08/04/2016
ആത്മോപദേശശതകം മനനാവിഷ്ക്കാരം 2
സ്വാമി മുക്താനന്ദ യതി
ക ര ണ വുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേ കജഗത്തുമോർക്കിലെല്ലാം
പര വെളി തന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറി ടേണം .
പ്രപഞ്ചം പഞ്ചഭൂതാത്മകമാണ് .ഭൂമി, വെള്ളം, തീ, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പ്രപഞ്ചത്തിന് ഗമന സ്വഭാവമുള്ളതുകൊണ്ടാണ് ജഗത്തെന്ന പേരു വന്നത്, പ്രപഞ്ചമാകട്ടെ, എണ്ണിയാലൊടുങ്ങാത്ത നാമരൂപങ്ങളാണ് .നാമരൂപങ്ങളെ ജ്ഞാനേന്ദ്രിയങ്ങളിലൂടെയാണ് നാം അറിയുന്നത്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവയാണ് ജ്ഞാനേന്ദ്രിയങ്ങൾ. കണ്ണ് കാണുന്നു. കണ്ണിന് വിഷയമായിരിക്കുന്നത് രൂപമാണ് .രൂപം പഞ്ചഭൂതങ്ങളിലൊന്നായ അഗ്നിയുടെ ഗുണമാണ്. മൂക്കു കൊണ്ടു മണക്കുന്നു .മണം പൃഥ്വിയുടെ ഗുണമാണ്. നാവു കൊണ്ട് രസം അറിയുന്ന .രസം ജലത്തി നെറ ഗുണമാണ്. ത്വക്ക് സ്പർശനേന്ദ്രിയമാണ്. സ്പർശം വായുവിന്റെ ഗുണമാണ്. ചെവിയിലൂടെയാണ് കേൾക്കുന്നത് .കേൾവി ആകാശത്തിന്റെ ഗുണമാണ്. പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളും തമ്മിലുള്ള ഈ പരസ്പര ബദ്ധതയിൽ നിന്നാണ് പ്രപഞ്ചാത്ഭവം ആവിർഭവിക്കുന്നത് .പ്രകർ ഷേണ പഞ്ചീകൃതമായത്, കൂടിച്ചേർന്നതാണ് പ്രപഞ്ചം.പഞ്ചീകരണം എന്നാൽ അഞ്ചു ഭൂതങ്ങളും ചേരേണ്ട പടി ചേരുന്നതാണ്.ഇന്ദ്രിയങ്ങൾക്ക് തനിയെ അറിയാൻ കഴിയുകയില്ല. അന്തക്കരണങ്ങളുടെ സഹായം കൂടി ആവശ്യമാണ്. മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയാണ് അന്തക്കരണങ്ങൾ. മനസ്സിന്റെ സ്വഭാവം സംശയം ഉന്നയിക്കുകയാണ്. എന്ത്? എവിടെ? എപ്പോൾ? ആര്? എങ്ങനെ? എന്തിന്? എന്നീ ചോദ്യങ്ങളെല്ലാം മനസ്സിന്റെ സൃഷ്ടിയാണ് .ചോദ്യത്തിന്റെ ഉത്തരം പൂർവാനുഭവത്തിൽ നിന്നും കണ്ടെത്തണം. പൂർവാനുഭവങ്ങളുടെ ശേഖരമാണ് ചിത്തം. സ്മൃതി രൂപത്തിലും വിസ്മൃതി രൂപത്തിലുമാണ് ചിത്തം പ്രവർത്തിക്കുന്നത് .ചിത്തത്തിൽ തെളിഞ്ഞ സ്മൃതി ശരിയോ തെറ്റോ എന്നു നിശ്ചയിക്കുന്നത് ബുദ്ധിയാണ് .ബുദ്ധിയെ അതു കൊണ്ട് നിശ്ചയാത്മികാ എന്നു വിളിക്കുന്നു. അഹങ്കാരം അഭിമാനിയാണ്. ബുദ്ധി നിശ്ചയിച്ച ഒന്നിനെ തനിയ്ക്കു വേണമോ വേണ്ടയോ എന്ന പ്രിയാ പ്രിയ രൂപത്തിലുള്ള പ്രതികരണമാണ് അഹങ്കാരത്തിനേറെത്.
ഇങ്ങനെ കരണേന്ദ്രിയകളേബരാദികളാൽ നാം അനുഭവിച്ചു പോരുന്ന ഈ ജഗത്തിന്റെ രഹസ്യം അറിയുവാനായി പുതിയൊരു വിചാരരീതിയെ അവലംബിക്കേണ്ടിയിരിക്കുന്നു. അത് അന്തർമുഖമായ മനനമാണ് .മനനം ചെയ്യുമ്പോൾ സ്വരൂപമായ ആത്മസൂര്യൻ അറിവിന്റെ അതിവിശദാ കാശത്തിൽ ഉദിച്ചുയർന്നു നിൽക്കുന്ന അനുഭവസാക്ഷാത്കാരം സംഭവിക്കുന്നു. ഇവിടെ പര വെളിസത്തിനെ കുറിക്കുന്നതും ഭാനുമാൻ ചിത്തിനെ കുറിക്കുന്നതുമായ പ്രതീക ശബ്ദങ്ങളാണ്. ആ ഒരേയൊരു ആ അത്മസൂര്യന്റെ ബഹുവിധ സ്ഫുരണങ്ങളാണ് എണ്ണിയാലൊടുങ്ങാത്ത നാമരൂപാ ത്മകമായ ഈ പ്രപഞ്ചം.തേറുക എന്നാൽ അതായിത്തീരുക എന്നാണ്. ആത്മസത്തയും ഞാനും അഭേദമാണെന്നറിയുന്ന അനുഭവ പൂർണ്ണിമ .
(തുടരും).