26/05/2017
Info Clinic
ഇന്ന് വാർഡിൽ ചെന്നപ്പോൾ കണ്ട കാഴ്ച... ഓരോ ബെഡിനും കൊതുകു വലകൾ... അതിനർത്ഥം, അകത്ത് കിടക്കുന്നത് ഡെങ്കിപ്പനിയുള്ള രോഗിയാണ്. അവരിൽ നിന്നും രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. അത് എന്തിന് എന്നാണോ സംശയിക്കുന്നത്?
ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണെന്നറിയാമല്ലോ അല്ലേ? (ആസ്ബസ്റ്റോസ്, അലൂമിനിയം പാത്രങ്ങൾ എന്നിവ മൂലമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്... അവർക്ക് ഇവിടെവച്ച് വായന നിർത്താം)
അപ്പോൾ... കൊതുകുകടിയേൽക്കാതെ നോക്കിയാൽ ഡെങ്കി വരില്ല? ഇല്ല... തീർച്ചയായും ഇല്ല
എന്തെളുപ്പം അല്ലേ…
ഈഡിസിനെ നല്ല പരിചയമില്ലെന്നു തോന്നുന്നു... ബഹുകേമനാണിവൻ (സോറി, ഇവൾ)
കാണാൻ ചെറുതാണ്, ദേഹത്തും കാലിലും വരകൾ... ആൾ ഒരു പുലി തന്നെ.. വെറും പുലിയല്ല, വരയൻ പുലി (Tiger Mosquitoഎന്ന് ഇംഗ്ലീഷിൽ)
കടി കൂടുതലും പകൽ സമയത്ത്, എങ്കിലും ഏതു നേരത്തും കടിയേൽക്കാം (രാവോ പകലോ എന്നില്ല... സന്ധ്യാനേരത്ത് മാത്രം കടിക്കുന്ന അനോഫിലസ് എത്രഭേദം) പിൻതുടർന്ന് കടിക്കും..കടിച്ചിടം ചൊറിയും…
എന്നാൽപ്പിന്നെ കടിയേൽക്കാതെ നോക്കാം... എങ്ങനെ?
ഫുൾ ഡ്രെസ്സ്ഡ് ആയി ഇരിക്കുക... ഫുൾകൈ ഷർട്ട്, പാൻറ്... പിന്നെ പലതും.. ഇതൊക്കെ എല്ലാവർക്കും പറ്റുമോ? ശ്രമിക്കൂ ...
പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെ കാര്യമാണ് കഷ്ടം...
അശ്രദ്ധമായി ഇരിക്കരുത്... ഒരു കൊതുകിനെയും എന്നെ കിടക്കാൻ വിടില്ല എന്ന മട്ട്...കയ്യും കാലും ഇളക്കിക്കൊണ്ട്.. ( ഇതൊന്നും വയ്യ, ലൈഫിന്റെ രസം പോകും എന്നാണോ?)
ഓഡോമോക്സ് മേലാകെ പുരട്ടിയാലോ (എപ്പോഴുമോ?)
കൊതുകുതിരി, ലിക്വിഡ്... എന്തൊക്കെയുണ്ട് ഉപയോഗിക്കാൻ.. നമ്മുടെ വീട്ടിലെ കൊതുകിനെ അയൽപക്കത്തേക് ഓടിക്കാം.. അവർ അവിടുന്ന് ഇങ്ങോട്ടും...
വീട്ടിനു പുറത്തിറങ്ങുമ്പോൾ എന്തു ചെയ്യും? എത്രമാത്രം പണച്ചെലവ്.. അലർജി, ചുമ തുടങ്ങി എന്തൊക്കെ പ്രശ്നങ്ങൾ ?
ജനലുകൾക്കും വാതിലുകൾക്കും നെറ്റ് ഇട്ടാലോ (അതും ഒരു ഓപ്ഷൻ ആണ്.. ചെലവേറിയ ഓപ്ഷൻ) വേറെ വഴിയൊന്നുമില്ലേ?
ഉണ്ട്, ശരിയായ വഴി... ഈഡിസിനെ ഇല്ലാതാക്കുക... അവന്റെ വംശപരമ്പരകളെത്തന്നെ... അതിന്റെ പ്രജനനം തടയുക.. എന്നാൽ അതു തന്നെ ചെയ്തു കളയാം, വരൂ എന്നാണോ പറയുന്നത്?
നിൽക്കൂ, യുദ്ധത്തിന് പുറപ്പെടും മുമ്പ് ശത്രുവിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കൂ, എന്നിട്ടാകാം
സർവൈവൽ ഓഫ് ഫിറ്റസ്റ്റ് എന്ന പ്രകൃതി നിയമം കണക്കിലെടുത്താൽ കാലാകാലം നിലനിൽക്കാൻ ഏറ്റവും കഴിവേറിയ ജീവികളാണ് കൊതുകുകൾ…. വെള്ളത്തിലാണ് മുട്ടയിടുന്നത്... ശുദ്ധജലത്തിൽ.. മലിനജലത്തിൽ മുട്ടയിടുന്നത് ക്യൂലെക്സ് കൊതുകുകളാണ്, നമ്മുടെ മന്ത് പരത്തുന്ന ഇനം
ഒരാഴ്ചയിലധികം ദിവസം വെള്ളം വറ്റാതിരുന്നാൽ മുട്ടകൾ വിരിഞ്ഞ് കൂത്താടികളായി പിന്നെ കൊതുകായി മാറും... വെള്ളം അധികമൊന്നും വേണ്ട... ഒരു സ്പൂൺ വെള്ളവും മതി... പക്ഷേ വറ്റരുത്
വരൾച്ചയാണ്, ജലക്ഷാമമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല... അവർക്കാവശ്യമായ ജലം അവർക്ക് ലഭ്യമാണ്... നമ്മുടെ അകമഴിഞ്ഞ സഹായം മൂലമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...എവിടെയൊക്കെ എങ്ങനെയൊക്കെ എന്നല്ലേ?
റബ്ബർ തോട്ടങ്ങളിൽ... റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ... ഒരു മഴ പെയ്താൽ അവിടെ കൊതുകുകൾക്ക് എല്ലാ സൗകര്യങ്ങളുമായി
തുറന്നു കിടക്കുന്ന ശുദ്ധജല ടാങ്കുകൾ... ആരുടെയും കണ്ണിൽ പെടാതെ സന്തതിപരമ്പരകളെ ഉൽപാദിപ്പിക്കാം
ടെറസ്സുകൾ, സൺഷേഡുകൾ... വെള്ളം പുറത്തേക്കൊഴുകേണ്ട പൈപ്പ് ബ്ലോക്കായിക്കാണും... ആരുനോക്കാൻ!
ഫ്രിഡ്ജിന്റെ സ്റ്റാൻഡ്... defrost ചെയ്ത വെള്ളം എന്നും അവിടെ കാണും
വീട്ടിനകത്ത് ചെടികൾ വളർത്തുന്ന വെള്ളം നിറച്ച കുപ്പികൾ
തുറന്ന് കിടക്കുന്ന അക്വേറിയങ്ങൾ, ടോയ്ലറ്റ് ടാങ്കുകൾ
എയർ കൂളറുകളിൽ സംഭരിച്ച വെള്ളം
മുറ്റത്തുള്ള ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഡിസ്പോസബിൾ ഗ്ലാസ്സുകൾ
പഴയ ടയറുകൾ... ടയറിനകത്തെ വെള്ളം ഒഴിവാക്കാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഒട്ടും എളുപ്പമല്ല !!! ടയർ വർക്സ് ചെയ്യുന്ന സ്ഥലങ്ങളിൽ അട്ടിയട്ടിയായി പഴയ ടയറുകൾ വെച്ചിരിക്കുന്നത് കാണാം, ഒരു പരസ്യ ബോർഡ് പോലെ!!!
വാഴ, കൊളക്കേഷ്യ, ചേന എന്നിവയുടെ ഇലയും തണ്ടും ചേരുന്ന ഭാഗത്ത് അത്യാവശ്യം വെള്ളം നിൽക്കും... അതുപോലെ മലർത്തിയിട്ട തെങ്ങോലകൾ... മരപ്പൊത്തുകൾ..ഇവർക്ക് അത്രയും വെള്ളം മതി.
പിന്നെ ഒഴുകാതെ കെട്ടി നൽക്കുന്ന ഏത് വെള്ളവും (നല്ല വെള്ളമായിരിക്കണം )
ജലക്ഷാമം നേരിടാൻ സംഭരിച്ചു തുറന്നു വെച്ച വെള്ളം
ഇളനീർ കുടിക്കാൻ നല്ല രസം തന്നെ.. എന്നാൽ കുടിച്ച് കഴിഞ്ഞ് വലിച്ചെറിയുന്ന തൊണ്ടുകളിൽ കെട്ടി നിൽക്കുന്ന വെള്ളം അവർക്ക് വേണ്ട സൗകര്യമൊരുക്കുന്നു.
ആക്രിക്കച്ചവടക്കാർ തുറന്ന സ്ഥലത്ത് പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മഴക്കാലത്ത് കൊതുകുകൾ പറയും, ഇവിടം സ്വർഗ്ഗമാണ് എന്ന്..
എന്തിനേറെ, ബാത്ത്റൂമിലെ സദാ നനവുള്ള തറ പോലും മതി ഇവക്ക്
അധികം ഉപയോഗിക്കാത്ത വാഷ്ബേസിനുകളിൽ നിന്നും കൊതുകുകൾ പറന്നുയരുന്നത് കണ്ടിട്ടുണ്ടോ? അതിന്റെ പൈപ്പിൽ ഉള്ള വെള്ളം ഇവരുടെ ഒളിത്താവളമാണ്. വേറെ എവിടെയൊക്കെ ആകാമെന്ന് സ്വയം ആലോചിച്ചു നോക്കൂ…
എന്നാലിനി ആക്ഷൻ തുടങ്ങാം
റബ്ബറിന്റെ ചിരട്ടകൾ മഴക്കാലത്ത് കമിഴ്ത്തിവെക്കുക (പ്രായോഗികമാണോ?) പറ്റില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും dry ആക്കുക
വീടിന്റെ ടെറസ്സ്, സൺഷേഡ്, ടാങ്കുകൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ സന്ദർശിക്കുക... നോക്കി, വേണ്ടത് ചെയ്യുക
ആഴ്ചയിൽ ഒരുദിവസം ഡ്രൈ ഡേ ആചരിക്കുക. (മദ്യപിക്കരുത് എന്നല്ല) ചുറ്റിനടന്ന് മേൽപ്പറഞ്ഞ സാധ്യത കൾ പരിശോധിക്കുകയും വെള്ളം ഒഴിവാക്കുകയും ചെയ്യുക
ടാങ്കുകൾ മൂടിവെക്കുക... വേനൽക്കാലത്ത് വീട്ടാവശ്യത്തിന് സംഭരിച്ച വെള്ളവും
ഉപയോഗിച്ച പ്ലാസ്റ്റിക് സാധനങ്ങൾ collect ചെയ്ത് ശരിയായ രീതിയിൽ dispose ചെയ്യുക…
ഗപ്പി മൽസ്യങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ? ജലാശയങ്ങളിൽ ഇവയെ വളർത്തുക... കൂത്താടികളാണ് ഇവയുടെ ഇഷ്ട ഭക്ഷണം
പഴയ ടയറുകൾ ഒന്നുകിൽ കുഴിച്ചിടുക, അല്ലെങ്കിൽ കുത്തനെ നിർത്തി വെള്ളം കയറാത്ത വിധം മണ്ണ് നിറക്കുകയോ ദ്വാരം ഇടുകയോ ചെയ്യുക
പിന്നെ കൊതുകുകളെ പറ്റിക്കാൻ ഒരു വഴി. കുറെ കുപ്പികളിലും ചിരട്ടകളിലും മറ്റും വെള്ളം നിറച്ചുവെക്കുക. കൊതുകുകൾ വന്ന് മുട്ടയിടട്ടെ... എല്ലാ ആഴ്ചയും വെള്ളം കമിഴ്ത്തിക്കളയുക... മറന്നു പോയാൽ... തീർന്നു കാര്യം...
ഫോഗിങ്ങ് തുടങ്ങിയ പരിപാടികൾ വലിയ ഗുണം ചെയ്യില്ല
വലിയ മെനക്കേട് തന്നെ.. ഡെങ്കി വരുന്നെങ്കിൽ വന്നോട്ടെ... വന്നാൽ ചികിൽസിക്കാമല്ലോ എന്നാണോ?
ഡെങ്കിപ്പനി ഭേദമാക്കാൻ പ്രത്യേക ചികിൽസകളില്ല, വരാതിരിക്കാൻ വാക്സിനുമില്ല (ഇതുവരെ)
പേടിക്കേണ്ട, തനിയേ മാറിക്കൊള്ളും ബഹു ഭൂരിപക്ഷത്തിനും. എന്നാൽ ഏതാനും ദിവസം കഠിനമായ പനി, മേലുവേദന, തലവേദന, കണ്ണിനു പിന്നിൽ വേദന എന്നിവ ഉണ്ടാകും, കിടപ്പിലായിപ്പോകും
ചിലർക്ക് രോഗം സങ്കീർണ്ണമാകും, പ്രത്യേകിച്ചും പനി കുറഞ്ഞു വരുന്ന സമയത്ത്
രക്തക്കുഴലുകളിൽ നിന്നും പ്ലാസ്മ ലീക്കു ചെയ്യുന്നതാണ് പ്രധാന പ്രശ്നം. തൻമൂലം രക്തത്തിന്റെ അളവ് കുറയുകയും ബ്ലഡ് പ്രഷർ കുറയുകയും ചെയ്യും. ശരിയായ വിദഗ്ധ ചികിൽസ ലഭ്യമാക്കിയില്ലെങ്കിൽ മാരകമാകാം
രക്തസ്രാവമാണ് മറ്റൊരു പ്രധാന പ്രശ്നം. രക്തം ഛർദ്ദിക്കുകയോ, മലത്തിലൂടെ പോവുകയോ മറ്റവയവങ്ങളിൽ രക്തസ്രാവമുണ്ടാവുകയോ ചെയ്യാം.
ചെറിയ കുട്ടികൾ, പ്രായമേറിയവർ, ഗർഭിണികൾ, കരൾ, വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രശ്നം കൂടുതലുണ്ടാകാം.
ആർക്കാണ് രോഗം വഷളാകുക എന്ന് പ്രവചിക്കുക എളുപ്പമല്ല
അതിനാൽ ഒരേയൊരു വഴി
ശരിയായ വഴി
കൊതുകു നിർമ്മാർജ്ജനം
അവയ്ക്ക് മുട്ടയിടാനുള്ള സൗകര്യം ഇല്ലാതാക്കുന്നതു വഴി (Source Reduction)
ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി
മഴ അവിടവിടെയായി പെയ്തു തുടങ്ങി
ഡെങ്കിക്കാലം വരവായി
നമുക്ക് കരുതിയിരിക്കാം
കൂട്ടായി പ്രവർത്തിക്കാം
ഡെങ്കി വരാതെ നോക്കാം
എഴുതിയത്: Dr. Mohandas Nair
#86