
20/04/2025
കപ്പ കഴിച്ചാൽ ഷുഗറും
മൂന്നു നേരം അരി ഭക്ഷണം കഴിച്ചാൽ വണ്ണവും കൂടും.
അച്ചാറു കൂട്ടിയാൽ പ്രഷർ കൂടും.
മദ്യം കഴിച്ചാൽ ലിവർ പോകും.
മത്തിയും
പയർ വർഗ്ഗങ്ങളും കഴിച്ചാൽ യൂറിക്കാസിഡ് വല്ലാതെ കൂടും...
കേരളത്തിന്റെ ഇഷ്ട ഭോജനമായ അയല കഴിച്ചാൽ ചൊറിയുമത്രെ....
ഇതൊക്കെ എന്റെ നാട്ടിലെ കരിയാത്തേട്ടനും മുരിയാളനും എന്റെ അച്ഛമ്മയും അമ്മയും അച്ഛനും എല്ലാം കഴിക്കാറുണ്ടായിരുന്നു.
കാക്കൂരിൽ പറാൻ എന്നൊരാളുണ്ടായിരുന്നു.
മുഷിഞ്ഞ വസ്ത്രവുമായി കാക്കൂർ മാത്രം രാജ്യമായി കണ്ടിരുന്ന ആൾ. കാക്കൂരിനപ്പുറത്തേയ്ക്ക് ഒരു ലോകമില്ല പറാന്.
തമിഴ് നാട്ടിൽ നിന്ന് ദേശാടനക്കിളിയെപ്പോലെ വന്ന തമിഴ് പ്രാന്തത്തി വരെ റോഡിൽ നിന്ന് ഉറക്കെ വിളിച്ചു കൂവിയത് പറാനേ.... പറന്തു വാ... എന്നായിരുന്നു.
പറാൻ കാക്കൂരിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തളരുമ്പോൾ ആലിക്കായുടെ മുള പാകിയ ചായക്കടയിൽ ക്കയറി ചോദിയ്ക്കും ഒരു ചായ തരോ?...
ആലിക്കാ ഒരു പ്ളേറ്റ് കപ്പയും ചുവന്ന മീൻ കറിയും ഒഴിച്ചു കൊടുക്കും..
പറാറ് ഷുഗറൊന്നും വന്നില്ല.
പറാൻ കാക്കൂരിലൂടെ ഇടതടവില്ലാതെ നടന്നിരുന്നു.
എല്ലാവരും വീട്ടിൽ പോയാലും തെരുവു വിളക്കില്ലാത്ത കാക്കൂരിന്റെ ഇരുണ്ട വഴിയിലൂടെ ചെമ്പിച്ച അലസമായ മുടിയുള്ള പറാൻ നേരം വെളുക്കും വരെ നടന്നിരുന്നു.
ജിമ്മിലൊന്നും പോകാതെ വയൽ വരമ്പത്തിരുന്ന് ചെറുപയറും കപ്പയും പുഴുങ്ങിയതും കഴിച്ച് കഴിഞ്ഞ് പാടത്തിലെ ചെളിയിലേയ്ക്കിറങ്ങി പൊരി വെയിൽ കൊണ്ട് കൃഷി ചെയ്തിരുന്നവർക്ക് മേൽപ്പറഞ്ഞ പേരുകളൊന്നും പറഞ്ഞു കേട്ടിട്ടില്ല.
കേളു ചെട്ട്യാരും
ബാലകൃഷ്ണൻ കിടാവും കൊയിലോത്തു കണ്ടിയിലെ ഗോവിന്ദൻകുട്ടി നായരും െ വൈകുന്നേരം ആറ് ഔൺസ് അടിച്ചിട്ടും ജീവിതത്തിന്റെ സായന്തനത്തിൽ ഈ ലോകം വിട്ട് പോകേണ്ട സമയത്താണ് പോയത്.
മഞ്ഞുകാലം വന്നാലും മഴക്കാലം വന്നാലും വേനൽ വന്നാലും മക്കൾക്കെല്ലാം പനിയും ചുമയുമാണ്.
ഇവർക്ക് ഇതൊന്നുമില്ലാതെ നിൽക്കാൻ ഭൂമിയിൽ ഏതു ഋതുവാണ് ബാക്കിയുള്ളത്?.
ജനിച്ച ഭൂമിയെ മറന്നു പോവുക....
പ്രകൃതിയിലേയ്ക്ക് ഇറങ്ങി നടക്കാതെ ജീവിയ്ക്കുക.
മഴ പെയ്യുമ്പോഴും മഞ്ഞുപെയ്യുമ്പോഴും വീടിന്റെയുള്ളിൽ മൂടി പുതച്ചു കിടക്കുക. വേനൽ വരുമ്പോൾ എയർ ക്കണ്ടീഷൻ മുറിയിൽ നിന്ന് പുറത്തിറങ്ങാതിരിയ്ക്കുക. നിങ്ങളും ഭൂമിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
ദുബായിലെ ഒറ്റ മുറിയിൽ താമസിയ്ക്കുമ്പോൾ എന്റെ കൂടെ ഒരാൾ ഉണ്ടായിരുന്നു. പരിപ്പും വാഴയ്ക്കയും കറിവെച്ചപ്പോൾ ഞാനതിന് ഒന്നു കടുക് വറുത്തിടാമെന്ന് കരുതി. കടുകിന്റെ പൊട്ടിത്തെറികൾ കേട്ട് ഞെട്ടിയുണർന്ന റൂമിലെ എന്റെ കൂടെയുള്ളയാൾ പറഞ്ഞു. കടുക് ക്യാൻസർ ഉണ്ടാക്കുമെന്ന്....
ഞാനെന്തു പറയാനാണ്. അങ്ങാടി മുളകും കടുകും വറുത്ത് ചേർത്ത കപ്പ മാത്രം കഴിക്കാൻ എന്തൊരു രുചിയാണ്.
അപ്പോൾ ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. നന്മകളെല്ലാം നാടൊഴിഞ്ഞു. തിന്മകളാണ് വാഴുന്നത്.
ഞാൻ കപ്പയും മീനും പയറും മത്തിയും ചോറും എല്ലാം കഴിക്കുന്നുണ്ട്. എനിക്കിതു വരെ ഒന്നും വന്നിട്ടില്ല. ഇനി എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് കാലമാകുമ്പോൾ പ്രായമാകുമ്പോൾ പ്രകൃതിയുടെ നിയമം മാത്രമായി ഞാൻ കരുതും.
മഴ കൊള്ളും. പൊരി വെയിൽ കൊള്ളാറുണ്ട്
മഞ്ഞുകാലം ഇഷ്ടമാണ്...
ഞാൻ മരിച്ചിട്ടില്ല.....
ആരെങ്കിലും എവിടുന്നെങ്കിലും ജലദോഷവും ചുമയും എപ്പോഴെങ്കിലും കൊണ്ടുവന്നു തരും. അതും അത്യപൂർവ്വമായി.... അല്ലാതെ പ്രകൃതി നേരിട്ട് എനിക്ക് ഒരസുഖവും തന്നിട്ടില്ല. ഞാൻ പ്രകൃതിയുടെ ഋതുക്കളെ ഇഷ്ടത്തോടെ കാത്തിരിയ്ക്കുന്നവനാണ്. ഇറങ്ങി നടക്കാൻ ഒരുങ്ങി നിൽക്കുന്നവനാണ്. മഴ തരുന്ന ഓർമ്മകളും മഞ്ഞു തരുന്ന ആർദ്രതയും വേനൽ തരുന്ന വിരഹവും അതിന്റെ ആഴത്തിൽ അനുഭവിയ്ക്കുന്നവനാണ് ഞാൻ....
ഒരു മഴയത്തോ വേനലിലോ മഞ്ഞുകാലത്തോ ഞാനീ ഭൂമിയിൽ നിന്നു വേർപെട്ടു പോയാൽ വേദനയില്ലെനിക്ക്. ഇതെല്ലാം കൂടി ചേർന്ന ഒന്നാണ് ഞാൻ......