26/08/2024
ചില ഉത്തരങ്ങൾ...
കുറേ ദിവസങ്ങളായി ഞാൻ തേടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം ഇന്നാണ് ലഭിച്ചത്. ഈ യാത്രയിൽ ഓരോരുത്തർക്കും എത്രയെത്ര ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടായിരിക്കും? അവയ്ക്കെല്ലാം മറുപടി ലഭിക്കുന്നവർ തികച്ചും ഭാഗ്യവാന്മാർ തന്നെ...
ഞാനൊന്ന് പിറകിലേക്ക് സഞ്ചരിച്ചു... സത്യത്തിൽ ഞാൻ പലതവണ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഇവിടെ വരെ എത്തിച്ചത് എന്ന് തോന്നി. തികച്ചും അത്ഭുതകരം തന്നെ...
കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ തുടങ്ങുന്നതാണ് നമ്മുടെ ചോദ്യങ്ങൾ. മിക്കവാറും മുതിർന്നവർ തരുന്ന ഉത്തരങ്ങളിൽ നമ്മൾ സംതൃപ്തർ ആയിരിക്കുകയും ചെയ്യും.
എന്നാൽ നമ്മൾ മുതിർന്നുകഴിഞ്ഞാലോ? പലതിനും ഉത്തരങ്ങൾ നമ്മൾ തന്നെ കണ്ടെത്തേണ്ടി വരികയും ചെയ്യും.
ഇന്ന് ലഭിച്ച ഉത്തരം അർധവിരാമം മാത്രമാണ്... ഇനിയുമേറെ ചോദിക്കാനുള്ള പലതിന്റെയും ചാലകശക്തി...
ഇന്നും ഉത്തരം കിട്ടാത്ത രണ്ടു ചോദ്യങ്ങളുണ്ട്... കൂടാതെ കൃത്യസമയത്ത് ചോദിക്കാതിരുന്ന ഒരു ചോദ്യവും...
അവയുടെ ഉത്തരം വിരാമമോ അതോ അർദ്ധവിരാമമോ?