02/11/2023
വായന ഒട്ടും തന്നെയില്ലാത്ത കൂട്ടത്തിലാണ്. ഒരു പുസ്തകത്തിന് എന്ത് വില വരുമെന്ന് പോലും തുടക്കത്തിൽ ഒരു പിടിയുമില്ലായിരുന്നു. ₹200-300 ഒക്കെയാണ് ഒരു മലയാളം പുസ്തകത്തിൻ്റെ പരമാവധി വില എന്ന് മനസ്സിലാക്കി, അതിനനുസരിച്ച് ബജറ്റ് ഇട്ടാണ് പുസ്തകം ഇറക്കാനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയത്.
പുസ്തകം ഫോർമാറ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് വില ₹800 കടക്കുമെന്ന് മനസ്സിലായത്. ഓരോ കഥയ്ക്കും പടം ചേർത്തത് വലിയ മണ്ടത്തരമായി. പേജുകളുടെ എണ്ണവും കൂടി, വരയ്ക്കാനുള്ള കാശ് വേറെയും ചെലവായി. അത്രയും വലിയ പുസ്തകം വിറ്റ് പോകാനുള്ള ബുദ്ധിമുട്ട് മുന്നിൽ കണ്ട് സംഭവം രണ്ടെണ്ണമാക്കി പകുത്തു. ഒരെണ്ണം ആദ്യം ഇറക്കിയ ശേഷം രണ്ടാമത്തേത് നോക്കാം എന്ന പ്രസാധകരുടെ ഉപദേശം, ഒരു തവണ കൂടി ഇതിൻ്റെ പിന്നാലെ നടക്കാനുള്ള മടി കാരണം, ഞാൻ തള്ളിക്കളയുകയും ചെയ്തു.
അച്ചടിയും പ്രകാശനവും കഴിഞ്ഞപ്പോൾ മൊത്തം ചെലവ് മൂന്ന് ലക്ഷം കടന്നു. പകരം മുന്നൂറ് (pair) പുസ്തകങ്ങൾ വീട്ടിലെത്തി. പരിചയമുള്ളവർക്കെല്ലാം വ്യക്തിപരമായി മെസ്സേജ് അയച്ചു. പ്രകാശനത്തിനോട് അടുപ്പിച്ച് നൂറോളം പുസ്തകങ്ങൾ വിറ്റ് തീർന്നു. ഇരുപതോളം പെട്ടികളിലായി ഇരുന്നൂറിന് മുകളിൽ പുസ്തകങ്ങൾ പിന്നെയും വീട്ടിലുണ്ടായിരുന്നു. അതങ്ങനെ ഇരിക്കുന്നത് കണ്ട് കണ്ട് മനസ്സമാധാനം പോയി.
ഒരു പുസ്തകത്തിൻ്റെ ഏറ്റവും വലിയ ad അതിൻ്റെ വായനക്കാരൻ/ ക്കാരി ആയത് കൊണ്ട് തന്നെ ആദ്യം ശ്രമിച്ചത് ആ വഴിക്കാണ്, പുസ്തകം വായിച്ചവരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കാൻ. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. ആളുകൾ ആദ്യം വാങ്ങിക്കണം, 600+ പേജുകൾ വായിക്കണം, പിന്നെ അതിനെ കുറിച്ചെഴുതണം. ഇടയിൽ വന്ന 4-5 പ്രതികരണങ്ങൾ ഒഴിച്ചാൽ കാര്യമായ ഒഴുക്കുണ്ടായില്ല. എങ്കിലും എല്ലാ ദിവസവും കുറച്ച് ഓർഡർ വരും. അങ്ങനെ ഒരു മാസം കൊണ്ട് ആദ്യം കിട്ടിയ മുന്നൂറ് പുസ്തകങ്ങളും തീർന്നു.
തൽക്കാലം മറ്റ് പരിപാടികളിലേക്ക് കടക്കാം എന്ന് തീരുമാനിച്ചു. പുസ്തകവുമായി ബന്ധപ്പെട്ട ഒരു കൊല്ലത്തോളം FBയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ആദ്യം ആ ക്ഷീണം മാറ്റാം എന്ന് കരുതി. എങ്കിൽ പിന്നെ അത് പുസ്തകത്തിന് വേണ്ടി തന്നെയാകട്ടെ എന്ന് തോന്നിയ നിമിഷത്തിലാണ് ട്രോൾ പോസ്റ്റുകളുടെ ഉത്ഭവം. കച്ചവടത്തിൻ്റെ തലവര മാറിയത് അവിടെ നിന്നാണ്. ഇഷ്ടമുള്ളത് ചെയ്യുന്നതിൻ്റെ ഉന്മാദവും പുസ്തകം പോകുന്നതിൻ്റെ ഹരവും! പലരും ട്രോൾ ഐഡിയകളുമായി ഇൻബോക്സിൽ വന്നു. ചിലർ ട്രോളുകൾ ഉണ്ടാക്കി പോസ്റ്റ് ചെയ്ത് എന്നെ ടാഗ് ചെയ്തു. ചുരുക്കം ചിലർ ട്രോളുകൾ കണ്ട് വെറുത്തുപോയത് കാരണം പുസ്തകം വാങ്ങുന്നില്ലെന്ന് പറഞ്ഞു. എന്തായാലും, ആദ്യത്തെ മുന്നൂറിന് പുറമെ അഞ്ഞൂറെണ്ണം കൂടി എൻ്റെ കയ്യിലൂടെ വിറ്റ് പോയി. മുടക്കുമുതൽ മുഴുവൻ തിരിച്ച് കിട്ടി. പുസ്തകം രണ്ടാം പതിപ്പിറങ്ങി. എല്ലാം ട്രോളിൻ്റെ കൃപ! ട്രോളുകൾ മുഴുവൻ ഒരുമിച്ച് വയ്ക്കുക എന്നതാണ് ഈ പോസ്റ്റിൻ്റെ ഉദ്ദേശം... ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ!
__________________________________________
ഇന്ത്യയിൽ താമസിക്കുന്ന മലയാളികൾക്ക് പുസ്തകങ്ങൾ Green books വഴിയും Amazon വഴിയും ലഭ്യമാണ്. Amazon link comment ആയി ചേർക്കുന്നു.
വാങ്ങുവാൻ താല്പര്യമുള്ളവർക്ക് വാങ്ങാം. പുസ്തകം വായിച്ച് കഴിഞ്ഞവർക്ക് അവിടെ പോയി star ratingൽ കുത്തി സ്നേഹം പ്രകടിപ്പിക്കുകയോ അമർഷം രേഖപ്പെടുത്തുകയോ ആവാം. പറ്റിയാൽ ഒരു അഭിപ്രായവും എഴുതിയിടാം.
NB: November ആദ്യവാരം നടക്കുന്ന Sharjah International Book Festivalന് Green Booksൻ്റെ സ്റ്റാളിൽ മെഡിവഴിപാട് ലഭ്യമായിരിക്കും.