02/05/2024
യു കെ യിലെ ചിചെസ്റ്ററിലെ ആദ്യകാല മലയാളിക്ക് ഉറക്കത്തിനിടെ ആകസ്മിക മരണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍.
ചിചെസ്റ്റർ : ചിചെസ്റ്ററിലെ ആദ്യ കാല മലയാളികളില്‍ ഒരാളായ ശ്രീ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഏപ്രിൽ 28 ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30 മണിയോടെ പതിവു പോലെ ഉറങ്ങാന്‍ പോയ ശ്രീ ജോണി വൈകിട്ട് 7.30 മണി ആയിട്ടും പുറത്തേക്ക് ഇറങ്ങി വന്നില്ല. തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ശ്രീ ജോണിയുടെ ഭാര്യ ശ്രീമതി റെജി കഴിഞ്ഞ വര്‍ഷമാണ് കാന്‍സര്‍ ബാധിതയായി മരണത്തിന് കീഴടങ്ങിയത്. അമ്മയുടെ മരണത്തിന് പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു.
2023 ഏപ്രിലിലാണ് നഴ്സായിരുന്ന ശ്രീമതി റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്സായിരുന്നു ശ്രീമതി റെജി. 2022 മേയില്‍ യു കെ യിലെ ഹോസ്പിറ്റലില്‍ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ പരിശോധനയിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. യു കെ യില്‍ എത്തുന്നതിന് മുന്‍പ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സായിരുന്നു ശ്രീമതി റെജി. അമ്മയുടെ അകാല മരണത്തിന്റെ വേദനയില്‍ നിന്നും മോചിതയാകും മുന്‍പാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.