Farmstore

Farmstore We provide all farming solutions under one roof

1970 കളുടെ രണ്ടാം പകുതിയില്‍ ഉത്തര്‍പ്രദേശില്‍ കാർഷിക ബിരുദത്തിന് പഠിച്ച് കൊണ്ടിരുന്നപ്പോൾ ഞങ്ങള്‍ സ്ഥിരം ആഹാരം കഴിക്കുന...
07/07/2023

1970 കളുടെ രണ്ടാം പകുതിയില്‍ ഉത്തര്‍പ്രദേശില്‍ കാർഷിക ബിരുദത്തിന് പഠിച്ച് കൊണ്ടിരുന്നപ്പോൾ ഞങ്ങള്‍ സ്ഥിരം ആഹാരം കഴിക്കുന്ന കുമാര്‍ ഹോട്ടല്‍ ഉടമ അശ്വനി കുമാര്‍ കുടുംബ സമേതം ഇന്ന് തിരുവനന്തപുരം ഉദയ് സ്യൂട്ട് ല്‍ ഉണ്ട് എന്ന് അറിഞ്ഞ് അവിടെ പഠിച്ച ഞങ്ങള്‍ കുമാറിനെ കാണാന്‍ അവിടെ എത്തി. ഒരു ഹോട്ടല്‍ ഉടമ എന്നതില്‍ ഉപരി സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ഞങ്ങളെ കരുതിയിരുന്നത്. കൃഷി വകുപ്പില്‍ നിന്നും വിരമിച്ച കേരളത്തില്‍ നിന്നുള്ള പത്തോളം പേര്‍ അവിടെ ഉണ്ടായിരുന്നു. എറണാകുളത്ത് നിന്ന് ജയരാജ് മുതല്‍ ബാലരാമപുരത്ത് നിന്ന് ബാലചന്ദ്രന്‍ വരെ ഉള്ളവര്‍ വന്നിരുന്നു. കൊല്ലത്ത് നിന്നും രാമാനുജന്‍ തമ്പിയും, സദാശിവന്‍ പിള്ളയും ഞാനും കൂടി പോയിരുന്നു. അങ്ങനെ 47 വര്‍ഷം മുമ്പ് തുടങ്ങിയ സ്നേഹ ബന്ധം പുതുക്കലും ഒരു ഒത്തു ചേരാനുള്ള അവസരം കൂടി ആയിരുന്നു ഇന്ന്‌. വളരെ സന്തോഷം തോന്നുന്നു

കറിയുപ്പ് വളമായി ഉപയോഗിക്കാമോ? =================================കാർഷിക വിളകളുടെ വളപ്രയോഗത്തെ കുറിച്ച് കർഷകർക്ക് നിരവധി സ...
30/10/2021

കറിയുപ്പ് വളമായി ഉപയോഗിക്കാമോ?
=================================
കാർഷിക വിളകളുടെ വളപ്രയോഗത്തെ കുറിച്ച് കർഷകർക്ക് നിരവധി സംശയങ്ങൾ ഉണ്ട്. ജൈവ വളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ?

രാസവളങ്ങൾ അപകട കാരികൾ ആണോ?

രണ്ടും ചേർന്ന(ജൈവ രാസ വളങ്ങൾ ) വളപ്രയോഗ രീതിയല്ലേ നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് നല്ലത്? എന്നിങ്ങനെ?

ഒക്കെ അവനവന്റെ വിശ്വാസ പ്രമാണങ്ങളും കാഴ്ചപ്പാടും അനുഭവവും ഒക്കെ അനുസരിച്ചു തീരുമാനിക്കുക.

ഒരു കിലോ അഴുകി പൊടിഞ്ഞ കാലിവളം എടുത്താൽ അതിൽ NPK യുടെ അളവ് ഏകദേശം 0.5:0.5:0.5ശതമാനം ആണ്. കഷ്ടി 5 ഗ്രാം വീതം നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും . പക്ഷെ അതിൽ എല്ലാ സൂക്ഷ്മ മൂലകങ്ങളും ചെറിയ അളവിൽ ഉണ്ടാകും. എന്നാൽ ഏറ്റവും പ്രധാനം, മണ്ണിന്റെ ഭൗതികഗുണങ്ങളായ ഉലർച്ച (low bulk density ), വായു സഞ്ചാരം(porosity ), ജലസംഗ്രഹണ ശേഷി (water holding capacity), നീർവാർച്ച (drainage )ഒക്കെ മെച്ചപ്പെടുത്താൻ അവയ്ക്കു കഴിയും എന്നതാണ് .

മാത്രമല്ല മണ്ണിന്റെ ജൈവിക ഗുണങ്ങൾ (biological properties )മെച്ചപ്പെടുത്താനും സൗഹൃദ സൂക്ഷ്മാണുക്കളെ (Plant Growth Promoting Rhizobacteria )പെരുക്കാനും ജൈവ വളങ്ങളെക്കൊണ്ടേ സാധിക്കൂ.രാസ വളങ്ങൾക്കതിന് കഴിയില്ല.

അതേ സമയം തന്നെ ഒരു ചെടിയുടെ ലാഭകരമായ ഉല്പാദന ക്ഷമത കൂട്ടാൻ കൂടിയ അളവിൽ മൂലകങ്ങൾ ഒരുമിച്ച് വേണ്ടി വരുമ്പോൾ അവിടെ ജൈവ വളങ്ങളെക്കാൾ ഒരു സാധാരണ കർഷകൻ ആശ്രയിക്കുക രാസവളങ്ങളെ ആയിരിക്കും.

ഉദാഹരണമായി നനച്ചു വളർത്തുന്ന ഏത്തവാഴയുടെ കാര്യം എടുക്കുക.

ഒരു ജീവിതകാലയളവിൽ 300ഗ്രാം പൊട്ടാസ്യം ആണ് മൊത്തം ഒരു വാഴയ്ക്ക് വേണ്ടത്. 300ഗ്രാം പൊട്ടാസ്യം കിട്ടാൻ 500ഗ്രാം പൊട്ടാഷ് (Muriate of Potash )കൊടുക്കണം. അതും അഞ്ച് തുല്യതവണകളായി. എന്നാൽ ഇത്രയും പൊട്ടാസ്യം കിട്ടാൻ നമ്മൾ ചാരം ആണ് കൊടുക്കുന്നതെങ്കിൽ ഏതാണ്ട് 6 കിലോ ചാരം കൊടുക്കേണ്ടി വരും. 1000വാഴ കൃഷി ചെയ്യുന്ന ഒരു കര്ഷകന് 6000 കിലോ ചാരം അതിനായി വേണ്ടി വരും. അതിന്റെ കടത്തുകൂലിയും മറ്റും വേറെയും. ഗ്യാസടുപ്പുകൾ നിറഞ്ഞ കേരളത്തിൽ ഇന്നുള്ള അളവിൽ വാഴക്കൃഷി നില നിർത്തണമെങ്കിൽ എത്ര ആയിരം ടൺ ചാമ്പൽ വേണ്ടി വന്നേക്കാം? അപ്പോൾ, ലഭ്യതയും ലാഭക്ഷമതയും കൃഷിയിൽ, പ്രത്യേകിച്ചും വാണിജ്യ കൃഷിയിൽ, വളരെ വളരെ പ്രധാനമാണ്.

ചോദ്യമിതാണ്?

കറിയുപ്പ് വിളകൾക്ക് വളമായി ഉപയോഗിക്കാമോ?

പൊതുവിൽ നമ്മൾ ഉപയോഗിക്കുന്ന രാസ വളങ്ങൾ എല്ലാം തന്നെ സാങ്കേതികമായി പറഞ്ഞാൽ ഉപ്പ് (salt )എന്ന വിഭാഗത്തിൽ പെടുന്നവയാണ്. ഒരു അമ്ലവും ക്ഷാരവും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ അവിടെ വെള്ളവും ഉപ്പും (salt )ഉണ്ടാകുന്നു. അതാണ് നിർവീര്യകരണം (neutralisation ). പൊട്ടാസ്യം ക്ലോറൈഡ് (പൊട്ടാഷ് ), പൊട്ടാസ്യം സൾഫേറ്റ് (SoP), പൊട്ടാസ്യം നൈട്രേറ്റ് (KNO3), മഗ്നീഷ്യം സൾഫേറ്റ് (Epsom Salt ), കാൽസ്യം നൈട്രേറ്റ്, മോണോ പൊട്ടാസ്യം ഫോസ്‌ഫേറ്റ്, മോണോ അമോണിയം ഫോസ്‌ഫേറ്റ് ഇവയൊക്കെ ആണ് പ്രധാന രാസ വളങ്ങൾ. പ്രത്യേകിച്ചും ഇസ്രായേൽ, നെതർലൻഡ്‌സ്‌ ഒക്കെ പിന്തുടരുന്ന കിറുകൃത്യ കൃഷി (precision farming ) രീതിയിൽ. അവ വെള്ളത്തിനൊപ്പം കൊടുക്കുമ്പോൾ അത് വളസേചിത രീതി (fertigation )ആകുന്നു.

കറിയുപ്പ് എന്നത് രാസികമായി സോഡിയം ക്ലോറൈഡ് ആകുന്നു. സോഡിയവും ക്ലോറിനും ഒറ്റയ്ക്കൊറ്റയ്ക്ക് എടുത്താൽ അതീവ തീവ്ര സ്വഭാവം ഉള്ളവയാണ്. ഒന്ന് ഒരു ആൽക്കലി മെറ്റലും മറ്റെയാൾ ഹാലൊജനും. Highly Reactive.
ഒരു കെമിസ്റ്റ് ക്ലോറിനെ വിശേഷിപ്പിച്ചത് ഇങ്ങനെ ആണ്. Out of the 92 natural elements on earth, 91created by God, and one created by devil. That devil's element is Chlorine. പക്ഷെ രണ്ടും ചേരുമ്പോൾ നാവിൽ രസമൂറുന്ന പാവം ഉപ്പായി മാറുന്നു. എന്തതിശയം !!!!

അരം പ്ലസ് അരം =കിരം.

കറിയുപ്പിൽ ഏതാണ്ട് നാല്പത് ശതമാനം സോഡിയവും അറുപതു ശതമാനം ക്ലോറിനും ഉണ്ട്. ക്ലോറിൻ ചെടികൾക്ക് ഒരു അവശ്യ മൂലകം ആണ്. മൈക്രോ അളവിൽ മതിയാകും. തെങ്ങിന് വലിയ അളവിൽ വേണം. സോഡിയം പക്ഷേ ഒരു അവശ്യ മൂലകം അല്ല. കക്ഷിയുടെ അനിയൻ പൊട്ടാസ്യം അവശ്യമൂലകം ആണെന്ന് മാത്രമല്ല 'The King pin of Plant Nutrition 'എന്നറിയപ്പെടുന്ന ആൾ ആണ്. ഇന്ദുലേഖയെ വേളി കഴിക്കാൻ വന്ന സൂരി നമ്പൂതിരിപ്പാട് ഒടുവിൽ വാല്യക്കാരി ആയാലും മതി എന്ന നിലപാടിൽ എത്തിയത് പോലെ, ചില ചെടികൾ (പ്രത്യേകിച്ചും തെങ്ങ്, മരച്ചീനി എന്നിവ) പൊട്ടാസ്യത്തിനു പകരം കുറച്ചൊക്കെ സോഡിയം ആയാലും മതി എന്ന ചിന്താഗതിക്കാരാണ്. അതുകൊണ്ടാണ് പണ്ട് മുതലേ തെങ്ങിന് നമ്മൾ കറിയുപ്പ് ഇടുന്നത്. അതിൽ ഉള്ള ക്ലോറിൻ തെങ്ങിന് കട്ട സപ്പോർട്ട് ആണ് താനും. കടൽ തീരങ്ങളിലും ദ്വീപ സമൂഹങ്ങളിലും തെങ്ങ് മുഖ്യ വിള ആയതിന്റെ രഹസ്യവും മറ്റൊന്നല്ല.

ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, നേരിയ അളവിൽ ഉപ്പ് (അതായത് നാല് ലിറ്റർ വെള്ളത്തിൽ മൂന്ന് ടേബിൾ സ്‌പൂൺ )എന്ന നേർമയിൽ ഇലകളിൽ തളിച്ച് കൊടുക്കുന്നത് ചെടികൾക്ക് ഉത്തേജനം നൽകും എന്നാണ്. കടലുപ്പിൽ അല്പസ്വല്പം കാൽസിയം, മാഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഉണ്ട്. നാനോ അളവിൽ അവ ചെടികളെ സ്വാധീനിക്കുന്നുണ്ടാകാം. കടൽ വെള്ളം വളരെ നേർപ്പിച്ചു ഇലകളിൽ നൽകുന്നതും നല്ലതാണ് എന്ന് പറയപ്പെടുന്നു.

അങ്ങനെ എങ്കിൽ ഇനി കടൽ വെള്ളം വളമായി കുപ്പിയിൽ പാക്ക് ചെയ്ത് വന്നേക്കാം.

വാൽകഷ്ണം :കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥാന്തരം കടൽ വെള്ളം കരയിലേക്ക് കയറി വരുമ്പോൾ ഉണ്ടാകുന്ന മണ്ണിന്റെ ലവണ വൽക്കരണം (soil salinization ) ആണ്. മണ്ണിൽ സോഡിയത്തിന്റെ അംശം കൂടുമ്പോൾ അതിനെ സോഡിക് സോയിൽ എന്ന് വിളിക്കും. മണ്ണിന്റെ electrical conductivity കൂടിയാൽ, osmotic stress കൊണ്ടു കോശങ്ങൾ തകരും. മണ്ണിനു 'ഹ്യുമേളനം (എന്റെ സ്വന്തം പ്രയോഗം ആണ്, ഇംഗ്ലീഷിൽ deflocculation എന്ന് പറയും, എഴുത്തച്ചൻ എന്നോട് ക്ഷമിക്കട്ടെ )സംഭവിക്കും. മൺതരികൾ പരസ്പര ബന്ധമില്ലാതെ ചിന്നി ചിതറും. അത് കൊണ്ട് ഉപ്പ് മണ്ണിൽ ചേർക്കുന്നത് പച്ചക്കറികളിൽ പരീക്ഷിക്കാതിരിക്കുകയാകും നന്ന്.

കറിയുപ്പ് മാത്രമല്ല ഹിമാലയൻ പിങ്ക് സാൾട്ട്, ബ്ലാക്ക് സാൾട്ട് തുടങ്ങിയ ഉപ്പുകളും (rock salt )ഒക്കെ വളരെ നേർപ്പിച്ചു പരീക്ഷിക്കാം.ഇലകളിൽ. അതും വളരെ നേർപ്പിച്ചു മാത്രം. അവനവന്റെ റിസ്കിൽ.

ഏതും, മിതമായ അളവിൽ പോഷണവും, മാരകമായ അളവിൽ പാഷാണവും ആണ് എന്നാണല്ലോ...

എന്നാൽ അങ്ങട്....

പ്രമോദ് മാധവൻ

ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളിൽ നടാൻ സമയമാകുന്നു.          ==================== നിഘണ്ടുവിൽ കാബേജിന്റെ അർത്ഥം തിരഞ്ഞ...
06/09/2021

ക്യാബേജ് ചില്ലറക്കാരനല്ല, സമതലങ്ങളിൽ നടാൻ സമയമാകുന്നു.

====================
നിഘണ്ടുവിൽ കാബേജിന്റെ അർത്ഥം തിരഞ്ഞിട്ടുണ്ടോ? ഒരു പച്ചക്കറി എന്നും വിരസമായ ജീവിതം നയിക്കുന്ന ആൾ എന്നും അർത്ഥം കാണാം.
അത്ര മോശക്കാരനാണോ കക്ഷി?.
ആവോ.. ഈ ലേഖനം വായിച്ചിട്ട് സ്വയം തീരുമാനിച്ചു കൊള്ളുക.

പച്ചക്കറികളുടെ ചരിത്രമെടുത്താൽ ക്യാബേജ് മുതുമുത്തശ്ശി. ആയിരം കൊല്ലത്തിലധികം മുൻപുള്ള പരാമർശങ്ങൾ ഉണ്ട് ക്യാബേജിനെ കുറിച്ച്. അങ്ങ് റോമിലും ഈജിപ്തിലും ചൈനയിലും മെസൊപ്പൊട്ടോമിയയിലും ഒക്കെ. സസ്യശാസ്ത്ര പിതാവായ തിയോഫ്രാസ്ടസ് (371-287 BC)ന്റെ ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. തത്വ ചിന്തകനായിരുന്ന ഡയോജെനിസ് കാബേജും പച്ചവെള്ളവും മാത്രമേ കഴിക്കുമായിരുന്നുള്ളൂ എന്നും കേട്ടിട്ടുണ്ട്. പുരാതന ഈജിപ്തിലെയും റോമിലെയും കള്ള് കുടിയന്മാർ അർമാദരാത്രികൾക്കു മുന്നേ വലിയ അളവിൽ കാബേജ് അകത്താക്കുമായിരുന്നുവത്രെ. ഹാങ്ങ്‌ ഓവർ മാറ്റാനുള്ള തന്ത്രം. അങ്ങനെ യൂറോപ്പിൽ നിന്നും പറങ്കികൾ വഴി ഈ പച്ചക്കറി മുത്തശ്ശി പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലും എത്തി എന്ന് നിഗമനം. പതിനെട്ടാം നൂറ്റാണ്ടു വരെ ജപ്പാനിൽ കാബേജ് പരിചിതമല്ലായിരുന്നുവത്രേ. അമേരിക്കയിൽ ക്യാബേജ് എത്തിയത് ഫ്രഞ്ച് കാരനായ ഴാക് കാത്തിയെ വഴി 1541ൽ. അതിൽ പിന്നെ കടൽ യാത്രികർക്ക് സ്കർവി എന്ന മോണരോഗം വരാതിരിക്കാൻ ഉപ്പിലിട്ട ക്യാബേജ് (sauerkraut )കഴിക്കുന്നത് പതിവായി.

ഇന്ന് ചൈനയും ഇന്ത്യയും റഷ്യയുമാണ് ഏറ്റവും കൂടുതൽ ക്യാബേജ് വിളയിക്കുന്നതു്. ഏറ്റവും കൂടുതൽ ക്യാബേജ് തിന്നുന്നത് റഷ്യക്കാരാണ്. ഒരാൾ ഒരു വർഷം ഏതാണ്ട് 20കിലോ വരെ.

കൊറിയക്കാരന് ക്യാബേജിൽ നിന്നും ഉണ്ടാക്കുന്ന കിംച്ചി എന്ന പുളിപ്പിച്ച സലാഡ് ഇല്ലാതെ അന്നം ഇറങ്ങില്ല. അതിന്റ ബോട്ടിൽ തുറന്ന തീന്മേശയിൽ ഇരുന്നാൽ നമുക്കും അന്നം ഇറങ്ങില്ല. അത്ര (ദുർ )ഗന്ധമാണ്. പക്ഷെ പ്രൊ -ബയോട്ടിക്‌ സമ്പുഷ്ടമാണ് കിംച്ചി.
വിശദമായി പിന്നീട് ഒരിക്കൽ എഴുതാം.

ഇനി കൃഷിയിലേക്ക് വരാം.

സാധാരണ ഗതിയിൽ ക്യാബേജ് ഒരു ശീതകാല വിളയാണ്. തണുപ്പ് നിറഞ്ഞ പർവതനിരകളുടെ താഴ്‌വാരങ്ങളിൽ വർഷം മുഴുവൻ കൃഷി ചെയ്യാം. എന്നാൽ ഇന്ന് സമതല പ്രദേശങ്ങളിലും നന്നായി വളരുന്ന ഇനങ്ങൾ ഉണ്ട്. പക്ഷെ ഹൈ റേഞ്ചിൽ കിട്ടുന്ന വിളവ് സമതലത്തിൽ കിട്ടില്ല എന്നു മാത്രം.NS 160, 183, 43 എന്നിവ കേരളത്തിലെ സമതലങ്ങൾക്കു യോജിച്ച ഇനങ്ങൾ ആണ്. (NS എന്നാൽ Naamdhari Seeds എന്ന കമ്പനിയുടെ ചുരുക്കപ്പേരു ആണ് ).

ദൈർഘ്യമാർന്ന പകലും തണുപ്പ് നിറഞ്ഞ രാത്രികളുമാണ് സമതലകൃഷിയ്ക്ക് പഥ്യം. ആയതിനാൽ നവംബർ മുതൽ ജനുവരി അവസാനം വരെ അനുയോജ്യം. അതായത് മലയാളിയുടെ മനസ്സിൽ മഞ്ഞു കോരിയിടുന്ന വൃശ്ചിക, ധനു, മകരമാസങ്ങൾ. സെപ്റ്റംബർ മാസം അവസാനം തൈകൾ ഉണ്ടാക്കാൻ തുടങ്ങിയാൽ കൃത്യം നവംബർ ഒന്നിന് തൈകൾ നടാം. കടുകിന്റെ കുടുംബത്തിലാണ് (Brassicaceae) ജനനം എന്നുള്ളതിനാൽ വിത്തും കടുക് പോലെ തന്നെ. വേഗം മുളയ്ക്കുകയും ചെയ്യും. ഒരു കിലോ സങ്കര വിത്തിന് കിലോയ്ക്ക് 36000 മുതൽ മേലോട്ടാണ് വില.

3:1എന്ന അനുപാതത്തിൽ ചകിരി ചോറ് പൊടിയും പൊടി രൂപത്തിൽ ഉള്ള മണ്ണിര കമ്പോസ്റ്റും ചേർന്ന മിശ്രിതം പ്രൊ ട്രേകളിൽ നിറച്ചു തൈകൾ ഉണ്ടാക്കാം. മുളച്ചു ഒരാഴ്ച കഴിഞ്ഞ്, ഓരോ ആഴ്ച ഇടവിട്ട്, രണ്ടോ മൂന്നോ തവണ 19:19:19, 1മുതൽ 2 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ വേഗം വളരും. നല്ല കരുത്തോടെ നിവർന്നു നിൽക്കുന്ന അഞ്ചാഴ്ച പ്രായമുള്ള, 5-6 ഇലകൾ ഉള്ള തൈകൾ വേണം നടാൻ എടുക്കാൻ.

മണ്ണൊരുക്കേണ്ടതെങ്ങനെ?

6-8 മണിക്കൂർ സൂര്യ പ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലം തെരഞ്ഞെടുക്കണം.

ഒരടി വീതിയിലും മുക്കാലാടി ആഴത്തിലും ആവശ്യത്തിന് നീളത്തിലും ഉള്ള ചാലുകൾ എടുക്കണം. മണ്ണ് നന്നായി കട്ട ഉടയ്ക്കണം. സെന്റിന് (40sq m) 2കിലോ കുമ്മായം /ഡോളോമൈറ്റ് ചാലുകളിൽ വിതറി നന്നായി ഇളക്കി രണ്ടാഴ്ച ഇടണം.

സെന്റിന് 100 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, 2കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്, 2കിലോ എല്ലുപൊടി എന്ന അളവിൽ അടിസ്ഥാന ജൈവ വളങ്ങൾ ചേർക്കണം. അത് കുമ്മായം ചേർത്ത് രണ്ടാഴ്ച കഴിഞ്ഞ മണ്ണുമായി നന്നായി കൂട്ടി കലർത്തി 45 cm(ഒന്നരയടി ) അകലത്തിൽ ഓരോ തൈകൾ നടണം.

അടുത്ത ചാൽ രണ്ടടി ഇടയകലം കൊടുത്തു വേണം എടുക്കാൻ.

ഇങ്ങനെ ചെയ്താൽ ഒരു സെന്റിൽ (40 sq m ൽ 148 തൈകൾ നടാം. മറ്റു നടീൽ രീതികളും ഉണ്ട്.

വൈകുന്നേരങ്ങളിൽ നടുന്നതാണ് നല്ലത്. മൂന്ന് നാല് ദിവസം ചെറിയ തണൽ കൊടുത്താൽ നന്ന്.

ആദ്യത്തെ പത്തു ദിവസം വേര് പിടിക്കാൻ ഉള്ള സമയമാണ്.

അടുത്ത മുപ്പത് ദിവസം കായിക വളർച്ച കൂടുന്ന സമയമാണ്.

നട്ട് പതിനൊന്നാം ദിവസം ചെടിയൊന്നിന് 7ഗ്രാം ഫാക്റ്റം ഫോസും 4ഗ്രാം പൊട്ടാഷും നൽകണം.

35 ദിവസം കഴിഞ്ഞു ഇതേ വള പ്രയോഗം ആവർത്തിക്കണം.

അതിന് ശേഷം 15ദിവസം കഴിഞ്ഞ് വീണ്ടും 7 ഗ്രാം ഫാക്റ്റം ഫോസ് മാത്രം നൽകാം.

ഈ മൂന്ന് വളത്തിനുമൊപ്പം മണ്ണ് രണ്ട് വശങ്ങളിലും കൂട്ടികൊടുക്കണം. ക്യാബേജിന്റെ വേരുകൾ വളരെ ആഴങ്ങളിൽ പോകാറില്ല. ആയതിനാൽ വളരുന്നതിനനുസരിച്ചു മറിഞ്ഞു വീഴാതിരിക്കാൻ വശങ്ങളിൽ മണ്ണ് കയറ്റണം.

ജൈവ രീതിയിൽ ആണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ മണ്ണിൽ ജീവാമൃതം, വളച്ചായ, ബയോ സ്ലറി, ഫിഷ് അമിനോ ആസിഡ് എന്നിവ മാറിമാറി നൽകണം. കടലപ്പിണ്ണാക്ക് പുളിപ്പിച്ച തെളിയും നേർപ്പിച്ച ഗോമൂത്രവും നൽകാം. ക്യാബേജിന് നൈട്രജൻ സമ്പുഷ്ടമായ വളങ്ങൾ ആണ് കൂടുതൽ പഥ്യം.

'നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും' എന്ന് പറയുന്ന പോലെ ഇലതീനി പുഴുക്കളുടെ ഒരു കുംഭമേളയായിരിക്കും ക്യാബേജിൽ. മാംസളമായ ഇലകളും തണുപ്പോടു കൂടി ഒളിച്ചിരിക്കാൻ പറ്റിയ ഇലയിടുക്കുകളും ഉള്ളപ്പോൾ ആരെ പേടിക്കാൻ?. ആയതിനാൽ ദിവസവും പോയി ഇലകൾ നിരീക്ഷിച്ചില്ലെങ്കിൽ തമിഴൻ പത്തു തവണ മരുന്നടിച്ച ക്യാബേജ് വാങ്ങി കഴിച്ചു വീരമൃത്യു വരിക്കുക മാത്രമാണ് പോംവഴി. അതേ സമയം കീടങ്ങൾ വന്നു പറ്റാതിരിക്കാൻ തോട്ടത്തിന്റെ വൃത്തിയും കള നിയന്ത്രണവും തുടക്കം മുതൽ തന്നെ രണ്ടാഴ്ചയിൽ ഒരിക്കൽ ഉള്ള വേപ്പെണ്ണ വെളുത്തുള്ളി ബാർസോപ്പ് മിശ്രിത പ്രയോഗവും വേണം. 'No pain, No gain' എന്ന കാര്യം മറക്കേണ്ട. ഇലപ്പുള്ളി രോഗം, കരിങ്കാൽ രോഗം ഒക്കെ കൂടപ്പിറപ്പ് ആണ്. രണ്ടാഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിച്ചുവട്ടിൽ ഒഴിക്കണം. ഇലകളിലും തളിക്കണം.

രോഗ കീടങ്ങൾ ഭേദമാകുന്നില്ല എങ്കിൽ കൃഷിശാസ്ത്രം അറിയുന്ന ആളോട് ചോദിച്ചു പറ്റിയ മരുന്ന് ചെയ്യണം. അവൻ(ആര്? അതിഥി സംസ്ഥാനക്കാരൻ ) പത്തടിച്ചു കൊണ്ട് തരുന്നത് തിന്നുന്നതിനേക്കാൾ നല്ലത് നമ്മൾ നോക്കീം കണ്ടും, ശരിയായ മരുന്ന്, വേണ്ടി വന്നാൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് തന്നെയാണ് എന്നാണ് എന്റെ ഒരിത്...

പറിച്ചു നട്ട് 75-85 ദിവസമാകുമ്പോൾ മുകൾ ഇലകൾ കൂടിവരുന്നതായി കാണാം. ഓരോ ദിവസവും തല (Head)വലുതായി ഒരു ഘട്ടം എത്തുമ്പോൾ ആ വളർച്ച നിലച്ചതായി കാണാം. ഈ സമയത്ത് തല പിടിച്ച് നോക്കുമ്പോൾ നല്ല ഘനം അനുഭവപ്പെടും. അപ്പോൾ വിളവെടുക്കാം.നട്ട് ഏകദേശം 90-95ദിവസം കഴിയുമ്പോൾ.

ക്യാബേജ് നടുന്നതിന് ഒരാഴ്ച മുൻപ് തോട്ടത്തിനു ചുറ്റും ഒരു വേലി പോലെ കടുക് നടുകയാണെങ്കിൽ പല കീടങ്ങളും അതിൽ വന്നു പറ്റും. (രണ്ടും ഒരു കുടുംബക്കാർ ആയതിനാൽ കുടുംബശത്രുക്കളും ഒരു പോലെ ).അപ്പോൾ അവിടെ(കടുകിൽ ) മരുന്നടിച്ചു കീടങ്ങൾ ക്യാബേജിൽ പറ്റാതെ നോക്കുകയും ആകാം.(കടുക് നമ്മൾ കഴിക്കാതെ ഇരുന്നാൽ മതിയല്ലോ 🙄 ).
അത് പോലെ ഇടയ്ക്കിടെ ചോളം, ചെണ്ടുമല്ലി, സൂര്യകാന്തി എന്നിവ നടുന്നതും കീടങ്ങളെ തുരത്തുന്ന മിത്രകീടങ്ങൾ താവളമുറപ്പിക്കാൻ സഹായിക്കും. കൂടാതെ മഞ്ഞ, നീല നിറത്തിലുള്ള പശക്കെണികളും ചെടിയുടെ അല്പം മുകളിൽ വരത്തക്ക രീതിയിൽ സ്ഥാപിക്കണം. അത് നീരൂറ്റികളായ പ്രാണികളെ നശിപ്പിക്കാൻ ഉപകരിക്കും.

വൈവിധ്യമാർന്ന രീതികളിൽ ക്യാബേജ് കഴിക്കാം.പച്ചയ്ക്ക്, ആവി കയറ്റി, വഴറ്റി, അച്ചാർ ഇട്ട്, മൈക്രോ വേവ് ചെയ്ത്, വെറും ഉപ്പ് വെള്ളത്തിൽ ഇട്ട്. അങ്ങനെയങ്ങനെ...
ക്യാബേജിൽ വലിയ അളവിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.അത് കോശ വളർച്ചയെ സഹായിക്കും.
പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ എല്ലുകൾക്കു നല്ലതാണ്.
ക്യാബേജ് നീര് കുടിക്കുന്നത് വയറ്റിലെ അൾസറിന് നല്ലതാണ്. (വീട്ടിൽ വിളയിച്ചതാണെങ്കിൽ 😜).
പൊണ്ണത്തടി കുറയ്ക്കാനും കേമം. കലോറി കുറഞ്ഞ ഭക്ഷണം ആകയാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞ പ്രതീതി ഉണ്ടാകും. സൾഫർ സംപുഷ്ടമായാതിനാൽ ഗ്യാസ് രൂപം കൊള്ളാനും അധോവായു ബഹിർഗമിക്കാനും സാധ്യത കൂടും.

വാൽകഷ്ണം::
ക്യാബേജിന്റെ സവിശേഷ ഗന്ധം അതിൽ സമൃദ്ധമായ ഗന്ധകത്തിന്റേതാണ്. ആയതിനാൽ തന്നെ ക്യാബേജ് കേടായാൽ ദുർഗന്ധവും. എന്നാൽ ഇതേ സൾഫർ അണുനാശകവുമാണ്. ക്യാബേജ് നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു കുറയാൻ നന്ന്.
ക്യാബേജിൽ ഗോയ്റ്ററോജൻ വിഭാഗത്തിൽ പെട്ട ചില വസ്തുക്കൾ ഉള്ളതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ ഉള്ളവർ അളവ് കുറച്ചു കഴിച്ചാൽ മതി. ക്യാബേജ് ധാരാളം കഴിക്കുന്ന ചൈന, പോളണ്ട് എന്നിവിടങ്ങളിലെ സ്ത്രീകളെ നിരീക്ഷിച്ചപ്പോൾ അവരിൽ സ്തന കാൻസർ കുറവായിക്കണ്ടു എന്നും ഗവേഷകർ. എല്ലാം ഗന്ധകത്തിന്റെ കളിയത്രേ...

ഇനി ക്യാബേജിന്റെ നിഘണ്ടു അർത്ഥം, അർത്ഥ രഹിതം എന്ന് പറഞ്ഞു കൂടേ.. ബ്ലീസ്....

എന്നാൽ അങ്ങട്...

പ്രമോദ് മാധവൻ
കൃഷി ഓഫീസർ

തെങ്ങിൻ തൈ നടേണ്ടതെങ്ങനെ====================ഒരു മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികൾ ആണ് തെങ്ങിൻ തൈകൾ നടാൻ എടുക്കേണ്ട...
02/09/2021

തെങ്ങിൻ തൈ നടേണ്ടതെങ്ങനെ
====================
ഒരു മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികൾ ആണ് തെങ്ങിൻ തൈകൾ നടാൻ എടുക്കേണ്ടത്.

കുഴി എടുക്കുമ്പോൾ ആദ്യത്തെ ഒരടി മേൽമണ്ണ് പ്രത്യേകം മാറ്റി വയ്ക്കണം.

കുഴി എടുത്തതിനു ശേഷം ഈ മാറ്റി വച്ച മേൽമണ്ണ് തിരികെ കുഴിയിലേക്ക് ഇടണം.

അതിലേക്ക് 10കിലോ ഉണങ്ങിയ കാലിവളം, അരകിലോ എല്ലുപൊടി, അര കിലോ വേപ്പിൻ പിണ്ണാക്ക്, കുറച്ച് മണ്ണ് എന്നിവ ചേർത്ത് നന്നായി ഇളക്കി കുഴിയുടെ പകുതി ഭാഗം വരെ മൂടണം.

അതിൽ ഒരു പിള്ളക്കുഴി എടുത്ത് തെങ്ങിൻ തൈയ്യുടെ തേങ്ങാ ഇറക്കി വച്ചു നന്നായി ചവിട്ടി ഉറപ്പിക്കണം.

പുറത്ത് നിന്ന് ഒഴുകി എത്തുന്ന വെള്ളം കുഴിയിലേക്ക് ഇറക്കരുത്. അതിനായി ബാക്കിയുള്ള മണ്ണ് വച്ചു കുഴിക്ക് ചുറ്റും ഒരു ബണ്ട് ഉണ്ടാക്കണം.

വലിയ തൈ ആണെങ്കിൽ ഒരു നീളമുള്ള കമ്പ് ചേർത്ത് കെട്ടി കൊടുക്കണം.

തെക്ക് പടിഞ്ഞാറൻ വെയിൽ നേരിട്ട് ഇലകളിൽ പതിയ്ക്കാതിരിക്കാൻ ഓലകൾ കൊണ്ട് ഒരു മറ നൽകാം.

മൂന്നാം മാസം മുതൽ വളം ചെയ്ത് തുടങ്ങാം.

മൂന്ന് മാസത്തിലൊരിക്കൽ മണ്ട ചീയൽ (Bud rot disease ), കൊമ്പൻ ചെല്ലി എന്നിവക്കെതിരെ പ്രതിരോധ മരുന്നുകൾ ചെയ്യണം.

അത്യുൽപ്പാദന ശേഷിയുള്ള കുറ്റ്യാടി തെങ്ങിൻ തൈകൾ ചാത്തന്നൂർ കൃഷിഭവനിൽ ലഭ്യമാണ്. വില അൻപത് രൂപ മാത്രം.

നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓരോ തെങ്ങിൻ തൈകൾ സമ്മാനിക്കൂ... അതിലൂടെ നിങ്ങളുടെ ബന്ധം ദീർഘവും സുദൃഢവും ആകട്ടെ.

വേഗമാകട്ടെ..

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ
ആപത്തു കാലത്ത് കാ പത്തു തിന്നാം.

ചാത്തന്നൂർ കൃഷി ഓഫീസർ

മാവിൽ മികച്ച വിളവ് കിട്ടാൻ  ശരിയായി കൊമ്പ് കോതണം =================================ഒരു മാവെങ്കിലും ഇല്ലാത്ത  ഒറ്റ വീട്ടുവ...
01/09/2021

മാവിൽ മികച്ച വിളവ് കിട്ടാൻ ശരിയായി കൊമ്പ് കോതണം
=================================
ഒരു മാവെങ്കിലും ഇല്ലാത്ത ഒറ്റ വീട്ടുവളപ്പും കേരളത്തിൽ ഉണ്ടാകില്ല. ലക്ഷണമൊത്ത ഒരു കേരള ഭവനം കുറ്റിപ്പുറത്ത് കേശവൻ നായർ വർണിച്ചതു 'മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞഹോ സസ്യ ലതാഢ്യമായ വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു "എന്നാണല്ലോ.

കേരളത്തിലെ എൺപത്തേഴു ലക്ഷം വരുന്ന വീട്ടുവളപ്പുകളിൽ നല്ലൊരു പങ്കും പതിനഞ്ച് സെന്റിൽ താഴെ ആണ്. അതിൽ വീടും മുറ്റവും പട്ടിക്കൂടും കാർ പോർച്ചും കഴിഞ്ഞ് ബാക്കി ഉള്ളിടം സൂര്യന് കീഴിൽ ഉള്ള എല്ലാ വൃക്ഷങ്ങളും ഉള്ള ഒരു ട്രീ മ്യൂസിയം ആക്കി മാറ്റുകയാണ് നമ്മുടെ പതിവ് രീതി.
അവിടെ ശാസ്ത്രീയമായ അകലം, ശരിയായ നീളം, വീതി, ആഴം പാലിച്ചുള്ള കുഴിയെടുപ്പ്, വർഷാവർഷം ഉള്ള ചിട്ടയായ വള പ്രയോഗം ഒന്നും ഉണ്ടാവില്ല. ആയതിനാൽ തന്നെ തെങ്ങിലായാലും മാവിലായാലും വാഴയിലായാലും മികച്ച വിളവ് അപൂർവ്വം. ഒരു തരം Low External Input Low Output System എന്ന് വിളിക്കാം.

ഒന്നോ രണ്ടോ മാവുകൾ മാത്രം ആയിരിക്കാം പലപ്പോഴും അത്തരം വീട്ടുവളപ്പിൽ നടാൻ കഴിയുക. അപ്പോൾ മാവിലെ സൂപ്പർ താരങ്ങളെ തേടി പോകാതെ മൂവാണ്ടൻ, കിളിച്ചുണ്ടൻ, കൊളംബി, കർപ്പൂരം, പ്രിയോർ, നീലം, കോട്ടൂർ കോണം, കോശ്ശേരിൽ എന്നിവ വയ്ച്ചാൽ നമുക്ക് വിളവ് ഉറപ്പിക്കാം.

കൂടുതൽ മാവുകൾ വയ്ക്കാൻ സ്ഥലം ഉണ്ടെങ്കിൽ മല്ലിക, ബംഗനപ്പള്ളി, സിന്ദൂരം, ചന്ത്രക്കാറൻ, കാലപ്പാടി, മുണ്ടപ്പ, കിളിമുക്ക്‌, രത്ന എന്നിവയും പരീക്ഷിക്കാം.

എന്ത് കൊണ്ടാണ് നമ്മുടെ വീട്ടുവളപ്പുകളിൽ മാവുകൾ ശരിയാം വണ്ണം വിളവ് തരാത്തത്?

1. മാവിൽ നിന്നോ മറ്റു മരങ്ങളിൽ നിന്നോ വേണ്ടത്ര അകലത്തിൽ മാവുകൾ നടാറില്ല.

2.പ്രാദേശികമായി അനുയോജ്യമായ ഇനങ്ങൾ നോക്കി നടാറില്ല

3.ശരിയായ അളവിൽ ഉള്ള കുഴികൾ എടുത്ത് വേണ്ടത്ര അളവിൽ അടിസ്ഥാനവളം ചേർത്ത് കുഴി മൂടി തൈകൾ നടുന്നതിൽ ഉദാസീനത.

4.മാവ് തുടക്കത്തിലേ ശിഖരങ്ങൾ ക്രമീകരിച്ചു (Formative Prunning ) അധികം ഉയരം വയ്ക്കാതെ പടർത്തി വളർത്താറില്ല.

5.വർഷാവർഷം പ്രധാന സസ്യ മൂലകങ്ങൾ സന്തുലിതമായി ചേർത്ത് വളപ്രയോഗം നടത്താറില്ല.

6. വിളവെടുപ്പിനു ശേഷം ചെറിയ അളവിൽ കൊമ്പ് കോതൽ (maintenance prunning ) നടത്താറില്ല.

7. മാന്തളിർ മുറിയൻ, തളിരില കുരുടൽ, ഇല കൂടുകെട്ടി പുഴു, കൊമ്പുണക്കം, കറയൊലിപ്പ്‌, കായീച്ച എന്നിവയെ മുൻകൂട്ടി കണ്ട് പ്രതിരോധ മരുന്നുകൾ ചെയ്യാറില്ല.

എങ്ങനെ ആണ് മാവ് നട്ടതിന് ശേഷം അതിന് ശരിയായ ആകൃതി നൽകി, വർഷാവർഷം കൊമ്പുകൾ ആവശ്യത്തിന് കോതി നിർത്തേണ്ടത് എന്ന് നോക്കാം.

1മീറ്റർ നീളം, വീതി, ആഴം ഉള്ള കുഴി എടുക്കണം. കുഴി എടുക്കുമ്പോൾ ഒരടി മേൽമണ്ണ് പ്രത്യേകം മാറ്റി വയ്ക്കണം. അത് കുഴിയെടുത്തു കഴിഞ്ഞ് ഏറ്റവും അടിയിൽ ആയി ഇടണം. അതിന് ശേഷം 2കിലോ റോക്ക് ഫോസ്‌ഫേറ്റ്, 25 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, കിളച്ചെടുത്ത മണ്ണ് എന്നിവ കൂട്ടി കലർത്തി കുഴി മൂടിയതിനു ശേഷം അതിൽ പിള്ളക്കുഴി എടുത്ത് വേണം തൈകൾ നടാൻ. അപ്പോൾ വേരുകൾ അടിയിലേക്ക് പോകുമ്പോൾ ഇളക്കമുള്ള, വളക്കൂറുള്ള മണ്ണുള്ളതിനാൽ വേഗം വളരും. ഇത് ഏത് വൃക്ഷ വിള നടുമ്പോഴും ബാധകമാണ്.

ഏപ്രിൽ -മെയ്‌ മാസങ്ങളിൽ, വേനൽ മഴ കിട്ടുന്നതോടു കൂടി ഒട്ടു തൈകൾ നടാം. അടുത്തുള്ള ഏത് മരത്തിൽ നിന്നും കുറഞ്ഞത് 8 മീറ്റർ എങ്കിലും അകലത്തിൽ വേണം മാവുകൾ നടാൻ. നല്ല വളക്കൂറുള്ള മണ്ണാണെങ്കിൽ 10-12 മീറ്റർ അകലം കൊടുക്കണം എന്നാണ് ശാസ്ത്രം. തുടക്കത്തിലേ തന്നെ മാവിന് നല്ല ആകൃതി ലഭിക്കാൻ പ്രൂണിങ് ചെയ്യണം.

മാവ് നട്ട് അരപ്പൊക്കം (60-80cm)ആകുമ്പോൾ അതിന്റെ മണ്ട മുറിക്കണം. മുറിപ്പാടിൽ അല്പം കുമിൾനാശിനി കുഴമ്പ് പുരട്ടണം. അതിന് ശേഷം ധാരാളം മുളകൾ മുറിപ്പാടിന് താഴെ നിന്നും പൊട്ടും. അതിൽ മൂന്നോ നാലോ മുളകൾ മാത്രമേ നിർത്താവൂ. അതും കരുത്തുള്ളത് മാത്രം. അവ തുല്യഅകലത്തിൽ ആയിരിക്കണം.

മരത്തിന്റെ നടുഭാഗം നന്നായി വെയിൽ വീഴത്തക്ക രീതിയിൽ തുറന്ന് കിടക്കണം.

ഇത്തരത്തിൽ മൂന്നോ നാലോ കരുത്തുള്ള ശിഖരങ്ങൾ വളർന്നു 40-50 സെന്റി മീറ്റർ ആകുമ്പോൾ അവ വീണ്ടും മുറിക്കണം. നല്ല മൂർച്ചയുള്ള പ്രൂണിങ് ഷിയർ ഉപയോഗിച്ച് മുറിച്ചാൽ നല്ലത്. മുറിപ്പാടിൽ എപ്പോഴും കുമിൾ നാശിനി കുഴമ്പ് പുരട്ടുന്നത് നന്നായിരിക്കും. മുറിപ്പാടിന് അടിയിൽ നിന്നും വരുന്ന മുളകളിൽ കരുത്തുള്ള മൂന്നോ നാലോ എണ്ണം തുല്യ അകലത്തിൽ നിർത്തി ബാക്കിയുള്ളവ നീക്കം ചെയ്യണം. അവ വളർന്നു 25-30 cm ആകുമ്പോൾ വീണ്ടും ഇതാവർത്തിക്കണം. ഇങ്ങനെ ചെയ്താൽ നടുഭാഗം തുറന്ന് നല്ല ശിഖരങ്ങളോട് കൂടിയ വലിയ പൊക്കമില്ലാത്ത ഒരു ആകൃതി മാവിന് ലഭിക്കും.

മാവിന്റെ ശിഖരങ്ങളുടെ അഗ്ര ഭാഗത്താണ് പൂക്കളും കായ്കളും ഉണ്ടാകുന്നത് . കുറഞ്ഞത് ആറാഴ്ചയെങ്കിലും പ്രായമുള്ള ശിഖരങ്ങൾ മാത്രമേ പൂക്കുകയുള്ളൂ. ജൂൺ -ജൂലൈ മാസത്തിൽ വിളവെടുപ്പ് കഴിയുന്നതോടെ ചെറിയ ഒരു കൊമ്പ് കോതൽ നടത്താം. പ്രായം ചെന്നവ, ബലം കുറഞ്ഞവ, വളഞ്ഞു അകത്തേക്ക് വളരുന്നവ, കുത്തനെ മേലോട്ട് വളരുന്നവ, രോഗം ബാധിച്ചവ എന്നിവ നീക്കം ചെയ്യാം. അത് പോലെ തന്നെ ഒരുപാട് കായ്കൾ പിടിച്ചവയുടെ അഗ്ര ഭാഗം മുറിച്ച് മാറ്റാം. ചുവട്ടിൽ നിന്നും നാലടി വരെ പൊക്കത്തിലും ശിഖരങ്ങൾ അനുവദിക്കേണ്ട. അപ്പോൾ തടം തുറക്കാനും കള പറിക്കാനും വളമിടാനും ഒക്കെ എളുപ്പമുണ്ടാകും.

ചുരുക്കത്തിൽ പറഞ്ഞാൽ മാവിന് തുടക്കത്തിലേ ശിഖരങ്ങൾ ഉണ്ടാകണം. നടുഭാഗം തുറന്ന് സൂര്യപ്രകാശം എല്ലാ ശിഖരങ്ങളിലും തട്ടണം. നല്ല വായുസഞ്ചാരം ചില്ലകൾക്കിടയിൽ ഉറപ്പ് വരുത്തണം. ഇലച്ചാർത്തുകൾ അധികമാകാതെ ക്രമീകരിച്ചാൽ പൂക്കാനുള്ള പ്രവണത കൂടും.

വാൽ കഷ്ണം :നിശ്ചിത സ്ഥലത്ത് കൂടുതൽ മാവുകൾ നടുന്ന തീവ്ര സാന്ദ്രത (High Density ), അതി തീവ്ര സാന്ദ്രത (Ultra High Density )നടീൽ സമ്പ്രദായം മറ്റു സംസ്ഥാനങ്ങളിൽ വ്യപകമാകുന്നുണ്ട്. 3x2m, 4x2m എന്നീ അകലങ്ങളിൽ ആണ് മാവുകൾ നടുക. കള വളർച്ച തടയാൻ പ്ലാസ്റ്റിക് പുതയും തുള്ളി നനയും വളസേചനവും, ഹോർമോൺ പ്രയോഗവുമൊക്കെ ചെയ്താണ് മികച്ച വിളവ് നേടുന്നത്. വർഷാവർഷം ഉള്ള കൊമ്പ് കോതലും തകൃതി. ഓരോ മാവിൽ നിന്നും ഉള്ള വിളവ് കുറവായിരിക്കുമെങ്കിലും നിശ്ചിത സ്ഥലത്ത് കൂടുതൽ മാവുകൾ നടാൻ കഴിയുന്നതിനാൽ മൊത്തം ഉല്പാദനം കൂടുതൽ ആയിരിക്കും. രണ്ട് രണ്ടര മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരാൻ അനുവദിക്കാത്തതിനാൽ എല്ലാ മാങ്ങയും നേരാം വണ്ണം കേട് കൂടാതെ വിളവെടുത്തു മാർക്കെറ്റിൽ എത്തിക്കാനും കഴിയും. പക്ഷെ അന്തരീക്ഷ ആർദ്രത കൂടിയ കേരളത്തിൽ ഇത്രയും കടുത്ത പ്രൂണിങ് ചെയ്യുന്നത് കുമിൾ രോഗബാധയ്ക്ക് കാരണമായേക്കും എന്നതിനാൽ അത്ര വ്യാപകമായി ശുപാര്ശ ചെയ്യുന്നില്ല.

എന്നാൽ അങ്ങട്....

പ്രമോദ് മാധവൻ
കൃഷി ഓഫീസർ

15/08/2021
യഥാസമയം വാഴക്കുലയുടെ കൂമ്പൊടിച്ചില്ലെങ്കിൽ..... പ്രമോദ് മാധവൻ ==================================വാഴക്കുല യഥാർത്ഥത്തിൽ വാ...
10/08/2021

യഥാസമയം വാഴക്കുലയുടെ കൂമ്പൊടിച്ചില്ലെങ്കിൽ.....

പ്രമോദ് മാധവൻ
==================================
വാഴക്കുല യഥാർത്ഥത്തിൽ വാഴയുടെ പൂവ്(inflorescence) ആണ്. വാഴയുടെ പൂവ് പുറത്ത് വരുമ്പോൾ വാഴയ്ക്ക് കുടം വന്നു അല്ലെങ്കിൽ വാഴ കുലച്ചു എന്ന് പറയുന്നു. ഇംഗ്ലീഷിൽ bunched എന്ന് പറയും. കുലയിൽ ആദ്യം വിരിയുന്നത് പെൺപൂക്കൾ ആണ്. അത് കായ് ആകാൻ പരാഗണം നടക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ പൂവിന്റെ അണ്ഡാശയം മാംസളമായ കായ് ആകും. അതിനെ Parthenocarpy എന്ന് പറയും. ഈ പെൺപൂക്കൾ തന്നെ ആണ് കായ്കൾ അഥവാ പടലകൾ. വാഴയുടെ ജനിതക ശക്തിയെയും നമ്മളുടെ പരിപാലനത്തെയും ആശ്രയിച്ചിരിക്കും പടലകളുടെ എണ്ണവും പടലയിലെ കായ്കളുടെ എണ്ണവും. അവസാന പടല ആകുമ്പോഴേക്കും ആണും പെണ്ണും അല്ലാത്ത ചില കായ്കൾ കാണാം. 'മാന്നിക്കായ്‌' എന്ന് തെക്കൻ കേരളത്തിൽ പറയും.

പാലക്കാട്‌ പടലകൾക്കു ചീർപ്പ് എന്നാണ് പറയുക.

പടലകൾ എല്ലാം വിരിഞ്ഞാൽ പിന്നെ 'കാശിനും കർമത്തിനും കൊള്ളാത്ത' എന്ന് പറയാൻ വരട്ടെ, ആൺപൂക്കൾ വിരിയാൻ തുടങ്ങും. വാഴപ്പഴത്തിന് കുരു (വിത്ത് )ഉണ്ടാകാത്തതിനാൽ ആൺപൂവിനു പ്രസക്തി ഇല്ല.
അയാൾ വിരിയുന്നു, കൊഴിയുന്നു.

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ...

ഇനി പിടിത്തം വിടാതെ ആൺപൂക്കൾ കുലയിൽ തന്നെ നിന്നാൽ അതും പണിയാണ്. കാരണം ആ പൂവിന്റെ ദളങ്ങളിൽ പൂപ്പേൻ വളരും. അത് കായ്കളിൽ കറുത്ത കുത്തുകൾ ഉണ്ടാക്കി അവയുടെ ഗ്ലാമർ കുറയ്ക്കും.

ആയതിനാൽ, അവസാന പടല (ചീർപ്പ് )വിരിഞ്ഞാൽ ഉടൻ തന്നെ ആൺപൂക്കൾ നിറഞ്ഞു നിൽക്കുന്ന കൂമ്പ് (കുടപ്പൻ, മാണി )പൊട്ടിച്ചു കളയണം.

കൂമ്പൊടിക്കാതെ നിർത്തിയാൽ അത് നീണ്ടു പൂക്കൾ വിരിഞ്ഞു തീരുന്നത് വരെ വളരും.നീണ്ടു വളർന്ന തണ്ട് അവസാന പടലയുടെ ഭാഗം വച്ചു പൊട്ടിച്ചു, തൂക്കി നോക്കണം. അത്രയും തൂക്കം ഉണ്ടാക്കാൻ എടുത്ത വളങ്ങൾ മുഴുവൻ കായ്കളിലേക്കു പോകേണ്ടതായിരുന്നു എന്ന് ചുരുക്കം. ചുരുങ്ങിയത് ഒരു കിലോ തൂക്കം വഴക്കുലയ്ക്ക് നഷ്ടമായിട്ടുണ്ടാകും. ഒരു കിലോ നേന്ത്രക്കായുടെ മൂല്യം ഒരു ഡോളർ. അപ്പോൾ ആയിരം വാഴ വച്ച കര്ഷകന് ആ ഒരു കാര്യം കൊണ്ട് നഷ്ടമാകുന്നത് ആയിരം ഡോളർ.. എന്റെ ദൈബമേ...

അപ്പോൾ വാഴ ഏതുമാകട്ടെ അവസാന പടല വിരിഞ്ഞാൽ ഉടൻ തന്നെ കൂമ്പ് ഒടിച്ചു മാറ്റാൻ മറക്കരുത്.

(ചെങ്ങാലിക്കോടനിൽ മാത്രം ആചാരപരമായി അത് മുറിക്കാറില്ല. പക്ഷെ അവിടെ പലപ്പോഴും കുലയുടെ തൂക്കത്തിനല്ല മറിച്ചു, കുലയ്ക്കു മോഹവിലയാണ് എന്നതും മറക്കേണ്ട ).

കൂമ്പ് യഥാസമയം മുറിച്ചും മുറിക്കാതെയും നടത്തിയ പരീക്ഷണങ്ങളിൽ നിന്നും, യഥാസമയം കൂമ്പ് മുറിച്ച കുലകളിൽ പ്രകടമായ തൂക്കവ്യത്യാസം കാണുകയുണ്ടായി. മാത്രമല്ല കൂമ്പ് മുറിച്ച കുലകളിൽ നൈട്രജൻ, പൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, മാങ്കനീസ് എന്നിവ കൂടിയതായി കണ്ടു. അതായത് കായ്കൾ കൂടുതൽ പോഷകപ്രദമായി.

തേൻ കുടിക്കാൻ വരുന്ന പ്രാണികളുടെയും പക്ഷികളുടെയുംമാന്തലുകളിൽ നിന്നും വരയലുകളിൽ നിന്നും കായ്കൾക്ക് രക്ഷയും കിട്ടി.
പൂപ്പേനുകളുടെ ശല്യവും കുറഞ്ഞു.

ഇനി കൂമ്പൊടിക്കുമ്പോൾ ആ മുറിപ്പാടിൽ പച്ച ചാണക കുഴമ്പ്, ജീവാമൃതം, പഞ്ചഗവ്യം എന്നിവയിൽ ഏതെങ്കിലും ഒന്ന് കെട്ടി വച്ചാൽ അതും ഗുണകരമായി കണ്ടെത്തി.

കൂമ്പൊടിക്കുമ്പോഴും, അതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞും സൾഫേറ്റ് ഓഫ് പൊട്ടാഷ് (Pottassium Sulphate 50%)30ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കായ്കളുടെ മുഴുപ്പും തൂക്കവും രുചിയും വർധിപ്പിക്കുന്നതായും കാണുകയുണ്ടായി. നമ്മുടെ രക്ത സമ്മർദ്ദം ക്രമീകരിക്കുന്നതിൽ പൊട്ടാസ്യത്തിനു വലിയ പങ്കാണുള്ളത്. അതിൽ അനാരോഗ്യകരമായി ഒന്നുമില്ല. ജൈവ കൃഷിയിലും സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ പ്രയോഗം അനുവദനീയമാണ്.

വാൽകഷ്ണം:ആൺ പൂക്കൾ മാത്രമുള്ള വാഴക്കൂമ്പ് ഒടിച്ചു കളയുന്നത് അത് നിഷ്ഗുണൻ ആയത് കൊണ്ടല്ല. അത് വിപണി മൂല്യം ഉള്ള ഒരു സുപ്പർഫുഡ് ആണ്.

എന്തുകൊണ്ട്?

1.വാഴക്കൂമ്പിന്റെ സത്തിൽ എത്തനോൾ ഉള്ളതിനാൽ അണുനാശക ശക്തി ഉണ്ട്. അണുബാധ ഉണ്ടാകാതെ തടയും.

2.അത് സ്ത്രീ ശരീരത്തിൽ പ്രൊജസ്റ്റീറോൺ ഉൽപ്പാദനത്തിനു സഹായകമാകയാൽ ആർത്തവ രക്തസ്രാവം,തൻമൂലമുള്ള അടിവയറുവേദന എന്നിവ കുറയ്ക്കുന്നു.

3.രക്തത്തിലെ പഞ്ചസാരയുടെ ഊറൽ കുറയ്ക്കുന്നു. പ്രമേഹികൾ അർമാദിപ്പിൻ

4.വിഷാദ മാനസികാവസ്ഥയെ (Depression) തടയുന്നു.

5.ഫെനോളിക് ആസിഡ്, ടാനിൻ, ഫ്ളാവാനോയിഡ് എന്നിവയുടെ കലവറയായതിനാൽ ഫ്രീ റാഡിക്കലുകളെ മെരുക്കുന്നു.

6.മുലപ്പാൽ വർധകമാണ്

7.വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

8.ഇരുമ്പിന്റെ നിറകുടമാകയാൽ ചുവന്ന രക്താണുക്കളെ വർധിപ്പിക്കുന്നു.

9.വാഴക്കൂമ്പ് ക്ഷാര ഭക്ഷണമാകയാൽ വയറ്റിലെ അമിതമായ ആസിഡുകളെ നിർവ്വീര്യമാക്കുന്നു.

10.നാരുകളുടെ നിറസമൃദ്ധിയാൽ ശോധന സുഗമമാക്കുന്നു.

ഇത്രയും സൗഖ്യം കിട്ടാൻ എത്ര രൂപയുടെ മരുന്ന് കഴിക്കേണ്ടി വരും?

അങ്ങനെ ആണ് കടലൂരിലെ തമിഴ് പെൺകൊടി ജി. വരത്തമ്മാൾ, ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച സാങ്കേതിക വിദ്യ പ്രകാരം GVR Pickles എന്ന ഉൽപ്പന്നം വാഴക്കൂമ്പിൽ നിന്നും ഉണ്ടാക്കി വിറ്റു മാസം രണ്ടര മൂന്ന് ലക്ഷം രൂപയുടെ വിറ്റുവരവ് നേടുന്നത്. വാഴക്കൂമ്പ് ചില്ലറക്കാരനല്ല.

ആയതിനാൽ വാഴക്കൂമ്പ് കഴിക്കുന്നത് ഒരു ശീലമാക്കൂ...

എന്നാൽ അങ്ങട്...

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

ഏത്തവാഴകൾ ഒരേ സമയം കുലയ്ക്കാൻ എന്ത് ചെയ്യണം??               പ്രമോദ് മാധവൻ ====================കേരളത്തിലെ പഴം -പച്ചക്കറി ...
06/08/2021

ഏത്തവാഴകൾ ഒരേ സമയം കുലയ്ക്കാൻ എന്ത് ചെയ്യണം??

പ്രമോദ് മാധവൻ
====================
കേരളത്തിലെ പഴം -പച്ചക്കറി കർഷകരുടെ (പഴമെന്നാൽ വാഴപ്പഴം ) ഏറ്റവും വലിയ പ്രതീക്ഷയാണ് ഓണക്കാലം. ആ ഒരാഴ്ചയിലേക്കു ഒരു കുടുംബം ശരാശരി 3കിലോ പച്ചക്കറി വാങ്ങുകയാണെങ്കിൽ കേരളത്തിൽ മൊത്തം വേണ്ട പച്ചക്കറി 24ലക്ഷം കിലോഗ്രാം ആണ്. ഒരു കുടുംബം ശരാശരി 2 കിലോ നേന്ത്രക്കായ ഉപയോഗിക്കുക ആണെങ്കിൽ വേണ്ടത് പതിനാറു ലക്ഷം കിലോ കായ്കൾ ആണ്.

ആ ദിവസങ്ങളിൽ വിളവെടുക്കുന്ന രീതിയിൽ പച്ചക്കറികളും കായക്കുലകളും വിളവെടുക്കുന്ന ടെക്നോളജിയുടെ പ്രായോജകർ തമിഴന്മാരാണ്. കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി എന്നറിയാമായിരുന്നിട്ടും കുംഭം മീന മാസത്തിലെ വരൾച്ചയെ പേടിച്ചു ഏത്തവാഴയും ചെയ്യില്ല, ഇടവം -മിഥുന മാസത്തിലെ മഴയെ പേടിച്ചു പച്ചക്കറിയും ചെയ്യില്ല നമ്മളിൽ പാതിയും . ആയതിനാൽ തമിഴൻ ഹാപ്പി. നമ്മുടെ അലസതയാണ് അവന്റെ ചോറ്. നമ്മളെല്ലാം നാളെ കൃഷി ചെയ്യാൻ തുടങ്ങിയാൽ അവൻ പട്ടിണി ആയതു തന്നെ. നിന്നെ ഞങ്ങൾ പട്ടിണിക്കിടില്ല തങ്കതമിഴാ... ഞങ്ങൾ വിയർപ്പ് രോഗികൾ..

പക്ഷെ വാഴക്കുല ഞങ്ങൾ ഇവിടെ തന്നെ വിളയിക്കും. അതിന്റെ 'ടെക്കനിക്ക്‌ 'ഞങ്ങൾക്ക് അറിയാം.

പണ്ടത്തെ കൃഷി രീതിയിൽ (ചാണകം, പച്ചില, വെണ്ണീർ ) ഓണത്തിന് ഏത്തവാഴക്കുല വെട്ടണമെങ്കിൽ അത്തം ഞാറ്റുവേലയ്ക്ക് വാഴക്കന്ന് വയ്ക്കണമായിരുന്നു.(സെപ്റ്റംബർ 26മുതൽ ഒക്ടോബർ 10വരെ ഉള്ള സമയം )
എന്നാൽ ജൈവ -രാസ സമ്മിശ്ര കൃഷിയിൽ (അളന്നു തൂക്കിയുള്ള NPK യും micro nutrients ഉം ഇടുന്ന രീതി ) നടീൽ ചോതി ഞാറ്റുവേലയോട് കൂടി മതി. അതായത് നവംബർ ആദ്യം .

മെയ്‌ മാസം അവസാനത്തോടെ കുലയ്ക്കണം.

ആഗസ്ത് മാസം അവസാനത്തോടെ വിളവെടുക്കണം. ഓണം ചിങ്ങം ആദ്യമാണോ അവസാനമാണോ വരുന്നത് എന്ന് നോക്കി ചില്ലറ അഡ്ജസ്റ്റ്മെന്റ് വള പ്രയോഗത്തിലും നനയിലും വരുത്തിയാൽ മതിയാകും.
അതായത് വാഴ കുലയ്ക്കുകയല്ല, മറിച്ചു വാഴയെ കുലപ്പിക്കുകയാണ് ചെയ്യുന്നത്. യേത്?

കണക്ക് കൂട്ടൽ കടുകിടെ പിഴച്ചാൽ വിളവെടുപ്പ് ഓണം കഴിഞ്ഞാകും. ഓണത്തിന്റെ ആലസ്യത്തിൽ വിപണി ഒന്ന് തളർന്നിരിക്കുമ്പോൾ. കഴിഞ്ഞ ആഴ്ചയിൽ രാജാവായിരുന്നവൻ പെട്ടെന്ന് എടുക്കാച്ചരക്കാകും. അപ്പോൾ ഒരുമിച്ചു കുലയ്ക്കുന്നതു ചിലപ്പോൾ കുരിശാകാനും മതി. നോക്കീം കണ്ടും ഒക്കെ ചെയ്യുക.

ഇനി ഒരുമിച്ചു കുലപ്പിക്കണം എങ്കിൽ നടീൽ രീതി എങ്ങനെ ആകണം? കന്നുപയോഗിച്ചുള്ള കൃഷിയെ കുറിച്ചാണ് പറയുന്നത്.
Tissue culture തൈകൾ പ്രായത്തിന്റെ കാര്യത്തിൽ ഉള്ള ഐകരൂപ്യം കൊണ്ട് ഒരുമിച്ച് കുലച്ചേക്കാം.

വാഴക്കുല വരുന്ന ദിശയുടെ എതിര്ഭാഗത്തു നിന്നും മുളയ്ക്കുന്ന സൂചിക്കന്നുകൾ പൊതുവേ നല്ല കന്നുകൾ ആയിരിക്കും. ഏറ്റവും നല്ല കുലകൾ തന്ന വാഴകൾ പ്രത്യേകം നിറമുള്ള തുണികൾ കൊണ്ട് കെട്ടി അടയാളമിട്ടാൽ കന്നിന്റെ ഗുണമേന്മ ഉറപ്പ് വരുത്താം. പക്ഷെ ഓണത്തിന് വെട്ടുന്ന വാഴയുടെ കന്നു സാധാരണ രീതിയിൽ നവംബർ മാസത്തെ നടീലിനു സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ല. അപ്പോൾ പുറമെ നിന്ന് തന്നെ കന്നുകൾ വാങ്ങേണ്ടി വന്നേക്കാം. മാഹാളി (കോക്കാൻ വൈറസ് )ഇല്ലാത്ത കന്നുകൾ നോക്കി എടുത്തില്ല എങ്കിൽ കണ്ണീര് കുടിക്കേണ്ടി വരും.

അപ്പോൾ എന്ത് ചെയ്യും?

നമുക്ക് കിട്ടിയ കന്നുകൾ ഒഴുകുന്ന വെള്ളത്തിൽ (ചാലുകളിലോ തൊടുകളിലോ ) മുക്കിയിട്ടു, മണ്ണെല്ലാം (നിമ വിരകളെയും ) കളഞ്ഞ് അഴുകിയ ഭാഗം ഒക്കെ നീക്കം ചെയ്തു ചാണകപ്പാലിൽ മുക്കിയതിനു ശേഷം രണ്ടു കാര്യങ്ങൾ ചെയ്യണം.

1.കന്നുകൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരം തിരിക്കണം.

കൈക്കുടന്നയിൽ ഒതുങ്ങാത്തവ പ്രത്യേകം മാറ്റുക.(Large)

കൈക്കുടന്നയിൽ ഒതുങ്ങുന്ന ഇടത്തരം കന്നുകൾ പ്രത്യേകം (Medium )

കൈക്കുടന്നയിൽ കൊള്ളാൻവണ്ണം വലിപ്പമില്ലാത്തവ പ്രത്യേകം (Small)

കന്നിന്റെ വലിപ്പം ഒരു പരിധി വരെ തിന്ന വളത്തിന്റെ അഥവാ അതിന്റെ പ്രായത്തിന്റെ തെളിവാണ്.അതാണ് ഈ തരം തിരിക്കലിന്റെ ഗുട്ടൻസ്.

ഇനി ഈ മാറ്റിയിട്ട കന്നിന്റെ തണ്ട് മുറിക്കുമ്പോൾ അതിൽ എത്ര വളയം ഉണ്ട് എന്ന് ഏകദേശം എണ്ണി അവയെ വീണ്ടും ചെറിയ ലോട്ടുകൾ ആക്കുക.
ഈ വളയങ്ങൾ കന്നിന് ഉണ്ടായ ഇലകളുടെ എണ്ണമാണ്. അതായത് അതിന്റെ പ്രായത്തിന്റെ ദൃഷ്ടാന്തം.

ഇങ്ങനെ വർഗീകരിച്ച കന്നുകൾ ഒരേ വരിയിൽ നടുന്നത് കുറഞ്ഞത് ആ വരികളിൽ/ഏരികളിൽ എങ്കിലും ഒരേ സമയത്ത് തന്നെ കുലകൾ വരാൻ സഹായകമാകും.

വലിയ കന്നുകൾ നേരത്തേ കുലച്ചേക്കാം. അപ്പോഴും വിപണിയിൽ ഭേദപ്പെട്ട വില ലഭിക്കും.

ഇടത്തരം കന്നുകൾക്കു ചിട്ടയായ വളവും വെള്ളവും കൊടുത്ത് സമയത്ത് കുലപ്പിച്ചെടുക്കാം .

ചെറിയ കന്നുകൾ അല്പം വൈകി കുലച്ചാലും കൂടുതൽ പടലകൾ ലഭിച്ചേക്കാം. അവയുടെ കന്നുകൾ അടുത്ത ഓണത്തിന് നടാനായി എടുക്കാനും കഴിയും.

ഈ കന്നുതരംതിരിക്കൽ ഒരു മെനക്കേട്‌ പണിയാണെന്നു പറയാം. പക്ഷെ No pain.. No gain ആണെന്ന് അറിയാമല്ലോ. മെനക്കെട്ടാലേ നേട്ടമുള്ളൂ...

വളർച്ചയിൽ ഉള്ള ചെറിയ വ്യത്യാസങ്ങൾ വള പ്രയോഗരീതി കൊണ്ടും ജലസേചനം കൊണ്ടും ശരിയാക്കി എടുക്കാം.

അപ്പോൾ, 2022 ലെ ഓണത്തിന് ഏത്തക്കുല നുമ്മടെ പറമ്പിൽ തന്നെ വിളയിക്ക്യ...

എന്നാൽ അങ്ങട്...

വാൽ കഷ്ണം :ഇക്കൊല്ലം തിരുവോണം ഓഗസ്റ്റ് 21നാണ്. അടുത്ത കൊല്ലം തിരുവോണം സെപ്റ്റംബർ 8 നാണ്. അടുത്ത ഓണക്കാലത്തേക്ക് വാഴ നട്ടു പരിചരിക്കുമ്പോൾ ഈ 15-16 ദിവസത്തെ വ്യത്യാസം ഓർത്തു കൊള്ളണം.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷി ഭവൻ
കൊല്ലം

തോട്ടത്തിനു വൃത്തിയും വെടിപ്പും ഇല്ലെങ്കിൽ രോഗ-കീടങ്ങൾ നിശ്ചയം     പ്രമോദ് മാധവൻ ====================രോഗത്രികോണം (Diseas...
03/08/2021

തോട്ടത്തിനു വൃത്തിയും വെടിപ്പും ഇല്ലെങ്കിൽ രോഗ-കീടങ്ങൾ നിശ്ചയം

പ്രമോദ് മാധവൻ
====================
രോഗത്രികോണം (Disease Triangle)പ്രകാരം ഒരു ചെടിക്കോ മനുഷ്യനോ സാംക്രമിക രോഗം വരണമെങ്കിൽ അവിടെ മൂന്ന് കാര്യങ്ങൾ അനുകൂലമാകണം..

1.രോഗ ഹേതു (സൂക്ഷ്മ ജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ )അവിടെ ഉണ്ടാകണം

2.വശംവദനായ/പരിക്ഷീണനായ
(Vulnerable ) ഒരു ആതിഥേയ ചെടി/ജീവി

3.അനുകൂല കാലാവസ്ഥ

ഇത് മൂന്നും അനുകൂലമെങ്കിൽ പിന്നെ രോഗം ഉറപ്പ്. മനുഷ്യന് വരുന്ന പോലെ എല്ലാത്തരം രോഗങ്ങളും ചെടികൾക്കുമുണ്ട്.
വാട്ടം
അഴുകൽ
ഇലപ്പുള്ളി
കൊമ്പുണക്കം
ഇല കുരുടൽ
കറയൊലിപ്പ്‌ അങ്ങനെ പോകുന്നു.

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈച്ചയും കൊതുകും ഉറുമ്പും പാറ്റയും എങ്ങനെ ആണോ അകന്നു നിൽക്കുക അതുപോലെ തന്നെ കൃഷിയിടവും വൃത്തിയാക്കി സൂക്ഷിക്കണം.

പൊതുവേ ഇക്കാര്യത്തിൽ കർഷകർ വരുത്തുന്ന വീഴ്ചകൾ ഒന്ന് പരിശോധിക്കാം.

1.തോട്ടത്തിൽ രോഗബാധിതമായ ഒരു ചെടി അല്ലെങ്കിൽ ചെടികൾ നിൽക്കുമ്പോൾ തന്നെ പുതിയ തൈകൾ നടുന്നു.

ഉദാഹരണം :മുളക്. നിലവിൽ മണ്ഡരി ബാധിച്ചു മുളക് കുരുടി നിൽക്കുമ്പോൾ പുതിയ തൈകൾ നടും. താമസംവിനാ അവയും കീട ബാധിതമാകും.

തക്കാളി: ഇല വളയൽ(Yellow Leaf Curl ) വൈറസ് രോഗം ബാധിച്ച ചെടികൾ മാറ്റാതെ പുതിയ തൈകൾ നടും. പണി മേടിക്കും.

പപ്പായ : റിങ് സ്‌പോട് രോഗം ബാധിച്ചു കുരുടിയ പപ്പായ ചെടികൾ വെട്ടി മാറ്റാതെ പുതിയ പപ്പായ തൈകൾ നടും.

2.നമ്മൾ നടുന്ന ചെടിയുടെ കുടുംബത്തിൽ ഉള്ള ചില ചെടികൾ പുരയിടത്തിൽ കാണും. അവ രോഗ കീടങ്ങളുടെ Alternate host (രണ്ടാം വീട് )ആയി വർത്തിക്കും. വർത്തിക്കും.

ഉദാഹരണം വെണ്ടയുടെ ഇല ചുരുട്ടി പുഴുവിനെ ചെമ്പരത്തിചെടിയുടെ ഇലയിലും കാണാം. രണ്ടു പേരും Malvaceae എന്ന കുടുംബക്കാരാണ്.

മുളകിലെ വെള്ളീച്ചയെ പേരയിലും മരച്ചീനിയിലും കാണാം.

വെണ്ടയിലെ നരപ്പു രോഗം(Yellow vein mosaic disease ) അപ്പ എന്ന ചെടിയിൽ (Ageratum conyzoides)കാണാം.

വിളകളിൽ അനുവർത്തിക്കുന്ന കീട രോഗ നിയന്ത്രണ മാർഗങ്ങൾ ഇത്തരം ചെടികളിലും ചെയ്യണം.

ഇത്തരം കാര്യങ്ങൾ അറിയുന്നത് കീട രോഗ നിയന്ത്രണതിന് സഹായിക്കും.

നെൽക്കൃഷിയിലും കീടങ്ങളും രോഗകാരികളും കൃഷിയില്ലാക്കാലങ്ങളിൽ വരമ്പത്തെ പുല്ലുകളിലും കളകളിലും ആണ് അധിവസിക്കുന്നത്. ആയതിനാൽ തന്നെ വരമ്പ് വെട്ടി, ചെളി കൊണ്ട് പ്ലാസ്റ്റർ ചെയ്യാത്ത പക്ഷം കീടരോഗങ്ങൾ പുല്ലിൽ നിന്നും നെല്ലിലേക്കു പകരാൻ സാധ്യത കൂടും.

പറമ്പിൽ ചാണകം കൂട്ടി ഇടുന്നത് തെങ്ങിലെ കൊമ്പൻ ചെല്ലിയുടെ പുഴുക്കൾ പെരുകാൻ കാരണമാകും.

കുരുമുളക് ചെടികൾ പടർത്തുന്ന താങ്ങു മരങ്ങളുടെ ചില്ലകൾ യഥാസമയം കോതി തണൽ/വെയിൽ ക്രമീകരിച്ചില്ലെങ്കിൽ കുരു മുളക് മണികളുടെ പരിപ്പ് തിന്നു പൊള്ളയാക്കുന്ന പൊള്ളുവണ്ടിന്റെ ആക്രമണം കൂടും.

തോട്ടത്തിന്റെ വൃത്തിയില്ലായ്മ ഏറ്റവും കൂടുതൽ ബാധിക്കുന്നതു വാഴകളെ ആണ്. വാഴത്തോട്ടത്തിൽ മാണ വണ്ട് (കരിക്കൻ കേട് ), തടതുരപ്പൻ പുഴു (പിണ്ടി പുഴു ), ഇലപ്പുള്ളി (സിഗെറ്റോക )എന്നിവ ഗുരുതരമാകുന്നതിന് കാരണം തോട്ടത്തിന്റെ വൃത്തിക്കുറവാണ്.

കൃത്യമായ അകലത്തിൽ നടുക

ഉണങ്ങുന്ന ഓരോ ഇലയും തടയോട് ചേർത്ത് മുറിച്ചു മാറ്റുക.

ഏത്തവാഴയുടെ കന്നുകൾ എല്ലാം തന്നെ അപ്പപ്പോൾ ചവിട്ടി ഒടിക്കുക.

കുല വെട്ടിയാൽ ഉടൻ തന്നെ തടയും വെട്ടി കഷ്ണിച്ചു കുമ്മായം വിതറി തടങ്ങളിലോ ഇടച്ചാലുകളിലോ ഇടുക.

നാടൻ വാഴകളിൽ ഒരു മൂട്ടിൽ രണ്ടിൽ അധികം തൈകൾ നിർത്താതിരിക്കുക. അവ മുറിച്ചു കഷ്ണിച്ചു തടത്തിൽ ചേർക്കുക.

ഇലപ്പുള്ളി രോഗം ബാധിച്ച ഇലകൾ തടയോട് ചേർത്ത് മുറിച്ചു മാറ്റി കത്തിച്ചു കളയുക.

വൃത്തിയില്ലാത്ത തോട്ടം രോഗ കീടങ്ങളെ ക്ഷണിച്ചു വരുത്തും.

പ്രമോദ് മാധവൻ

Address

Pazhayattinkuzhi, Thattamala (PO)
Kollam
691020

Telephone

0474 2727400

Website

Alerts

Be the first to know and let us send you an email when Farmstore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Farmstore:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram