26/08/2022
ORS
⚠️കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നാണ് ORS. ദശലക്ഷക്കണക്കിന് ജീവനുകളാണ് ഇത് മൂലം രക്ഷപ്പെട്ടിട്ടുള്ളത്. കോളറയും മറ്റു ഛർദ്ദി-വയറിളക്ക രോഗങ്ങളും വഴി ഉണ്ടാകുന്ന നിർജ്ജലീകരണവും, ലവണ നഷ്ടവും ORS ന് ശരിയാക്കാൻ കഴിയും. ഇതു മാത്രമല്ല, പൊള്ളലേറ്റ് നിർജലീകരണം സംഭവിച്ച രോഗികൾക്കും, സൂര്യാഘാതമേറ്റ വ്യക്തികൾക്കും ഒ ആർ എസ് വളരെ ഉപയോഗപ്രദമാണ്.
വയറിളക്കമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ORS നെ കുറിച്ചും ഇന്ന് വിശദീകരിക്കാം.
🔴വയറിളക്കത്തിന് ആന്റിബയോട്ടിക്കല്ലേ വേണ്ടത്? ORS മതിയോ ?!!
വയറിളക്ക രോഗങ്ങൾക്കും എല്ലാവരും വിചാരിക്കുന്നത് ആന്റിബയോട്ടിക്കുകളോ (Antibiotics), ഐ.വി ഫ്ളൂയിഡ് (IV fluid) മറ്റു മരുന്നുകളും വേണമെന്നാണ്. എന്നാൽ ഇത് തെറ്റാണ്. പകരം ക്ഷമയോടെ നിർദ്ദേശാനുസരണം ORS പാനീയ കുടിച്ചാൽ 95% വയറിളക്ക രോഗങ്ങളും മാറുമെന്ന് പറയുമ്പോ പലരും വിശ്വസിക്കില്ല. പക്ഷെ അതാണ് സത്യം. 3 ദിവസം കഴിഞ്ഞും നിക്കാത്ത വയറിളക്കത്തിനോ, മലത്തിൽ ബ്ലഡ് വന്നാലോ മാത്രം ഡോക്ടറിനെ കണ്ടാൽ മതി. ഈ കാലയളവിൽ ആകാംക്ഷ പിടിക്കേണ്ട കാര്യമില്ല എന്ന് മനസിലാക്കുക.
ഏറ്റവും പ്രധാനം നിർജലീകരണം തടയുക എന്നതാണ്. ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും നമ്മൾ ORS പാനീയ ചികിത്സയിലൂടെ തിരികെ നൽകുന്നു. വയറിലുള്ള കേടായ വസ്തു പുറന്തള്ളുമ്പോൾ അസുഖവും മാറുന്നു.
🔴എന്താണ് (ORS) ഒആർഎസ്?
സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസിയം ക്ലോറൈഡ് , ഗ്ലൂക്കോസ് എന്നിവയുടെ മിശ്രിതമാണ് നമുക്ക് പാക്കറ്റിൽ കിട്ടുന്നത്.ഒരു ലിറ്റർ ലായനിയിൽ 2.6 ഗ്രാം സോഡിയം ക്ലോറൈഡ്, 2.9 ഗ്രാം സോഡിയം സിട്രേറ്റ്, 1.5 ഗ്രാം പൊട്ടാസിയം ക്ലോറൈഡ്, 13.5 ഗ്രാം ഗ്ലൂക്കോസ് എന്നിങ്ങനെയാണ് കണക്ക്.
🔴ORS മുതിർന്നവർ എത്ര കുടിക്കണം? ഒരിക്കൽ ORS ഉണ്ടാക്കി വയ്ച്ചാൽ എത്ര ദിവസം ഉപയോഗിക്കാം ?
-പോകും തോറും കുടിക്കുക എന്നതാണ് വയറിളക്ക ചികിത്സയുടെ പ്രധാന മുദ്രാവാക്യം. നിർജ്ജലീകരണം തടയുക എന്നുള്ളതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. പത്തു വയസിനു മുകളിൽ ഉള്ള എല്ലാ വ്യക്തികളും കുടിക്കാൻ പറ്റുന്നത്രെയും കുടിക്കുക. ഇത് ഒരു ദിവസം ഏകദേശം 2 ലിറ്റർ വരും.
-ഇരുപത്തി നാല് മണിക്കൂറില്‍ കൂടുതല്‍ ഉണ്ടാക്കി വെച്ച ORS ലായനി ഉപയോഗിക്കാന്‍ പാടുകയില്ല. വേണമെങ്കിൽ അടുത്ത ദിവസം വീണ്ടും ഉണ്ടാകുക.
🔴വയറിളക്ക സമയത്തു കഴിക്കേണ്ട ആഹാരങ്ങൾ എന്തൊക്കെ?
-വറുത്തതും പൊരിച്ചതുമായ എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ ഈ സമയത്ത് ദഹിയ്ക്കാൻ പ്രയാസമായതിനാൽ അവ ഒഴിവാക്കണം.
-മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിവാക്കുക.
-നന്നായി വേവിച്ച മത്സ്യ മാംസാദികളും പച്ചക്കറിയും ധാന്യങ്ങളും വയറിളക്കമുള്ള കഴിക്കാം.
-എരിവ് കുറഞ്ഞ എളുപ്പം ദഹിക്കുന്ന എന്ത് ആഹാരവും കഴിക്കാം.
🔴കുഞ്ഞുങ്ങൾക്ക് വയറിളക്കം വന്നാൽ എന്ത് ചെയ്യണം? ORS പാനീയ കുട്ടികൾക്ക് എത്ര കൊടുക്കണം ?
-കുട്ടികളിലെ വയറിളക്കം പ്രധാനമായും വൈറസ് മൂലമാണ്. റോട്ടാ വൈറസാണ് പ്രധാന വില്ലൻ. ഒ ആർ എസ് ലായനി ഉപയോഗിച്ചുള്ള പാനീയ ചികിത്സയാണ് ഏറ്റവും പ്രധാനം.
-കുട്ടികൾക്ക് ഓ ആർ എസ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നൽകുന്ന രീതിയാണ്, നിർദ്ദേശിക്കപ്പെട്ട ഇടവേളകളിൽ ചെറിയ അളവായി നൽകുകയാണ് വേണ്ടത്. ഒറ്റയടിക്ക് കുഞ്ഞുങ്ങളെ കുടിപ്പിച്ചാൽ അധിക അളവിൽ ചെല്ലുന്ന ദ്രാവകം ഛർദ്ദിച്ച് പോവാനുള്ള സാധ്യതയാണ് ഏറുക.
-വയറിളക്കത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിക്കുന്ന സമയം മുതൽ ഒ ആർ എസ് കൊടുത്തു തുടങ്ങാവുന്നതാണ്.
-ചെറിയ കുഞ്ഞുങ്ങൾക്ക് ഡ്രോപ്പറോ, സിറിഞ്ചോ ഉപയോഗിച്ചു ഒആർഎസ് നൽകാവുന്നതാണ്.
-കുട്ടികൾക്ക് ഓ.ആർ.എസ് കൊടുക്കുന്നതിനു കണക്കുണ്ട്. ശരീരഭാരത്തിന്റെ ഓരോ കി.ഗ്രാമിനും 10 മില്ലി എന്ന കണക്കിന് ഓരോ തവണ വയറിളകി പോയിക്കഴിഞ്ഞും ഓ.ആർ.എസ് കൊടുക്കണം.
-2 വയസിനു താഴെ ഉള്ള കുഞ്ഞുങ്ങൾക്കു ഓരോ പ്രാവശ്യം വയറിളകിയാൽ 50–100 mL (¼ to ½ കപ്പ്) കൊടുക്കുക.
-2 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾ ഓരോ പ്രാവശ്യം വയറിളകിയാൽ 100–200 mL (½ to 1 കപ്പ്) കൊടുക്കുക.
-സാധാരണ കുടിക്കുന്ന മുലപ്പാലും കഴിക്കുന്ന ആഹാരവും കുഞ്ഞുങ്ങൾക്ക് ORS നോടൊപ്പം കൊടുക്കേണ്ടതാണ്.
🔴കുട്ടികൾക്ക് ORS അല്ലാതെ വയറിളക്ക സമയത്തു വേറെ മരുന്നുകൾ കൊടുക്കണോ?
-സാധാരണ വയറിളക്കത്തിന് ഓ.ആർ.എസിന് ഒപ്പം സിങ്ക് (ZINC)കൂടി നൽകണമെന്ന് WHO (ലോക ആരോഗ്യ സങ്കടന) നിർദ്ദേശിക്കുന്നു.സിങ്ക് വിറ്റാമിൻ പോലെ ഒരു കടഘമാണ്.
-2 മുതൽ 6 മാസം വരെ പ്രായം ഉള്ള കുഞ്ഞുങ്ങളിൽ പ്രതിദിനം 10 mg എന്ന അളവിലും , 6 മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങളിൽ പ്രതിദിനം 20 mg എന്ന അളവിലും സിങ്ക് ,14 ദിവസത്തേക്ക് നൽകണം.
⚠️ വയറിളക്കത്തിന്റെ കാഠിന്യവും സങ്കീർണതകളും കുറയ്ക്കുന്നതിനും, തുടർന്ന് വയറിളക്കം പതുക്കെ മാറ്റാനും ORS ന്റെ കഴിവ് നിങ്ങൾക്ക് മനസിലായെന്ന് വിശ്വസിക്കുന്നു.
ഈ വിലപ്പെട്ട വിവരം നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യൂ.
വിവരങ്ങൾ: ലോക ആരോഗ്യ സങ്കടന
A platform to share Genuine & Verified Health Tips to public..
(നേരായ ആരോഗ്യ വിവരങ്ങൾ)
Dr Danish Salim,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala