24/02/2024
പണ്ട് ഞാൻ BHMS കഴിഞ്ഞ് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു തുടങ്ങിയ സമയം എന്നെ കൺസൾട്ട് ചെയ്യാൻ ഒരു സ്ത്രീയെ കൊണ്ടുവന്നു, വയറുവേദനയായിരുന്നു പ്രശ്നം. കിഡ്ണി സ്റ്റോണിന് എൻ്റെ ചികിത്സയിലായിരുന്ന അവരുടെ സഹോദരനാണ് അവരെ എൻ്റടുത്തേക്കയച്ചത്. ഞാനവരെ പരിശോധിച്ചപ്പോൾ അവരുടെ കൈവിരുകളിലെ നഖങ്ങളിൽ ക്ലബ്ബിങ് എന്ന അവസ്ഥകണ്ടു. മലത്തോടൊപ്പം രക്തം പോകാറുണ്ടോ എന്നവരോടു ചോദിച്ചപ്പോൾ അതും ഇടക്കിടക്കുണ്ടാകാറുണ്ട് എന്ന് പറഞ്ഞു. അപ്പോൾ ഞാനുറപ്പിച്ചു, ഇതു ക്രോൺസ് ഡിസീസ് അല്ലെങ്കിൽ അൾസറേറ്റീവ് കൊളൈറ്റിസ് എന്നിവയിൽ ഏതെങ്കിലും ആകാം. പരിശോധിച്ചപ്പോൾ abdomen rebound tenderness കാണിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ശരീരം ആകെ തണുത്ത് പൾസ് വളരെ വീക്ക് ആയിരുന്നു. കുടലിൽ ദ്വാരം ഉണ്ടായിട്ടുണ്ടോ (perforation) എന്ന സംശയവും എനിക്കുണ്ടായി. Ulcerative colitis, Crohn's disease എന്നിവയിലൊക്കെ ഇതു സംഭവിക്കാറുണ്ട്. ഞാനുടനെ അവരെ ഒരു ഗ്യാസ്ട്രോ എന്ററോളജി സർജറി വിഭാഗമുള്ള ആശുപത്രിയിലേക്ക് റെഫർ ചെയ്തു. കുറച്ചു സമയം കഴിഞ്ഞ് അവരുടെ ഭർത്താവ് എന്നെ ഫോണിൽ വിളിച്ചു, എന്നിട്ട് ചോദിച്ചു, "ഒരു ക്ലീനിക്കിലെ ഡോക്ടറെ കാണിച്ചാൽ മതിയോ സാറേ?",ഞാനദ്ദേഹത്തോടു അതു പറ്റില്ല, ഉടൻ സർജറി ചെയ്യാൻ സൗകര്യവും സംവിധാനവുമുളള ആശുപത്രിയിൽ തന്നെ കാണിക്കണം, അതും ഇന്നുതന്നെ കാണിക്കണം എന്നുംപറഞ്ഞു. അപ്പോൾ അയാൾ, "അയൽക്കാരൻ പറഞ്ഞ ഒരു പച്ചമരുന്നുകാരനുണ്ട് അങ്ങോട്ട് കൊണ്ട് പോയ്ക്കോട്ടെ?". എങ്കിൽ തനിക്കെതിരെ ഞാൻ പരാതി കൊടുക്കും എന്ന് ഞാൻ പറഞ്ഞു. ഒടുവിൽ എൻ്റെ നിർബന്ധത്തിന് വഴങ്ങി അയാൾ ഞാൻ പറഞ്ഞ സ്ഥലത്തു പോവുകയും ഉടനെ അവരെ സർജറി ചെയ്യുകയും ചെയ്തു. കുടലിൽ ദ്വാരം ഉണ്ടായി Peritonitis എന്ന അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു അവർ. അധികം വൈകിയാൽ സെപ്റ്റിസീമിയ എന്നൊരാവസ്ഥയിലെത്തി അവർ മരിക്കുമായിരുന്നു. എന്തായാലും അവർ രക്ഷപ്പെട്ടു, അവരിന്നും ജീവിച്ചിരിപ്പുണ്ട്.
ഏതു ചികിത്സാരീതി ആയിരുന്നാലും അതിലെ അംഗീകൃത യോഗ്യതയുള്ള ഡോക്ടർമാർ ശരീര ശാസ്ത്രവും,, രോഗശാസ്ത്രവും, സർജറി വേണ്ട അസുഖങ്ങളെപറ്റിയും മറ്റും പഠിക്കുന്നുണ്ട്. ചില പ്രത്യേക രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വേണ്ട നടപടിയും എടുക്കും. അതായത്, ഉടൻ സർജറി വേണ്ട കേസുകൾ വന്നാൽ അതിന്റെ പ്രൊവിഷണൽ രോഗനിർണയം നടത്താനും വേണ്ട നടപടികൾ കൈകൊള്ളാനും ഒരു ക്വാളിഫൈഡ് ആയ ഡോക്ടർക്ക് സാധിക്കും. എന്നാൽ പച്ചമരുന്നുകാരനും തട്ടിപ്പ് കോഴ്സുകളൊക്കെ ചെയ്ത് ഒരു സുപ്രഭാതത്തിൽ "ഡോക്ടർ''എന്ന ബോർഡ് വച്ചിരിക്കുന്നവർ ഇത്തരം കെയ്സുകൾ ചികിത്സിച്ച് ആളെ കൊല്ലും (അതാണ് പത്ര വാർത്തയിലൂടെ നാം വായിക്കുന്നത് ). അപ്പോൾ ജനങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക, ചികിത്സാരീതി ഏതുമായികൊള്ളട്ടെ, അംഗീകൃത യോഗ്യതയുള്ള ഡോക്ടർമാരെ മാത്രം കാണിക്കുക, മാത്രമല്ല ഒരു സെക്കൻ്റ് ഒപ്പീനിയൻ എടുക്കാനും മടിക്കരുത്.
NB: പ്രസവിക്കേണ്ടവർ ഒരു ഗൈനക്കോളജിസ്റ്റിറ്റിൻ്റെ സേവനം ഉള്ളതും വേണ്ടിവന്നാൽ സിസേറിയൻ ചെയ്യാൻ സൗകര്യമുള്ളതുമായ ആശുപത്രിയിൽ മാത്രം പോകുക.
Dr മുഹമ്മദ് റഫീക്ക്
N. പറവൂർ