19/07/2021
•കര്‍ക്കടകത്തിലെ ചികിത്സാക്രമങ്ങള്‍
കേരളത്തിലെ കാലാവസ്ഥയുടെ ശ്രദ്ധേയമായ അംശം മഴക്കാലമാണ്. മഞ്ഞോ വേനലോ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ അത്ര തീവ്രമല്ല. മഴയാണ് ഇവിടെ ശക്തം. മഴ കുറഞ്ഞാൽ അതിന്റെ ആഘാതം പലതരത്തിലും നമ്മെ ബാധിക്കുന്നു. ഇടവപ്പാതി, തുലാവർഷം എന്നീ രണ്ട് മഴക്കാലങ്ങളുള്ളതിൽ പ്രബലമായത് ആദ്യത്തേതുതന്നെ. കൂടുതൽ മാസങ്ങൾ നീണ്ടുനിന്ന് എൺപതുശതമാനത്തിലധികം മഴതരുന്നത് കാലവർഷം എന്നുകൂടി പേരുള്ള ഇടവപ്പാതിയാണ്. ഏറെക്കുറെ കൃത്യസമയത്ത് ആരംഭിക്കുന്നതുകൊണ്ടാകാം കാലവർഷം എന്ന പേരുവീണത്.
ഇടവം പകുതിവെച്ച് തുടങ്ങുന്ന മഴയുടെ ശക്തി ഒന്ന് കുറഞ്ഞുനിൽക്കുന്ന മാസമാണ് കർക്കടകം. ഈ സമയത്ത് മഴ പലപ്പോഴും പ്രതീക്ഷിക്കുന്ന രീതിയിലല്ല വരുക. അതുകൊണ്ട് കള്ളക്കർക്കടകം എന്നും വിളിക്കുന്നു. കാർഷിക പ്രവർത്തനങ്ങളൊന്നും ഇക്കാരണത്താൽ വേണ്ടപോലെ നടക്കില്ല. കൃഷി സമൂഹത്തിന്റെ മുഖ്യസംസ്കാരമായിരുന്ന കാലത്ത് കർക്കടകം ജോലിയും കൂലിയും ഇല്ലാത്ത വേളയായിരുന്നു. അങ്ങനെ പഞ്ഞമാസം എന്ന ശകാരപ്പേരും ഈ മാസത്തിന് കിട്ടി.
•രോഗാതുരതയുടെ കാലം
രോഗാതുരതയുടെ കാലമാണ് മഴക്കാലം എന്നത് കുറേക്കാലമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുതയാണല്ലോ. ഒഴുകുന്നതും കെട്ടിക്കിടക്കുന്നതുമായ വെള്ളം, മാലിന്യം, രോഗാണുവാഹകരായ ജീവികളുടെ പെരുക്കം എന്നിവയെല്ലാം ചേർന്നാണ് രോഗങ്ങളെ സൃഷ്ടിക്കുന്നത്. മഴക്കാലമുണ്ടാക്കുന്ന ശരീരത്തിലെ കാലാവസ്ഥയും രോഗോത്പത്തിക്ക് അനുകൂലമാണ്. ബാഹ്യമായ അന്തരീക്ഷംപോലെത്തന്നെ പ്രധാനമാണ് ശരീരത്തിന്റെ ഉള്ളിലുള്ള അന്തരീക്ഷവും. രണ്ടും ഒത്തിണങ്ങിയാലേ ആരോഗ്യം അനുഭവപ്പെടുകയുള്ളൂ. രോഗങ്ങൾ എളുപ്പം ബാധിക്കാവുന്നതാക്കി ദേഹത്തെ മാറ്റുന്നുമുണ്ട് ഈ മഴക്കാലം.
ഈ സാഹചര്യത്തിലാണ് കർക്കടകചികിത്സ എന്ന ഒരു ആരോഗ്യ സംരക്ഷണരീതി കേരളത്തിലെ ആയുർവേദത്തിൽ ഉരുത്തിരിഞ്ഞുവന്നത്. ഇത് ഗ്രന്ഥനിഷ്ഠമായ ഒന്നല്ല, ഒരു നാട്ടുവഴക്കമായിട്ടാണ് അത് തുടർന്നുവന്നതും. ഓട്ടം കുറവുള്ള സമയം നോക്കിയല്ലേ വണ്ടികൾ സർവീസിങ്ങിന് കയറ്റുന്നത്. അതുപോലെ ജോലി കുറവുള്ള കാലത്ത് വിശ്രമത്തോടുകൂടി ശരീര രക്ഷ ചെയ്യൽ മാസമായി കർക്കടകം മാറി. കാർഷിക സംസ്കാരം മാറിമറിഞ്ഞെങ്കിലും ഈ കാലത്തെ ചികിത്സ തീരെ അപ്രസക്തമായി എന്ന് പറഞ്ഞുകൂടാ. രോഗാതുരതയുടെ ഈ മാസങ്ങളിൽ കഴിയുന്നത്ര ഒതുങ്ങിയ ജീവിതമാണ് നല്ലത്. യാത്രകളും പുറംഭക്ഷണവും ഒഴിവാക്കുക. എന്നാൽ ജോലിസംബന്ധമായും മറ്റും എല്ലാം ഒഴിവാക്കുക പ്രായോഗികമല്ലല്ലോ. എന്തായാലും ശരീരത്തെയും അതിന്റെ ആരോഗ്യത്തെയും ഗൗനിക്കാൻ ഒരുമാസം ഉണ്ടാകുന്നതുതന്നെ നല്ലത്.
•ത്രിദോഷങ്ങൾ
ശരീരത്തിന്റെ മുഖ്യഘടകങ്ങളായി ആയുർവേദം കാണുന്നത് വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളെയാണല്ലോ. കോശങ്ങളും കലകളും അവയവങ്ങളും ഉണ്ടെങ്കിലും അവയുടെ ഏകോപിതമായ പ്രവർത്തനത്തെ സൂചിപ്പിക്കാനും വിശദീകരിക്കാനുമാണ് ദോഷങ്ങൾ എന്ന ഘടകങ്ങളെ പരിഗണിക്കേണ്ടിവന്നത്. ഈ മൂന്ന് ദോഷങ്ങൾ ചലനം, പചനം, പോഷണം എന്നീ കർമങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവയുടെ പ്രവർത്തനത്തിലുള്ള കുറവും കൂടുതലും രോഗമായിത്തീരുന്നു. കാലാവസ്ഥയും ദോഷങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതനുസരിച്ച് വസന്തത്തിൽ കഫംകൊണ്ടുള്ള രോഗങ്ങൾ ഉണ്ടാകുന്നത് കാണാം. ശരത്കാലത്താണ് പിത്തരോഗങ്ങൾ. ഇതുപോലെ വാതംകൊണ്ടുള്ള രോഗങ്ങൾ ഉണ്ടാകുന്ന കാലമാണ് മഴക്കാലം. അതുകൊണ്ട് കർക്കടകത്തിലെ ചികിത്സ ഏറെയും വാതത്തെ പരിഹരിക്കാനുള്ളതാണ്..
Courtesy - Dr. K. Murali