18/07/2025
*1200 കർക്കടകം - 2*
*സുന്ദര കാണ്ഡം തുടരുന്നു.*
*രാമായണവും യോഗയും.*
*ഹനുമാൻ എന്ന യോഗി*
രാമായണത്തിലെ സുന്ദരകാണ്ഡത്തിന് എങ്ങനെ ആ പേരു വന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. രാമായണത്തിലെ നായകൻ ശ്രീരാമൻ ആണെങ്കിലും സുന്ദരകാണ്ഡം മാത്രമെടുത്താൽ അതിലെ നായകൻ ഹനുമാനാണ്.
കിഷ്ക്കിന്ധാകാണ്ഡത്തിൽ സുഗ്രീവ ശാസന പ്രകാരം ശ്രീരാമ സവിധത്തിലേക്കു പോകുന്ന ഹനുമാനെ വർണ്ണിക്കുന്നതിപ്രകാരമാണ്.
"കർമ്മസാക്ഷീസുതൻവാക്കുകൾ കേട്ടവൻ ബ്രഹ്‌മചാരീവേഷമാലംബ്യ സാദരം അഞ്ജസാ ചെന്നു നമസ്‌കരിച്ചീടിനാ നഞ്ജനാപുത്രനും ഭർത്തൃപാദാംബുജം. കഞ്ജവിലോചനന്മാരായ മാനവ-കുഞ്ജരന്മാരെത്തൊഴുതു വിനീതനായ് "
ഹനുമാനെക്കണ്ടയുടനെ ലക്ഷ്മണനോട് ശ്രീരാമൻ പറയുന്ന ശ്ലോകത്തിൽ ഇങ്ങനെ പറയുന്നു.
"പശ്യ സഖേ! വടുരൂപിണം ലക്ഷ്‌മണ! നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ നല്ല വൈയാകരണൻ വടു നിർണ്ണയം."
എന്നു പറഞ്ഞാൽ വാനരനായ ഹനുമാൻ വാലില്ലാത്ത നരനായി, ബ്രാഹ്മണ വേഷത്തിലാണ് ശ്രീരാമസവിധത്തിലെത്തുന്നത്. രൂപവും വേഷവും മാറാൻ തക്ക കഴിവുകളുള്ളയാളായിരുന്നു ഹനുമാൻ എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
സുന്ദര ശബ്ദത്തിന് ദൂതൻ' എന്നർത്ഥം പറയാറുണ്ട്. രുഗ്മിണീസ്വയംവരത്തിൽ നായിക കൃഷ്‌ണൻറെ അടുക്കലേക്ക് അയയ്ക്കുന്ന ദൂതനെ 'സുന്ദരബ്രാഹ്‌മണൻ' എന്നു പരാമർശിക്കുന്നതും മറ്റുമാവാം ഇതിന് ആധാരം. ഇതിന് നിഘണ്ടു പ്രാമാണ്യം നേടിയിട്ടുണ്ടന്ന് തോന്നുന്നില്ല. ഈ കാണ്ഡം മാതമാണ് “സുന്ദരം' എന്ന് ഇനം തിരിഞ്ഞു നിൽക്കുന്ന ഒരേ ഒരു കാണ്ഡം. മേൽപ്പറഞ്ഞ വടു (ബ്രാഹ്മണൻ) എന്ന പ്രയോഗം ഇതിന് ഉപോദ്ബലകമായി പറയുന്നുവെന്നു മാത്രം. ഇതിൻ്റെ പല വിധ പ്രത്യേകതകൾ കൊണ്ട് ഈ കാണ്ഡം സുന്ദരമാണെന്നു പറയാം.
ഇന്നത്തെ ഹനുമാൻ്റെ യാത്രാ വഴിയിൽ നേരിടുന്ന തടസ്സങ്ങളും അവയെ തരണം ചെയ്യുന്ന രീതിയും കാണുമ്പോൾ ഹനുമാൻ കേവലം ഒരു വാനരനോ മാനുഷനോ അല്ലെന്നും ഒരു യോഗിയാണെന്നും മനസ്സിലാക്കാം.
കാരണം ഒരു യോഗിക്കു മാത്രമാണ് ശരീരം വലുതാക്കാനും ചെറുതാക്കാനുമുള്ള കഴിവുകൾ ഉള്ളത്. ഇതിനെ അഷ്ടസിദ്ധികൾ എന്നാണ് പറയുക.
അഷ്ട സിദ്ധികൾ ഇവയാണ്:
1. *അണിമ* – ശരീരത്തെ സൂക്ഷ്മമാക്കുന്നത്
2. *മഹിമ* – ശരീരത്തെ വളരെയധികം വലുതാക്കുന്നത്
3. *ലഘിമ* – ശരീരത്തെ എങ്ങനെ വേണമെങ്കിലും ലഘുവാക്കുന്നത്
4. *ഗരിമ* – ശരീരത്തെ വളരെ ഭാരമുള്ളതാക്കുന്നത്
5. *പ്രാപ്തി* – ആഗ്രഹിച്ച എന്തും സാദ്ധ്യമാക്കാനുള്ള കഴിവ്
6. *പ്രാകാമ്യം* – മനസ്സിൽ ഇച്ഛിക്കുന്നതെല്ലാം പൂർത്തിയാക്കാനുള്ള കഴിവ്
7. *വശിത്വം* – മറ്റെല്ലാം വശീകരിക്കാനുള്ള കഴിവ്
8. *ഈശിത്വം* – പരമാധികാരം പ്രാപിച്ച് ഭാവങ്ങളെയും സൃഷ്ടിക്കാനും നശിപ്പിക്കാനും ഉള്ള ശക്തി
ഈ കഴിവുകൾ ഉള്ളതു കൊണ്ടാണ് ഹനുമാൻ ഈ അത്ഭുതങ്ങൾ കാട്ടുന്നത്.
(ഇതൊക്കെയുള്ളതാണോ എന്ന് നിങ്ങൾ സംശയിക്കുമെങ്കിലും എൻ്റെ യാത്രകളിലും ഞാൻ പങ്കെടുത്ത കുംഭമേളകളിലും നിരവധി അത്ഭുത സിദ്ധികളുള്ള യോഗികളെ കണ്ടിട്ടുള്ളതിനാൽ എനിക്കശേഷം സംശയമില്ല.)
മറ്റൊരു കാര്യം കഴിവുകൾ ഉണ്ടായിട്ടു കാര്യമില്ല. അത് സമയത്ത് പ്രയോഗിക്കാനാവണം. അതിന് ശ്രുതമുണ്ടാകണം. ശ്രുതമെന്നാൽ വേണ്ടത് വേണ്ടപ്പോൾ ചെയ്യാനുള്ള അനുഭവജ്ഞാനമാണ്. അതിന് ഗുരുത്വം കൂടി വേണം. ഇതെല്ലാം ഒരു യോഗിക്കുമാത്രമുള്ള വിശേഷങ്ങളാണ്.
ഇനി മറ്റൊരു വഴിക്കു നോക്കിയാൽ യോഗയിലെ *യമ നിയമ*-ങ്ങളിൽ ആദ്യം വരുന്ന യമത്തിലെ സത്യം എന്നതിന് എത്ര പ്രാധാന്യമാണ് ഹനുമാൻ കാെടുത്തതെന്നു നോക്കുക. രാമകാര്യം സാധിച്ചു വന്നിട്ട് നിൻ്റെ വായിൽ പ്രവേശിച്ച് ഭക്ഷണമായിക്കൊള്ളാം എന്ന ഉറപ്പും ഹനുമാൻ കൊടുക്കുന്നുണ്ട്. ഭാരതത്തിൻ്റെ ഗുരുപരമ്പര നിർഭയരായി ജീവിക്കാനാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നിർഭയനായ ഹനുമാൻ്റെ യോഗി ഭാവം വ്യക്തമാക്കുന്നതാണ് ഇന്നത്തെ പാരായണ ഭാഗം.
ഇനി നമുക്ക് ഇന്നത്തെ വരികൾ നോക്കാം
മാർഗ്ഗവിഘ്‌നം
19.
പതഗ-പതി, രിവ-പവന-സുതൻ-അഥ-വിഹായസാ ഭാനു-ബിംബാ,ഭയാ-പോകും-ദശാന്തരേ
20.
അമര-സമുദയം-അനില -തനയ-ബല-വേഗങ്ങൾ ആലോക്യ-ചൊന്നാർ-പരീക്ഷണാർത്ഥം-തദാ
21.
സുരസ,യൊടു-പവന-സുത -സുഖ-ഗതി-മുടക്കുവാൻ തൂർണ്ണം-നടന്നിതു-നാഗ-ജനനിയും.
22.
ത്വരിതം-അനിലജം-അതി-ബലങ്ങൾ-അറിഞ്ഞ,തി-സൂക്ഷ്മ-ദൃശാ-വരികെ,ന്നതു-കേട്ട,വൾ
23.
ഗഗന-പഥി-പവന-സുത-ജവ-ഗതി-മുടക്കുവാൻ ഗർവ്വേണ-ചെന്നു-തത്സ,ന്നിധൌ-മേവിനാൾ
24.
കഠിന-തരം-അലറി-അവൾ-അവനൊട്-ഉര-ചെയ്തിതു: “കണ്ടീലയോ-ഭവാൻ-എന്നെ-ക്കപി-വരാ!
25.
ഭയ-രഹിതം-ഇതു-വഴി-നടക്കുന്ന, വർകളെ ഭക്ഷിപ്പതിന്നു-മാം-കല്‌പിച്ചി-തീശ്വരൻ.
26.
വിധി-വിഹിതം-അശനം-ഇഹ-നൂനം-അദ്യ-ത്വയാ വീരാ! വിശപ്പ്-എനിക്ക്-ഏറ്റം-ഉണ്ടോ,ർക്ക-നീ.
27.
മമ-വദന-കുഹരം-അതിൽ-വിരവി-നൊടു-പൂക-നീ മറ്റൊന്നും ഓർത്തു-കാലം-കളയാ,യ്കെടോ!”
ഗരുഡനെപ്പോലെ (പതഗപതി: ഇവ-പതഗപതി = പക്ഷിനായകൻ-ഗരുഡൻ) ആകാശത്തിലൂടെ ഗതി; സൂര്യമണ്ഡലത്തിൻ്റെ ശോഭയോടെ പോവുകയാണ്. ആ ഗതിക്കിടെ ദേവസമൂഹത്തിനു (അമര സമുദയം) തോന്നി: ഈ ഹനുമാൻ്റെ (അനിലൻ -കാറ്റ് - വായു ,തനയൻ =പുത്രൻ) - വേഗവും വീര്യവും ഒന്നു പരീക്ഷിക്കണമല്ലോ. തങ്ങളതു കാണുന്നുണ്ട് (ആലോക്യ); എന്നാലും പരീക്ഷിച്ചു വേണ്ടേ തിട്ടം വരുത്താൻ. അതിനാൽ സുരസയോടു നിർദ്ദേശിച്ചു, ഹനുമാൻ നിഷ്പ്രയാസമായമായ ഗമനം (യാത്ര) നിരോധിക്കാൻ. നാഗ മാതാവായ സുരസ ആ നിർദേശം സ്വീകരിച്ച് വേഗം ('തൂർണം') പുറപ്പെട്ടു. ഹനുമാൻ്റെ ബുദ്ധിയും ശക്‌തിയും ("മതിബലങ്ങൾ') തികച്ചും സൂക്ഷ്‌മദൃഷ്‌ടിയിലൂടെ മനസ്സിലാക്കി വേഗം വരിക എന്നായിരുന്നു ആജ്‌ഞ. അതുകേട്ട്, ആകാശപഥത്തിൽ ഹനുമാൻ്റെ സത്വരഗതി തടയാൻ അഹങ്കാരത്തോടെ അവർ അരികെച്ചെന്നു നിൽപ്പായി. എന്നിട്ട് ഉറക്കെ അലറിക്കൊണ്ട് പറഞ്ഞു: ഹേ വാനരാ, നീ എന്നെ കണ്ടില്ലെന്നുണ്ടോ? എന്നെ കൂസാതെ ആർ ഇതിലെ സഞ്ചരിക്കുന്നുവോ, അവരെ ഭക്ഷിച്ചുകൊള്ളാനാണ് എനിക്ക് ഈശ്വരകൽപ്പന. ഇപ്പോൾ നീയാണ് എൻ്റെ ആഹാരമെന്നത് ദൈവകൽപ്പിതം. വീരാ, എനിക്ക് അസ്സലായി വിശക്കുന്നു. അതുകൊണ്ട് വേഗം എൻെറ വായയുടെ ഗുഹയിലേക്കു പ്രവേശിക്കുക. വേറൊന്നും വിചാരിച്ചു കാലം നഷ്‌ടപ്പെടുത്തേണ്ട. (ഒരുവനെ വിഴുങ്ങാനായി അടുക്കുന്ന സുരസയുടെ രസകരമായ ക്ഷണം കേട്ടാൽ ആരുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിയും. മറ്റൊന്നും ഓർത്ത് കാലം കളയേണ്ടെന്നു കൂടി സുരസ പറഞ്ഞു വയ്ക്കുന്നുണ്ട്.)
28.
സരസം-ഇതി-രഭസ-തരം-അതനു-സുരസാ-ഗിരം സാഹസാൽ-കേട്ട്-അനിലാ,ത്മജൻ-ചൊല്ലിനാൻ:
29.
“അഹം-അഖില-ജഗദ,ധിപൻ-അമര-ഗുരു-ശാസനാൽ ആശു-സീതാ,ന്വേഷണത്തിനു-പോകുന്നു.
30.
അവളെ-നിശി-ചര-പുരിയിൽ-വിരവി,നൊടു- ചെന്നു-കണ്ട് അദ്യ-വാ-ശ്വോ, വാ-വരുന്നതും-ഉണ്ടു-ഞാൻ
31.
ജനക-നര-പതി-ദുഹിതൃ-ചരിതം-അഖിലം-ദ്രുതം ചെന്നു-രഘു-പതിയോട്-അറിയിച്ചു ഞാൻ
32.
തവ-വദന-കുഹരം-അതിൽ-അപ-ഗത-ഭയാകുലം താല്‌പര്യം-ഉൾക്കൊണ്ടു-വന്നു-പുക്കീടുവൻ.
33.
അനൃതം-അക-തളിരിൽ-ഒരു പൊഴുതും-അറിവീല-അഹം ആശു-മാർഗ്ഗം-ദേഹി-ദേവി! നമോസ്തു തേ.”
34.
തദനു-കപി-കുല-വരനൊട്-അവളും-ഉര-ചെയ്തിതു: "ദാഹവും-ക്ഷുത്തും-പൊറുക്കരുത്-ഏതുമേ.”
35.
“മനസി-തവ-സുദൃഢം-ഇതി-യതി-സപദി-സാദരം വാ-പിളർന്നീട്” എന്നു മാരുതി-ചൊല്ലിനാൻ.
36.
അതി-വിപുലം-ഉടലും-ഒരു യോജനാ-യാമം-ആയ് ആശുഗ-നന്ദനൻ-നിന്നതു-കണ്ടവൾ
37.
അതിൽ-അധിക-തര-വദന-വിവരമൊട്- അനാകുലം അത്ഭുതമായ്-അഞ്ചു-യോജനാ-വിസ്തൃതം.
38.
പവന-തനയനും-അതിനു-ഝടിതി-ദശ-യോജനാ-പരിമിതി-കലർന്നു-കാണായോ,രനന്തരം
39.
നിജ-മനസി-ഗുരു-കുതുകമൊട്-സുരസയും-തദാ : നിന്നാൾ-ഇരുപതു-യോജന-വായുമായ്.
40.
മുഖ-കുഹരം-അതി-വിപുലം-ഇതി-കരുതി-മാരുതി മുപ്പതു-യോജന-വണ്ണമായ്-മേവിനാൻ
41.
അലം-അലം-ഇത്-അയം-അമല,നരുതു-ജയം-ആർക്കുമെന്ന് അൻപതു-യോജന-വാ-പിളർന്നീടിനാൾ.
42.
അതു-പൊഴുതു-പവന-സുതൻ-അതി-കൃശ-ശരീരനായ് അംഗുഷ്ഠ-തുല്യനായ്-ഉൾ-പ്പുക്ക്-അരുളിനാൻ.
43.
തദനു-ലഘുതരം-അവനും-ഉരു-തര-തപോ,ബലാൽ തത്ര-പുറത്തു-പുറപ്പെട്ടു-ചൊല്ലിനാൻ:
44.
ശൃണു-സുമുഖി! സുര-സുഖ-പരേ-സുരസേ-ശുഭേ! ശുദ്ധേ! ഭുജംഗ-മാതാവേ! നമോസ്തുതേ!
45.
ശരണം-ഇഹ-ചരണ-സരസിജ-യുഗളം-ഏവ-തേ ശാന്തേ-ശരണ്യേ- നമസ്തേ - നമോസ്‌തു-തേ."
നല്ല തടിച്ച രൂപമാണ് സുരസയുടേത് (അതനു = തനുവല്ലാത്തത്) (മെലിഞ്ഞതല്ലാത്തത്
അതായത് തടിച്ചത്) അവൾ ഉറച്ച്, ഊക്കോടെ കൊതിപിടിച്ച് ('സരസം'), ഇങ്ങനെ പറഞ്ഞപ്പോൾ ഹനുമാൻ ഇങ്ങനെ ഉത്തരം കൊടുത്തു, പെട്ടെന്ന്. ('സാഹസാൽ') ഞാനിപ്പോൾ സർവലോകനാഥനായ ശ്രീരാമന്റെ ആജ്‌ഞയനുസരിച്ച് സീതയെ തേടി കുതിക്കുകയാണ്. ലങ്കയിലെത്തി വേഗം സീതയെ കാണും. എന്നിട്ട് ഇന്നോ നാളെയോ ('അദ്യവാ ശ്വോവാ') മടങ്ങും. സീതയുടെ സ്‌ഥിതി മുഴുവൻ വേഗം ചെന്ന് ശ്രീരാമനെയും അറിയിക്കണം. എന്നിട്ട് വന്ന് നിന്റെ വായ എന്ന ഗുഹയിൽ (വദന കുഹരം) പേടിയോ ഖേദമോ കൂടാതെ പ്രീതിയോടെതന്നെ പ്രവേശിച്ചോളാം. ഇതു സത്യമാണ്. അസത്യമെന്നതു പറയുക പോട്ടെ, മനസ്സിൽ കരുതു കപോലും ചെയ്യാത്ത ആളാണ് ഞാൻ. അതുകൊണ്ട് ദേവീ, നമസ്കാരം, വേഗം വഴി തരിക.
അതിനു മറുപടിയായി സുരസയുടെ മറുപടി: എനിക്കു ദാഹവും വിശപ്പും സഹിക്കാതായിരിക്കുന്നു.
ഇത് ഉറപ്പാണെങ്കിൽ, ശരി, സാദരം വാ തുറക്കുക എന്നായി ഹനുമാൻ. എന്നിട്ടോ, തന്റെ കനത്ത ശരീരത്തിന്റെ വലുപ്പം ഒരു യോജനയാക്കി (ആശുഗനന്ദനൻ കാറ്റിന്റെ മകൻ-ഹനുമാൻ. ആശുഗൻ വേഗം ഗമിക്കുന്നവൻ കാറ്റ്). അതിൽ സുരസയ്ക്കു കൂസലുണ്ടായില്ല ('അനാകുലം' ആകുലം കൂടാതെ); ഹനുമാൻ്റെ ശരീരത്തിനേക്കാൾ വ്യാപ്തിയോടെ, അദ്ഭുതം, അഞ്ചുയോജന വലുപ്പത്തിൽ അവൾ വായ് പിളർന്നു (വിവരം = ഇടം-ഇവിടെ വായയുടെ പിളർപ്പ്). ഇനി വലുപ്പത്തിൻ്റെ കാ ര്യത്തിൽ മത്സരം: ഹനുമാൻ വലുപ്പം പത്തുയോജനയാക്കി. അപ്പോഴോ, ഹനുമാന്റെ ശക്തിയെച്ചൊല്ലി ഉള്ളിലുയരുന്ന കനത്ത കൗതുകത്തോടെ, സുരസ വായുടെ വലുപ്പം ഇരുപതു യോജനയാക്കി. ഓ, ഇത്ര വലിയ വായോ എന്ന വിചാരത്തോടെ ഹനുമാൻ മുപ്പതു യോജന വണ്ണമാക്കി. മതി
മതി, ഇവൻ വിശുദ്ധനാണ് ("അയം അമലൻ'), ആർക്കും ഇവനെ ജയിച്ചു കൂടാ എന്നു വിചാരിച്ചുകൊണ്ട് സുരസ വായ അൻപതു യോജനയായി പിളർന്നു. അപ്പോഴോ, ഹനുമാൻ തൻ്റെ ശരീരം ചെറുതാക്കി, പെരുവിരലിനോളം ചെറുതായി, ആ വായിലേക്ക് പ്രവേശിച്ചു. പിന്നെ പുറത്തുകടക്കാൻ പ്രയാസമില്ലല്ലോ. അങ്ങനെ കനത്ത തപോബലംകൊണ്ട് എളുപ്പം പുറത്തു കടന്നിട്ട് സുരസയോടു പറഞ്ഞു: സുമുഖി, ദേവന്മാർക്കു സുഖം വരുത്തുന്നവളേ, സുരസേ, ശുഭേ, ശുദ്ധേ, സർപ്പജനനീ, നിനക്കു നമസ്‌കാരം (വിവിധ സംബോധനകളിലൂടെ സുരസയുടെ പൊരുളു താൻ അറിഞ്ഞിരിക്കുന്നു എന്നു വെളിപ്പെടുത്തുന്നു). നിന്റെ തൃക്കാലുകൾ തന്നെയാണ് എനിക്കാശ്രയം. നമസ്കാരം, നമസ്കാരം.
കഴിഞ്ഞ അദ്ധ്യായത്തിൽ ഇതിൻ്റെ വൃത്തം കളകാഞ്ചിയാണെന്നു പറഞ്ഞത് ഓർക്കുമല്ലോ. കാകളിയുടെ വകഭേദം മാത്രമായി ഇതിനെ കാണാം. മൂന്നക്ഷരവും അഞ്ചുമാത്രയുമായി ഓരോ പാദത്തിലും നാലു ഗണം-ഇതാണല്ലോ കാകളിക്കു വെച്ചിരിക്കുന്ന വ്യവസ്‌ഥ. ഇതിൽ ആദ്യത്തെ പാദത്തിൽ ആദ്യത്തിലെ രണ്ടോ മൂന്നോ ഗണങ്ങളെ 'ഐയഞ്ചു ലഘുവാക്കുക' എന്നതാണ് കാകളി കളകാഞ്ചിയാവുന്നതിന് ആധാരം. മാത്രയ്ക്ക് മാറ്റമില്ലതാനും. അപ്പോൾ താളത്തിനു നേരിടുന്ന അന്തരം നിർണായകമാകുന്നു. മറ്റു കിളിപ്പാട്ടുവൃത്തങ്ങളെപ്പോലെ (അന്നനടയൊഴികെ), ഈ കളകാഞ്ചി ആവർത്തിക്കപ്പെടുന്നില്ല. അധ്യാത്മരാമായണത്തിൽ സുന്ദരകാണ്ഡം, മഹാഭാരതത്തിൽ ഭീഷ്‌മപർവം-ഇപ്രകാരം രണ്ട് ഇതിഹാസത്തിലും ഓരോ പ്രകരണം കളകാഞ്ചിക്കായി മാറ്റിവെച്ചിരിക്കുന്നു. അത്രയേയുള്ളൂ (വേറൊരു വ്യതിയാനമായ മണികാഞ്ചിക്ക് അത്രപോലും സ്ഥാനം കൊടുക്കുന്നില്ല). പ്രകരണത്തിൻ്റെ ഭാവപരമായ പൊരുളിനോട് ഇണക്കി ക്കൊണ്ടാവാം ഈ വൃത്തഭേദം. സുന്ദരകാണ്ഡത്തോടു ബന്ധപ്പെടുത്തി അങ്ങനെയൊരു സൂചനയ്ക്കു പ്രസക്‌തി ലഭിക്കുന്നു. ആദ്യപാദത്തിലെ ലഘുമയമായ ആരംഭം താളപ്രസരം കൊണ്ട് ഹനുമാൻ്റെ ലീലാവിലാസങ്ങളുമായി പൊരുത്തപ്പെടുന്നു. തൊട്ടു പിന്നാലെ ആ വിക്രിയകൾ ഓരോ സന്ദർഭത്തിലും ഭക്തി എന്ന സ്‌ഥായിഭാവത്തിലേക്കു സംക്രമിക്കുന്നുണ്ടല്ലോ. ഒന്നാംപാദത്തിന്റെ ഒടുക്കവും രണ്ടാംപാദത്തിൽ ഉടനീളവും ദീക്ഷിക്കുന്ന കാകളിയുടെ ചിട്ട ഈ ഭാവഭേദവുമായി ചേർന്നുപോവുക എന്നത് സുന്ദരകാണ്ഡത്തിന്റെ അർഥ ഭാവദ്യോതകമായ പാരായണത്തിലൂടെ ഹൃദ്യമായ അനുഭവമാകുന്നു.
തയ്യാറാക്കിയത്
യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128