27/10/2025
കുടങ്ങൽ, കൊടകൻ, കുടവൻ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന, നാട്ടിൽ വ്യാപകമായി കണ്ടു വരുന്ന മുത്തിൾ ഒരു ഔഷധ സസ്യമാണ്. ☘☘
ചർമ്മ രോഗ ചികിത്സക്കായുള്ള മരുന്നുകൾ മുതൽ ധാതു പുഷ്ടിക്കും യൗവ്വനം നിലനിർത്താനുള്ള മരുന്നുകൾ വരെ ഉണ്ടാക്കുവാൻ ആയുർവേദത്തിൽ മുത്തിൾ ഉപയോഗിക്കാറുണ്ട്..💪💪
ബ്രഹ്മിയുടെ ഒട്ടുമിക്ക സവിശേഷതകളും ഉള്ള ഈ ചെടി കരബ്രഹ്മി എന്ന പേരിലും അറിയപ്പെടാറുണ്ട്. ആയുർവേദത്തിൽ ബ്രഹ്മിയെക്കാൾ കൂടുതൽ പരാമർശിക്കപ്പെടുന്നത് മുത്തിളാണ്. 🥰🥰
ഇതിന്റെ ഇലയും തണ്ടും പഴയകാലം മുതൽക്കേ വെളളം തിളപ്പിച്ചും, മോരുകാച്ചിയും,ചമ്മന്തിയാക്കിയും,കിച്ചടിയാക്കിയും ആളുകൾ ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ ഒരിക്കലെങ്കിലും മുത്തിൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരുപാടു രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും, പ്രതിരോധശേഷി വർദ്ദിപ്പിക്കുന്നതിനും സഹായിക്കുന്നു.
തേങ്ങയും, മുത്തിൾ ഇലയും, ഇഞ്ചിയും, ഉള്ളിയും, കാന്താരി മുളകും, പച്ച കുരുമുളകും, ജാതിപത്രിയും, ഉപ്പും അമ്മിക്കല്ലിൽ അരച്ച് എടുക്കുന്ന മുത്തിൾ ചമ്മന്തി വളരെ നല്ലതാണ്. ഇതിൽ ആവശ്യത്തിന്റെ വെള്ളം ചേർത്ത് കടുകു പൊട്ടിച്ച് ചട്ണിയായും ഉപയോഗിക്കാം.☘🥰🥰
രസായനമായിട്ടാണ് ആയുർവേദത്തിൽ മുത്തിൾ വിശേഷിപ്പിക്കപ്പെടുന്നത്. നനവുള്ള പ്രദേശങ്ങളിൽ ഇത് വളരും. ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഉത്തമമായ ഔഷധമാണിത്. മണ്ഡൂകപർണി എന്ന് സംസ്കൃതഭാഷയിൽ അറിയപ്പെടുന്ന മുത്തിളിന് കുടങ്ങൽ, മണ്ഡകി എന്നൊക്കെ പര്യായങ്ങളുമുണ്ട്. എപ്പിയേസിയേ സസ്യകുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്ത്ര നാമം സെന്റല്ലാ ഏഷ്യാറ്റിക്കാ എന്നാണ്. മുത്തിൾ സമൂലം ഔഷധയോഗ്യമാണ്.
ആയുർവേദമുൾപ്പെടെ വിവിധ ചികിത്സാസമ്പ്രദായങ്ങളിൽ മുത്തിൾ ഉപയോഗിച്ചുവരുന്നു. പരമ്പരാഗതമായ ആഫ്രിക്കൻ ചികിത്സകളിലും ചൈനീസ് ചികിത്സകളിലും മുത്തിൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇൻഡൊനീഷ്യ, വിയറ്റ്നാം, തായ്ലാൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും വിവിധതരം ഭക്ഷണാവശ്യങ്ങൾക്കായി മുത്തിൾ ഉപയോഗിച്ചു വരുന്നു.