
29/10/2021
പക്ഷാഘാതം,
തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തിൽ ഉണ്ടാകുന്ന തടസ്സം, തലച്ചോറിലെ രക്തധമനികൾ പൊട്ടുന്നതിൻ്റെ ഫലമായി സംഭവിക്കുന്ന രക്തസ്രാവം എന്നിവയുടെ ഫലമായിട്ടാണ് കൂടുതൽ പേരിലും പക്ഷാഘാതം സംഭവിക്കാറുള്ളത്. ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കുകയും ചെയ്യും.
തലച്ചോറിലെ ധമനികളിൽ രക്തം കട്ട പിടിക്കുന്നതും വായുകുമിളകൾ രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാക്കുന്നതും വേറെ കാരണങ്ങളാണ്.
മുകളിൽ പറഞ്ഞ കാരണങ്ങളുടെ ഫലമായി തലച്ചോറിന് ആവശ്യമായ അളവിൽ ഓക്സിജൻ കിട്ടാതെ വരുമ്പോൾ തലച്ചോറിലെ കുറേ കോശങ്ങൾ നശിച്ചു പോകാവുന്നതാണ്. അതിന്റെ ഫലമാണ് പക്ഷാഘാതം.
പക്ഷാഘാതം സംഭവിക്കുന്നതിൻ്റെ ഫലമായി രോഗികളിൽ ഒരു വശം തളർന്നു പോകുന്ന അവസ്ഥയുണ്ടാകും. തലച്ചോറിലെ കോശങ്ങളിൽ സംഭവിക്കുന്ന നാശത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് തളർച്ച താൽക്കാലികമോ സ്ഥിരമോ ആകുന്നതാണ്. ചിലരിൽ മരണത്തിനും ഇത് കാരണമാകാറുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന നിലയിലുള്ള കൊളസ്റ്ററോൾ, പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവ ഉള്ളവരിൽ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.
ഡോക്ടറുടെ നിർദേശപ്രകാരം ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ ശീലിക്കുകയും ഡോക്ടർ പറയുന്ന ഇടവേളകളിൽ പരിശോധനകൾ നടത്തുകയും ഡോക്ടർ മരുന്നുകൾ നിർദ്ദേശിക്കുന്ന അളവിൽ മരുന്നുകൾ കഴിക്കുകയും ചെയ്യുന്നതിലൂടെ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത പ്രതിരോധിക്കാൻ കഴിയുന്നതാണ്.