
24/03/2024
March 24, ലോക ക്ഷയരോഗദിനമായി നമ്മൾ ആചരിച്ചു വരുന്നു. നൂറ്റാണ്ടുകളായി ലോകമെമ്പാടും ജനങ്ങളെ ബാധിച്ചു കൊണ്ടേയിരിക്കുന്ന ഈ മഹാമാരിയെ, ഇപ്പോഴും പൂർണ്ണമായും പിടിച്ച് കെട്ടാൻ മനുഷ്യർക്ക് സാധിച്ചിട്ടില്ല. എങ്കിലും നമ്മുടെ പരിശ്രമങ്ങളുടെ ഭാഗമായി, TB (Tuberculosis) അഥവാ ക്ഷയരോഗത്തെ കുറെയൊക്കെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അത്തരം പരിശ്രമങ്ങളിൽ ജനങ്ങളുടെ ബോധവൽക്കരണവും പങ്കാളിത്തവും ഏറ്റവും പ്രാധാന്യം അർഹിക്കുന്നു.
ഈ വർഷത്തെ ആശയം, തീം - "Yes! We can end TB " (അതെ! നമുക്ക് ക്ഷയത്തെ അവസാനിപ്പിക്കാം ) എന്നതാണ്. അതിനായി നമുക്ക് കൈ കോർക്കാം.
എന്താണ് Tuberculosis/TB / ക്ഷയം?
Mycobacterium tuberculosis എന്ന ഒരു തരം ബാക്ടീരിയ അണുബാധ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് മൊത്തത്തിൽ ക്ഷയം അഥവാ Tuberculosis എന്ന് വിളിക്കുന്നത്. മനുഷ്യൻ പരിണമിച്ച് ഉണ്ടായ കാലത്തിനും എത്രയോ മുൻപേ തന്നെ ഈ രോഗാണുക്കൾ ഈ ലോകത്തുണ്ട്. മനുഷ്യരുടെ പൂർവ്വികരെയും ആധുനിക മനുഷ്യരെയും ഒക്കെ Mycobacterium tuberculosis ബാധിച്ചിരുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭ്യമാണ്.
രോഗത്തിൻ്റെ കാഠിന്യം മൂലം രോഗി ശരീരഭാരം കുറഞ്ഞ്, ക്ഷീണിച്ച് ക്ഷയിക്കുന്നതായി കാണുന്നത് മൂലം ഈ രോഗത്തെ ക്ഷയം എന്ന് വിളിച്ച് പോരുന്നു. ക്ഷയരോഗം ദൈവങ്ങളെ പോലും വെറുതെ വിടാറില്ല എന്നാണ് വിശ്വാസം. ചന്ദ്രദേവനെ ക്ഷയം ബാധിക്കുന്നത് മൂലമാണ് ഒരോ ദിവസവും ചന്ദ്രൻ ക്ഷയിച്ച് പോകുന്നത് എന്നാണ് കഥ.
കഥ അവിടെ നിൽക്കട്ടെ, കാര്യത്തിലേക്ക് വരാം. Tuberculosis ഒരു മഹാരോഗത്തിന് ഇന്ന് മരുന്നുകൾ ലഭ്യമാണ്. നൂറ്റാണ്ടുകൾ മനുഷ്യരെ ദുരിതത്തിലും മരണത്തിലും എത്തിച്ചിരുന്ന ഈ രോഗം ഇന്ന് വളരെയധികം നിയന്ത്രിക്കാൻ സാധിച്ചത്, ഈ മരുന്നുകളുടെ കണ്ടുപിടുത്തങ്ങളോടെയാണ്. മരുന്നുകൾ ലഭ്യമായാൽ മാത്രം പോര എന്നുള്ള ബോധ്യമുള്ളത് കൊണ്ട് തന്നെ ക്ഷയ രോഗ നിർമ്മാർജനത്തിന് പ്രത്യേകം സംവിധാനങ്ങൾ തന്നെ സർക്കാരുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് DOTS (Directly Observed Treatment Short Course ) എന്ന scheme ൻ്റെ ഭാഗമായി TB മരുന്നുകൾ സൗജന്യമായി രോഗികൾക്ക് ലഭ്യമാക്കുകയും,ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ ഒരോ TB രോഗിയും മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന് പൂർണ്ണമായും ഉറപ്പ് വരുത്തിയുമാണ്, നമ്മൾ TB ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നത്. അതിനെല്ലാം പുറമേ, TB അഥവാ ക്ഷയത്തിനായുള്ള പരിശോധനയും ടെസ്റ്റുകളും എല്ലാം അങ്ങേയറ്റം ചിലവ് കുറഞ്ഞ രീതിയിൽ ഇന്ന് ലഭ്യമാണ്.
എന്തെല്ലാമാണ് TBയുടെ ലക്ഷണങ്ങൾ ?
TB / Tuberculosis/ ക്ഷയം, പല അവയവങ്ങളെയും ബാധിക്കാറുണ്ട്. എങ്കിലും പ്രധാനമായും ശ്വാസകോശം, മസ്തിഷ്കം, ചർമ്മം, എല്ലുകൾ, കുടലുകൾ എന്നിവയെയാണ് ബാധിച്ച് കാണാറ്. പ്രധാനമായും വായുവിലൂടെ പകരുന്ന അസുഖം ആയതിനാൽ ഏറ്റവും കൂടുതൽ ശ്വാസകോശങ്ങളിലാണ് രോഗാണുകൾ ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കാറുള്ളത്.
വിട്ടുമാറാത്ത ചുമ, കഫകെട്ട്, കഫത്തിൽ പഴുപ്പും ചോരയും കാണുക, വിശപ്പിലായ്മ, ക്ഷീണം, ശരീരം മെലിയുക, പനി, വേദനകൾ, മസ്തിഷ്ക ജ്വരം, ചർമ്മ പ്രശ്നങ്ങൾ മുതലായവ ലക്ഷണങ്ങളായി വരാറുണ്ട്.
ക്ഷയരോഗത്തിന് ചികിത്സ സൗജന്യമാണ്.