04/10/2025
"അയ്യായിരത്തോളം വർഷം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ആയുർവേദത്തിന് ഇക്കാലത്ത് എന്ത് പ്രസക്തിയാണ്? കാലത്തിനനുസരിച്ച് മാറ്റം വരേണ്ടേ?"
എന്നായിരുന്നു ആ പത്രപ്രവർത്തകൻ്റെ ചോദ്യം.
ഗുരുനാഥൻ ഒന്നു ചിരിച്ചു.
ശിഷ്യന്മാരായ ഞങ്ങൾ ചുറ്റുമുണ്ട്.
കുടുക്കുന്ന ചോദ്യമാണ്. എന്തൊക്കെ വാദങ്ങൾ കൊണ്ടാവും അദ്ദേഹം ഉത്തരം പറയാൻ പോകുന്നതെന്ന ആശങ്കയോടെ ഞങ്ങൾ.
അദ്ദേഹം പറഞ്ഞു - " അയ്യായിരം വർഷം മുമ്പ് സന്തോഷം വന്നാൽ മനുഷ്യൻ ചിരിച്ചിരുന്നു. സങ്കടം വന്നാൽ കരഞ്ഞിരുന്നു. ദാഹിച്ചാൽ വെള്ളം കുടിച്ചിരുന്നു വിശന്നാൽ ഭക്ഷണം കഴിച്ചിരുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും അതിനെന്തെങ്കിലും മാറ്റമുണ്ടോ?" പത്രപ്രവർത്തകൻ : "ഇല്ല "
"അതുപോലെ ചുറ്റുപാടുകളോടുള്ള പ്രതികരണമായാണ് മനുഷ്യന് ഓരോ അസുഖങ്ങളും വരുന്നത്. അടിസ്ഥാനപരമായി അതിൻ്റെ സ്വഭാവത്തിന് മാറ്റമില്ലാത്തിടത്തോളം അതിനനുസരിച്ച് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള ആയുർവേദത്തിനും അടിസ്ഥാനപരമായി മാറ്റം വേണ്ടതില്ലല്ലോ, ശരിയല്ലേ?"
പത്രപ്രവർത്തകൻ തലകുലുക്കി
അത്രയും ലളിതമായാണ് ശ്രീ. രാഘവൻ തിരുമുൽപ്പാട് വൈദ്യശാസ്ത്രത്തെ വ്യാഖ്യാനിച്ചത്. അതിലും ലളിതമായാണ് ചികിത്സിച്ചത്. വിജയദശമി ദിനത്തിലെ വിദ്യാരംഭം ചാലക്കുടി രാജവിഹാറിലെ ഏറ്റവും പ്രധാന ചടങ്ങായിരുന്നു. അദ്ദേഹത്തിൻ്റെ സ്മരണയിൽ ഇന്നും അത് തുടരുന്നു.
'നിദാന സംപ്രാപ്തികൾ പുതിയ കാലത്തെ വിശകലനത്തിൽ ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്താൻ സാധിച്ചു... നന്ദി!
(Facebook post by Dr.P.M Madhu)