31/03/2017
DOCTOR WITH DIVINE HANDS OF HEALING
*" ഡോക്ടര് ദിവ്യപ്രകാശ് ലൈവിലാണ് "*
'എല്ലാം മേലേയിരിക്കുന്ന ആള് കാണുന്നുണ്ട്' എന്ന് ഡോ.ദിവ്യപ്രകാശ് പറഞ്ഞാല് അത്ഭുതപ്പെടേണ്ട,ദൈവത്തെപ്പറ്റിയല്ല പറഞ്ഞത് മറിച്ച് രോഗികള് ദൈവത്തെപോലെ കണക്കാക്കുന്ന ഡോ.പ്രകാശിനെക്കുറിച്ചാണിത്. സിസി ടിവിയിലൂടെ രോഗികളെ കണ്ട് പ്രത്യേകം ഘടിപ്പിച്ച മൈക്കിലൂടെ വിവരങ്ങള് ചോദിച്ചറിഞ്ഞ് മരുന്ന് നല്കുന്ന കേരളത്തിലെ ആദ്യത്തെ ഹോമിയോ ഡോക്ടറാണ് പ്രകാശ്. കരള് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിത്തിലായപ്പോള് തല്ക്കാലത്തേയ്ക്ക് രോഗികളെ പരിശോധിക്കുന്നത് വിലക്കപ്പെട്ടതോടെയാണ് സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്താന് തുടങ്ങിയത്. മടിച്ച് മടിച്ചാണ് തുടങ്ങിയതെങ്കിലും രോഗികള് സഹകരിക്കാന് തുടങ്ങിയതോടെ പദ്ധതി പൂര്ണ വിജയമാകുകയായിരുന്നു.
ചോറ്റാനിക്കര ഡോ.പടിയാര് മെമ്മോറിയല് ഹോമിയോപതിക് മെഡിക്കല് കോളജിലെ അധ്യാപകനായ ഇദ്ദേഹം ആലപ്പുഴ ജില്ലയിലെ ചേര്ത്തലയ്ക്ക് അടുത്ത് പൊന്നാംവെളിയിലുളള സ്വന്തം ക്ലിനിക്കായ 'ആദിത്യ' ആണ് വേറിട്ട പരീക്ഷണത്തിന്റെ വേദിയാക്കിയത്. സന്താനമില്ലായ്മ മൂലം വിഷമിച്ചിരുന്ന നൂറു കണക്കിന് ദമ്പതിമാരെ ചികിത്സിച്ച് ദു:ഖം മാറ്റി നല്കിയ ഡോക്ടര് ഡല്ഹി അപ്പോളോ ആശുപത്രിയില് ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള് ജാതിമത ഭേദമന്യേ കൂട്ടപ്രാര്ത്ഥന ഉയര്ന്നു. രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടേയും അതിര് കടന്ന സ്നേഹം മൂലമാണ് വിലക്ക് ലംഘിച്ചും വേറിട്ട ചികിത്സയ്ക്കായി ഇറങ്ങി പുറപ്പെട്ടത്.
പട്ടണക്കാട് ആദിത്യതാരയില് രാമദാസ ഷേണായിയുടേയും താരാഭായിയുടേയും രണ്ടാമത്തെ മകനായി ഇടത്തരം കുടുംബത്തിലാണ് പ്രകാശിന്റെ ജനനം. ചേര്ത്തല ഹോളിഫാമിലിയില് സ്ക്കൂള് വിദ്യാഭ്യാസവും എസ്.എന്.കോളജില് പ്രീഡിഗ്രിയും ഉയര്ന്ന മാര്ക്കോടെ പൂര്ത്തിയാക്കിയ ശേഷമാണ് ചോറ്റാനിക്കര ഹോമിയോപ്പതിക് കോളജില് ബി.എച്ച്.എം.എസിന് ചേരുന്നത്. മെഡിസിന് പ്രവേശനം സാധ്യമായിട്ട് പോലും അനുദിനം ശോഷിച്ച് വരുന്ന വീട്ടുകാരുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ചായിരുന്നു ഹോമിയോപതി എടുത്തത്. ചെറുകിട കച്ചവടക്കാരനായ പിതാവിന്റെ വരുമാനം കൊണ്ട് വീട്ടുചെലവ് പോലും മുന്നോട്ട് നീങ്ങുന്നത് വിഷമിച്ച് തുടങ്ങിയപ്പോള് ജോലിയോടൊപ്പമുളള പഠനം എന്ന ആശയം പ്രകാശന്റെ തലയില് ഉദിച്ചു. ലോട്ടറി വില്പനയായിരുന്നു ആദ്യത്തെ 'ബിസിനസ്'. വീടിനടുത്തുളള ലോട്ടറി ഏജന്റിനെ കണ്ട് കാര്യം അവതരിപ്പിച്ചപ്പോള് അദ്ദേഹത്തിനും സന്തോഷം. പൊന്നാംവെളി കവലയില് വലിയ തുണിക്കുട (ബീച്ച് കുട)സ്ഥാപിച്ചുണ്ടാക്കിയ തണലിലിരുന്ന് പതിനെട്ടുകാരന് ഭാഗ്യവില്പ്പന തുടങ്ങി. കച്ചവടക്കാരും വഴിപോക്കരുമായിരുന്നു പ്രധാന 'കസ്റ്റമേഴ്സ്'. നല്ലനാളെകള് പ്രതീക്ഷിച്ച് ധാരാളംപേര് മീശ മുളയ്ക്കാത്ത പയ്യനില് നിന്നും ടിക്കറ്റുകള് വാങ്ങി.
ഭാഗ്യം കനിഞ്ഞിട്ടും...
1986 ല് ഓണം ബമ്പറിന്റെ നറുക്കെടുപ്പ് പൊടിപൊടിയ്ക്കുകയാണ്.10 ലക്ഷവും അംബാസഡര് കാറുമാണ് ഒന്നാം സമ്മാനം. പതിവുകാരനായ പുല്ലുകച്ചവടക്കാരന് ബി.എം.135235 എന്ന ടിക്കറ്റ് ആദ്യം എടുത്തെങ്കിലും ഭാഗ്യമില്ലാത്ത നമ്പരാണെന്ന് പറഞ്ഞ് തിരിച്ചേല്പിച്ചതിനാല് മറ്റൊരാള് വാങ്ങി. നിര്ഭാഗ്യ നമ്പരായി അയാള് കണക്ക്കൂട്ടിയ ആ ടിക്കറ്റിനായിരുന്നു ബമ്പറടിച്ചത്. ഇതറിഞ്ഞ കച്ചവടക്കാരന് ഓടിവന്ന് പൊട്ടിക്കരഞ്ഞ് മണ്ണില് കിടന്ന് ഉരുണ്ടത് ഇപ്പോഴും പ്രകാശിന്റെ മനസില് പച്ചപിടിച്ച് നില്ക്കുന്നു. ഒന്നാംസമ്മാനം വിറ്റ ഹോമിയോപതി വിദ്യാര്ത്ഥി രാശിയുളളവനായി നാട് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന്റെ ചൂട് മാറും മുമ്പേ അടുത്ത ആഴ്ച നടന്ന നറുക്കെടുപ്പില് രണ്ടാം സമ്മാനവും പ്രകാശ് വിറ്റ ടിക്കറ്റിനായിരുന്നു. രണ്ടാം സമ്മാനമായ കാല്ലക്ഷം രൂപ ഒരു കുടനന്നാക്കുന്ന വ്യക്തിക്കായിരുന്നു. തുടര്ച്ചയായി ഭാഗ്യം മറ്റുളളവര്ക്ക് നേടി നല്കിയപ്പോഴും സ്വന്തം ജീവിതത്തില് നിന്ന് ലോട്ടറിഭാഗ്യം മാറി നിന്നു. കമ്മീഷന് തുക പോലും നല്കാതെ വെറും അയ്യായിരം രൂപ നല്കി പയ്യന്വില്പ്പനക്കാരനെ ഏജന്റ് ഒതുക്കി. കാലികളെ വളര്ത്തിയും പാല്വിറ്റും ദിവസേന 100 രൂപ വരെ നേടി.
കോഴ്സ് പൂര്ത്തിയപ്പോള് മാറി നിന്ന ഭാഗ്യദേവത പ്രകാശിന് കൂട്ടിനെത്തി. പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്-ഒന്നാം റാങ്ക്. വ്യക്തിത്വവും മാനസികാവസ്ഥയും തിരിച്ചറിഞ്ഞ് മൂലകാരണം കണ്ടെത്തി ചികിത്സിക്കുന്ന ഹോമിയോപ്പതിയുടെ തത്വശാസ്ത്രം പ്രകാശിന് ലഹരിയായി. രോഗത്തിന് പകരം രോഗിയെ ചികിത്സിച്ച് വ്യക്തികളെ പൂര്ണ ആരോഗ്യാവസ്ഥയിലേയ്ക്ക് നയിക്കുന്ന ചികിത്സാമേഖലയെ അന്ന് കീഴടക്കിയിരുന്നവരില് ഭൂരിഭാഗവും ഔദ്യോഗിക ബിരുദം നേടാതെ പുസ്തകം മാത്രം വായിച്ചുപഠിച്ചവരായിരുന്നു. ഹോമിയോപ്പതിയുടെ അനന്ത സാധ്യതകള് തേടി മുംബൈ അംബേദ്ക്കര് സര്വകലാശാലയില് എം.ഡിയ്ക്ക് ചേര്ന്നു.'പഴകിയ രോഗങ്ങളും ഹോമിയോപ്പതിയും'എന്ന വിഷയത്തില് ഡോക്ടറേറ്റും നേടി.
1992 ഒക്ടോബര് ആറിന് 21 കാരനായ ഡോ.പ്രകാശ് പൊന്നാം വെളിയില് ആദിത്യ ക്ലിനിക്ക് സ്ഥാപിച്ചു. കടക്കരപ്പളളി എന്ന സ്ഥലത്ത് നിന്നും വിചിത്രരോഗവുമായി രാജമ്മ എന്ന രോഗി എത്തിയതും അസുഖം ഭേദമാക്കിയതുമാണ് ചേര്ത്തലയില് പ്രശസ്തിയുടെ പ്രകാശം പരത്തിയത്. ഇടയ്ക്കിടെ ശരീരം ചീര്ക്കുന്ന പ്രത്യേകതരം അസുഖമായിരുന്നു രാജമ്മയ്ക്ക്. മണിക്കൂറുകള് കൊണ്ട് തടി കൂടിക്കൂടി വരികയും മണിക്കൂറുകള്ക്ക് ശേഷം ചുരുങ്ങി തുടങ്ങുകയും ചെയ്യും. കാറ്റ് കയറ്റി വിടുന്ന ബലൂണ് പോലെ വീര്ത്ത് വരുന്ന അസുഖം എന്താണെന്ന് കണ്ടുപിടിയ്ക്കാന് പോലും ആലപ്പുഴ-കോട്ടയം മെഡിക്കല് കോളജുകളിലെ ആലോപ്പതി വിദഗ്ധന്മാര്ക്ക് സാധിക്കാതെ വന്നതോടെ രാജമ്മ വീട്ടിലേയ്ക്ക് മടങ്ങി. വൈദ്യശാസ്ത്രം കൈയാഴിപ്പോള് വിറ്റാമിന് ഗുളികളും കഴിച്ച് പ്രാര്ത്ഥനയുമായി കാലം കഴിക്കുന്നതിനിടയില് 'മണിക്കൂറുകള് നീളുന്ന പൊണ്ണത്തടി'എന്ന അസുഖം വര്ദ്ധിക്കുക പതിവായി. പരീക്ഷണമെന്ന നിലയില് നാട്ടുകാര് ഒരു തവണ രാജമ്മയെ ആദിത്യയില് എത്തിച്ചു. തടി കാരണം കണ്സള്ട്ടിംഗ് റൂമിലേയ്ക്ക് കടക്കാന് വയ്യാതെ ആയതോടെ ഡോ.പ്രകാശ് പുറത്തിറങ്ങിയാണ് പരിശോധിച്ചത്. മകന് മുങ്ങി മരിച്ചത് മൂലമുണ്ടായ ഷോക്കും അകാലത്തില് ആര്ത്തവ വിരാമം സംഭവിച്ചതും രാജമ്മയില് നിന്ന് ചോദിച്ച് മനസിലാക്കിയതോടെ ഡിപ്രഷന്റെ ലക്ഷണം വായിച്ചെടുത്തു. എട്ടുവര്ഷം ആലോപ്പതിക്കാര് കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതിരുന്ന രോഗ നിയന്ത്രണം ആഴ്ചകള്ക്കുളളില് സാധ്യമായി. മാസങ്ങള്ക്കുളളില് രാജമ്മയുടെ അസുഖം മാറിയത് വാമൊഴിയായി അറിഞ്ഞ് ദിവസേന നൂറ് കണക്കിന് രോഗികള് ആദിത്യയിലേയ്ക്ക് ഒഴുകി തുടങ്ങി. 421 രോഗികളെ വരെ ഒരു ദിവസം പരിശോധിച്ചിട്ടുണ്ട്.
പരിശോധന പുരോഗമിക്കവേ ഇംഗ്ലീഷ് മരുന്നിന് കീഴ്പ്പെടുത്താനാവാത്ത അസുഖങ്ങളാണ് ഏറെയും എത്തിയത്. ഇതിനിടയില് പഠിച്ച കോളജില് തന്നെ പഠിപ്പിക്കാനും അവസരം ലഭിച്ചു. ചോറ്റാനിക്കര ഡോ.പടിയാര് മെമ്മോറിയല് ഹോമിയോപതിക് മെഡിക്കല് കോളജിലെ അധ്യാപനവും ഒ.പി.യിലെ പരിശോധന കൂടാതെ സ്വന്തം ക്ലിനിക്കിലും ചികിത്സയ്ക്കായി സമയം മാറ്റിവച്ചു. മരുന്ന് കലര്ന്ന മധുരഗുളികകള് മാത്രം നല്കി വിടുന്ന ഹോമിയോ ചികിത്സ എന്ന സങ്കല്പ്പത്തില് നിന്ന് വ്യത്യസ്തമായി ലാബറട്ടറി, ഫാര്മസി സൗകര്യത്തോടെ രണ്ട് നിലകളിലായി പുതിയ ആശുപത്രി സ്ഥാപിച്ചതോടെ രോഗികളുടെ എണ്ണവും പെരുകി. സന്താനരാഹിത്യത്താല് വിഷമിച്ചിരുന്ന നൂറ് കണക്കിന് ദമ്പതികള്ക്ക് ആശ്വാസമാകാന് കഴിഞ്ഞു എന്നതാണ് ആതുരശുശ്രൂഷാരംഗത്തെ ഏറ്റവും മികച്ച നേട്ടമായി പ്രകാശ് കണക്കാക്കുന്നത്. നിരവധി കുട്ടികള്ക്ക് അവരുടെ മാതാപിതാക്കള് 'ആദിത്യ' എന്ന പേരിട്ടാണ് ഡോക്ടറോടുളള സ്നേഹം പ്രകടിപ്പിച്ചത്.
കരള്പാതി പകുത്തു നല്കുന്നു...
ലിവര്ക്യാന്സറിന് പോലും ഹോമിയോ ഫലപ്രദമായി ചികിത്സിച്ചിരുന്ന പ്രകാശിന് സ്വന്തം കരളിനെ ബാധിച്ച രോഗത്തെ *( fear of starvation ) വേഗം തിരിച്ചറിയാനായി. പാരമ്പര്യമായി പിടിപെട്ട ഈ അസുഖത്തിന് കരള് മാറ്റി വയ്ക്കലല്ലാതെ മറ്റ് പ്രതിവിധിയൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ കരള്പാതി പകുത്ത് നല്കാന് സഹോദരന് സുരേഷ് ആര്.ഷേണായി തയാറായി. പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു. സങ്കീര്ണമായ ശസ്ത്രക്രിയ വേണ്ടിയിരുന്നതിനാല് ഭാര്യാസഹോദരന് കൂടിയായ അമൃതാ മെഡിക്കല് കോളജിലെ റുമറ്റോളജി വിഭാഗം തലവന് ഡോ.പത്മനാഭ ഷേണായിയുടെ നിര്ദേശ പ്രകാരം ഡല്ഹി അപ്പോളോ ആശുപത്രിയിലേയ്ക്ക് മാറ്റി. ലോകപ്രശസ്ത കരള്ശസ്ത്രക്രിയാ വിദഗ്ധന് ഡോ.സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില് ഓപറേഷന് തുടങ്ങി. പ്രിയപ്പെട്ട ഡോക്ടറുടെ ജീവന് വേണ്ടി വിദേശരാജ്യങ്ങളില് നിന്നടക്കം പ്രാര്ത്ഥന നടന്നു. ഭീമാപളളിയിലെ ആരാധനയും ഗുരുവായൂരിലെ പ്രത്യേക പൂജയും മാത്രമല്ല വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് പോലും കുര്ബാന നടന്നു. കരളുരുകിയുളള പ്രാര്ത്ഥന ഈശ്വരന് കേട്ടു. 18 മണിക്കൂര് നീണ്ട അതിസങ്കീര്ണമായ ശസ്ത്രക്രീയ വിജയിച്ചു. ആശുപത്രി വിടുമ്പോള് ഒരു കാര്യം ഡോ.സുഭാഷ്ചന്ദ്രന് ഓര്മ്മിപ്പിച്ചു- 'ഒരു വര്ഷത്തേയ്ക്ക് രോഗികളുമായി നേരിട്ട് ഇടപഴകരുത്'. രണ്ട് പതിറ്റാണ്ടിലേറെയായി ഒരു രോഗിയെപോലും നിരാശനാക്കി മടക്കാത്ത പ്രകാശിന് നിര്ദേശം ആദ്യം ബുദ്ധിമുട്ടായി തോന്നി. വ്യക്തിയുടെ ശാരീരിക-മാനസിക പ്രത്യേകതകള് മനസിലാക്കിയുളളതാണ് ഹോമിയോ ചികിത്സ എന്നതിനാല് ആലോപ്പതിയെ അപേക്ഷിച്ച് ഡോക്ടറുമായി വ്യക്തി ബന്ധം കൂടുതലാണിവിടെ. അതു തന്നെയായിരുന്നു പ്രയാസത്തിന്റെ കാരണവും. ഹോമിയോപതിയില് രോഗകാരണങ്ങളെ കണ്ടെത്തി ചികിത്സിക്കുകയാണ്. ഒരേ രോഗം പല വ്യക്തികളിലും വ്യത്യസ്തമായിട്ടാണ് അനുഭവപ്പെടുന്നത്.
ഒളിയ്ക്കാത്ത ക്യാമറ
ഭാര്യാസഹോദരനായ ഡോ.പത്മനാഭഷേണായിയുമായി ഈ പ്രശ്നം ചര്ച്ച ചെയ്തപ്പോഴാണ് സി.സി.ക്യാമറയുടെ സഹായത്തോടെ ക്ലിനിക്കിന്റെ മുകളിലത്തെ നിലയിലിരുന്ന് ചികിത്സിക്കാമെന്ന ആശയം ഉയര്ന്നത്. ഭാര്യ ദിവ്യയെ കൂടാതെ ജൂനിയര് ഡോക്ടര്മാരായ പ്രതിഭ,നിഖില്ജോര്ജ്,മുഹമ്മദ് അസ്ലാം, ജസീല് എന്നിവര് സഹായികളായതോടെ പ്രശ്നം ആദ്യഘട്ടം പരിഹരിച്ചു. ലാപ്ടോപിലും സി.സി.ടി.വിയുടെ വയര് കണക്ട് ചെയ്ത ടി.വി.മുഖേനയും രോഗികളെ കാണാന് സൗകര്യമൊരുക്കി. താഴത്തെ നിലയിലെ കണ്സള്ട്ടിംഗ് റൂമില് വച്ചിരിക്കുന്ന ടി.വിയിലൂടെ ഒന്നാംനിലയിലിരിക്കുന്ന പ്രകാശിനെ രോഗികള്ക്കും കാണാം. കണ്സള്ട്ടിംഗ് മുറിയില് മാത്രമല്ല വിസിറ്റിംഗ് മുറിയിലും ക്യാമറ സ്ഥാപിച്ചു. പുതിയ സംവിധാനത്തോട് ആളുകള് എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്ക തങ്ങിനിന്നു. ആളുകളുടെ ആദ്യത്തെ അത്ഭുതവും ചിരിയും ഗൗരവത്തിന് വഴിമാറിയതോടെ സി.സി.ടി.വി വഴി ചികിത്സിക്കുന്ന ആദ്യ ഹോമിയോ ഡോക്ടര് എന്ന പേര് പ്രകാശിന് ജനങ്ങള് ചാര്ത്തികൊടുത്തു. ഒളിക്യാമറ വഴി നേതാക്കളെ പാര്ട്ടിസ്ഥാനത്ത് നിന്ന് നീക്കുമ്പോള് ക്യാമറയുടെ സഹായത്തോടെ രോഗങ്ങളെ പടികടത്തുകയാണ് ആതിദ്യ ക്ലിനിക്കില് ചെയ്യുന്നത്. മൂന്ന് ക്യാമറ, രണ്ട് ടി.വി, രണ്ട് സ്പീക്കര്, സ്പീക്കര്, മൈക്ക്, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെയാണ് ചികിത്സ. തമ്മനം സ്വദേശിയായ ടെക്നീഷ്യന് ജോണിന്റെ മേല്നോട്ടത്തിലായിരുന്നു 'ചികിത്സോപകരണങ്ങള്' സ്ഥാപിച്ചത്. സാധാരണ ടി.വി.ചാനലുകളില് 'ഡോക്ടറോട് ചോദിക്കാം പ്രോഗ്രാമിലൂടെ സംശയം ചോദിക്കാന് മാത്രമാണ് സാധിക്കുന്നതെങ്കില് ഇവിടെ മരുന്നും വാങ്ങി വീട്ടില് പോകാം. സോറിയാസിസ്,ത്വക്രോഗങ്ങള്,ശ്വാസകോശരോഗങ്ങള് തുടങ്ങി നിരവധി അസുഖങ്ങള് ഡോക്ടറുടെ മുന്നില് മുട്ടുമടക്കി. മികച്ച ഡോക്ടര് എന്നഅംഗീകാരവും പട്ടണക്കാട് പഞ്ചായത്ത് ഇദ്ദേഹത്തിന് നല്കി. ഭാഗ്യം വിറ്റാണ് മെഡിക്കല് വിദ്യാഭ്യാസം പൂര്ത്തിയാക്കിയത് എന്നത് കൊണ്ടാവാം ലഭിക്കുന്ന തുകയില് നിന്ന് ഒരു ഭാഗം നിര്ധനരായ വിദ്യാര്ത്ഥികളുടെ നിര്ഭാഗ്യം ഒഴിവാക്കാനും പ്രകാശ് നീക്കിവയ്ക്കുന്നുണ്ട്. ശസ്ത്രക്രിയയെ തുടര്ന്നുണ്ടായ വിശ്രമകാലം കഴിഞ്ഞാലും ക്യാമറയും ടി.വിയും ഉപേക്ഷിക്കാന് പ്രകാശ് തയാറല്ല. ഡോക്ടറുടെ ചികിത്സ നേരിട്ട് കണ്ട് മനസിലാക്കുന്നത് രോഗികള്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാല് വിദ്യാര്ത്ഥികള്ക്ക് മുകളിലത്തെ നിലയിലിരുന്ന് ചികിത്സാ രീതി കണ്ടുപഠിക്കാനുളള സംവിധാനമാക്കി മാറ്റാനാണ് ഭാവി പദ്ധതി. അകലെയിരുന്ന് കൊണ്ട് തന്നെ രോഗികളുമായി എങ്ങനെ അടുത്ത് ഇടപഴകാമെന്ന് അറുന്നൂറോളം വരുന്ന ശിഷ്യന്മാര്ക്ക് മുന്നില് ഈ അധ്യാപകന് സ്വയം പാഠപുസ്തകമായി മാറുകയാണ്.