21/12/2022
അനുഭവ പാഠങ്ങൾ - 20
കേരളം വ്യവസായങ്ങൾക്ക് വളരാൻ പറ്റിയ മണ്ണെല്ലെന്ന് എല്ലാവരും പറയുന്നു.കേരളത്തിലെ വ്യവസായങ്ങളെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോൾ,കായംകുളത്ത് ഗോവിന്ദമുട്ടം എന്ന കൊച്ചു ഗ്രാമത്തിൽ തൻ്റെ വ്യവസായ സാമ്രാജ്യം സ്ഥാപിച്ച ജയകുമാർ, കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തമാണ്.
തനിക്ക് ഉണ്ടായ അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ചെടുത്ത ഊർജ്ജം കൊണ്ടു വളർന്നു വന്ന ജയകുമാർ, തൻ്റെ കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പലതരം ,കാർഷിക സംരംഭങ്ങളും, ബിസിനസ്സുകളും, കൂട്ടുസംരംഭങ്ങളും നടത്തി നോക്കിയെങ്കിലും അവിടെയെല്ലാം പല ,പല പാളിച്ചകളും,പിഴവുകളും സംഭവിച്ചു. പരാജയങ്ങളെയും, പാളിച്ചകളെയും കൈമുതലാക്കി കൊണ്ട്, തൻ്റെ വീടിനോട് ചേർന്ന്, വഴി സൗകര്യം കുറഞ്ഞ സ്ഥലത്ത് ഒരു കട്ടകമ്പനി, ക്രഷർ യൂണിറ്റ്, ഫിഷ്ഫാം, പൗൾട്ടറിഫാം തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിക്കുന്നു. മലയോര പ്രദേശങ്ങളിൽ മാത്രം സ്ഥാപിക്കാറുള്ള ക്രഷർയുണിറ്റ് ഞങ്ങളുടെ കുഗ്രാമത്തിൽ തുടങ്ങിയാൽ വിജയിക്കില്ലെന്ന് എല്ലാവരും വിധിയെഴുതി.
ഏതു സ്ഥാപനത്തിൻ്റെയും വിജയത്തിന് നല്ല റോഡുകൾ അനിവാര്യമാണെന്ന് മനസ്സിലാക്കിയ ജയകുമാർ ,തൻ്റെ സ്ഥാപനത്തിലേക്ക് വാഹനങ്ങൾ സുഗമായി എത്താൻ വേണ്ടി വീതിയുള്ള റോഡ് നിർമ്മിച്ചു.
തുടക്കത്തിൽ ഡീസൽ എഞ്ചിൻ വച്ച് പ്രവർത്തനം ആരംഭിച്ച കമ്പനിയുടെ പ്രവർത്തനം, പല ദിവസങ്ങളിലും യന്ത്രതകരാറ് മുലം തടസ്സപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാൻ 11KV വൈദ്യുതി തൻ്റെ കമ്പനിയിൽ എത്തിക്കണം. കണ്ടലൂരിൽ നിന്നും കായംകുളം കായലിന് കുറുകെ വൈദ്യുതപോസ്റ്റുകൾ ഇട്ട് കമ്പി വലിച്ചു വേണം 11 Kv വൈദ്യുതി എത്തിക്കാൻ .KSEB ക്ക് നഷ്ടം വരുത്തുന്ന കാര്യമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്മാർ ആ ഉദ്യമത്തിന് ആദ്യം അനുമതി കൊടുത്തില്ല.ജയകുമാറിൻ്റെ സങ്കടം കണ്ട് മനസ്സലിഞ്ഞ KSEB എഞ്ചിനിയർ കായലിന് കുറുകെ ലൈൻ വലിക്കാൻ ടെണ്ടർ ഇട്ടു. കായലിന് കുറുകെ പോസ്റ്റിട്ട് ലൈൻ വലിക്കുന്ന പണി ഏറ്റെടുക്കാൻ ആരും തയ്യാറാകാതിരുന്നപ്പോൾ, ജയകുമാർ തന്നെ അതിന് മുന്നിട്ടിറങ്ങി.കണ്ടലൂരിൽ നിന്നും കായംകുളം കായലിന് കുറുകെ ഇലട്രിക്പോസ്റ്റുകൾ ഇട്ട് ലൈൻ വലിച്ച് 11KV വൈദ്യുതി, കമ്പനിയിൽ എത്തിക്കുന്നത് ശരിക്കും ഭഗീരഥ പ്രയത്നം തന്നെയായിരുന്നു.
വിവിധ ഡിപ്പാർറ്റുമെൻ്റുകളുടെ ലൈസൻസും ,NOC-യും സംഘടിപ്പിക്കാൻ ഓഫീസുകൾ കയറിയിറങ്ങി, കമ്പനി പ്രവർത്തനമാരംഭിച്ചപ്പോൾ ഉണ്ടായ നൂറുകൂട്ടം പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ച് മുന്നോട്ട് നീങ്ങി. അസാധ്യമായ കാര്യങ്ങൾ വിജയിക്കുമ്പോൾ കിട്ടുന്ന ത്രിൽ ശരിക്കും അനുഭവിച്ച നാളുകൾ.
1998 -മുതലുള്ള സാമ്പത്തികമാന്ദ്യത്തിൽ വ്യാപാര-വ്യവസായ രംഗം മരവിച്ച് നിൽക്കുമ്പോൾ, "സുനാമി ,"ജയകുമാറിന്റെ രക്ഷകനായി
മാറി. മണൽക്ഷാമം കാരണം ഉണ്ടായ സ്തംഭനം , (നിർമ്മാണമേഖലയിലെ മണലിൻ്റെ ലഭ്യതക്കുറവ്, ) പരിഹരിക്കാൻ ,ക്രഷറിലെ പാറപ്പൊടി കഴുകി, ചെളിനീക്കി ഗുണമെന്മയുള്ള " M - Sand, ആദ്യമായി വിപണിയിൽ എത്തിച്ചു..ചെളിമയം ഇല്ലാത്ത ജയകുമാറിൻ്റെ M sand വാങ്ങാൻ ധാരാളം ആവശ്യക്കാർ വന്നപ്പോൾ പ്ലാൻറ് നവീകരിച്ച്, ഉൽപാദനം കൂട്ടി.
താഴെ വീണാൽ പൊട്ടി പോകാത്ത സിമൻ്റ് ബ്ലോക്കുകൾ നിർമ്മിച്ച്, സൈറ്റുകളിൽ ടിപ്പറിൽ പൊക്കിക്കുത്തി സിമൻറ് ബ്ലോക്കുകളുടെ ഗുണനിലവാരം പൊതുജനത്തിനെ ബോധ്യപ്പെടുത്തി. നിർമ്മാണരംഗത്ത് ഗുണമേന്മയുടെ പര്യായമായി മാറാൻ ജയകുമാറിന് കഴിഞ്ഞു.
ജയകുമാറിൻ്റെ കമ്പനിയിൽ നാട്ടുകാരും, അന്യസംസ്ഥാന തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. തൊഴിലാളിയും, മുതലാളിയും ഒരു കുടുംബമായി ആത്മാർത്ഥമായി ഒന്നിച്ചു നിന്നാലേ ഏതൊരു വ്യവസായവും നിലനിക്കുകയുള്ളു എന്ന തത്ത്വം പ്രയോഗികമാക്കിയ ജയകുമാറിന്റെ സ്ഥാപനങ്ങളിൽ തൊഴിൽ തർക്കങ്ങളോ, പ്രശ്നങ്ങളോ ഇല്ലാതെ സ്ഥാപനങ്ങൾ സുഗമായി പ്രവർത്തിക്കുന്നുണ്ട്.
ജയകുമാർ തന്റെ
ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിലും, വിലയിലും , അളവിലും കൃത്യത പാലിക്കുന്നതിനാൽ ജയകുമാറിൻ്റെ ഉൽപന്നങ്ങൾക്ക് നല്ല ഡിമാൻ്റാണ്.
കായംകുളത്ത് ആദ്യമായി ഇൻറർനാഷണൽ സ്ക്കൂൾ സ്ഥാപിച്ചത് ജയകുമാറാണ്. ലോക നിലവാരത്തിലുള്ള ജയകുമാറിൻ്റെ ഉടമസ്ഥതയിലുള്ള "കരുണ വിദ്യ ക്ഷേത്ര " ഇൻ്റർനാഷണൽ സ്കൂളിൽ, പഠനത്തോടൊപ്പം സമൂഹ്യനന്മകൾക്ക് ഉതകുന്ന രീതിയിലുള്ള അറിവുകൾ പുതിയ തലമുറക്ക് പകർന്നു കൊടുക്കുന്നതിൽ വളരെ ശ്രദ്ധ നൽകുന്നുണ്ട്.
തികഞ്ഞ ശ്രീ നാരായണഗുരുഭക്തനായ ജയകുമാർ,ഗുരുദേവൻ്റെ പാദസ്പർശത്താൻ അനുഗ്രഹതീതമായ വാരണപ്പള്ളി ക്ഷേത്രത്തിന് സമീപത്ത്, ഇന്ത്യയിലെ ആദ്യത്തെ , ശബ്ദരഹിത ധ്യാനമന്ദിരം നിർമ്മിച്ചു . തന്റെ മാതാ പിതാക്കളുടെ സ്മരണക്കായ്,
ഈ മനോഹമായ ധ്യാനമന്ദിരം, പുതുപ്പള്ളി SNDP 6163 നമ്പർ ശാഖക്ക് സമർപ്പിച്ചു.
തനിക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് സമൂഹത്തിലെ ആരും ശ്രദ്ധിക്കാതെ കഴിയുന്ന നിർദ്ധന കുടുംബങ്ങളെ... മരുന്നിനും ,ഭക്ഷണത്തിനും,പഠനത്തിനും,വിവാഹത്തിനും , കെട്ടിട നിർമ്മാണത്തിനും വേണ്ട സഹായം കൊടുക്കുന്നത്തിനും ജയകുമാർ ശ്രദ്ധലുവാണ്. അനാവശ്യപിരുവുകൾ ഒഴിവാക്കി കിട്ടിയാൽ അതുംകൂടി അർഹത പ്പെട്ടവരെ സഹായിക്കാൻ ഉതകുമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്
കായംകുളത്ത് വ്യാപാരികൾ ഏറെയുണ്ടെങ്കിലും വ്യവസായികൾ കുറവാണ്.കായംകുളത്തിൻ്റെ തന്നെ അഭിമാനമായി മാറിയ ജയകുമാർ, ആരും ചിന്തിക്കാത്ത കാര്യങ്ങൾ ചിന്തിക്കുകയും, പ്രശ്നങ്ങളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും അവസരങ്ങൾ കണ്ടെത്തി, മറ്റുള്ളവർക്ക് അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ നിസ്സാരമായി പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്ന അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും, ഇച്ഛാശക്തിയാണ് വിജയത്തിലെത്തിച്ചത് 🙏