30/01/2026
*അന്ന് 'പിന്ന്', ഇന്ന് 'പേനയുടെ അടപ്പ്'; അഞ്ചുവയസ്സുകാരന് ഇത് രണ്ടാം പുനർജന്മം!**
കൊല്ലം: കളിക്കുന്നതിനിടയിൽ ശ്വാസകോശത്തിൽ കുടുങ്ങിയ പേനയുടെ അടപ്പ്, അതീവ സങ്കീർണ്ണമായ പ്രൊസീജറിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിലെ പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അതുൽ തുളസിയുടെ നേതൃത്വത്തിലാണ് അഞ്ചു വയസ്സുകാരന്റെ ജീവൻ രക്ഷിച്ചത്.
*നാടകീയമായ നിമിഷങ്ങൾ*
ശ്വാസതടസ്സവുമായി എത്തിയ കുട്ടിയെ ട്രാവൻകൂർ മെഡിസിറ്റിയിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. വർഗീസ് കോശിയാണ് അടിയന്തിരമായി പൾമണോളജി വിഭാഗത്തിലേക്ക് റഫർ ചെയ്തത്. പരിശോധനയിൽ ശ്വാസകോശത്തിൽ പേനയുടെ അടപ്പ് കുടുങ്ങിയതായി കണ്ടെത്തി.അനസ്‌തറ്റിസ്റ്റ് ഡോ. ഫിറോസ് ഖാന്റെ മേൽനോട്ടത്തിൽ കുട്ടിക്ക് അനസ്തേഷ്യ നൽകി,ഡോ. അതുൽ തുളസിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പി ആരംഭിച്ചു.
*ഉപകരണങ്ങൾ മാറ്റി; ജീവൻ രക്ഷിച്ചു*
ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പിയിലൂടെ അടപ്പ് പിടിച്ചെടുക്കാൻ സാധിച്ചെങ്കിലും, വലിപ്പം കൂടിയതിനാൽ ശ്വാസനാളത്തിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗമായ 'സബ്ഗ്ലോട്ടിക്' (Subglottic) ഏരിയയിൽ വെച്ച് ഇത് തടഞ്ഞു. ഇതോടെ ശ്വാസതടസ്സം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഡോക്ടർമാർ ഉടൻ തന്നെ തീരുമാനം മാറ്റി. അതീവ ജാഗ്രതയോടെ 'റിജിഡ് ബ്രോങ്കോസ്കോപ്പി' (Rigid Bronchoscopy) ഉപയോഗിച്ച് ശ്വാസനാളത്തിന് മുറിവേൽക്കാതെ അടപ്പ് വിജയകരമായി പുറത്തെടുത്തു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.
*ചുരുക്കം ആശുപത്രികളിൽ മാത്രം ലഭ്യമായ ചികിത്സ*
കുട്ടികളിലെ ശ്വാസകോശ സംബന്ധമായ ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന 'പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി' ഇന്ത്യയിൽ തന്നെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളൂ.
നാല് വർഷം മുൻപ്, ഒരു വയസ്സുള്ളപ്പോൾ അന്നനാളത്തിൽ കുടുങ്ങിയ പിന്നും ഇതേ ആശുപത്രിയിൽ വെച്ച് തന്നെയായിരുന്നു പുറത്തെടുത്തത്.