19/03/2026
#ഉഷ്ണകാലം_എങ്ങനെ
ഉഷ്ണകാലത്തെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം ശരീരബലം കുറയുന്ന കാലമാണ് . ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തന്നെയാണ് ഉഷ്ണകാലത്തു ശരീരക്ഷയം ഉണ്ടാക്കുന്നത്. മറ്റു ഋതുക്കളിൽ വരുന്ന രോഗങ്ങൾക്കും ഉഷ്ണകാല രോഗങ്ങൾക്കും വ്യത്യാസമുണ്ട്.
ചർമരോഗങ്ങൾ, ശരീര നിർജലീകരണം, മഞ്ഞപിത്തം ,വൃക്ക രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, കരൾ രോഗങ്ങൾ, ചിലതരം മാനസിക വൈഷമ്യങ്ങൾ, പ്രമേഹത്തിന്റെ ആധിക്യം, മൈഗ്രെയിൻ, രക്തസമ്മർദ്ദം, അര്ശ്ശസ്സ്, വയറ്റിലെ അൾസർ, കരളിലും വൃക്കകളിലും കല്ലുകൾ ഉണ്ടാകാനുള്ള സാഹചര്യം, സ്ത്രീകളിൽ വെള്ളപോക്ക്, ഹൈപ്പർതൈറോയ്ഡിസം, അമിത ആർത്തവം, ഉറക്കമില്ലായിമ, ശരീര ചുടുനീറ്റൽ എന്നിവയെല്ലാം ഉഷ്ണകാലങ്ങളിൽ ശരീരത്തിൽ വരുകയോ, ഈ പറഞ്ഞവയിൽ ഉള്ള രോഗാവസ്ഥ മൂർച്ഛിക്കുകയോ ചെയ്യും എന്നുള്ളത് സിദ്ധവൈദ്യത്തിൽ പറയപ്പെട്ടിട്ടുണ്ട്.
പ്രധാനമായും ക്രമാതീതമായ അന്തരീക്ഷ താപനില ശരീര പിത്തം വർധിപ്പിക്കുന്നതാന് ഇത്തരത്തിലുള്ള പിത്ത രോഗങ്ങളെ വർധിപ്പിക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണം. ഇത്തരം അവസ്ഥകളിൽ രോഗത്തെ ചികിൽസിച്ചു ഭേദമാക്കുക എന്നതിലുപരി ശരീര താപാന്തരീക്ഷം ഉണ്ടാക്കുന്ന ക്രമാതീതമായി ശരീരത്തിൽ പിത്തം ഉത്പാദിപ്പിക്കാനുള്ള സാഹചര്യം തടയുക എന്നുള്ളതാണ് സിദ്ധ ചികിൽസയിൽ സാധാരണമായി ചെയ്യാറുള്ളത്.
ശരീരം ശീതീകരിക്കുന്നതിനുള്ള വിവിധതരം ചികിത്സകൾ, മുൻകരുതൽ എന്നിവ സിദ്ധഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഭക്ഷണക്രമങ്ങൾ ഒരുപരിധി വരെ ശരീരത്തെ ശീതീകരിക്കുന്നു. ഒന്നാമതായി വെള്ളം ധാരാളമായി കുടിക്കുക. മല്ലി, ജീരകം, വെള്ളരിവിത്തു, തഴുതാമ, നെല്ലിക്ക , ഞെരിഞ്ഞിൽ, രാമച്ചം, നറുനീണ്ടി, പാച്ചോറ്റിത്തൊലി, മുത്തങ്ങ കിഴങ്ങു എന്നിവയെല്ലാം വെള്ളമിട്ട് തിളപ്പിച്ച കഴിക്കുകയോ പാല്കഷായമായി കഴിക്കുകയോ ചെയ്താൽ ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന പിത്ത ഉഷ്ണത്തെ തണുപ്പിക്കും.
അധികം പുളിക്കാത്ത മോരിൽ ചെറിയുള്ളി, ഇഞ്ചി, ആവശ്യത്തിന് മുളക്, കറിവേപ്പില, മല്ലിയില, നരകത്തിന്റെ ഇല എന്നിവയിട്ട് സംഭാരം ഉണ്ടാക്കി ധാരാളമായി കുടിക്കുക, നാരങ്ങാവെള്ളവും മധുരമിട്ട് ധാരാളമായി കഴിക്കാവുന്നതാണ് .
ചെറുനാരങ്ങാ ഒരു നല്ല പിത്തശമനിയാണ്. ഉഷ്ണത്തെ കുറക്കുന്നതോടൊപ്പം , എലെക്ട്രോലൈറ്റ് ക്രമീകരിക്കുന്നതിനും , ശരീരത്തെ അമ്ലത്വം കുറക്കുന്നതിനും സഹായിക്കും. കുമ്പളങ്ങയുടെ ഉപയോഗം ഉഷ്ണകാലത്തു നല്ലതാണ്. അഗ്നികട്ട് എന്നാണ് കുമ്പളത്തിന് സിദ്ധവൈദ്യത്തിൽ മറ്റൊരു പേരുള്ളത്, ഉഷ്ണത്തെ അണക്കാനുള്ള പ്രത്യേകതകൊണ്ടാണിത് . കുമ്പളം ഇട്ട മോരുകറി, കഞ്ഞി എന്നിവയെല്ലാം ആണ് ഈ കാലത്തു ധാരാളമായി കഴിക്കേണ്ടത്. തമിഴ്‌നാട്ടിൽ പ്രചാരത്തിൽ ഉള്ള തൈര് സാദം വളരെ നല്ലതാണ്,
മാംസാഹാരത്തിന്ടെ ഉപയോഗം കുറക്കണം, ആവശ്യമായി വന്നാൽ മാത്രം ആട്ടിറച്ചിയോ, താറാവിറച്ചിയോ, താറാവിന് മുട്ടയോ കഴിക്കാം, ഇവയെല്ലാം കറിവെച്ച് മാത്രം കഴിക്കുക, മറ്റു മാംസങ്ങളെ അപേക്ഷിച്ചു ഇവക്ക് താരതമ്യേന ഉഷ്ണവീര്യം കുറവായതിനാൽ ആണിത്.
മാതളം, വെള്ളരി, തണ്ണിമത്തൻ, പുളിയില്ലാത്ത മുന്തിരി, അത്തിപ്പഴം, പച്ചനെല്ലിക്ക , പൊട്ടുവെള്ളരി , ചക്കപ്പഴം , പനംനൊങ് , കരിക്കിൻവെള്ളം എന്നിവയെല്ലാം ധാരാളമായി കഴിക്കുക . അമിതമായ വ്യായാമം പാടില്ല , രാവിലെ എഴുന്നേറ്റാൽ ഉടനെ 2 ഗ്ലാസ് തണുത്ത വെള്ളം കുടിക്കുക .
ഉഷ്ണകാലത്തു വരുന്ന വിവിധതരം രോഗങ്ങൾക്ക് വ്യത്യസ്തമായ ചികിത്സകൾ സിദ്ധവൈദ്യത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. അമിത പിത്തത്തെ പുറംതള്ളുന്നതിനു അഗസ്ത്യർ കുഴമ്പ് നെയ്യിൽ ചേർത്ത കഴിച്ചു വയറിളക്കുന്നത് സഹായിക്കും .
ഉഷ്ണിച്ചു വരുന്ന പിത്തരോഗങ്ങൾക്ക് ശരീരത്തിൽ ധാരചെയ്യുന്നത് നല്ലതാണ് . സിദ്ധ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള കോലാതി കുളിയൽ ഇത്തരത്തിൽ ഉള്ള രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ് , പ്രത്യേകിച്ച് ഉഷ്ണകാലത്തു വരുന്ന സോറിയാസിസ് , ചർമത്തിലെ ചുടുനീറ്റൽ എന്നിവക്ക് ആഗ്രഔഷധമാണ് ,
ശരീരത്തിൽ ദിവസത്തിൽ ഒരിക്കലോ , മൂന്നു ദിവസത്തിൽ ഒരിക്കലോ , ശീതവീര്യം ഉള്ള എന്ന തേച്ചു കുളിക്കേണ്ടതാണ് , ഇത്തരത്തിൽ ഉപയോഗിക്കുന്നതിനു അരക്ക് തൈലമാണ് ഏറ്റവും ഫലപ്രദം , ഉഷ്ണകാലത് വരുന്ന മൈഗ്രെയിൻ ന് ഇത് തലയിലും തെക്കേണ്ടതാണ് , ശരീരം ഉഷ്ണിച്ചുള്ള ഉറക്കകുറവാണെങ്കിൽ അരക്ക് തൈലം രാത്രി കാല്പാദങ്ങളിൽ തെക്കേണ്ടതാണ് , ഇത്തരം ഉറക്കക്കുറവ് , മാനസിക പിരിമുറുക്കങ്ങൾ എന്നിവക്ക് ജീരക തൈലം തലയിൽ തേക്കാം .
ചര്മരോഗങ്ങൾക്കും ചർമ്മത്തിലെ റാഷസ്സുകൾക്കും ചുട്ടുനീറ്റകുകളോടെയുള്ള ചർമ്മ വെടിപ്പുകൾക്കും സിവപ്പ് കുക്കിൽ തൈലം ചർമ്മത്തിൽ തേച്ചു പിടിപ്പിക്കുക . അത്യുഷ്ണം ഉള്ള സാഹചര്യങ്ങളിൽ സിറ്ററാമുട്ടി മടക്കുതൈലം പാലിൽ ചേർത്ത് രണ്ടുനേരം കഴിച്ചാൽ സപ്ത ധാധുക്കളിലും ഉള്ള ഉഷ്ണം അടങ്ങും ,
ഉദരരോഗങ്ങൾക്ക് ഏലാദി ചൂർണ്ണവും , നാഗാഭസ്മം , പടികര സിന്ദൂരം , കുക്കിലിയ ഭസ്മം , ശംഖ് ഭസ്മം , എന്നിവയെല്ലാം വൈദ്യ നിർദ്ദേശാനുസരണം പാലിലോ നെയ്യിലോ കരിക്കിൻ വെള്ളത്തിലോ കഴിക്കാം , വെള്ളപോക്ക് അമിത ആർത്തവം എന്നിവക്ക് അശോകപ്പട്ട പാല്കഷായമാക്കി കഴിക്കുക , ആവശ്യാനുസരണം അശോകപ്പൂവിന് തെളിനീരും കഴിക്കാം . കൽനാർ ഭസ്മാനും , ശിലാസത് പർപ്പവും , അറുമുഖ സിന്ദൂരവും നിർദ്ദേശാനുസരണം കഴിക്കാം .
മൂത്രചുടിച്ചിലിനും മൂത്രത്തിൽ കല്ല് കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്കും ഞെരിഞ്ഞിൽ കുടിനീർ കഷായം വെച്ചോ തിളപ്പിച്ചോ കഴിക്കണം . മൂത്ര തടസ്സം നേരിട്ടാൽ തഴുതാമ വെള്ളം തിളപ്പിച്ച പച്ചമഞ്ഞൾ നീര് കലർത്തി കഴിക്കാം . ആവശ്യാനുസരണം ജലമഞ്ജരിയും ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും .
അര്ശ്ശസ്സ് , മേലദ്ധ്വാര വെടിപ്പ് എന്നിവക്ക് നെയ്യിൽ കാച്ചിയ മരുന്നുകൾ കഴിക്കാം , നാഗ ഭസ്മവും , നത്തൈ ഭസ്മവും , ശങ് ഭസ്മവും ത്രിഫല ചൂര്ണത്തില് ചേർത്ത കഴിക്കണം . ചുടുനീട്ടലും വെടിപ്പും കുറക്കാൻ കുങ്കിലിയ വെണ്ണ പുറമെ ഇടവിട്ട് പുരട്ടാം .ഇമ്പൂരാൽ ഗുളികയും കഴിക്കാം . ഉഷ്ണകാല കരൾ രോഗങ്ങൾക്കും , ഉഷ്ണകാലത്തു മൂർഛിക്കുന്ന മറ്റു കരൾ സംബന്ധ രോഗങ്ങൾ ,മഞ്ഞപിത്തം എന്നിവക്കും ഇരുമ്പ് സത് അടങ്ങിയുള്ള മരുന്നുകളാണ് സിദ്ധയിൽ പറയപ്പെട്ടിട്ടുള്ളത് , ഒറ്റമൂലിയിൽ കീഴാര്നെല്ലിയും , കുടങ്ങളും മോരിലോ പാലിലോ കഴിക്കാം . അയസിന്ദൂരം , കാന്ത സിന്ദൂരം , അന്നഭേദി സിന്ദൂരം തുടങ്ങിയ മരുന്നുകൾ യുക്തമായ അനുപാനത്തിൽ ചേർത് കഴിക്കേണ്ടതാണ് .
മഹാ ഏലാദി ഗുളിക. ഒരു ഉത്തമ പിത്തശമനിയാണ് . പിത്തം ഉയർന്നുണ്ടാകുന്ന ബ്ലീഡിങ് രോഗങ്ങൾക് പടികലിംഗ സിന്ദൂരം ഉപയോഗിക്കാം . പിത്ത പ്രമേഹത്തെ തണുപ്പിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും ശുദ്ധിചെയ്ത കന്മദം പാല്കഷായമാക്കിയാണ് കഴിക്കേണ്ടത് .
ഉഷ്ണകാലത് പാൽ ഉൽപ്പന്നങ്ങൾ ധാരാളമായി കഴിക്കണം , ഭക്ഷണങ്ങളിൽ ആയാലും ജലാംശം കൂടിയത് മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക . അയഞ്ഞ , പരുത്തി വസ്ത്രങ്ങൾ മാത്രം ധരിക്കുക , ഇടവിട്ട് വെള്ളം കുടിക്കുക , 7 മണിക്കൂർ എങ്കിലും നന്നായി ഉറങ്ങി എന്ന് ഉറപ്പുവരുത്തുക . ഉഷ്ണകാലത്തു മാത്രം ചെറിയ സമയപരിധിയിലുള്ള ഉച്ചയുറക്കം ആകാം.
മൈഥുനം അധിക ശരീര താപം ഉണ്ടക്കും . ഉഷ്ണകാലത് മാത്രം ഉണ്ടാകുന്ന ഫലങ്ങൾ ധാരാളമായി കഴിക്കുക. മേല്പറഞ്ഞ സിദ്ധമരുന്നുകൾ എല്ലാം തന്നെ അത്യുത്തമം എങ്കിലും ഒരു സിദ്ധ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു . മേല്പറഞ്ഞവയെല്ലാം സിദ്ധവൈദ്യത്തിൽ പറഞ്ഞിട്ടുള്ള ആഹാരവിഹാരങ്ങളും മരുന്നുകളും ഉഷ്ണകാലത്തെ ഫലപ്രദമായി നേരിടാൻ പ്രാപ്തിയുള്ളതാണ് . ഇവയുടെ ചിട്ടയായുള്ള ഉപയോഗം ശാരീരിക ക്ഷമത നൽകുന്നതാണ് എന്നത് അനുഭവമാണ്.
കടപ്പാട്.....