
24/09/2025
*കരുവാറ്റ കുടുംബാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലെയും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കരുവാറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം കടുവൻ കുളങ്ങര ജംഗ്ഷൻ സമീപം നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 885 ആരോഗ്യകേന്ദ്രങ്ങളിൽ 748 എണ്ണവും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. 2022 മുതൽ സൗജന്യ കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ, മജ്ജമാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ എന്നിവ സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
2023-24 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച രണ്ടുകോടി മുപ്പതു ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. 4400 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന കെട്ടിടത്തില്‍ പൊതുജനാരോഗ്യവിഭാഗം, ക്ലിനിക്കല്‍ വിഭാഗം, ഒ പി ബ്ലോക്ക്, ലബോറട്ടറി, ഫീഡിംഗ്, ഇമ്മ്യൂണൈസേഷന്‍, കുട്ടികളുടെ റസ്റ്റ് റൂം, ഡ്രസ്സിംഗ് മുറി, ഒബ്‌സര്‍വേഷന്‍ എന്നിവയ്ക്കുള്ള മുറികളും, ഫാര്‍മസി, ഓഫീസ്, രോഗികള്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യം തുടങ്ങിയ ഒരുക്കും.
ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സനിൽകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. റ്റി എസ് താഹ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. എം എം അനസ് അലി, ജില്ലാ പഞ്ചായത്തംഗം എ ശോഭ, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പൊന്നമ്മ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷാരായ ശ്രീലേഖ മനു, ടി മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗ്ഗീസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി പണിക്കർ, പഞ്ചായത്തംഗങ്ങളായ ബേബി നീതു, സുനിൽകുമാർ, സുസ്‌മിത, ഷാജി കരുവാറ്റ, പി ബി ബിജു, വി കെ നാഥൻ, കെ ആർ പുഷ്‌പ, എസ് അനിത, അനി ദത്തൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് സുരേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.