30/07/2025
എഴുത്ത് / Journaling........
***********************
ഒരു അംഗീകാരവും കിട്ടാത്ത എത്രയോ നല്ല എഴുത്തുകാർ ഫേസ്ബുക്കിലുണ്ട്. പേരുകേട്ട എഴുത്തുകാരേക്കാൾ ശക്തമായി എഴുതുന്നവർ.
എന്തിനായിരിക്കും അവർ അങ്ങനെ എഴുതുന്നത്?
അംഗീകാരത്തിനോ, എഴുത്തുകാരനായി പേരെടുക്കാനോ വേണ്ടി മാത്രമല്ലെന്നാണ് എന്റെ വാദം. എഴുത്ത് പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നവർ ഇല്ലെന്നല്ല. പക്ഷേ അവർ ന്യൂനപക്ഷമല്ലേ?
പണ്ടൊക്കെ മനുഷ്യർ ഡയറിയെഴുതുമായിരുന്നില്ലേ? ഇപ്പോൾ അതു മാറി ഈ രൂപത്തിൽ എത്തിയെന്നു മാത്രമാണ് ഞാൻ കരുതുന്നത്.
കാരണം, എഴുത്തുകൾക്ക് ഒരു മാന്ത്രികശക്തിയുണ്ട്. ഹൃദയത്തിൽ നിന്നെഴുതുന്ന വരികൾക്ക് മുറിവുണക്കാനുള്ള അപാരശക്തി തന്നെയുണ്ട്. ഓരോ എഴുത്തിലൂടെയും എഴുത്തുകാരൻ, അവൻ പോലുമറിയാതെ അവനെത്തന്നെ സ്വയം വെളിപ്പെടുത്തുന്നുണ്ട്. സ്വയം തിരിച്ചറിയുന്നുണ്ട്. ചിന്തകളെ മിനുക്കിയെടുക്കുന്നുണ്ട്. സങ്കടങ്ങൾ പുറത്തേക്കൊഴുക്കുന്നുണ്ട്. മാനസികസംഘർഷങ്ങൾ ഒഴുക്കിക്കളയാൻ ഏറെ സഹായിക്കുന്ന ഒരു മാർഗ്ഗമാണിത്.
നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം നമ്മുടെ കൈയിൽത്തന്നെയുണ്ട്.
ഒരു രോഗിയുടെ രോഗവിവരം വിശദമായി എഴുതുമ്പോൾത്തന്നെ അയാളുടെ രോഗത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ കാഴ്ചപ്പാട് മനസ്സിലേക്ക് കടന്നു വരുന്ന എത്രയോ അനുഭവങ്ങൾ എനിക്കു തന്നെയുണ്ട്.
എഴുതുമ്പോൾ കിട്ടുന്ന വ്യക്തത വെറുതെ ചിന്തിക്കുമ്പോൾ കിട്ടാറില്ല.
എന്നിരുന്നാലും നമ്മുടെ സ്വകാര്യതയെ ഹനിക്കാൻ സാധ്യതയുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശനത്തിന് വെക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പിന്നീട് അതു നമുക്കു ബാധ്യതയായേക്കും .
നമ്മൾ മറന്നാലും അതൊക്കെ ഓർത്തു വെച്ച് പിന്നീട് അതുവെച്ച് നമ്മളെ കുത്തി നോവിക്കാൻ കാത്തിരിക്കുന്ന മനുഷ്യരും ഇവിടെയുണ്ടെന്നത് മറക്കാതിരിക്കുക.
അങ്ങനെയുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഒരു കടലാസിൽ എഴുതുക. ആലങ്കാരികതകളില്ലാതെ, കാപട്യങ്ങളില്ലാതെ, ധൈര്യമായി എഴുതുക. എന്നിട്ട് കാറ്റത്തു പറത്തിക്കളയുക. അപ്പൂപ്പൻതാടി പോലെ അവ പറന്നകലട്ടെ. നമ്മുടെ ഭാരം കുറയട്ടെ..
Dr. Anu Sobha Jose
Psychiatrist