10/09/2025
ആദ്യഭാഗത്തിന്റെ തുടർച്ച
നഗരനയത്തിലെ ന്യുറോഡൈവേഴ്സിറ്റി സമീപനം
മനുഷ്യ മസ്തിഷ്കങ്ങളെല്ലാം വ്യത്യസ്തമാണെന്നും ഈ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതും ന്യുറോഡൈവേർജെന്റ്റ് ആയ വ്യക്തികളെകൂടി ഉൾക്കൊള്ളുന്ന നഗര ഇടങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാകണം പുതുതായി ചർച്ച ചെയ്യുന്ന നഗരനയം.
കേരളത്തിലെ നഗര പരിതസ്ഥിതികളിൽ ഒറ്റപ്പെട്ടുപോകുന്ന ഒട്ടനവധിയാളുകളുടെ ജീവിതാനുഭവങ്ങളിൽ നിന്നും അവർ നേരിട്ട, ഇപ്പോഴും നേരിടേണ്ടിവരുന്ന വ്യത്യസ്ത വെല്ലുവിളികൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നാഗരാസൂത്രണത്തിന്റെ വൈകല്യം മനസ്സിലാക്കുന്നതും കുറഞ്ഞ തോതിലെങ്കിലും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ ഈ കുറിപ്പ് എഴുതുന്നതും. ഈ വിഷയം ചർച്ചയാക്കുവാൻ ഈ കോൺക്ലേവിൽ സമയം ഉണ്ടാകുമെന്നു കരുതുന്നു.
സങ്കീർണ്ണമായ അക്കാദമിക സിദ്ധാന്തങ്ങൾക്കൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന നഗരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രായോഗിക പരിഗണനകൾ കണക്കിലെടുത്ത് താഴെ നൽകിയിരിക്കുന്ന ഘടകങ്ങൾകൂടി ചർച്ചയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുകയാണ്
നഗര രൂപകൽപ്പനയും ന്യൂറോ-എബിലിസവും
ന്യൂറോ-എബിലിസം എന്നത് ഓട്ടിസം, ADHD പോലെയുള്ള സാധാരണത്തിൽ നിന്ന് വ്യത്യസ്തമായ ന്യൂറോളജിക്കൽ അനുഭവങ്ങളുള്ള വ്യക്തികളെ അവഗണിക്കുന്നതും, അവർക്കെതിരെ മുൻവിധികളും വിവേചനങ്ങളും പുലർത്തുന്നതുമായ സാമൂഹിക മനോഭാവത്തെ സൂചിപ്പിക്കുന്നു. ന്യൂറോ-എബിലിസ്റ്റ് മുൻഗണനകൾ നമ്മുടെ നഗര രൂപകല്പനകളിൽ വ്യക്തമായി പ്രതിഫലിക്കുന്നതും ന്യൂറോഡൈവേഴ്സിറ്റി (neurodiversity) എന്ന ആശയത്തെ നേരിട്ടെതിർക്കുന്നതുമാണ്. ഇതില്ലാതാക്കുവാൻ ന്യുറോ ഇൻക്ലുസിവ് ആയ നഗരപദ്ധതികൾ രൂപപ്പെടുത്തേണ്ടത് അനിവാര്യവും ഇതിനായി എല്ലാ ഗവേഷകരുടെയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെയും ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും വേണം.
നമ്മുടെ നഗരങ്ങളിൽ നിലവിലുള്ള ശബ്ദ മലിനീകരണം, തിളക്കമുള്ള കൃത്രിമ വെളിച്ചം, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവ ഓട്ടിസം സ്പെക്ട്രത്തിലുള്ള പലർക്കും ഗുരുതരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അതുപോലെ തന്നെ വ്യക്തതയില്ലാത്ത നഗര ലേഔട്ടുകൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന അടയാളങ്ങൾ, സ്ഥിരമായ മാർഗ്ഗനിർദേശങ്ങളുടെ അഭാവം തുടങ്ങിയ ചെറുതായി തോന്നുന്ന കാര്യങ്ങൾ പോലും ഇവരുടെ നഗരജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ശ്രവണ, ദൃശ്യ, സ്പർശന, ഘ്രാണ, വെസ്റ്റിബുലാർ തുടങ്ങി വൈവിധ്യമാർന്ന സംവേദനാവ്യവസ്ഥകളുടെ പ്രത്യേക ആവശ്യങ്ങൾ അവഗണിക്കുന്ന നഗരാസൂത്രണം, ന്യൂറോഡൈവേർജൻറ് വ്യക്തികൾക്ക് അനുഭവിക്കേണ്ടിവരുന്ന വെല്ലുവിളികളെ കൂടുതൽ കടുപ്പിക്കുന്നു.
അർബൻ ന്യൂറോ-ജിയോഗ്രഫിയും സാമൂഹ്യ നീതിയും
നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ജീവിക്കുന്ന ന്യുറോ ഡൈവേർജെന്റ്റ് ആയ വ്യക്തികൾക്ക് ലഭ്യമായിട്ടുള്ള വിഭവങ്ങളുടെയും അവസരങ്ങളുടെയും തടസ്സങ്ങളുടെയും വിശകലനം, സ്ഥലപരമായ നീതിക്കും പ്രവേശനത്തിനും നിലവിലെ നഗര ആസൂത്രണം എങ്ങനെ വിഘാതമാകുന്നു എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്.
സ്ഥലപരമായ അനീതിക്കും സാമൂഹ്യ നീതിയുടെ ലംഘനത്തിനും ഉദാഹരണമാണ് കൊച്ചി നഗരത്തിനുള്ളിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ. നഗരത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന ന്യുറോ ഡൈവേർജന്റ്റ് ആയ കുട്ടികൾക്ക് മിക്കപ്പോഴും കളിസ്ഥലങ്ങൾ ഇല്ലാത്ത ഒറ്റമുറികളിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂൾ എന്ന എക്സ്ക്ലുസിവ് ഇടങ്ങളിൽ പോകേണ്ടിവരുന്നു. മിക്കവാറും നഗര ഹൃദയങ്ങളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ നഗരങ്ങളിലെ ന്യുറോ ജിയോഗ്രാഫി വ്യക്തമാക്കുന്നുണ്ട്. (Google Map രേഖപ്പെടുത്താത്ത നിരവധി സ്ഥാപനങ്ങൾ ഉള്ളതിനാൽ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം ഇതിലും അധികമാകാൻ സാധ്യതയുണ്ട്)
കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന അർബൻ കോൺക്ലേവ് 2025 ചർച്ചചെയ്യുന്ന നഗര നയ മാർഗ്ഗരേഖ (Draft Policy Guidelines) ന്യൂറോഡൈവേർജെന്റ് സൗഹൃദ നഗര ഇടങ്ങൾക്കായി താഴെ പറയുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണം എന്ന് അഭ്യർഥിക്കുന്നു
കേരളത്തിലെ നഗരവികസന നയങ്ങളിൽ സാമൂഹിക നീതിയും, ഉൾക്കൊള്ളലും (inclusion) പ്രധാന മൂല്യങ്ങളാടി പരിഗണിക്കണം. ഇതിൽ ന്യൂറോഡൈവേർജെന്റ് വ്യക്തികളെയും (ഓട്ടിസം, ADHD, ഡിസ്ലെക്സിയ, മറ്റു വ്യത്യസ്തമായ നാഡീ-വികസന രീതികൾ ഉള്ളവർ) നഗരജീവിതത്തിൽ പൂർണ്ണമായി പങ്കാളികളാകാൻ സഹായിക്കുന്ന സൗകര്യങ്ങൾ, അന്തരീക്ഷം, സമീപനമൊക്കെ നഗര പദ്ധതികളിൽ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തതാണ് അഭ്യർത്ഥിക്കുന്നു.
1. ഭൗതിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും
നഗര പദ്ധതികളിൽ Universal Design പ്രമാണങ്ങൾ നിർബന്ധിതമാക്കുക. പൊതു കെട്ടിടങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, പാർക്കുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ Calm / Sensory Rooms ഒരുക്കുക. വഴികാട്ടി സംവിധാനങ്ങളിൽ നിറങ്ങൾ, ദൃശ്യ ചിഹ്നങ്ങൾ, ലളിതമായ എഴുത്ത് എന്നിവ പ്രാധാന്യമാക്കുക. പൊതുശൗചാലയങ്ങൾ, ഇരിപ്പിടങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ inclusive രീതിയിൽ രൂപകൽപ്പന ചെയ്യുക.
2. ഗതാഗതവും നഗരവീഥികളും
ബസ്, മെട്രോ, റെയിൽവേ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ sensory-friendly coaches, calm seating zones സജ്ജീകരിക്കുക.ശബ്ദ-പ്രകാശ മലിനീകരണം കുറയ്ക്കുന്ന നിയമങ്ങൾ നഗര റോഡുകളിൽ നടപ്പാക്കുക. കാൽനടപാതകളും പൊതുസ്ഥലങ്ങളും predictable design (വഴിമാറ്റങ്ങൾ, മാർക്കിംഗ്, സുരക്ഷിത മേഖലകൾ) അനുസരിച്ച് ഒരുക്കുക.
3. വിദ്യാഭ്യാസവും സാമൂഹിക ഇടങ്ങളും
പാർക്കുകളിലും സ്കൂളുകളിലും inclusive playgrounds സ്ഥാപിക്കുക. ലൈബ്രറികളിൽ ശബ്ദനിയന്ത്രണമുള്ള വായനാമുറികൾ, ചിത്രപുസ്തകങ്ങൾ, ഓഡിയോ പുസ്തകങ്ങൾ ഒരുക്കുക. കല, സംഗീതം, കാർഷിക-തോട്ടപരിപാലനം എന്നിവയിൽ സൃഷ്ടിപരമായ ഇടങ്ങൾ ഒരുക്കി ന്യൂറോഡൈവേർജെന്റ് വ്യക്തികൾക്ക് പങ്കാളിത്തം ഉറപ്പാക്കുക.
4. ഡിജിറ്റൽ ആക്സസിബിലിറ്റി
നഗരസഭാ വെബ്സൈറ്റുകളും ആപ്പുകളും ലളിതമായ ഭാഷ, ടെക്സ്റ്റ്-ടു-സ്പീച്ച്, ദൃശ്യ ചിഹ്നങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്യുക.ഗതാഗത സമയക്രമങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ multi-modal communication (ശബ്ദം, ചിത്രം, എഴുത്ത്) വഴി നൽകുക.
5. പരിശീലനവും ബോധവൽക്കരണവും
നഗരസഭാ ഉദ്യോഗസ്ഥർ, ഗതാഗത ജീവനക്കാർ, പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് ന്യൂറോഡൈവേഴ്സിറ്റി-സെൻസിറ്റിവിറ്റി പരിശീലനം നൽകുക.സമൂഹത്തിൽ ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിച്ച്, inclusive സമീപനം വളർത്തുക. നയരൂപീകരണ ഘട്ടങ്ങളിൽ തന്നെ ന്യൂറോഡൈവേർജെന്റ് സമൂഹത്തെയും കുടുംബങ്ങളെയുംപങ്കാളികളാക്കുക.
6. നിയമ-നയ സംവിധാനങ്ങൾ
Accessibility Audit: നഗര സൗകര്യങ്ങളുടെ ഇടയ്ക്കിടെ പരിശോധന നിർബന്ധമാക്കുക. Special Budget Allocation സെൻസറി-ഫ്രണ്ട്ലി ഡിസൈൻ, community support service എന്നിവയ്ക്ക് നഗര ബജറ്റിൽ പ്രത്യേക ഫണ്ട് earmark ചെയ്യുക. Monitoring Committee ന്യൂറോഡൈവേർജെന്റ് പ്രതിനിധികളും വിദഗ്ധരും ഉൾപ്പെട്ട സമിതി രൂപീകരിക്കുക.
7. നാഡീ-വൈവിധ്യ സമൂഹങ്ങളുമായുള്ള പങ്കാളിത്ത പ്രവർത്തന ഗവേഷണം
ഗവേഷണ പ്രക്രിയയിൽ നാഡീ-വ്യത്യസ്ത വ്യക്തികളുടെ ശബ്ദങ്ങളെയും അനുഭവങ്ങളെയും കേന്ദ്രീകരിക്കുന്ന പങ്കാളിത്ത ഗവേഷണ രീതികൾ ഉപയോഗിക്കുന്നതിലൂടെ, ഗവേഷണം സമൂഹാധിഷ്ഠിതവും പ്രവർത്തനാധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കുന്നു.
2030-ഓടെ ലോകത്തെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുകയും, അസമത്വങ്ങൾ കുറയ്ക്കുകയും, പരിസ്ഥിതി സംരക്ഷിക്കുകയും, സമാധാനപരവും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ വികസനവും പരിസ്ഥിതിയും തമ്മിൽ ഒരു സന്തുലനം പുലർത്തി, ആരെയും പിന്നാക്കം വിടാതെ (Leave No One Behind) എല്ലാവർക്കും ഗുണകരമായ ഭാവി ഉറപ്പാക്കുകയാണ് സുസ്ഥിര വികസന ഗോളുകൾ (SDG) ലക്ഷ്യമിടുന്നത്, ഇതിൽ SDG3, SDG4, SDG8, SDG10, SDG11, SDG16, SDG17 എന്നിവയിലൂടെ ന്യൂറോഡൈവേഴ്സിറ്റി സമൂഹത്തിന്റെ സർവ്വതോന്മുഖ വളർച്ചയും ഇൻക്ലൂസീവ് നഗരങ്ങളും സമൂഹങ്ങളും സൃഷ്ടിക്കുന്നതിനും പിന്തുണ നൽകുന്നുണ്ട്
ന്യൂറോഡൈവേർജെന്റ് സൗഹൃദ നഗരങ്ങൾ എന്ന ആശയം നഗരനയത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാമൂഹിക നീതി, കരുണ, സഹജീവനം എന്നീ മൂല്യങ്ങൾ നഗരവികസനത്തിന്റെ കൂടി ഭാഗമാവുകയും ഭിന്നശേഷി സൗഹൃദകേരളമെന്ന വിശാല കാഴ്ചപ്പാടിന് കൂടുതൽ അർത്ഥം നൽകുകയും ചെയ്യും. ഈ മാർഗ്ഗരേഖ നടപ്പാക്കുന്നതിലൂടെ കേരളം ലക്ഷ്യമിടുന്ന വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലെ നഗരങ്ങൾ സെൻസറി-ഫ്രണ്ട്ലി, പ്രേടിക്ടബിൾ, ഇൻക്ലുസിവ് , കംപാഷനേറ്റ് ഇടങ്ങളാക്കി മാറ്റുകയും എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യും.
തയ്യാറാക്കിയത്: ശിവദാസ് കൃഷ്ണൻ,
ഓട്ടിസം ക്ലബ്ബ് , തിരുവനന്തപുരം