19/07/2025
എറണാകുളം ജില്ലയിൽ ശാന്തിഗിരി സൗഖ്യം കർക്കിടകം പദ്ധതിക്ക് തുടക്കമായി
കർക്കിടക ചികിത്സാചരണം എറണാകുളം ജില്ലാതല ഉത്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ ജോർജ് ജോസഫ്. കെ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ഓരോ മഴക്കാലവും മനുഷ്യൻ്റെ ആരോഗ്യത്തെ പുതുക്കാനുള്ള പ്രേരണയാണ് നൽകുന്നതെന്നും ആചാര്യന്മാർ അത് കൃത്യമായി നിർവചിച്ചിട്ടുണ്ടെന്നും അത് കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് നടപ്പിലാക്കുമ്പോഴാണ് ഗുണം അറിയാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് ആഹാരത്തിൻ്റെ നന്മയെ തിരിച്ചറിയാതെ തെറ്റായി കഴിക്കുന്നത് കൊണ്ട് ജീവിതശൈലി രോഗങ്ങൾ അധികരിക്കുന്നു. അതിനെ ബോധ്യപ്പെടുത്താൻ ശാന്തിഗിരി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എറണാകുളം സൗത്ത്, ചിറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് കാര്യദർശി സമാദരണീയ ജനനി കല്പന ജ്ഞാന തപസ്വിനി ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശാന്തിഗിരി കർക്കിടക കഞ്ഞി ഔഷധകിറ്റിന്റെ ജില്ലാതല വിതരണ ഉത്ഘാടനം സമാദരണീയ ജനനി കല്പന ജ്ഞാന തപസ്വിനി ശ്രീ ജോർജ് ജോസഫിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ഭാരവാഹികളായ അഡ്വക്കേറ്റ് ശ്രീ സന്തോഷ്‌കുമാർ , ശ്രീ മോഹൻദാസ് , ശ്രീ രാധാകൃഷ്ണൻ പാറപുരത്ത് , ഡോ. ഷാബൽ പി വി , ഡോ. ആതിര റ്റി എ, ഡോ. ഗ്രീഷ്മ ഹോസ്പിറ്റൽ കർമ്മചാരികൾ എന്നിവർ പങ്കെടുത്തു.