12/11/2021
കൗമാരക്കാരെ ചേർത്തു നിർത്താൻ ജില്ലാ പഞ്ചായത്തിന്റെ ചങ്ക് (CHANK - campaign for Healthy Adolescence Nurturing,Kozhikode) പദ്ധതി.
ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാരപ്രശ്നങ്ങൾ , ആരോഗ്യ വിദ്യാഭ്യാസം സൈബർ സുരക്ഷ എന്നിവയെപ്പറ്റി ബോധവൽക്കരിക്കാനുo ഇതു വഴി കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി വിപുലമായ മുഖാമുഖ പരിശീലനപരിപാടിക്ക് തുടക്കമിട്ടു.
ചങ്ക് (CHANK -Campaign for healthy Adolescence Nurturing,Kozhikode എന്ന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇവയാണ്
👉 കൗമാരപ്രായക്കാരായ കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര മാർഗ്ഗങ്ങൾ നടപ്പാലാക്കുന്നതിനും രക്ഷിതാക്കളെയും കുട്ടികളെയും പ്രാപ്തരാക്കുക.
👉 സുരക്ഷിത കൗമാരത്തിനാവശ്യമായ നൈപുണികൾ സ്വായത്തമാക്കന്നതിന് സഹായിക്കുക.
👉 കൗമാര ആരോഗ്യം, ഭക്ഷണശീലങ്ങൾ, ദിനചര്യ,വ്യായാമം, തുടങ്ങിയ ആരോഗ്യ ശീലങ്ങൾ പ്രയോഗികമായി പ്രയോജനപ്പെടുത്തുന്നതിനു സാധ്യമാക്കുക.
👉 ഓൺലൈൻ വിദ്യാഭ്യാസം ഓഫ് ലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണംചെയ്യാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക.
👉. കുട്ടികളുടെ പരീക്ഷയും പഠനവും അത് സംബന്ധിച്ച് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി പിന്തുണയ്ക്കുക.
അധ്യയനവും അധ്യാപനവും ഓൺലൈനിൽ മാത്രമായപ്പോൾ തന്റെ സൗഹൃദവും സ്വാതന്ത്ര്യവും വീടുകളിലേക്ക് ഒതുക്കേണ്ടി വന്ന കൗമാരപ്രായക്കാർ പറഞ്ഞറിയിക്കാനാവാത്ത മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോവേണ്ടി വരുന്നത്. ഇത്തരം പിരിമുറുക്കങ്ങൾ സൃഷ്ടിച്ച മുറിവുകൾ ഉണങ്ങാതെ അവശേഷിക്കുന്നുണ്ട്. ക്ലാസുകൾ ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്കു മാറുമ്പോൾ അത്തരക്കാരെ പ്രത്യേക കരുതലോടെ ചേർത്തുപിടിക്കുകയെന്നത് അനിവാര്യതയാണ്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 114 സ്കൂളുകൾ (എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ) കേന്ദ്രീകരിച്ച് ഡോക്ടർമാർ, കൗൺസിലർമാർ, മനശ്ശാസ്ത്ര വിദഗ്ദർ എന്നിവരുടെ നേതൃത്വത്തിൽ ഒരോ വിദ്യാലയത്തിലും നവംബർ 14 മുതൽ ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ തയ്യാറാക്കിയ 4 മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷത്താക്കൾക്കും നൽകുക.. ക്ലാസ്സുകൾക്ക് പുറമെ കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ മെന്റർമാരുമായി പങ്ക് വെക്കുന്നതിനായി ഓൺലൈൻ - സാമൂഹ്യ മാധ്യമ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
ഓൺലൈൻ ക്ലാസുകളിലേക്കും വീടകങ്ങളിലേക്കും ഒതുങ്ങിപ്പോയ കൗമാരക്കാരുടെ മാനസിക-സാമൂഹിക പ്രശ്നങ്ങൾ രക്ഷിതാക്കൾക്കും ആശങ്കയുളവാക്കുന്നുണ്ട്. സമകാലിക കൗമാര വളർച്ചയിലും വികാസത്തിലും മൊബൈൽ ഫോൺ അമിതോപയോഗവും, മൊബൈൽ ഗെയിം ആസക്തിയും , വലിയ വെല്ലുവിളിയാവുകയാണ്. വീടുകളിൽ കുട്ടികൾ അനുവർത്തിച്ചു വരുന്ന വികലമായ ജീവിത ശൈലിയും, വൻ ആരോഗ്യപ്രശ്നങ്ങളുയർത്തുന്നു. പെരുമാറ്റ പ്രശ്നങ്ങളുടെയും ഗാഡ്ജെറ്റ് അഡിക്ഷന്റെയും ലഹരി ഉപയോഗത്തിന്റെയും രക്തസാക്ഷികളായി കൊഴിഞ്ഞു പോയ കൗമാര ജീവിത കഥകൾ മാധ്യമങ്ങളിൽ നിറയുകയാണ്.
വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണങ്ങളിലൂടെയും വിനിമയങ്ങളിലൂടെയുമാണ് പരിക്കേൽക്കാതെ ഭൂരിഭാഗം കൗമാര ജീവിതങ്ങളും യൗവ്വനത്തിലേക്ക് ചേക്കേറിയത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി തികഞ്ഞ മുന്നൊരുക്കളോടെയും ജാഗ്രതയോടെയും ഈ അവസരത്തിൽ വിദ്യാഭ്യാസ വൃന്ദം സജ്ജമാവേണ്ടിയിരിക്കുന്നു. ശാരീരിക മാനസിക സാമൂഹിക വികാസ തലങ്ങളെ ശാസ്ത്രീയമായി പരിഗണിച്ച് അതിജീവനത്തിന്റെ സുഗമമായ പാതയൊരുക്കുന്നതിനായി സമഗ്ര കൗമാര വിദ്യാഭ്യാസ പദ്ധതി യാണ് ചങ്ക് (CHANK ). എഡ്യുകെയർ കോർഡിനേറ്റർ
അബ്ദുന്നാസർ യു.കെ,ക്ലിനിക്കൽ സൈക്കോളജിസ്റ് ജവാദ് റ്റി. പി ഡോ.രാഹുൽ, ഡോ. സുജീറ, ചൈൽഡ് ലൈൻ കോർഡിനേറ്റർ അഫ്സൽ എന്നിവർ നേതൃത്വം നൽകി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.