
27/09/2023
കരൾ രോഗചികിത്സയിൽ ഫൈബ്രോസ്കാന്റെ പ്രസക്തി എന്താണെന്നറിയുമോ?
1.എന്താണ് ലിവർ ഫൈബ്രോസ്കാൻ?
കരളിന്റെ കട്ടി അളക്കുന്നതിനുള്ള ഒരു പ്രത്യേക അൾട്രാ സൗണ്ട് ടെക്നോളജിയാണ് ലിവർ ഫൈബ്രോസ്കാൻ.
2. എന്താണ് ലിവർ ഫൈബ്രോസ്കാന്റെ പ്രത്യേകത?
താരത്യമേന വേഗത്തിലും വേദനയില്ലാതെയും ചെയ്യാൻ പറ്റുന്ന ഒരു പരിശോധനാരീതിയാണ് ലിവർ ഫൈബ്രോസ്കാൻ.
3.കരൾ രോഗ ചികിത്സാ രംഗത്ത് ഫൈബ്രോസ്കാനിന്റെ പ്രസക്തി എന്താണ്?
സാധാരണ സ്പോഞ്ച് പോലെ മൃദുവായിരിക്കുന്ന ഒരു അവയവമാണ് കരൾ. ഏതെങ്കിലും രീതിയിലുള്ള കരൾ രോഗത്തിന്റെ ഭാഗമായി കരളിന് പലപ്പോഴും കട്ടികൂടി വന്നേക്കാം. അതിനു കാരണം ഫൈബ്രോസിസ് എന്ന അവസ്ഥയാണ്. കരൾ രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ നീർക്കെട്ട് പോലെയേ ഉണ്ടാകൂ. പിന്നീട് രോഗം കൂടുന്നതിനനുസരിച്ചു ലിവർ ചുരുങ്ങി വരുന്ന അവസ്ഥയാണ് ഫൈബ്രോസിസ്.
മിക്കവാറും നീണ്ടു നിൽക്കുന്ന കരൾ രോഗങ്ങളെല്ലാം ഒരു ഘട്ടത്തിൽ എത്തുമ്പോൾ ഫൈബ്രോസിസ് സ്റ്റേജ് ആകും. ഫൈബ്രോസിസ് കൂടി വന്നു ലിവറിനുണ്ടാകുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. മദ്യപാനം മൂലമുള്ള കരൾ രോഗമാണെങ്കിൽ, ഫൈബ്രോസിസ് നേരത്തെ കണ്ടുപിടിക്കാൻ സാധിച്ചാൽ , മദ്യപാനം ആ ഘട്ടത്തിൽ തന്നെ നിർത്തുകയാണെങ്കിൽ ഫൈബ്രോസിസ് പൂർണമായും റിവേഴ്‌സ് ചെയ്യാൻ സാധിക്കും. ഇനി കരൾ രോഗം,ഹെപ്പറ്റിട്ടീസ് ബി, സി മൂലമാണെങ്കിലും ആദ്യ സ്റ്റേജിൽ കണ്ടെത്തുകയാണെങ്കിൽ നല്ലതാണ്. സിറോസിസ് സ്റ്റേജിൽ എത്തിയാൽ പിന്നെ തിരിച്ചു പഴയതു പോലെ ആക്കാൻ സാധിക്കില്ല. നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിൽ, അതായത് നമ്മുടെ ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി കൊണ്ട്, അല്ലെങ്കിൽ ഷുഗർ, കൊളെസ്ട്രോൾ കൊണ്ടോക്കെയും ഒരു സ്റ്റേജിൽ ഫൈബ്രോസിസ് വരും. രോഗം നേരത്തെ കണ്ടുപിടിക്കയാണെങ്കിൽ ഇതൊക്കെ ഒരു പരിധി വരെ റിവേഴ്‌സിബിൾ ആണ്.
അതായത് കരൾ രോഗ നിർണയത്തിലും, അതു ഏതു സ്റ്റേജിലാണെന്ന് മനസ്സിലാക്കാനും, ബയോപ്‌സി പോലെയുള്ള പരമ്പരാഗതമായ രീതികളേക്കാളും വേദനാരഹിതമായ ഒരു പരിശോധനാ രീതി എന്ന രീതിയിലും കരൾ രോഗ ചികിത്സാരംഗത്തു ഫൈബ്രോസ്കാൻ വളരെ പ്രസക്തമാണ്.
4. എങ്ങനെയാണു ലിവർ ഫൈബ്രോസ്കാൻ ചെയ്യുന്ന രീതി?
സാധാരണ അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യുന്നതുപോലെ തന്നെയാണിത്. ഫൈബ്രോസ്കാൻ ചെയ്യുന്നതിന്റെ തൊട്ട് മുൻപുള്ള മൂന്ന് മണിക്കൂറെങ്കിലും ഭക്ഷണമൊന്നും കഴിക്കാതിരിക്കണം. വയറിന്റെ ഭാഗത്തു ജെൽ പുരട്ടും. എന്നിട്ട് ഫൈബ്രോസ്കാൻ പ്രോബ് ഉപയോഗിച്ച് ലിവറിന്റെ ഭാഗം തടവും. പ്രോബിൽ നിന്നുള്ള അൾട്രാ സൗണ്ട് വേവ്സ് ലിവറിലൂടെ കടന്നു പോയി അതിന്റെ കട്ടി അളക്കും.
5. ലിവർ ഫൈബ്രോ സ്കാനിനു അനസ്തീഷ്യ ആവശ്യമുണ്ടോ?
ഫൈബ്രോ സ്കാൻ ചെയ്യുന്നതിന് അനസ്തേഷ്യയുടെ ആവശ്യമില്ല.
Dr Sajana K M
drsajanakm5@gmail.com