08/07/2025
നിപ - രോഗപ്രതിരോധവും നിയന്ത്രണവും
നിപ രോഗം ഒരു വൈറസ് രോഗമാണ്. ഇത് ഒരു ജന്തുജന്യരോഗമാണ്. വവ്വാലുകളും, പന്നികളുമാണ് നിപ വൈറസിൻ്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പകരുന്നു. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങളും, വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്നും കുത്തിയെടുത്ത സുഷുമ്നാസ്രവം എന്നിവയാണ് പരിശോധനക്കായി അയക്കുന്നത്.
രോഗലക്ഷണങ്ങൾ
പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ വിസർജ്ജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക
• നിലത്തുവീണു കിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുളളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്
• താഴെ വീണു കിടക്കുന്ന പഴങ്ങൾ കഴിക്കരുത്
• പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക
• വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽ നിന്നും ലഭിക്കുന്ന, തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്
• പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ വിസർജ്ജ്യം എന്നിവ കലരാത്ത രീതിയിൽ ഭക്ഷണപദാർത്ഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കുക
• തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക
• കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക
• കൈകൾ കൊണ്ട് ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക
• രോഗീപരിചരണത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക
• സംശയ നിവാരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന 04952373903 എന്ന നമ്പറിലേക്ക് വിളിക്കുക അല്ലെങ്കിൽ സംസ്ഥാനതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെല്പ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
നിലവിൽ കോഴിക്കോട് ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. സ്വയം ചികിത്സ പാടില്ല എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കോഴിക്കോട്, 7/7/25