25/06/2021
*പ്രസവാനന്തര ശുശ്രൂഷ*
പൊതുവിൽ നമ്മുടെ നാട്ടിൽ ജനങ്ങൾ ആയുർവേദത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു വിഷയമാണ് പ്രസവാനന്തര ശുശ്രൂഷ. എന്നാൽ പലപ്പോഴും സ്വന്തം ഇഷ്ടം അനുസരിച്ചോ ചില പ്രാദേശിക 'പ്രസവാനന്തര ശുശ്രൂഷക്കാരുടെ' നിർദ്ദേശം അനുസരിച്ചോ ചില അരിഷ്ടങ്ങളും കഷായങ്ങളും തൈലങ്ങളും ഒക്കെ വാങ്ങി ഉപയോഗിക്കുക എന്നതിൽക്കവിഞ്ഞ് അത് എന്താണെന്നോ എന്തിനാണെന്നോ എപ്പോൾ എന്ത് ചെയ്യണം എന്നോ കൃത്യമായി അറിഞ്ഞിട്ടല്ല ആളുകൾ പ്രസവാനനാതര ശുശ്രൂഷകൾ ചെയ്തുവരുന്നത്. അതുകൊണ്ട് എന്ത് സംഭവിക്കും എന്നുവച്ചാൽ പലപ്പോഴും അതിന് പ്രയോജനം ലഭിക്കാതെ വരികയും ചെലവാക്കിയ പൈസ നഷ്ടമാകുകയും ചെയ്യും എന്ന് മാത്രമല്ല ചില സന്ദർഭങ്ങളിലെങ്കിലും സൂതികയ്ക്കോ (പ്രസവിച്ച സ്ത്രീ) കുഞ്ഞിനോ ചില ബുദ്ധിമുട്ടുകൾ വന്ന് അവരെയും എടുത്ത്കൊണ്ട് ആശുപത്രിയിലേക്ക് ഓടേണ്ട അവസ്ഥ വരുകയും ചെയ്യാറുണ്ട്. അവിടെ ചെല്ലുമ്പോഴോ..... കഥയറിയാത്ത അലോപ്പതി ഡോക്ടർമാർ ആയുർവേദത്തെ പഴി പറയുകയും ചെയ്യും. ഇത്തരം ചില അനുഭവങ്ങളുടെ കേട്ടറിവാണ് ഈ ലേഖനത്തിന് ആധാരം.
എന്താണ് വാസ്തവത്തിൽ പ്രസവരക്ഷ? എന്തിനാണത്? എപ്പോൾ എത്ര കാലം ചെയ്യണം? ഇക്കാര്യങ്ങൾ നമുക്ക് ചെറുതായി ഒന്ന് പരിശോധിക്കാം?
ആയുർവേദം, എല്ലാവർക്കും അറിയാവുന്നത് പോലെ ഒരു സമഗ്രമായ ജീവിത ശാസ്ത്രമാണ്. രോഗ ചികിത്സ എന്നതിനപ്പുറം രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകളും അതിലുപരി സാർത്ഥകമായ ഒരു ജീവിതം എങ്ങനെയാകണം എന്ന് പഠിപ്പിക്കുക കൂടി ചെയ്യുന്ന ഒരു ശാസ്ത്രമാണിത്. ആരോഗ്യത്തോടുകൂടി ഇരിക്കുക എന്നതാണല്ലോ ജീവിതത്തിൽ ഏറ്റവും പ്രധാനം? ആരോഗ്യം എന്നുവച്ചാൽ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം.
ഗർഭ- പ്രസവ- പ്രസവാനന്തര കാലം എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ സവിശേഷമായ ഒരു ഘട്ടമാണ്. ഈ കാലഘട്ടത്തിലുടനീളം സ്ത്രീയുടെ ആഹാരം, ശീലങ്ങൾ, മാനസിക വ്യാപാരങ്ങൾ മുതലായവയെല്ലാം അമ്മയേയും കുഞ്ഞിനേയും ഒരുപോലെ സ്വാധീനിക്കുന്നതാണെന്ന് അറിയാമല്ലോ? അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമമായും ചെയ്യേണ്ടതാണ് പ്രസവാനന്തര ശുശ്രൂഷ.
♦️ *എന്തിന്?*
ഒമ്പത് മാസത്തെ ക്രമാനുഗതമായ ശാരീരികമാറ്റങ്ങളുടെ അവസാനമാണ് പ്രസവം എന്ന അതിസങ്കീർണ്ണമായ പ്രക്രിയ. ഘടനാപരവും ക്രിയാപരവുമായ ഒട്ടേറെ മാറ്റങ്ങളാണ് ഈ സമയത്തെല്ലാം നടക്കുന്നത്. അതിതീവ്രമായ പ്രസവവേദനകൂടിയാകുമ്പോൾ സ്വാഭാവികമായും വളരെ അധികം ക്ഷീണമായിരിക്കും അനുഭവപ്പെടുക. അതുകൊണ്ട് തന്നെ പ്രസവിച്ച സ്ത്രീയെ പൂർവ്വാരോഗ്യസ്ഥിതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പ്രസവത്തോടനുബന്ധിച്ചുണ്ടാവുന്ന ക്ഷതങ്ങളും മുറിവുകളും പരിഗണിക്കേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ അഗ്നിബലം എന്ന് ആയുർവേദത്തിൽ പറയുന്ന ദഹനശേഷി വീണ്ടെടുക്കുകയാണ് വേണ്ടത്. ഗർഭാശയത്തെ പൂർവ്വസ്ഥിതി കൈവരിക്കാൻ സഹായിക്കുക എന്നതാണ് മറ്റൊരു ആവശ്യം. ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് മുലപ്പാലിന്റെ ഗുണവും അളവും. കുട്ടിയുടെ ആരോഗ്യം പൂർണ്ണമായും ആശ്റയിച്ചിരിക്കുന്നത് മുലപ്പാലിലാണല്ലോ.
ഇത് കൂടാതെ ഇക്കാലയളവിൽ സൂതികയിൽ (പ്രസവിച്ച സ്ത്രീകളിൽ കണ്ടുവരുന്ന വിശപ്പില്ലായ്മ, മലബന്ധം, വേദനകൾ, പനി, സ്തനങ്ങളിലെ നീർക്കെട്ട്, മുലപ്പാൽ കുറവ്, മാനസിക പ്രയാസങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
♦️ *എന്ത്?*
സാധാരണയായി നമ്മുടെ നാട്ടിൽ പലരും നാഡിക്കഷായം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, ചില തൈലങ്ങൾ മുതലായവ മരുന്നുകടകളിൽ പറഞ്ഞുവാങ്ങി കഴിപ്പിക്കുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്. എന്നാൽ ഇത് ആശാസ്യമല്ല എന്ന്
മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നുതന്നെ വ്യക്തമാണല്ലോ? സൂതികയുടെ പ്രായം, ശരീര പ്രകൃതി, ബുദ്ധിമുട്ടുകൾ, ദോഷാവസ്ഥ, സാധാരണ പ്രസവമാണോ സിസേറിയനാണോ, അഗ്നിബലം മുതലായ കാര്യങ്ങളൊക്കെ പരിഗണിച്ചാണ് ഒരു ഡോക്ടർ കുറിപ്പടി തയ്യാറാക്കുക. ഉള്ളിൽ കഴിക്കാനുള്ള മരുന്നുകൾ, പുരട്ടാനുള്ള തൈലം, വേതുകുളിക്കുള്ള ഔഷധങ്ങൾ എല്ലാം ഈ കാര്യങ്ങൾ പരിഗണിച്ചുവേണം നിശ്ചയിക്കേണ്ടത്. അതല്ലാതെ ആദ്യം തന്നെ ഗുരുത്വമേറിയ കഷായങ്ങളും മറ്റും കഴിപ്പിച്ച് സൂതികയ്ക്ക് ഗ്യാസ് ട്റബിൾ, നെഞ്ചുവേദന തുടങ്ങി ഗുരുതരമായ ബുദ്ധിമുട്ടുകൾ തന്നെ വരുത്തിവയ്ക്കുന്നത് അമ്മക്കും കുട്ടിക്കും ദോഷം ചെയ്യും.
♦️ *ആഹാരം*
പ്രസവരക്ഷയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ആഹാരം . ദഹന ശേഷിക്ക് അനുസരിച്ച് അല്ലാതെ വീണ്ടും വീണ്ടും കഴിക്കുന്ന ആഹാരം ദേഹപുഷ്ടിക്ക് പകരം വയറിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അമിതാഹാരം ഒഴിവാക്കണം ലഘുവായതും, പാലുണ്ടാക്കുന്നവയും പോഷക സമ്പുഷ്ടവുമായ ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. റാഗി, ഗോതമ്പ്, ചെറുപയറ്, ഉലുവ, മുരിങ്ങ, പച്ചക്കറികൾ, സൂപ്പ് പഴവർഗങ്ങൾ എന്നിവ കഴിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കണം.
♦️*വേതു കുളി*
പല സ്ഥലങ്ങളിലും അനുവർത്തിച്ചു വരുന്ന ഒരു ശീലമാണ് തിളച്ച വെള്ളം വയറിലൊഴിക്കുന്നത്. ഇത് തീർത്തും അശാസ്ത്രീയമാണ്. വയറ് ചുരുങ്ങാൻ എന്ന പേരിൽ ചെയ്യുന്ന ഇത് ദോഷമല്ലാതെ ഒരു ഗുണവും ചെയ്യുന്നില്ല. മരുന്നുകൾ ഇട്ട് തിളപ്പിച്ച സഹിക്കാവുന്ന ചെറു ചൂടുള്ള സുഖോഷ്ണമായ വെള്ളമാണ് വേത് കുളിക്ക് ഉപയോഗിക്കേണ്ടത്.
നാൽപാമരപ്പട്ട, ആവണക്കില, പുളിയില, കരിനൊച്ചിയില തുടങ്ങി ഔഷധ ഗുണമുള്ളവ ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.
♦️ *എത്ര കാലം?*
പ്രസവിച്ച സ്ത്രീയെ സൂതിക എന്നാണ് പറയുക. സൂതികാ കാലം എന്നത് പൊതുവേ നാല് മുതൽ ആറ് ആഴ്ച വരെയാണ്. അവസ്ഥാനുസരണം ചില മാറ്റങ്ങളൊക്കെ വരാം. എല്ലാ മനുഷ്യരും ഒരു പോലെയല്ലല്ലോ? ശാരീരിക ഘടനയിലും മാനസിക വ്യാപാരങ്ങളിലും എന്ന പോലെ തന്നെ ആവശ്യമായ ഭക്ഷണത്തിലും സുഖകരമായ (comfortable) താപനിലയിലും വ്യായാമത്തിന്റെ ആവശ്യകതയിലുമൊക്കെ മനുഷ്യർ തമ്മിൽ വ്യത്യാസം ഉണ്ട്.
സ്വാഭാവികമായും സാമാന്യമായ ഒരു പദ്ധതിക്കപ്പുറം ഓരോ വ്യക്തിക്കും അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ ചികിത്സയിലും ആവശ്യമാണ്. അവിടെ ഒരു വൈദ്യന്റെ വിദഗ്ധോപദേശം ആവശ്യമാണ്. അതിനാൽ പ്രസവരക്ഷ നിങ്ങളുടെ പ്രദേശത്ത് തന്നെയുള്ള ഒരു ക്വാളിഫൈഡ് ആയുർവേദ ഡോക്ടറുടെ സഹായത്തോടെ നിശ്ചയിക്കുകയാണ് ഗുണകരം. കഷായം എപ്പോൾ തുടങ്ങാം, അരിഷ്ടങ്ങൾ ചൂർണങ്ങൾ ലേഹ്യങ്ങൾ തൈലങ്ങൾ തുടങ്ങിയവ എപ്പോൾ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ ഒരു ആയുർവേദ ഡോക്ടർക്ക് കൃത്യമായി പറഞ്ഞുതരാനാകും.
അതിനാൽ പ്രസവാനന്തര പരിചരണത്തിന്റെ കാര്യത്തിൽ നിങ്ങളുടെ കുടുംബ ആയുർവേദ
ഡോക്ടറെ സമീപിച്ച് കൃത്യമായ ഉപദേശം വാങ്ങുക. കൂടാതെ ഗർഭകാലത്തും ആയുർവേദ രീതികൾ ശീലിക്കുന്നത് ഗർഭിണിയുടെ ആരോഗ്യത്തിനും, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കും, ബുദ്ധിമുട്ടില്ലാത്ത പ്രസവത്തിനും വളരെ ഗുണം ചെയ്യും എന്ന കാര്യം അറിയുക
പ്രസവാനന്തരകാലം അമ്മക്കും അതുപോലെ തന്നെ കുട്ടിക്കും ആരോഗ്യകരവും ആസ്വാദ്യകരവുമാകട്ടെ🙏
*ഡോ. സുധീർ എം
*ഡോ. ജയശ്രീ ധനേഷ്
*ഡോ. പ്രിയ വി നായർ
ദർശന സെൻറർ ഫോർ ആയുർവേദ യോഗ & മർമ്മ, നല്ലളം ബസാർ.
കോട്ടക്കൽ ആര്യവൈദ്യശാല അംഗീകൃത ഡീലർ.