23/05/2018
Nipah വൈറസ് പനി / വൈറൽ പനി
പ്രതിരോധവും ചികിത്സയും
ആയുർവേദ സമീപനം
കേരളത്തിൽ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട Nipah വൈറസ് (NiV) മൂലമുള്ള പനിയെ പ്രതിരോധിക്കുന്നതിനും മറ്റ് പകർച്ച പനികളുടെ ചികിത്സാ പ്രോട്ടോക്കോൾ പരിഷ്കരിക്കുന്നതിനുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ റിസർച്ച് ഫൗണ്ടേഷന്റേയും കോട്ടക്കൽ വൈദ്യരത്നം പി.എസ്.വാര്യർ ആയുർവേദ കോളേജും സംയുക്തമായി 22-05-2018 ന് സംഘടിപ്പിച്ച പ്രോട്ടോ കോൾ ശില്പശാല താഴെപ്പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
പ്രധാനമായും അഞ്ച് തലങ്ങളിലായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവൻ നിർദ്ദേശമുണ്ടായി.
1. NiV സംബന്ധിച്ചും മറ്റ് വൈറൽ പനികൾ സംബന്ധിച്ചും ശാസ്ത്രീയമായ അവബോധം ജനങ്ങൾക്ക് നൽകുന്നതിനും തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക. അതിന് കോട്ടക്കൽ ആയുർവേദ കോളേജ് സ്വസ്ഥവൃത്ത വിഭാഗം തയാറാക്കിയ ലഘുലേഖ അംഗീകരിച്ചു.
2. NiV ബാധയുള്ള പ്രദേശങ്ങളിൽ മറ്റുള്ളവരിലേക്ക് പനിബാധ തടയുന്നതിന് സാധാരണ വൈറസ് ബാധ തടയുന്നതിന് ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ള ആയുർവേദ ഔഷധങ്ങളും ധൂപങ്ങളും ആഹാരവും മറ് സാമൂഹിക പ്രതിരോധ മാർഗ്ഗങ്ങളും അടിയന്തിരമായി ലഭ്യമാക്കേണ്ടതാണ്. ഇത് രണ്ട് വിഭാഗമായി സംഘടിപ്പിക്കേണ്ടതാണ്.
a. സാമാന്യമായി വ്യക്തികളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് പനി ബാധയെ തടയുന്ന പ്രയോഗങ്ങൾ.
b. NiV ബാധിച്ചവരുടെ അടുത്തിടപഴകിയവർക്കും സമീപ വാസികൾക്കുമുള്ള പ്രത്യേക പ്രതിരോധ നടപടികൾ.
c. വൈറസ് ബാധ പ്രതിരോധിക്കാൻ തമിഴ്നാട് സർക്കാർ വ്യാപകമായി പ്രയോജനപ്പെടുത്തിയ' നിലവേമ്പ് കുടിനീരി 'ന് സമാനമായ സുദർശനം ഗുളിക, സുദർശന ചൂർണ്ണം എന്നിവ സാമാന്യമായി ഉപയോഗിക്കാം. എല്ലാവിധ വൈറസ് ബാധകളിലും സത്വരമായി ഉപയോഗിക്കുന്ന ' വില്യാദി ഗുളിക' , ദൂഷീ വിഷാരി ഗുളിക എന്നിവ യുക്തമായ അനുപാനങ്ങളോടൊപ്പം നൽകേണ്ടതാണ്.
d. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഇന്ദുകാന്തം കഷായ ഗുളികകൾ ഫലപ്രദമാണ്.
e. വൈറസ് ബാധ തടയുന്നതിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ' അപരാജിത ധൂപ ചൂർണ്ണം' പുകക്കുന്നത് ഫലപ്രദമാണ്.
f. കുടിക്കുന്നതിന്
1.മല്ലി തിളപ്പിച്ച വെള്ളമോ
2.മുത്തങ്ങ, ചന്ദനം, ചുണ്ട്, ഇരുവേലി, പർപ്പടപ്പുല്ല്, രാമച്ചം ഇവ തിളപ്പിച വെള്ളമോ,
3. കിരിയാത്ത്, പടവലം, മുത്തങ്ങ, ചന്ദനം, ചുണ്ട്, ഇരുവേലി, പർപ്പടപ്പുല്ല്, രാമച്ചം ഇവ തിളപ്പിച വെള്ളമോ പ്രതിരോധത്തിനായി ഉപയോഗിക്കാം. പനിക്കു ശേഷം താഴെപ്പറയുന്നവ അവസ്ഥ അനുസരിച്ച് നൽകാം.
4. ദ്രാക്ഷാദി കഷായ വെള്ളമോ ഉപയോഗിക്കാം.
5. ദശമൂലം തിളപ്പിച്ച വെള്ളമോ
g. ആമാശയ സ്തംഭനം ഉണ്ടെങ്കിൽ അവിപത്തി ചൂണ്ണം 5gm മുതൽ 10 gm വരെ തേനിൽ രാത്രി നൽകാം.
h. വിശപ്പില്ലായ്മയുള്ളവർക്ക് പഞ്ച കോലചൂണ്ണം 5gm ചൂടുവെള്ളത്തിൽ ഒരു നേരം നൽകാവുന്നതാണ് .
3. പകർച്ചപ്പനി ബാധിതരായി ആയുർവേദ ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുന്നവർക്കുള്ള നിലവിലുള്ള പരിഷ്കരിച്ച protocol അനുസരിച്ചുള്ള ചികിത്സയും തുടർ ചികിത്സയും നൽകുക. അതു സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള കേസ് ഷീറ്റ് അനുസരിച്ച് രേഖാപ്പടുത്തി വിവരശേഖരണം നടത്തുക.
4. പകർച്ചപ്പനികളുടെ തീവ്രാവസ്ഥ കഴിഞ്ഞ് നിൽക്കുന്ന അനുബന്ധ രോഗങ്ങൾക്ക് ( convalescence) ചികിത്സ നൽകൽ. മുൻകാലങ്ങളിൽ ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ വൈറൽ പനികളിൽ കണ്ട post viral arthralgia തുടങ്ങിയവയിൽ വളരെ ഫലപ്രദമായി ആയുർവേദ ചികിത്സ നൽകുന്നതിന് കഴിഞ്ഞിട്ടുണ്ട്. NiV ബാധക്ക് ശേഷം രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആയുർവേദ ചികിത്സ നൽകാവുന്നതാണ്.
5. സംയോജിത ചികിത്സ: NiV ബാധക്ക് നിലവിൽ അധുനിക വൈദ്യത്തിൽ ചികിത്സ ഇല്ല. ജീവൻ രക്ഷാമാർഗ്ഗങ്ങൾ മാത്രമാണ് ഇപ്പോൾ നൽകി വരുന്നത് . ആയുർവേദ കാഴ്ചപ്പാടിൽ സന്നിപാത ജ്വര ഭേദങ്ങളിൽ അഭിന്യാസ ജ്വരവുമായിട്ടാണ് ഇപ്പോൾ NiV ബാധയുടെ ലക്ഷണങ്ങൾക്കു് സാദൃശ്യമുള്ളത് . അതുപോലെ മജ്ജാഗത സന്നിപാതത്തിന്റെ ലക്ഷണങ്ങളുമുണ്ട്. വളരെ പെട്ടെന്ന് തലച്ചോറിനേയും ഹൃദയത്തേയും ബാധിച്ച് മരണമുണ്ടാക്കുന്ന രോഗമായതിനാൽ ഏതു ഘട്ടത്തിലും കേരളത്തിലെ സാഹചര്യത്തിൽ ആയുർവേദ മരുന്നുകൾ പ്രയോഗിച് നോക്കുന്നത് പ്രായോഗികമല്ല . ആയതിനാൽ ആധുനിക രീതിയിലുള്ള പരിചരണത്തോടാപ്പം ആയുർവേദ ചികിത്സ കൂടി പ്രയോഗിച്ച് നോക്കാവുന്നതാണ് . ഈ വിഭാഗത്തിലേയും വിദഗ്ദ്ധർ അടങ്ങിയ ഒരു മെഡിക്കൽബോർഡിന് ചികിത്സകളുടെ മേൽനോട്ടം വഹിക്കാവുന്നതുമാണ്. രണ്ടു വിഭാഗത്തിലേയും വിദഗ്ദ്ധർ ഉള്ള ആയുർവേദ കോളേജുകളിൽ ഇത്തരം സംവിധാനം സാധ്യമാണ്.
അടിയന്തിരമായി താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്.
1. സർക്കാർ - സ്വകാര്യ ആയുർവേദ സ്ഥാപനങ്ങൾ കേന്ദ്രീകരിച് പകർച്ചപ്പനികൾക്കെതിരെ സ്വീകരിക്കണ്ടുന്ന പ്രതിരോധ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങൾക്കു് അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ ലഘുലേഖകളും പോസ്റ്ററും തയ്യാറാക്കി വിതരണം ചെയ്യുക.
2. സർക്കാർ - സ്വകാര്യ ആയുർവേദ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് സ്വയരക്ഷക്കായിട്ടുള്ള ഉപകരണങ്ങളും സംവിധാനങ്ങളും. ഏർപ്പെടുത്തുക.
3. രോഗബാധിത പ്രദേശങ്ങളിലും സാധ്യതാ മേഖലകളിലും ആയുർവേദ വിദഗ്ദ്ധർ, ആയുർവേദ വിദ്യാർത്ഥികൾ, ആശാ പ്രവർത്തകൾ എന്നിവരടങ്ങുന്ന സംഘം സന്ദർശനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുക.
4. ഇതിന് മുന്നോടിയായി ആയുർവേദ കോളേജ് വിദ്യർത്ഥികൾക്കുവേണ്ടി പ്രതിരോധ സംവിധാനങ്ങൾ , സ്വയരക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിന് പരിശീലനം നൽകുക.
അനുബന്ധം 1
NiV രോഗ പ്രതിരോധത്തിനാവശ്യമായ പ്രത്യേക ഔഷധങ്ങൾ
1. വില്ലാദി ഗുളിക
2. സുദർശനം ഗുളിക
3. സുദർശന ചൂർണ്ണം
4. ദൂഷീ വിഷാരി ഗുളിക
5. ഷഡംഗം കഷായ ചൂർണ്ണം
6. ദ്രാക്ഷാദി കഷായ ചൂർണ്ണം
7. ദശമൂലം കഷായ ചൂർണ്ണം
8. ഇന്ദുകാന്തം കഷായ ചൂർണ്ണം
9. കിരിയാത്ത് പാനകം ചൂർണ്ണം
10. പഞ്ച കോല ചൂർണ്ണം
11. അപരാജിത ചൂർണ്ണം
12. അവിപത്തി ചൂർണ്ണം
ഇവ കൂടാതെ നിലവിൽ വൈറൽ പനി ചികിത്സക്ക് ആവശ്യമായ മരുന്നുകൾ നിലവിലുള്ള protocol അനുസരിച്ച് ലഭ്യമാക്കണ്ടതാണ്.