01/01/2022
⚠️ ഒമിക്രോണിന്റെ ഈ 5 ലക്ഷണങ്ങളെ
കരുതിയിരിക്കൂ; അപകടം തടയാം.
ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി നിശ്ചയിച്ചിരിക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദമായ ഒമിക്റോണിന്റെ ലക്ഷണങ്ങളെ കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ നിലവിലുണ്ട്. പുതിയ വകഭേദത്തിന്റെ ഉയര്‍ന്ന വ്യാപനനിരക്ക് ആശങ്ക ഉയര്‍ത്തുന്നതാണ്. ഈ വൈറസ് ഉയര്‍ന്ന തോതില്‍ പകരാന്‍ സാധ്യതയുണ്ടെങ്കിലും, അതിന്റെ കാഠിന്യമാണ് ആളുകള്‍ക്കിടയിലെ മരണനിരക്ക് നിര്‍വചിക്കുന്നത്.
മുന്‍പ് രണ്ടാം തരംഗത്തിന് കാരണമായ കോവിഡ് -19 ന്റെ ഡെല്‍റ്റ വകഭേദം ലോകമെമ്പാടും നാശം വിതച്ചു. ഇത് എണ്ണമറ്റ മരണങ്ങള്‍ക്കും രോഗനിരക്ക് ഉയര്‍ത്താനും കാരണമായി. ഡെല്‍റ്റ വകഭേദം അങ്ങേയറ്റം പകര്‍ച്ചവ്യാധിയാണെന്നു മാത്രമല്ല, കടുത്ത പനി, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയല്‍ തുടങ്ങി മിതമായതോ കഠിനമായതോ ആയ ലക്ഷണങ്ങള്‍ക്കും വഴിവയ്ക്കുന്നു.
🔔 ഒമിക്രോണ്‍ എന്തുകൊണ്ട് ആശങ്ക ഉര്‍ത്തുന്നു
ലോകമെമ്പാടും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്റോണ്‍ കേസുകള്‍ രോഗലക്ഷണങ്ങളുടെ കാര്യത്തില്‍ സൗമ്യമാണെന്ന് പറയപ്പെടുന്നു. പുതിയ സ്പൈക്ക് പ്രോട്ടീനില്‍ 30-ലധികം മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍, മറ്റേതൊരു സ്ട്രെയിനില്‍ നിന്നും വ്യത്യസ്തമായി, ഇത് വാക്സിന്‍ പ്രതിരോധശേഷിയില്‍ നിന്ന് രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നു. അതിനാലാണ് ഒമിക്രോണ്‍ കേസുകള്‍ കാട്ടുതീ പോലെ ഉയരുന്നത്. കോവിഡിന്റെ ഈ ഏറ്റവും പുതിയ വകഭേദം നേരത്തെ വൈറസ് പിടിപെട്ടവരോ അല്ലെങ്കില്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തവരെപ്പോലും എളുപ്പത്തില്‍ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഒമിക്രോണ്‍ വൈറസ് ബാധയുടെ ഇനിപ്പറയുന്ന ഈ 5 ലക്ഷണങ്ങളെ കരുതിയിരിക്കൂ.
🔔 ക്ഷീണം
മുമ്പത്തെ വേരിയന്റുകള്‍ക്ക് സമാനമായി, ഒമിക്‌റോണും നിങ്ങള്‍ക്ക് കടുത്ത ക്ഷീണം ഉണ്ടാക്കിയേക്കാം. ഒരു വ്യക്തിക്ക് കുറഞ്ഞ ഊര്‍ജ്ജവും അമിത ക്ഷീണവും അനുഭവപ്പെടാം. വിശ്രമിക്കാനുള്ള ശക്തമായ ആഗ്രഹം ഉണ്ടാകാം, ഇത് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. എന്നിരുന്നാലും, മറ്റ് കാരണങ്ങളാലും ആരോഗ്യപ്രശ്‌നങ്ങളാലും ക്ഷീണം ഉണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ രോഗാവസ്ഥ സ്ഥിരീകരിക്കുന്നതിന് സ്വയം പരിശോധന നടത്തുന്നത് ഉറപ്പാക്കുക.
🔔 തൊണ്ടയില്‍ പൊട്ടല്‍
ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആഞ്ചലിക് കോറ്റ്സി പറയുന്നതനുസരിച്ച്, ഒമിക്റോണ്‍ ബാധിച്ച വ്യക്തികള്‍ തൊണ്ടവേദനയെക്കാള്‍ തൊണ്ടയിലെ 'പോറല്‍' ആണെന്ന് പരാതിപ്പെടുന്നു, ഇത് അസാധാരണമാണ്. രണ്ടും ഒരു പരിധിവരെ സമാനമാണെങ്കിലും, ആദ്യത്തേത് തൊണ്ടയിലെ പ്രകോപനവുമായി കൂടുതല്‍ ബന്ധപ്പെട്ടേക്കാം, രണ്ടാമത്തേത് കൂടുതല്‍ വേദനാജനകമാണ്.
🔔 തനിയെ മാറുന്ന നേരിയ പനി
കൊറോണ വൈറസ് ആരംഭിച്ചതു മുതല്‍, മിതമായ പനിയാണ് കോവിഡിന്റെ എടുത്തുപറയാവുന്ന ലക്ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ മുന്‍കാല വകഭേദങ്ങളില്‍ നിന്നുള്ള പനി, രോഗികളില്‍ ഒരു നീണ്ടുനില്‍ക്കുന്ന സ്വാധീനം ചെലുത്തിയിരുന്നെങ്കിലും, നിലവിലെ വകഭേദം ശരീര താപനിലയെ നേരിയ തോതില്‍ ഉയര്‍ത്തും. എന്നാല്‍ ഇത് സ്വയം തന്നെ മെച്ചപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഡോ. കോറ്റ്സി പറയുന്നു.
🔔 രാത്രി വിയര്‍പ്പും ശരീരവേദനയും
ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പിന്റെ മറ്റൊരു അപ്ഡേറ്റില്‍, രോഗികള്‍ അനുഭവിക്കുന്ന ലക്ഷണങ്ങള്‍ പട്ടികപ്പെടുത്തി. ഒമിക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങളാണ് രാത്രി വിയര്‍പ്പ് എന്ന് ഇതില്‍ പറയുന്നു. രാത്രിയില്‍ നിങ്ങള്‍ നന്നായി വിയര്‍ക്കുന്നു. നിങ്ങള്‍ തണുത്ത സ്ഥലത്ത് കിടന്നാലും നിങ്ങളുടെ വസ്ത്രങ്ങളും കിടക്കകളും വിയര്‍ത്ത് നഞ്ഞിരിക്കും. ശരീര വേദന ഉള്‍പ്പെടെയുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം വിയര്‍പ്പ് ഉണ്ടാകാം.
🔔 വരണ്ട ചുമ
ഒമിക്രോണ്‍ ബാധിച്ചവരില്‍ വരണ്ട ചുമയ്ക്ക് വളരെ സാധ്യതയുണ്ട്. മുന്‍കാല സ്ട്രെയിനുകളിലും ഇത് ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നായിരുന്നു. തൊണ്ടയിലോ ശ്വാസനാളത്തിലോ ഉള്ള പ്രകോപനം ഇല്ലാതാക്കാന്‍ നിങ്ങള്‍ ശബ്ദം പുറപ്പെടുവിക്കുന്നതാണ് വരണ്ട ചുമ.
🔔 ശ്രദ്ധിക്കാന്‍
മുന്‍ വകഭേദങ്ങളില്‍ നിന്നുള്ള ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഒമിക്രോണ്‍ അണുബാധ മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ മൂക്കടപ്പ് കേസുകളും ഉണ്ടായിട്ടില്ല. അതുപോലെ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് കടുത്ത പനിയുടെ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
🔔 ആദ്യ ഒമിക്രോണ്‍ മരണം
അതേസമയം കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദത്തിന്റെ കനത്ത വ്യാപനം രാജ്യത്ത് വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ ഒമിക്രോണ്‍ വകഭേദം അസാധാരണമായ നിരക്കില്‍ വ്യാപിക്കുകയാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി സജീദ് ജാവേദ് പറഞ്ഞു.