17/05/2025
ജോർജ് സാറും രക്തസമ്മർദ്ദവും തുടരരുത്!!
“ഹലോ” എന്ന് ചിരിച്ചുകൊണ്ട് ജോർജ് സാർ ആദ്യമായി പറയുമ്പോൾ നമ്മൾ എല്ലാവരും വിചാരിച്ചു “എന്തൊരു പാവം മനുഷ്യൻ ഇയാളെ എന്തിന് പേടിക്കണം”. പക്ഷേ പിന്നീട് വില്ലൻ പരിവേഷം കെട്ടിയാടുമ്പോൾ അയാൾ ഒരു silent killer ആണെന്ന സത്യം നമ്മൾ അറിഞ്ഞു!
“തുടരും” കേരളത്തിൽ ജൈത്രയാത്ര തുടരുമ്പോൾ അതിലെ പ്രധാന വില്ലൻ ജോർജ് സാറിനെ കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് രക്തസമ്മർദ്ദതിനെ ആണ്. ജോർജ് സാറിൻ്റെ പ്രവർത്തികൾ കണ്ടിട്ട് രക്തസമ്മർദ്ദം കൂടിയതുകൊണ്ടല്ല!!
പക്ഷേ ആദ്യം കാണുമ്പോൾ “ഹലോ” എന്ന് പറഞ്ഞു ചിരിച്ചു തികച്ചും മാന്യനായ ഒരു വ്യത്കിയായി അഭിനയിച്ചു പിന്നീട് ഒരു “സൈലൻ്റ് കില്ലർ” ആയി മാറുമ്പോൾ ആണ് എനിക്ക് രക്തസമ്മർദ്ദതെ കുറിച്ച് ഓർമവന്നത്.!!
അതിനൊരു കാരണമുണ്ട്. പലപ്പോഴും ബി.പി നോക്കി കൂടുതൽ ഉണ്ടെന്ന് പറയുമ്പോൾ പലരും നിസാരവൽകരിച്ചുകൊണ്ട് മറുപടി പറയാറുണ്ട്.
“ഓ…എൻ്റെ നോർമൽ ബി.പി ഇരുനൂറാ ഡോക്ടറേ”
ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ ഇങ്ങനെ പറയുമ്പോൾ ചിരിയല്ല എനിക്ക് വരുക ഭയവും സങ്കടവുമാണ്!!
കഴിഞ്ഞ ആഴ്ച കൂടെ ഒരു സുഹൃത്തിൻ്റെ അച്ഛൻ മരിച്ചത് ഇതേ ബി. പി കൊണ്ട് തന്നെയാണ്.. അതെ “ബി.പി വന്നാലും മരിക്കും!” The silent killer!
ഇത് വയിക്കുന്നവർക്ക് ഒരു തോന്നൽ ചിലപ്പോ മനസ്സിൽ വരും “അല്ലേലും ഡോക്ടർമാരൊക്കെ ഓരോന്നു പറഞ്ഞു പേടിപിക്കും , ഇല്ലെങ്കിൽ ഉള്ളതിനും ഇല്ലാതത്തിനും മരുന്ന് എഴുതാൻ പറ്റൂല്ലല്ലോ”
പേടിപിക്കാൻ പറയുന്നതല്ല , പേടികൊണ്ട് പറയുന്നതാണ്, നമുക്ക് അറിയുന്ന അറിവ് പകർന്നു നൽകഞ്ഞിട്ടു ജീവൻ നഷ്ടപ്പെട്ടു പോവരുത് എന്നുള്ള പേടി കൊണ്ട് പറയുന്നതാണ്. വേദന കൊണ്ട് പറയുന്നതാണ്, ഒരു ജീവൻ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന കൊണ്ട്,.. ബി. പി വന്നാലും മരണം സംഭവിക്കാം.!!
രക്തസമ്മർദ്ദം! ഉത്ഭവ കഥ!
ശരീരത്തിലൂടെ ഒഴുകി നടക്കുന്ന രക്തം, നമ്മുടെ ഹൃദയം പമ്പ് ചെയ്യുമ്പോൾ രക്തധമനിയുടെ(arteries) ഭിത്തിയിൽ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം.
ശരീരത്തിൻ്റെ വിവിധ ഭാഗത്തേക്ക് ആവശ്യമായ ഓക്സിജനും, പോഷകങ്ങളും രക്തത്തിൽ അലിയിച്ചു എത്തിക്കാൻ ആണ് ഹൃദയം ഇങ്ങനെ നിറുത്താതെ പമ്പ് ചെയ്യുന്നത്.
രക്ത സമ്മർദ്ദത്തിൻ്റെ അളവുകോൽ!
രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് sphygmomanometer(BP apparatus) കൊണ്ടാണ്. ഇതിലുള്ള മെർക്യൂരിയുടെ സഹായത്തോടെയാണ് രക്തസമ്മർദ്ദം അളക്കുന്നത്. സാധാരണ ഗതിയിൽ രണ്ട് അക്കങ്ങൾ ആണ് ബിപി പരിശോധനയിൽ നമ്മൾ കാണുക.
അതായത് 120/80mmHg എന്നാണ് എങ്കിൽ,
ഇതിൽ
120 എന്നത് systolic blood pressure:- ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ ധമനികളിൽ ഉണ്ടാവുന്ന മർദ്ദവും.
80 എന്നത് diastolic blood pressure:- ഹൃദയം രക്തം പമ്പ് ചെയ്യാതെ ഇരിക്കുമ്പോൾ ധമനികളിൽ ഉണ്ടാവുന്ന മർദ്ദവും സൂചിപ്പിക്കുന്നു.
100 മുതൽ 120 വരെ systolic blood pressure
Normal range ആയി കണക്കാക്കുന്നു.
Diastolic ൻ്റെ കാര്യത്തിൽ അതു 80 മുതൽ 60 വരെ പോകാം.
രക്തസമ്മർദ്ദം: വില്ലൻ പരിവേഷം നേടുമ്പോൾ!
രക്തസമ്മർദ്ദം കൂടുമ്പോൾ സ്വഭാവികമായും സംഖ്യ 120/80 ൽ നിന്നു കൂടും.
ഇത് 130-140 വരെയും 80-90 വരെയും കൂടുമ്പോൾ stage 1 hypertension ൽ എത്തിയതെന്നാണ് കണക്കാക്കുന്നത്.
140-180 വരെയും 90-120 വരെയും Stage 2 hypertension എന്ന ഗുരുതര അവസ്ഥയിലേക്ക് നീങ്ങും.
ഇനി 180/120നു മുകളിലും ആവുമ്പോൾ “Silent killer” എന്ന് പേര് അർഥമാക്കും വിധം അതിഗുരുതര അവസ്ഥയിൽ ആവും വരുക.
"എനിക്ക് ലക്ഷണം ഒന്നുമില്ല അതുകൊണ്ടു ചികിത്സ എടുത്തില്ല" എന്ന മറുപടി പറഞ്ഞു വരുന്ന ഒരു കൂട്ടർ ഉണ്ട് . ഇവിടെ 180ൽ മുകളിൽ പോവുമ്പോഴാണ് ആളുകൾ ചികിത്സ നേടി തുടങ്ങുന്നത് കാണാറുള്ളത്. അതു അത്യാവശ്യം തന്നെയാണ്. അവർക്ക് ഉടൻ തന്നെ ചികിത്സ ആവശ്യമാണ്. പക്ഷെ ലക്ഷണമില്ല എന്ന് വെച്ച് രക്തസമ്മർദ്ദം നിങ്ങളുടെ ശരീരത്തിൽ തകരാറു ഉണ്ടാകില്ല എന്നല്ല , നിങ്ങൾ അറിയാതെ ഉണ്ടാകുന്നു എന്നതാണ് സത്യം . അതുകൊണ്ടാണ് രക്തസമ്മർദ്ദത്തെ "silent killer" എന്ന് വിളിക്കുന്നത് . ഇവിടെയും ചികിത്സ എടുക്കുന്നില്ല എങ്കിൽ മരണം വിളിച്ചു വരുത്തുന്ന പോലെയാണ്.
ഇനി മറ്റൊരു കൂട്ടരുണ്ട് 130 മുതൽ മുകളിലോട്ട് BP ഉയരുമ്പോൾ “ഇതൊക്കെ ചെറുത്” എന്ന് പറഞ്ഞു അവഗണിക്കുന്നവർ. വലിയ വിപത്താണ് ഭാവിയിൽ ഇവരെ തേടി വരുന്നത്.
ഭാവി ശോഭനമല്ല!!
സ്ഥിരമായി ബി.പി കൂടി നിൽക്കുമ്പോൾ, ഹൃദയം രക്തം പമ്പ് ചെയ്യാൻ എപ്പോഴും കൂടുതൽ മർദ്ദം ചെലുത്തണം ഇത് കാലക്രമേണ ഹൃദയത്തിൻ്റെ നാല് അറകളിൽ ഒന്നായ left ventricle ൻ്റെ പേശികൾ കൂടുതൽ കട്ടിയാവനും ഭിത്തികൾ വണ്ണം വയ്ക്കാനും അങ്ങനെ ഈ അറയുടെ വലിപ്പം കുറയാനും കാരണമാവും. അതിലൂടെ രക്തത്തിൻ്റെ അളവ് ഇതിൽ കുറയാനും കാരണമാവും. ഇത് പിന്നീട് cardiac arrest വന്ന് മരണത്തിലേക്കും തള്ളി വിടാം.!
സ്ഥിരമായി ധമനികളിൽ രക്തസമ്മർദ്ദം കൂടി നിൽക്കുമ്പോൾ ധമനികളുടെ ഭിത്തിയിൽ കേടുപാടുകൾ പറ്റുകയും അവിടെ കൊളസ്ട്രോൾ വന്ന് അടിഞ്ഞു കൂടുകയും അതൊരു വലിയ ബോൾ പരുവത്തിൽ അവിടെ നിൽകുക്കയും ചെയ്യും. ഇത് പിന്നീട് അവിടെ നിന്നു മുറിഞ്ഞു പോയി രക്തത്തിലൂടെ ഹൃദയത്തിലെ ധമനികളിൽ എത്തി അവിടെ ബ്ലോക്ക് ഉണ്ടാക്കി ഹാർട്ട് അറ്റാക്ക് വന്നു ജീവൻ നഷ്ടപ്പെടാനും കാരണമാകും.
വൃക്കകളുടെയും ഇത് ബാധിക്കും, സ്ഥിരമായി ഉയർന്ന ബി.പി വൃക്കയിൽ കേടുപാടുകൾ ഉണ്ടാക്കി chronic kidney disease ഉണ്ടാക്കും, ഇത് കാലക്രമേണ രോഗിയെ ഡയാലിസിസ് ലേക്ക് നീക്കും.
ഇതിൽ ഏറ്റവും വിനാശകരമായ അവസ്ഥ ബി.പി വളരെ അധികം കൂടി നിന്നു അതു തലച്ചോറിലേക്കുള്ള ധമനികളിൽ അമിതമായ മർദ്ദം ഉണ്ടാക്കി അവിടം പൊട്ടാനും തലച്ചോറിൽ ആന്തരികസ്രാവം ഉണ്ടാക്കി സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കി പെട്ടന്ന് തന്നെ മരിക്കാനും നീണ്ട കോമ അവസ്ഥയിൽ എത്താനും കാരണമാകും.
പേടിപ്പിക്കാൻ വന്നതല്ല!
തീർച്ചയായും hypertension ചികിത്സിച്ചു മാറ്റാൻ പറ്റാറുണ്ട് അതുകൊണ്ട് തന്നെ ജീവിതത്തിൻ്റെ അവസാനമല്ല hypertension. കൃത്യമായി അസുഖനിർണയം നടത്തി ചിട്ടയായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും അനിവാര്യവുമാണ്. പക്ഷെ ഇതൊക്കെ അവഗണിച്ചാൽ അതു വലിയ വിപത്താണ് ഉണ്ടാക്കുക.രക്തസമ്മർദ്ദം എപ്പോഴും പൊട്ടൻ പാകത്തിലുള്ള ഒരു ബോംബ് ആണ് , പക്ഷെ അതിനെ ശരീരത്തിൽ കൂടെ കൊണ്ട് നടക്കണോ അതോ നിർവീര്യമാക്കണോ എന്നത് നിങ്ങളുടെ തീരുമാനം ആണ് .
Dr Archith Lal B.H.M.S
KSMC reg no: 13184
Chief Consultant
Doctor Lals Homeopathy, Counselling & Nutrition Clinic
Ramanattukara & 11th Mile Cherukavu
Ph: 9633154516