15/08/2022
പൂക്കോയ തങ്ങൾ ഹോസ്പിസ് കർമ്മനിരതമായ 2 വർഷം പിന്നിടുമ്പോൾ .......
✍️ Dr M A Ameerali,C F O
2020 ആഗസ്റ്റ് 15 വൈകിട്ട് 5.00 മണി.....
കോവിഡ് ഉഗ്രരൂപം പൂണ്ട് താണ്ടവമാടുന്നു ......
എവിടെയും സങ്കടങ്ങളുടെയും ഒറ്റപ്പെടലുകളുടെയും ദയനീയമായ കഥകൾ മാത്രം ......
പ്രതീക്ഷകൾ അവസാനിക്കുന്നിടത്ത് പുതിയ സ്വപ്നങ്ങൾക്ക് ചിറക് വിരിയിച്ച
കൊടപ്പനക്കല്‍ തറവാട്ട് മുറ്റത്ത് നിന്നും
പൂക്കോയ തങ്ങളുടെ ആറ്റപ്പൂ,
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ച
സാന്ത്വന പരിചരണ യാത്ര ആരംഭിച്ചത് അന്നായിരുന്നു...
എല്ലാം നിശ്ചലമായിരുന്ന ഒരു സമയത്ത് ചലനാത്മകമാവാൻ വേണ്ടിയുളള ഒരു തുടക്കം .......
നൈറ്റ് എമർജൻസി പാലിയേറ്റീവ് ഹോം കെയർ .......
വൈകിട്ട് 7.30 ന് ആദ്യ കോൾ ; എൺപത് വയസായ കാർത്ത്യായനി അമ്മയുടെ ബന്ധുക്കളാരോ വിളിച്ചു .....
തുടർന്ന് ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും വ്യാപകമാവുകയായിരുന്നു ഈ സന്ദേശം .....
മലബാറിന്റെ ഇതിഹാസ പുത്രന്‍, പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പേരില്‍ തുടക്കം കുറിച്ച സാന്ത്വന പരിചരണ യജ്ഞം..
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി വിഭാവനം ചെയ്ത് കോഴിക്കോട് സി എച്ച് സെന്റർ ആസ്ഥാനമായി കേവലം 2 വർഷം പൂർത്തിയാവുമ്പോൾ സാന്ത്വന പരിചരണ ചരിത്രത്തിലെ ഏറ്റവും വലിയ ശൃംഖല സൃഷ്ടിച്ചെടുത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും സാന്ത്വന പരിചരണത്തിന്റെയും ആതുര ശുഷ്രൂയുടെയും പുതിയ അധ്യായങ്ങള്‍ രചിച്ച് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
കോഴിക്കോട്, പാനൂർ , ചേളന്നൂർ, പെരുമണ്ണ, കുന്ദമംഗലം, കൊടുവള്ളി,മണിയൂർ, മട്ടന്നൂർ, വടകര, ഓമശ്ശേരി, പാലത്തിങ്ങൽ, കിഴക്കോത്ത്, കാസർകോഡ് , തൃക്കരിപ്പൂർ,പറമ്പിന്റെ മുകൾ എന്നീ 15 സെന്ററുകളിലായി 17 റഗുലർ ഹോം കെയറുകൾ, 2 ഫിസിയോ തെറാപ്പി ഹോം കെയറുകൾ, ഒരു നൈറ്റ് എമർജൻസി ഹോം കെയർ, രണ്ട് 24 x 7 എമർജൻസി ഹോം കെയർ , 24 മണിക്കൂർ അഡ്മിഷൻ സൗകര്യത്തോടെയുള്ള കിടത്തി ചികിൽസ കേന്ദ്രം, ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് 16 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയ 2457 വളണ്ടിയർമാർ എന്നീ സംവിധാനങ്ങൾ ഇക്കഴിഞ്ഞ 2 വർഷങ്ങൾ കൊണ്ട് സാന്ത്വന പരിചരണ മേഖലക്ക് സംഭാവന ചെയ്യാൻ പി ടി എച്ചിന് കഴിഞ്ഞു.
ജീവിക്കുന്ന കാലമത്രയും അന്തസ്സോടെ ജീവിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.....
എന്നാല്‍ സാമൂഹികവും ശാരീരികവുമായ കാരണങ്ങളാല്‍, സാമ്പത്തികമായ പ്രതിബന്ധങ്ങളാല്‍, വ്യക്തിപരമോ കുടുംബപരമോ ആയ ചുറ്റുപാടുകളാല്‍ എല്ലാവര്‍ക്കുമത് സാധിക്കണമെന്നില്ല.....
ഇവിടെയാണ് അവരെ പി ടി എച്ച് ചേർത്ത് നിർത്തിയത്.
കിടപ്പിലായ രോഗികളുടെ വേദനകളില്‍ ചേര്‍ന്നു നിന്ന്, അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളില്‍ സമാശ്വാസമായി പൂക്കോയ തങ്ങള്‍ ഹോസ്പിസ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.....
കണ്ണീരിൽ കുതിർന്ന ഒട്ടനവധി നിമിഷങ്ങളും കാഴ്ചകളും കടന്നുപോയിട്ടുണ്ട്....
ഒരു പാട് പ്രാർത്ഥനകൾ ......
കഴിഞ്ഞ ദിവസം അതിരാവിലെ നിറഞ്ഞ പാൽ പാത്രവുമായി നടന്ന് നീങ്ങിയ കൂത്തുപറമ്പിലെ സരോജിനി അമ്മ റോഡിൽ നിർത്തിയിട്ടിരുന്ന പി ടി എച്ചിന്റെ വാഹനം കണ്ട് പാൽ പാത്രം താഴെ വെച്ച് തന്റെ കാലിലിട്ട ഹവായ് ചെരുപ്പഴിച്ച് വെച്ച് അതിന് മുകളിൽ കയറി വണ്ടിയിലൊട്ടിച്ച് വെച്ച പ്രിയപ്പെട്ട പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും സി എച്ചിന്റെയും പടങ്ങൾ തൊട്ട് തൊഴുകൈകളോടെ കണ്ണീരൊലിപ്പിച്ച് പ്രാർത്ഥിച്ചതുൾപ്പെടെ ......
പ്രിയപ്പെട്ടവരെ ....,
നമ്മൾ തുടങ്ങിയിട്ടേ ഉള്ളൂ ......
തുടങ്ങി തന്ന സയ്യിദ് ഹൈദരലി തങ്ങൾ ഇന്ന് നമ്മോടൊപ്പമില്ല .....
പക്ഷേ ഒന്നുറപ്പാണ് ....
ആ കണ്ണുകളേ അടഞ്ഞിട്ടുള്ളൂ ....
ആ ശരീരമേ മണ്ണിലെത്തിയിട്ടുള്ളൂ .....
അദ്ദേഹം ഏൽപിച്ചു തന്ന സന്ദേശം നമുക്ക് മുന്നിലുണ്ട് .....
ആ സ്വപ്നങൾക്ക് നമ്മളാണ് നിറം നൽകേണ്ടവർ ......
ഒരു പാട് അകലങ്ങൾ താണ്ടാനുണ്ട് ......കൂടെ വേണം നിങ്ങളെല്ലാം ......
പ്രതീക്ഷയറ്റവർക്ക് നമ്മൾ പ്രതീക്ഷയാവണം .....
ഊഷരതകളിൽ
വരണ്ടുണങ്ങിപ്പോയ സ്വപ്നങ്ങൾക്ക് നമുക്കൊന്നിച്ച് പച്ചപ്പ് നൽകണം ......
കേവലം ഒരു കരച്ചിലിന്റെയും വാചാലമായ മൗനത്തിന്റെയും ഇടയിലൊതുങ്ങുന്ന ജീവിതത്തെ അർത്ഥപൂർണമാക്കണം ......
വരണ്ടുണങ്ങിയ ചർമങ്ങളിൽ ആർദ്രതയുടെ നേർത്ത തണുപ്പ് നൽകണം ......
നമുക്കൊന്നിച്ച് ചേർത്ത് പിടിക്കണം .... ആയിരക്കണക്കിന് ഹതഭാഗ്യരെ .....
സമാദരണീയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നായകത്വത്തിന് കീഴിൽ നിന്ന് ......
ഒപ്പം ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകൾ ......