുവെ കാൽസ്യം അത്യാവശ്യമാണ്..
അതിനായി ആയുർവേദം നിർദ്ദേശിക്കുന്നത്
എള്ളിന്റെ ഉപയോഗമാണ്..
എല്ലാദിവസവും വറുത്തുവെച്ച ഒരു ടീസ്പൂൺ കറുത്ത എള്ള്
ചവച്ച് കഴിക്കുകയും,
അര ഗ്ലാസ് വെള്ളം മേലെ കുടിക്കുകയും ചെയ്യുന്ന രീതി വളരെ ഫലപ്രദമാണ്..
തില രസായനം എന്നൊരു പേരുകൂടി ഇതിന് ഉണ്ട്..
Phyto eosrogen പ്രകൃതിദത്തമായി എളളിൽ അടങ്ങിയിട്ടുള്ളതിനാൽ മുടി വളർച്ചയെ ത്വരിതപ്പെടുത്തും..
രക്തക്കുറവുള്ളവർക്ക് ഒരു പൊട്ട് ശർക്കര കൂടി മേമ്പൊടിയായി കഴിക്കാം.
രക്തക്കുറവുള്ളവർ,
ചീര മുരിങ്ങ ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾക്ക് ഒപ്പം,
ദിവസേന ഒന്നോ രണ്ടോ നെല്ലിക്കയും ഈത്തപ്പഴവും കഴിക്കുന്നത് നല്ലതാണ്..
മുടി വളർച്ചയ്ക്ക് പ്രോട്ടീനുകൾ അത്യാവശ്യമാണ് എന്നതുകൊണ്ട് ആഴ്ചയിൽ മിക്ക ദിവസവും ചെറുപയർ കടല, സോയാബീൻ മത്സ്യമാംസാദികൾ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കണം..
മാനസിക സമ്മർദ്ദം ഉള്ളവർക്കും മുടികൊഴിച്ചിൽ സാധാരണയായി കാണാറുണ്ട്..
അതിന് കൃത്യമായ കൗൺസിലിംഗും യോഗയും ആയുർവേദ ഔഷധങ്ങളും കൂടി ചേരുമ്പോൾ
വളരെ മികച്ച ഫലം കാണാറുണ്ട്..
മറ്റൊരു പ്രധാന കാരണം തലയോട്ടിയിൽ ഉണ്ടാകുന്ന താരൻ തുടങ്ങിയ പ്രശ്നങ്ങളാണ്..
അതിന് സ്വന്തം നിലയ്ക്ക് ഏതെങ്കിലും എണ്ണ വാങ്ങി തേക്കാതെ,
ഡോക്ടറെ തന്നെ കണ്ട് ഉചിതമായ എണ്ണകൾ തെരഞ്ഞെടുത്ത് ഉപയോഗിക്കാം..
വാഷ് ചെയ്യാനുള്ള ആയുർവേദ ഷാമ്പുകളും ഇപ്പോൾ ധാരാളം ഉണ്ട്..
ആവശ്യമെങ്കിൽ താരന് അകത്തേക്കും മരുന്നു കഴിക്കേണ്ടതായി വരും..
ത്വക്കിൻ്റെ അനാരോഗ്യം തന്നെയാണ് അവിടെ പ്രധാന വില്ലൻ എന്നതുകൊണ്ട്
വൈദ്യ നിർദ്ദേശം അനിവാര്യമാണ്..
സ്ത്രീകൾക്ക് മാത്രമല്ല ചെറിയ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് പോലും മുടികൊഴിച്ചിൽ ഇപ്പോൾ സാധാരണമാണ്..
കുളിക്കുന്ന വെള്ളത്തിലെ മാറ്റം,
തെറ്റായ ഭക്ഷണശീലങ്ങൾ മാനസിക സമ്മർദ്ദം,
ഉറക്കക്കുറവ് എന്നിവയൊക്കെ സാധാരണ കാരണങ്ങളാണ്..
ചിലരിൽ ഒരു പടി കൂടി കടന്നു പാരമ്പര്യ ഘടകം ശക്തമായിട്ട് കാണാം..
നെറ്റ് അതിവേഗം കയറി വരികയും കഷണ്ടിയിലേക്ക് പരിണമിക്കുകയും ചെയ്യുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്..
തുടക്കത്തിലെ ഔഷധങ്ങൾ കഴിച്ച് പരമാവധി ശ്രമിച്ചില്ലെങ്കിൽ
പലപ്പോഴും അത് കഷണ്ടിയിൽ തന്നെ എത്തി കാണാറുണ്ട്..
മുടി അവിടെയും ഇവിടെയുമായി വട്ടത്തിൽ കൊഴിഞ്ഞുപോകുന്ന
ആയുർവേദത്തിൽ
ഇന്ദ്രലുപ്‌തം എന്ന് വിളിക്കുന്ന അലോപ്പേഷ്യ രോഗം,
ഏറ്റവും മികച്ച രീതിയിൽ
പുറമെക്കും
അകത്തേക്ക് ഉള്ള ഔഷധങ്ങൾ കൊണ്ടും ആയുർവേദ രീതിയിൽ മാറ്റിയെടുക്കാനാവും..
പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ..
മുടികൊഴിച്ചതിന്റെ കാര്യകാരണങ്ങളെ ഗൗരവമായി പരിഗണിക്കാതെ ഏതെങ്കിലും എണ്ണ ആരെങ്കിലും പറഞ്ഞ് ഉപയോഗിച്ചാൽ,
അതിന്റെ ഫലം മിക്കവാറും ഒരു ലോട്ടറി എടുക്കുന്ന പോലെയാകും.
ശരിയായാൽ ശരിയായി എന്നെ പറയാൻ പറ്റൂ..,!
പൊതുവേ ആളുകൾക്ക്
പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്ക് എണ്ണയോടുള്ള ഇഷ്ടം
ഒട്ടൊക്കെ വൈകാരികം കൂടിയാണ്..
അതിൽ തെറ്റൊന്നും തന്നെ ഇല്ല..
പക്ഷേ,
എണ്ണ തിരഞ്ഞെടുക്കുന്നത് മുതൽ എന്തൊക്കെ ഔഷധം കഴിക്കണമെന്ന് തീരുമാനിക്കുന്നത് വരെ കൃത്യമായും ഒരു ഡോക്ടറുടെ നിർദ്ദേശത്തോടെ ആയിരിക്കണം എന്ന് മാത്രം..
ആരെങ്കിലും ഒരു എണ്ണ എനിക്ക് പറഞ്ഞു തരുമോ എന്ന ചോദ്യം നിർത്തി,
മുടികൊഴിച്ചിൽ ഒരു ശാരീരിക ആരോഗ്യപ്രശ്നമായി തന്നെ കണ്ട്
ഡോക്ടറെ കൺസൾട്ട് ചെയ്യണം..
ഡോക്ടർക്ക് കൊടുക്കുന്ന ആ കാശ് പോട്ടെന്നു വയ്ക്കണം..
അതിലധികമുള്ള ലാഭം തീർച്ചയായും മുടിക്കും സ്വന്തം ആരോഗ്യത്തിനും ഉണ്ടാകുമെന്ന് എന്തായാലും ഉറപ്പാണ്..
മുടി വേറിട്ട ഒരു വസ്തുവല്ല..
അത് നമ്മുടെ ശരീരത്തിന്റെ തന്നെ ഭാഗമാണ്..
ശരീരം നല്ലതായിരിക്കുമ്പോൾ മുടിയും നന്നായി വളരും..
അതിന് മുടിയും തടിയും ഒന്നായി സമഗ്രമായി കാണുന്ന ഒരു കാഴ്ചപ്പാട് ഇനിയെങ്കിലും
ഉണ്ടാകണം എന്ന് മാത്രം..
ഏതെങ്കിലും എണ്ണയിൽ മാത്രം തളക്കേണ്ടതില്ല മുടിയുടെ ആരോഗ്യത്തെ..
Dr Shabu Pattambi( കടപ്പാട്)